

തൃശൂർ പൂരം തിങ്കളാഴ്ച കൊടിയേറും; ചമയ പ്രദർശനം 24 മുതൽ, പൂരം 26 ന്
file image
വിജയ് ചൗക്ക്
സുധീര്‍ നാഥ്
പൂരം എന്നു കേട്ടാല്‍ എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്നത് തൃശൂരിലെ കാഴ്ചകൾ തന്നെയാണ്. തൃശൂര്‍ പൂരത്തിലെ മേളങ്ങളാണ് ചെവികളില്‍ എത്തിച്ചേരുക. പൂരം എന്ന വാക്കിന് ആഘോഷമെന്നും പലഹാരമെന്നും പൂരം എന്ന നക്ഷത്രമെന്നും ജനക്കൂട്ടമെന്നുമൊക്കെ ഒന്നിലേറെ അർഥങ്ങളുണ്ട്. ഉത്തര കേരളത്തില്‍ രണ്ടാമത്തെ വസന്തോത്സവം എന്ന നിലയില്‍ പൂരം ആഘോഷിക്കുന്നു. പൂരം അല്ലെങ്കില്‍ "വേല' എന്നത് മധ്യകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ മകരക്കൊയ്ത്തിനു ശേഷം വര്‍ഷം തോറും നടത്തിവരുന്ന ഒരു ആഘോഷമാണ്. ഇനി ആറാട്ടുപുഴ പൂരം, ഉത്രാളിക്കാവ് പൂരം- വേല, നെന്മാറ- വല്ലങ്ങി വേല തുടങ്ങി എത്ര എത്ര പൂരങ്ങളും വേലകളുമാണ് വരാനിരിക്കുന്നത്.
പൂരങ്ങളുടെ വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമല്ലെന്നും അത് കേവലം ആഘോഷമാണെന്നും പറയുന്നു. വന്യമ്യഗമായ ആനകളെ മെരുക്കി പൂരങ്ങളില്‍ അണിനിരത്തുന്നതും ചിലരുടെ വിമര്‍ശനങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ആനകളിടഞ്ഞും വെടിക്കെട്ട് അപകടങ്ങളും പല അവസരങ്ങളിലും ഈ ആഘോഷങ്ങളുടെ ശോഭ കെടുത്തിയിട്ടുണ്ട് എന്നതും ചരിത്ര സത്യമാണ്.
മലയാളി ഉള്ളിടത്തെല്ലാം ചര്‍ച്ചയാകുന്ന ഉത്സവങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടതാണല്ലോ തൃശൂര്‍ പൂരം. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. ശക്തന്‍റെ കാലത്ത് ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. ആ പൂരത്തിന് പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. 1796ലെ പൂര ദിനത്തിൽ അതിശക്തമായ കാറ്റും മഴയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്തി ഉത്സവത്തിന്‍റെ ഭാഗമാകാന്‍ പറ്റിയില്ല. പൂരത്തിന് എത്താതിരുന്നതു കൊണ്ട് ആ സംഘങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പരാതി പറയാനെത്തിയവരോട് ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ (1796 മേയില്‍ 971 മേടം) തൃശൂര്‍ പൂരം ആരംഭിക്കാമെന്ന് പ്രഖ്യാപിച്ചു. പൂരത്തിലെ പ്രധാന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്.
പുരങ്ങളുടെ പൂരം എന്നാണല്ലോ തൃശൂര്‍ പൂരം അറിയപ്പെടുന്നത്. പൂരം കാണാൻ വിദേശികളും ഇതര സംസ്ഥാനക്കാരുമടക്കം എത്താറുണ്ട്. മേട മാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർ പൂരം. കൃത്യമായി പറഞ്ഞാല്‍ മേടത്തില്‍ അര്‍ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്‍റെ തലേന്നാണ് പൂരാഘോഷം. വടക്കുംനാഥനെ സാക്ഷി നിര്‍ത്തി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് ഇതിന്‍റെ സംഘാടകർ. ഒപ്പം കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ 8 ക്ഷേത്രങ്ങള്‍ അവതരിപ്പിക്കുന്ന ചെറുപൂരങ്ങളും ചേര്‍ന്നതാണ് തൃശൂര്‍ പൂരം.
ചെണ്ടമേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വര്‍ണമനോഹരമായ വെടിക്കെട്ട്, ചമയ പ്രദർശനം, കച്ചവടം എന്നിവയെല്ലാം പൂരത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നെള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടു കൂടിയുള്ള മഠത്തില്‍ വരവ് എഴുന്നെള്ളത്ത്, ഉച്ചയ്ക്ക് പാറമേക്കാവ് ക്ഷേത്രത്തിന്‍റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ച് ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാരുടെ കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
പ്രധാന പൂരച്ചടങ്ങുകളായ ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുംനാഥ ക്ഷേത്ര പരിസരത്തു തന്നെയാണ് അരങ്ങേറുന്നത്. വളരെ മുമ്പേ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നെള്ളിപ്പോടെയാണ് പ്രധാന ദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുംനാഥന്‍റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യമെത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തും. ആ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളില്‍ അരങ്ങേറാതെ വടക്കുംനാഥന്‍റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്ര, പൂജാക്രമങ്ങള്‍ എന്നിവയാല്‍ നിബദ്ധമായ ചടങ്ങുകൾ ഇതിലില്ല എന്നതും മറ്റു പ്രത്യേകതകളാണ്. കേവലം ദൃശ്യ- ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളില്‍ നടക്കുന്നത്.
എന്നാല്‍ തൃശൂര്‍ പൂരം വെറും ചടങ്ങു മാത്രമായി നടത്തിയ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. ഏറ്റവും ഒടുവിലായി അങ്ങിനെ സംഭവിച്ചത് കൊവിഡ് കാലത്താണ്. 2020ല്‍ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടര്‍ന്ന് ലോകം നിശ്ചലമായ സമയം. ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരം പൂര്‍ണമായും ഉപേക്ഷിച്ചു. ചടങ്ങിന് 5 പേര്‍ മാത്രം. 200 വര്‍ഷ ചരിത്രത്തില്‍ ക്ഷേത്രത്തിനകത്തു മാത്രമായി ചടങ്ങ് നടത്തിയത് അന്നാദ്യമാണ്. 1930ല്‍ കനത്ത മഴയെ തുടര്‍ന്ന് മുഴുവന്‍ ആനകളേയും എഴുന്നെള്ളിച്ചില്ല എന്നു ചരിത്രം പറയുന്നു. 1939ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോഴും 1948ല്‍ മഹാത്മാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്നും ചടങ്ങു മാത്രമായി പൂരം നടത്തി. 1956ല്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ പൂരം ചടങ്ങു മാത്രമായി. 1962ല്‍ പൂരം പ്രദര്‍ശനത്തിന്‍റെ വിഹിതം ദേവസ്വങ്ങള്‍ക്ക് സംഘാടകരായ സ്റ്റേഡിയം കമ്മിറ്റി തടഞ്ഞപ്പോഴും 1963ല്‍ ഇന്ത്യ- ചൈന യുദ്ധ സമയത്തും പൂരം കേവലം ചടങ്ങായി.
2016 ഏപ്രില്‍ 9നാണ് കൊല്ലം പരവൂരിൽ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായത്. കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം. ഒരൊറ്റ രാത്രി ഇരുണ്ടുവെളുത്തപ്പോഴേക്കും അവര്‍ക്ക് നഷ്ടമായത് 110 ഉറ്റവരെയും ഉടയവരെയുമാണ്. പരിക്കേറ്റവര്‍ 656. വേദനയനുഭവിച്ച കുടുംബങ്ങള്‍ അതിലുമെത്രയോ. പുറ്റിങ്ങല്‍ ദുരന്തമുണ്ടായി 10 വര്‍ഷം പിന്നിടുമ്പോഴാണ് 2026 ഏപ്രില്‍ 23ന് തൃശൂരിലെ മുണ്ടത്തിക്കോട് 15ഓളം പേർ മരിച്ച മറ്റൊരു ദുരന്തമുണ്ടാകുന്നത്. പുറ്റിങ്ങലിന് മുന്‍പും ശേഷവും ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. 1952ല്‍ ശബരിമല ക്ഷേത്രത്തില്‍ നടന്ന ഒരു വെടിക്കെട്ട് സ്ഫോടനം 68 പേരുടെ ജീവന്‍ അപഹരിച്ചു. 1987ല്‍ മാവേലിക്കര ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 1987ല്‍ തൃശൂരിലെ കുട്ടമൂലി ക്ഷേത്രത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
1990 ല്‍ കൊല്ലം പെരുവിരുത്തി ദുര്യോധന ക്ഷേത്ര മലനടയിലെ ഉത്സവത്തിനിടെ വെടിക്കെട്ട് ശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് 33 പേരാണ്. പാലക്കാട് കല്ലേപ്പുള്ളി കാര്‍ത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ (1990) സ്ഫോടനത്തില്‍ 26 പേര്‍ മരിച്ചിരുന്നു. അതേ വര്‍ഷം തന്നെ ക്ഷേത്രോത്സവത്തിനായി വെടിക്കെട്ട് സൂക്ഷിച്ചിരുന്ന തൃപ്പൂണിത്തുറയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 100ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 2006ലെ തൃശൂര്‍ പൂരത്തിനു മുമ്പ് നടക്കാനിരുന്ന സാംപിള്‍ വെടിക്കെട്ടിനായുള്ള തയാറെടുപ്പിനിടയിലുണ്ടായ സ്ഫോടനത്തില്‍ 4 പേര്‍ മരിക്കുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016ല്‍ എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും വെടിക്കെട്ട് അപകടമുണ്ടായി. 2024ല്‍ കാസര്‍ഗോഡ് അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റു.
അതായത് വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ക്കിടയില്‍ മാത്രമല്ല, വെടിമരുന്നു സംഭരണത്തിലും കൈകാര്യം ചെയ്യലിലും ഉണ്ടാകുന്ന അപകട സാധ്യതകള്‍ എടുത്തുകാണിക്കുന്നു. സമീപകാലത്തും ഇതിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
മുണ്ടത്തിക്കോട്ടെ ഏറ്റവും പുതിയ സ്ഫോടനം ഒറ്റപ്പെട്ട ദുരന്തമല്ല. കേരളത്തില്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ നീണ്ടതും അസ്വസ്ഥതയുളവാക്കുന്നതുമായ തുടര്‍ച്ചയുടെ ഭാഗമാണിത്. സംസ്ഥാനം അതിന്‍റെ ഭൂതകാലത്തിന്‍റെ പാഠങ്ങള്‍ ശരിക്കും ഉള്‍ക്കൊള്ളുന്നുണ്ടോ എന്നതിൽ ഗുരുതര ചോദ്യങ്ങളും ഉയര്‍ത്തുന്നു.
ഇതിനിടെ, വെടിക്കെട്ട് പൂർണമായി ഒഴിവാക്കണമെന്നും നിയമവും മാനദണ്ഡങ്ങളും പാലിച്ചു നടത്തണമെന്നുമുള്ള രണ്ടു ചര്‍ച്ചകൾ സമാന്തരമായി നടക്കുന്നുണ്ട്. വെടിക്കെട്ട് നടത്തേണ്ട സ്ഥലവും സമയവും ദൂരപരിധിയും വെടിമരുന്നിന്‍റെ അളവും ശബ്ദവും വെളിച്ചവുമൊക്കെ സംബന്ധിച്ച മാർഗനിർദേശങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഓരോ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഇതെക്കുറിച്ചൊക്കെ എല്ലാവരും വാചാലരാകുന്നു എന്നതാണ് പതിവായി നടക്കുന്നത്. പ്രാദേശിക സമ്മര്‍ദങ്ങള്‍, ഭരണപരമായ വിടവുകള്‍, പാരമ്പര്യത്തിന്‍റെ സാംസ്കാരിക ഭാരം, സ്പോൺസർഷിപ്പോടെയും പരസ്യങ്ങളുടെ അകമ്പടിയോടെയും പൂരം ലൈവ് സംപ്രേഷണം നടത്തുന്ന ടിവി മാധ്യമങ്ങളുടെ ഇടപെടലുകൾ എന്നിവയാല്‍ പലപ്പോഴും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു, നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്നു. ഒറ്റപ്പെട്ട വീഴ്ചകളല്ല, മറിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ള ഉത്സവ പരിതസ്ഥിതികളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനുള്ള ഘടനാപരമായ കഴിവില്ലായ്മയാണ് പ്രശ്നം എന്ന് ഇതെല്ലാം അടിവരയിടുന്നു.
വെടിക്കെട്ട് അപകടങ്ങളിലേതു പോലെ ഏറെ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് കുറവാണെങ്കിലും, ആഘോഷങ്ങളുടെ മോടി നഷ്ടപ്പെടുത്തുന്നതാണ് ആനകളുടെ വിരണ്ടോട്ടം. തൃശൂര്‍ പൂരത്തിന് തന്നെ എത്രയോ തവണയാണ് ആനകള്‍ ഓടിയിട്ടുള്ളത്. 2022ല്‍, 2025ല്‍ ഒക്കെ ആനകൾ വിരണ്ടോടി. ജനലക്ഷങ്ങൾ എത്തുന്ന വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തിനും ആറാട്ടുപുഴ പൂരത്തിനും അടക്കം ആനകളുടെ വിരണ്ടോട്ടമുണ്ട്. ഏപ്രില്‍, മെയ് മാസത്തിലാണല്ലോ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഈ മാസങ്ങളില്‍ തന്നെയാണ് ആനകളെ പൊരിവെയിലത്തു നിര്‍ത്തി പൂരങ്ങള്‍ നടക്കുന്നത്. ഈ ചൂടില്‍ അസ്വസ്ഥരാകുന്ന മൃഗങ്ങള്‍ അസ്വസ്ഥത കാണിക്കുക സ്വാഭാവികം.
എന്നാല്‍ ആനകള്‍ ഇല്ലാതെയും ഉത്സവങ്ങള്‍ നടക്കാറുണ്ടല്ലോ.
""ആനകളില്ലാതെ
അമ്പാരിയില്ലാതെ
ആറാട്ടു നടക്കാറുണ്ടിവിടെ..''
എന്നത് പഴയ ഒരു സിനിമാ ഗാനമാണ്. 1979ല്‍ ഇറങ്ങിയ തെരുവുഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയവിജയന്മാർ സംഗീതം നല്‍കി യേശുദാസ് പാടിയ പാട്ടിലെ വരികളാണ്. ഇന്ന് ചിലേടത്തൊക്കെ റോബോട്ടിക്ക് ആനകളും കുതിരകളും ആറാട്ടെഴുന്നള്ളത്തിന് കാണാം.
കാലങ്ങളായി ആനകളില്ലാതെ ഉത്സവം നടക്കുന്ന സ്ഥലം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. തൊണ്ണൂറ്റിയാറ് ദേശങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ആര്യങ്കാവ് പൂരം പ്രശസ്തമാണ്. അവിടെ ആനകളെ ആറാട്ടിന് കൊണ്ടുവരാറില്ല. സാധാരണ വേലപ്പൂരങ്ങളിലേതുപോലെ ആനയെഴുന്നള്ളിപ്പ് ഇവിടെയില്ല എന്നത് ശ്രദ്ധേയമാണ്. ആര്യങ്കാവ് ദേവി പറയിപെറ്റ പന്തിരുകുലത്തിലെ കരയ്ക്കലമ്മയാണെന്നാണ് വിശ്വാസം. തട്ടകങ്ങളില്‍ നിന്ന് ആര്‍പ്പുവിളികളുമായി പൊയ്ക്കുതിരകളേയും കൊണ്ട് തട്ടക ദേശക്കാര്‍ പൂരത്തില്‍ പങ്കാളികളാകുന്നു. അവരുടെ കുതിരക്കളി കഴിഞ്ഞതിനു ശേഷം താലപ്പൊലി, മേളം, കോമരങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ മുണ്ടായ ദേശത്തിന്‍റെ മുണ്ടായ കൊടിച്ചി എന്ന പെണ്‍കുതിരയെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കും. മുണ്ടായ കൊടിച്ചി ക്ഷേത്രമുറ്റത്തെത്തി കളിച്ചിറങ്ങിയതിനുശേഷം തട്ടക ദേശങ്ങളിലെ ഹരിജനങ്ങളുടെ പൂതന്‍, തിറ, വെള്ളാട്ട്, ഇണക്കാളകള്‍ എന്നിവ ഭഗവതിയെ തൊഴുതിറങ്ങുന്നു. തുടര്‍ന്ന് ചെറിയ വെടിക്കെട്ടോടെ പകല്‍പ്പൂരം സമാപിക്കും.