ശരിയാണ്, ദൈവം ഉണ്ട് !

സുരേഷ് ഗോപിയുടെ വിജയത്തോടെ തൃശൂരിലെ ഡിസിസി ആപ്പീസിലെ മഠത്തിൽ വരവും തെക്കോട്ടിറക്കവും എന്തായാലും ഗംഭീരമായി
ശരിയാണ്, ദൈവം ഉണ്ട് !

സുരേഷ് ഗോപി എന്ന മനുഷ്യൻ ബുദ്ധിജീവിയല്ല. എഴുത്തുകാരനല്ല. തത്വജ്ഞാനിയല്ല. വ്യാപാരിയോ, വ്യവസായിയോ അല്ല. രാഷ്‌ട്രീയക്കാരനുമല്ല. പിന്നെയാരാണ് അദ്ദേഹം?

ഇങ്ങനെ ചോദിച്ചാൽ ഉത്തരം ലളിതവും സങ്കീർണവുമാണ് - കുഴപ്പക്കാരനല്ലാത്ത ഒരു മനുഷ്യൻ! എല്ലാവരോടും ക്ഷമയും കരുണയും സ്നേഹവും പുലർത്തുന്ന ഒരു തനി മനിതൻ!

സന്തോഷം വന്നാലും സങ്കടം വന്നാലും കണ്ണു നിറയുന്നു എന്നതാണ് ഈ മനുഷ്യന്‍റെ വലിയ ക്വാളിറ്റി. ഇത് ഇക്കാലത്ത് ചെറിയ കാര്യമല്ല. വിജയവാർത്ത അറിഞ്ഞപ്പോഴും അദ്ദേഹം കണ്ണുകളൊപ്പി എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവർ നോക്കിനിൽക്കെ കരഞ്ഞുപോകുന്നതു ചെറിയ കാര്യമല്ല. അതിൽ ഒരു താപമുണ്ട്. ആ താപമാണു ദൈവത്തെ ഉണർന്നുന്നത്. അത് പ്രകൃതി നിയമമാണ്.

ഇങ്ങനെയുള്ള നല്ല മനുഷ്യർ ചേരുമ്പോഴാണ് നല്ല കുടുംബങ്ങളും മികച്ച സമൂഹങ്ങളും ഉണ്ടാകുന്നത്. പക്ഷേ, ഇത്തരം സാധുക്കൾക്ക് പറഞ്ഞിട്ടുള്ളതല്ല കലികാല രാഷ്‌ട്രീയം.

ദൈവം ഉണ്ട്!

എന്തായാലും ഒരുകാര്യം ഉറപ്പായി - ദൈവം ഉണ്ട്! ത്യാഗത്തിന്‍റെയും താപത്തിന്‍റെയും പ്രതിഫലം ഒടുവിലാന്നെങ്കിലും ഈശ്വരന്മാർ സുരേഷ് ഗോപിക്ക് കൊടുത്തത് അതിനു തെളിവാകുന്നു.

തൃശിവപേരൂരിലെ "പ്രജാ ദൈവങ്ങളും ഗുരുവായൂരപ്പൻ, വടക്കുംനാഥൻ, തിരുവമ്പാടിക്കണ്ണൻ, നെയ്തലക്കാവിലമ്മ, പാറമേക്കാവിലമ്മ, കാർത്ത്യായനിദേവി, ലൂർദ് മാതാവ് തുടങ്ങിയ ധർമദേവതകളും ചേർന്നാണ് തന്നെ ജയിപ്പിച്ചതെന്നും വ്യക്തിപരമായി ദ്രോഹിക്കാൻ ശ്രമിച്ചവരിൽ നിന്ന് അവരൊക്കെയാണു തന്നെ രക്ഷിച്ചതെന്നും അദ്ദേഹം പറയുമ്പോൾ ഏതു കിങ്ങിണിക്കുട്ടനും അതിന്‍റെ അർഥതലങ്ങൾ മനസിലാകും.

"ചവിട്ടിത്താഴ്ത്തപ്പെടുന്ന നീ നാഥനെ കെട്ടിപ്പിടിക്കണം. അങ്ങനെയുള്ളവനാണ് നീയെങ്കിൽ അവൻ നിനക്കു വേണ്ടി പോരാളികളായ പടയാളികളെ വിട്ടു തരും' എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചു കൊണ്ടാണ് ചാനൽപ്പൈതങ്ങളെ സുരേഷ് ഗോപി ആശ്വസിപ്പിച്ചതെന്ന് മറക്കരുത്. ചാനൽപ്പൈതങ്ങൾ പാവങ്ങളാണ്, വെറും പാവകൾ മാത്രമാണ് എന്ന് അങ്ങേർക്കും അറിയാമല്ലോ.

കരയുന്നവർക്ക് സ്വർഗരാജ്യം

സുരേഷ് ഗോപിയുടെ സങ്കടം അഭിനയമല്ല. മാത്രമല്ല, ഇതൊരു ഇരയുടെ ദുഃഖമാണെന്ന സത്യം നമ്മളെ ലജ്ജിപ്പിക്കേണ്ടതുമാണ്. ഷിറ്റ് ഗോപി, ബുൾഷിറ്റ് ഗോപി, ചാണക ഗോപി, ഊള ഗോപി എന്നൊക്കെയുള്ള ഓമനപ്പേരിട്ട് ഒരു മനുഷ്യനെ പിന്തുടർന്ന് വേട്ടയാടിയ ഫാസിസ്റ്റ്‌ വിരുദ്ധ - പുരോഗമനസമൂഹത്തിന്‍റെ വിഷപ്പല്ലുകളിൽ ചോര പുരണ്ടിരുന്നു എന്നത് അഭിമാനിക്കേണ്ട കാര്യം തന്നെ!

ഈ വിധം നക്കിക്കൊല്ലുന്നവരുടെ രീതിശാസ്ത്രത്തിൽ സവിശേഷമായൊരു സ്നേഹവും നാവോത്ഥാനപരമായ കരുതലും ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല. വൈരുദ്ധ്യാത്മകവും ഭൗതികവുമായ ഉൾവിളിയും പൈശാശികാത്മകമായ പിൻവിളിയുമാണിത്.

ഇത്തരം മൂന്നാംതരം സംബോധനകളിലൂടെയും ത്യാഗങ്ങളിലൂടെയുമാണല്ലോ ഇന്നു നമുക്ക് അപരിചിതരായ കേളപ്പജിയും വിഷ്ണുഭാരതീയനും സുബ്രഹ്മണ്യംതിരുമുമ്പും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നവകേരളം സൃഷ്ടിച്ചെടുത്ത് വെള്ളിത്തളികയിലാക്കി നമുക്കു തന്നത്. ഈ കേരളത്തെ തലയിലേറ്റിയാണല്ലോ ഇക്കാലമത്രയും നമ്മൾ കാവടിയാടി അർമാദിച്ചത്.

രക്ഷസിന് ഇരകളെ ആവശ്യമുണ്ട്!

ദൈവങ്ങളുടെയും കണ്ണീരിന്‍റെയും മഹാത്മാക്കളുടെ ത്യാഗങ്ങളുടെയും കാര്യം അവിടെ നിൽക്കട്ടെ. സാംസ്കാരിക തലസ്ഥാനത്തെ സാഹിത്യഅക്കാഡമിയുടെ തിണ്ണയിൽ വെയിൽ കായുന്ന ബുദ്ധിജീവികളുടെയും രാഷ്‌ട്രീയ വേട്ടക്കാരുടേയും ഇപ്പോഴത്തെ അവസ്ഥയാണ് സങ്കടകരം.

ഒരു പ്രത്യേക പാർട്ടിയുടെ പ്രവർത്തകനായിപ്പോയി എന്ന പാപം ചെയ്ത ഒരു കലാകാരനെ നിന്ദ്യമായ രീതിയിൽ വളഞ്ഞിട്ട് ആക്രമിക്കുകയും ആത്മാവിനെ കുത്തിക്കീറി ചെളിവാരിയെറിയുകയും ചെയ്ത അവർക്ക് ഇനിയെന്താണ് പരിപാടി?

വേറെ ഇരകളെ അന്വേഷിച്ചു കണ്ടെത്തുകയേ അവർക്കു വഴിയുള്ളൂ. നവോത്ഥാന രക്ഷസിന് എപ്പോഴും ഇരകളെ ആവശ്യമാണല്ലോ. വിശപ്പു തീർക്കാൻ ആരെയും കിട്ടിയില്ലെങ്കിൽ ഈ ബുദ്ധിജീവികളെത്തന്നെ രക്ഷസ് ശാപ്പിട്ടുകളയും എന്നതിൽ തെല്ലും സംശയമില്ല.

ഹിഡൻ അജൻഡകളുള്ള വമ്പന്മാർ ചൂണ്ടിക്കാണിക്കുന്ന ഇരകളെ ഇഞ്ചിഞ്ചായി നിഗ്രഹിച്ചുകൊടുത്തു പണം പറ്റുന്നതും സ്ഥാനമാനങ്ങൾ നേടുന്നതും ഈ ബുദ്ധിജീവികളുടെ ലാഭകരമായ മാമാങ്ക രീതിയാണു താനും.

നിങ്ങളുടെ റോൾ മോഡൽ?

സത്യം പറഞ്ഞാൽ, ഇവിടത്തെ വിഷയം ഒരു സുരേഷ് ഗോപിയല്ല. ഒരു മാതിരി ഹൃദയശുദ്ധിയും സത്യസന്ധതയും പുലർത്തുന്ന ഒരാൾക്കെങ്കിലും ഇവിടെ പൊതുപ്രവർത്തനം നടത്താനാവുമാ എന്നതാണ് വിഷയം. ഇപ്പോൾ റോൾ മോഡലുകളില്ലെന്നതും മൂല്യങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നതും ആശയസംവാദങ്ങളില്ലെന്നതും ഒരു സൗകര്യമാണ്. അഹിംസയും സ്വദേശി പ്രസ്ഥാനവും കൈത്തറി വസ്ത്രങ്ങളും ഉപേക്ഷിച്ച ഗാന്ധി ശിഷ്യന്മാർ ബാർ ഹോട്ടലുകളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ആതുര സേവന വ്യാപാര സംരംഭങ്ങളും ഉളുപ്പില്ലാതെ നടത്തുന്നത് അതുകൊണ്ടൊക്കെയാണ്.

രാഷ്‌ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്ന് എല്ലാ സൃഗാലന്മാരും തെല്ലും നാണവും മാനവുമില്ലാതെ ഓരിയിടുന്നതിനു കാരണവും മറ്റൊന്നല്ല. മനഃസാക്ഷിയെ വഞ്ചിച്ച് എന്തും ചെയ്യാനുള്ള ലൈസൻസ് നേടാൻ വേണ്ടിയാണ് ഈ അട്ടഹാസം.

ഗാന്ധിജിയുടെ മുമ്പിലെ തല്ലുമാല

സുരേഷ് ഗോപിയുടെ വിജയത്തോടെ തൃശൂരിലെ ഡിസിസി ആപ്പീസിലെ മഠത്തിൽ വരവും തെക്കോട്ടിറക്കവും എന്തായാലും ഗംഭീരമായി. മഹാത്മാ ഗാന്ധിയുടെയും കരുണാകരന്‍റെയും ചിത്രങ്ങൾക്കു മുമ്പിൽ നടന്ന ഉഗ്രൻ തല്ലുമാല പൂരമഹോത്സവും പൂരപ്പാട്ടും ഗാന്ധിഭക്തരുടെ ഹൃദയം കുളിർപ്പിച്ചു.

ഒരു നേതാവിന്‍റെ കണ്ഠനാളത്തിന് തട്ടുകേടു പറ്റുന്നതും ചില സമാധാന കാംക്ഷികൾ ഭൂഗുരുത്വ ബലത്തെ അതിജീവിച്ച് വായുവിൽ ഉയർന്നു പോകുന്നതും കാണാൻ മാലോകർക്കു ഭാഗ്യമുണ്ടായി. ഇത്തരം യോഗവിദ്യകളും സർക്കസുമൊക്കെയാണല്ലോ നമ്മുടെ വിരസ ജീവിതത്തെ വല്ലപ്പോഴുമെങ്കിലും ആനന്ദനിർഭരമാക്കുന്നത്.

(ലേഖകന്‍റെ ഫോൺ: 9447809631).

Trending

No stories found.

Latest News

No stories found.