
പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടം. ജന്മനാടിന്റെ സ്വാതന്ത്ര്യം എന്ന ലക്ഷ്യം ജീവിതനിയോഗമാക്കിയ ധീരദേശാഭിമാനികളുടെ താരതമ്യമില്ലാത്ത പരിശ്രമം. നിരവധിപ്പേര്‍ രാവും പകലും ഒരേ ലക്ഷ്യത്തിലേക്കു കണ്ണും മനസും നട്ട് നടത്തിയ പ്രയ്തനത്തിന്റെ ഫലമാണ് ഓഗസ്റ്റ് 15 എന്ന സ്വാതന്ത്ര്യ പുലരി. പെട്ടെന്നു സംഭവിച്ച അത്ഭുതമല്ല സ്വാതന്ത്ര്യം. അതിനു പിന്നില്‍ പതിറ്റാണ്ടുകളോളം നീണ്ട പരിശ്രമമുണ്ട്. മറക്കാന്‍ പാടില്ലാത്ത വ്യക്തികളുണ്ട്.
അധികാരക്കൈമാറ്റത്തിലേക്ക് നീളുന്ന അനന്തമായ പാതയിലെ വ്യക്തികളേയും സംഭവങ്ങളേയും ദൃക്സാക്ഷികളെയും അക്ഷരങ്ങളിലൂടെ പരിചയപ്പെടുത്തി കൈപിടിച്ചു നടത്തുന്നു ഒരു 86കാരന്. ഡോ. പി.കെ. ബാലകൃഷ്ണന് രചിച്ച അധികാരക്കൈമാറ്റത്തിന്റെ അഞ്ച് ദൃക്സാക്ഷി വിവരണങ്ങള്‍ എന്ന പുസ്തകം രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രപഥങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
പാഠപുസ്തകങ്ങളില്‍ അറിഞ്ഞ സ്വാതന്ത്രസമര ചരിത്രത്തിനപ്പുറം അധികാരക്കൈമാറ്റ സമയത്ത് ദൃക്സാക്ഷികളായ അഞ്ച് പേരുടെ വിവരണങ്ങളാണ് എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് ശ്രീമൂലനഗരം സ്വദേശി ഡോ. പി.കെ. ബാലകൃഷ്ണന് രചിച്ച ഗ്രന്ഥത്തിലുള്ളത്. രേഖപ്പെടുത്തിയിരിക്കുന്നത് ഒരു കാലഘട്ടത്തെ തന്നെ.
മലയാളികളായ വി.പി. മേനോന്, ചേറ്റൂര്‍ ശങ്കരന് നായര്‍, കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന മൗലാന അബുള്‍കലാം ആസാദ്, പത്രപ്രവര്‍ത്തകനായ ദുര്‍ഗ്ഗാദാസ്, എച്ച്.വി. ഹോഡ്സണ് എന്നിവരുടെ ദൃക്സാക്ഷി വിവരണങ്ങള്‍ ചരിത്രത്തെ തെളിമയോടെ ദൃശ്യമാക്കുന്നു. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര എങ്ങനെയായിരുന്നെന്ന് ആധികാരിക രേഖകളുടെ പിന്‍ബലത്തോടെ വ്യക്തമാക്കുന്നുണ്ട് ഈ ചരിത്രഗ്രന്ഥം.
ദേശീയചരിത്രത്തില്‍ സ്ഥാനം ലഭിക്കാതെ പോയ കേരളത്തിന്റെ മഹാനായ പുത്രന് പദ്മശ്രീ വി. പി. മേനോനെ കേരള ജനതയുടെ മുമ്പിലെങ്കിലും അവതരിപ്പിക്കണമെന്ന ചിന്തയില്‍ നിന്നാണ് അധികാരക്കൈമാറ്റത്തിന്റെ അഞ്ച് ദൃക്സാക്ഷി വിവരണങ്ങള്‍ എന്ന ഗ്രന്ഥം പിറവിയെടുത്തതെന്നു പറയുന്നു ഡോ. പി.കെ. ബാലകൃഷ്ണന്. ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കുവാനുള്ള റിഫോംസ് ഡിപ്പാര്‍ട്ട്മെന്റ് 1917ല്‍ സ്ഥാപിതമായപ്പോള്‍ അതില്‍ നിയമനം ലഭിച്ച ഇന്ത്യക്കാരനാണ് വി.പി. മേനോന് എന്ന വാപ്പാലക്കുളത്തില് പങ്കുണി മേനോന്. 34 വര്‍ഷക്കാലം ആ ഡിപ്പാര്‍ട്ട്മെന്റില്‍ സേവനം അനുഷ്ഠിച്ചു. വിവിധ വൈസ്രോയിമാരുടെ കീഴിലും പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ കീഴിലും സേവനം തുടര്‍ന്നു. അധിക്കാര കൈമാറ്റത്തിന്റെ ഭാഗമായ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടും "ഫോര്‍ഗോട്ടണ്‍ ആര്‍ക്കിടെക്റ്റ് ഓഫ് ഇന്ത്യ'എന്ന വിശേഷണം ബാക്കിയാവുന്നു. ഇന്ത്യയില്‍ അദ്ദേഹം അവഗണിക്കപ്പെടുകയായിരുന്നു, ഡോ. പി. കെ ബാലകൃഷ്ണന് പറയുന്നു.
ദൃക്സാക്ഷിവിവരണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് നാലു പേരുടെ വിവരണങ്ങളുമായി മാറ്റുരച്ചു കൊണ്ടു വി.പി. മേനോന് അധികാര കൈമാറ്റത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന വസ്തുതകളെ കുറ്റമറ്റതാക്കി തീര്‍ക്കുകയായിരുന്നു, ഈ ഗ്രന്ഥത്തിലൂടെ. പി.കെ. ബാലകൃഷ്ണന്റെ രചനയില്‍ വി.പി. മേനോനും ഇന്ത്യയുടെ സംയോജനവും എന്ന ഗ്രന്ഥവും അധികം വൈകാതെ ഡിസി ബുക്സിന്റെ പ്രസാധനത്തില്‍ പുറത്തിറങ്ങും. ആദരവര്‍ഹിക്കുന്ന ഒരു മലയാളിയെ കേരളത്തിനു പരിചയപ്പെടുത്തുക എന്ന നിയോഗം പൂര്‍ത്തിയാക്കുന്നു ഈ ഗ്രന്ഥകര്‍ത്താവ്. നാലു വര്‍ഷത്തോളം നീണ്ട ഗവേഷണത്തിനും പഠനത്തിനും ശേഷമാണ് അധികാര കൈമാറ്റത്തിന്റെ അഞ്ച് ദൃക്സാക്ഷി വിവരണങ്ങള്‍ എന്ന സത്യസന്ധമായ സ്വാതന്ത്ര്യസമര ചരിത്രം അദ്ദേഹം രേഖപ്പെടുത്തിയത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസാധകര്.
പുറനാട്ടുകര രാമകൃഷ്ണ ആശ്രമം പുറത്തിറക്കുന്ന സനാതന ധര്‍മ്മം എന്ന പുസ്തകമാണ് ബാലകൃഷ്ണന്റേതായി ഇനി വായനക്കാരിലേക്ക് എത്താനിരിക്കുന്നത്. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ശ്രീ ശക്തന് തമ്പുരാന്- ഒരു രണ്ടാം വായന, എവല്യൂഷന്‍ ആന്‍ഡ് വര്‍ക്കിങ് ഓഫ് കൊയര്‍ ഇന്‍ഡസ്ട്രി ഇന്‍ കേരള, കയര്‍ വ്യവസായത്തിന്റെ സാമ്പത്തിക ചരിത്രം എന്നീ പുസ്തകങ്ങളും ബാലകൃഷ്ണന്റെ രചനയില്‍ നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. കയര്‍ ബോര്‍ഡിന്റെ ഡെപ്യൂട്ടി ഡയറക്റ്ററായിരിക്കെ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച ഇദ്ദേഹം പില്ക്കാല ജീവിതം വായനയ്ക്കും എഴുത്തിനും പഠത്തിനുമായി മാറ്റിവയ്ക്കുകയായിരുന്നു. കയര്‍ വ്യവസായത്തെ ആസ്പദമാക്കിയുള്ള വിഷയത്തില്‍ തന്റെ 66ാമത്തെ വയസില്‍ പിഎച്ച്ഡി ബിരുദവും അദ്ദേഹം കരസ്ഥമാക്കി.
എഴുത്തിന്റെ വഴിയിലെ ഏകാന്തസഞ്ചാരിയാണ് ബാലകൃഷ്ണന്. കയര്‍ വ്യവസായത്തില്‍ നിന്നും സനാതനധര്മ്മത്തിലേക്കും, സ്വാതന്ത്ര്യസമരത്തില്‍ നിന്നും ശക്തന് തമ്പുരാനിലേക്കുമൊക്കെ തന്റെ ഗവേഷണങ്ങളും പഠനങ്ങളും രചനയുമെല്ലാം അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.