
##തുഷാർ വെള്ളാപ്പള്ളി
അധ്യക്ഷൻ, ബിഡിജെഎസ്
കൺവീനർ, എൻഡിഎ കേരളം
കേരളം പോലെ രാഷ്‌ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് എത്രയോ പാർട്ടികൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ സംസ്ഥാനത്തെ മുഖ്യധാരാ പാർട്ടികൾക്കിടയിലേക്ക് കൊടുങ്കാറ്റ് പോലെ അവതരിച്ച ഭാരതീയ ധർമജന സേന (ബിഡിജെഎസ്) കുറഞ്ഞ കാലം കൊണ്ട് കേരളത്തിൽ ഉയർത്തിയ പ്രകമ്പനത്തിന്‍റെ അലയൊലികൾ ഇന്നും നിലനിൽക്കുന്നത് ആ പാർട്ടിയുടെ സാമൂഹ്യപ്രസക്തിയുടെ പ്രാധാന്യം കൊണ്ടാണ്.
സംഘടിത ന്യൂനപക്ഷ വോട്ടു ബാങ്കുകളിൽ കേന്ദ്രീകരിച്ച് വട്ടംചുറ്റിയിരുന്ന കേരളം രാഷ്‌ട്രീയം കഴിഞ്ഞ 10 വർഷം കൊണ്ട് അടിമുടി മാറി. അതിന് വഴിയൊരുക്കിയത് ബിഡിജെഎസിന്‍റെ രംഗപ്രവേശമായിരുന്നു. സവിശേഷമായ രാഷ്‌ട്രീയ സാഹചര്യത്തിന്‍റെ പരിണതിയായിരുന്നു ബിഡിജെഎസിന്‍റെ പിറവി. സാമൂഹ്യമായ സമ്മർദങ്ങൾ ബിഡിജെഎസിന്‍റെ രൂപീകരണത്തിന് വഴിയൊരുക്കിയെന്ന് പറഞ്ഞാലും തെറ്റാകില്ല.
രാജ്യം ഭരിക്കുന്ന നരേന്ദ്ര ദാമോദർദാസ് മോദി നേതൃത്വം വഹിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (എൻഡിഎ) ഘടക കക്ഷിയാകാൻ കിട്ടിയ അവസരമാണ് ബിഡിജെഎസിന്‍റെ വളർച്ചയ്ക്ക് പ്രോത്സാഹനമായത്. കേരളത്തിലെ അടിസ്ഥാന വർഗങ്ങളുടെയും അവഗണിക്കപ്പെട്ട സമൂഹങ്ങളുടെയും കൈകളിലെ ജ്വലിക്കുന്ന പന്തമായി ബിഡിജെഎസ് മാറി. തങ്ങൾക്ക് കടന്നുചെല്ലാൻ സാധിക്കാതിരുന്ന മേഖലകളിൽ ബിഡിജെസിലൂടെ കരുത്ത് നേടാൻ ബിജെപിക്കും കഴിഞ്ഞു. കേരള രാഷ്‌ട്രീയം അങ്ങിനെ മൂന്നു മുന്നണികൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറി.
വോട്ട് ബാങ്ക് രാഷ്‌ട്രീയം കേരളത്തെ ഗ്രസിച്ച അർബുദമാണ്. അത് തിരിച്ചറിഞ്ഞിട്ടും അധികാരം നിലനിർത്താൻ എന്ത് വിട്ടുവീഴ്ച ചെയ്തും അവരെ പുൽകുന്ന ഇടതു, വലതു പാർട്ടികളിൽ നിന്നുള്ള മോചനമാർഗമായി എൻഡിഎ മുന്നണിയെ ജനം കാണാൻ തുടങ്ങിയത് ബിഡിജെഎസ് മുന്നണിയുടെ ഭാഗമായതോടെയാണ്. വിവേചനങ്ങൾക്കെതിരേ നേരിൽ പോരാടാനുള്ള മാർഗം തേടിയിരുന്നവർക്ക് ബിഡിജെഎസ് താങ്ങായി മാറി.
ബിജെപിക്ക് ബാലികേറാമലയായിരുന്ന കേരള അസംബ്ലിയിൽ ആദ്യമായി എൻഡിഎയുടെ സ്ഥാനാർഥി ജയിച്ചു കയറി. നേമത്ത് നിന്ന് 8,671 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഒ. രാജഗോപാൽ നിയമസഭയിലെത്തിയത് ചരിത്രം മാറ്റിയെഴുതി. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ എൻഡിഎ മുന്നണി അവഗണിക്കാനാവാത്ത ശക്തിയായത് ബിഡിജെഎസിന്‍റെ പങ്കാളിത്തം കൊണ്ട് കൂടിയാണ്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലും മികച്ച നേട്ടമാണ് മുന്നണി കൈവരിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ തൃശൂർ പിടിച്ചെടുത്തത് മറ്റൊരു ചരിത്രമായി. ആലപ്പുഴ, തിരുവനന്തപുരം, ആറ്റിങ്ങൽ തുടങ്ങിയ ലോകസഭാ മണ്ഡലങ്ങളിലെ എൻഡിഎയുടെ മുന്നേറ്റം ഇടതു- വലതു മുന്നണികളുടെ തായ്‌വേരിളക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും കേരള രാഷ്‌ട്രീയത്തിന്‍റെ ഗതി മാറ്റിയെഴുതാൻ ബിഡിജെഎസ് നിർണായക പങ്കുവഹിക്കും എന്നുറപ്പ്.
കേരള വികസനത്തിനു വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങളിലും ബിഡിജെഎസ് രംഗത്തുണ്ടായിരുന്നു. കേന്ദ്ര സർക്കാരിനെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഭരണപക്ഷവും പ്രതിപക്ഷവും സംസ്ഥാനത്തിന് വേണ്ട വികസനങ്ങൾ ചോദിച്ച് വാങ്ങുന്നതിൽ അലംഭാവം കാട്ടുകയാണ്. ഐഐടി, എയിംസ്, കാർഷിക സബ്സിഡികൾ, റോഡ് വികസന ഫണ്ട്, പരമ്പരാഗത വ്യവസായ പുനരുദ്ധാരണം, ആഴക്കടൽ മത്സ്യബന്ധന പ്രോത്സാഹനം തുടങ്ങി കേരളത്തിന് വേണ്ട നിരവധി പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരുമായി ബിഡിജെഎസ് നേതൃത്വം നിവേദനങ്ങൾ നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. മുനമ്പം വഖഫ് ഭൂമി പ്രശ്നം ഉൾപ്പടെയുള്ള കേരളത്തിലെ വഖഫ് നിയമ പ്രതിസന്ധി കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ബിഡിജെഎസ് മുന്നിലുണ്ടായിരുന്നു.
അസാധ്യമെന്ന് പതിറ്റാണ്ടുകളായി പറഞ്ഞു പതിഞ്ഞിരുന്ന പലതും സാധ്യമാണെന്ന് തെളിയിക്കാൻ രണ്ടാം മോദി സർക്കാറിനു കഴിഞ്ഞു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് ഇല്ലാതാക്കിയും മുസ്‌ലിം വനിതകളെ തുല്യാവകാശത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്‍റെ ആദ്യപടിയായി മുത്തലാഖ് അവസാനിപ്പിച്ചതും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും വിപ്ലവകരമായ സാമ്പത്തിക പരിഷ്കാരങ്ങളും രാജ്യത്തിന് കരുത്തുറ്റ ഒരു നേതൃത്വത്തെയാണ് കാണിച്ചുതരുന്നത്. ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവജനതയുടെയും മധ്യവർഗത്തിന്‍റെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ആഗ്രഹങ്ങൾ സഫലമാക്കുന്ന നരേന്ദ്ര മോദി സർക്കാരിന്‍റെ ഭാഗമാണ് ബിഡിജെഎസ് എന്ന് പറയാൻ ഓരോ പാർട്ടി പ്രവർത്തകനും അഭിമാനമുണ്ട്.
സത്യവും ധർമവും മുറുകെപ്പിടിച്ചു പ്രവർത്തിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനമായ ഭാരത് ധർമജന സേന കേരള രാഷ്‌ട്രീയത്തിലെ നിർണായക ഘടകമായി മാറിയതിന് പിന്നിൽ മോദി പ്രഭാവവും എൻഡിഎയുടെ കരുത്തുമുണ്ട്. കേരളത്തിലെ ഏതൊരു മണ്ഡലത്തിലും ജയപരാജയങ്ങൾ നിർണയിക്കാനുള്ള ശേഷി ബിഡിജെഎസ് ആർജിച്ചത് സത്യസന്ധരായ, കഠിനാധ്വാനികളായ ആയിരക്കണക്കിന് സാധാരണ പ്രവർത്തകരുടെ വിയർപ്പിന്‍റെ പുണ്യം കൊണ്ടാണ്. അവരാണ് ഈ പാർട്ടിയുടെ ജീവൻ. ഇത്രയും കാലം അവഗണിക്കപ്പെട്ടു കിടന്ന ഇവരിൽ നിന്നുള്ള നൂറുകണക്കിന് വനിതകൾ ഉൾപ്പടെയുള്ളവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കും നേതൃപദവികളിലേക്കും കൊണ്ടുവരാനും പാർട്ടിക്കായി.
കേരളത്തിൽ പുതിയൊരു രാഷ്‌ട്രീയ സംസ്കാരം വളർത്തിയെടുക്കുകയാണ് ബിഡിജെഎസ് ദൗത്യം. വോട്ടു കുത്താൻ മാത്രമല്ല, അധികാരത്തിൽ പങ്കാളിയാകാനും ഇവിടെ ആളുണ്ടെന്ന് തെളിയിക്കുകയും വേണം. അതിനുള്ള പോരാട്ടങ്ങളിലേക്ക് നിങ്ങൾക്കും കടന്നുവരാം. പോരാടാം നമുക്കൊന്നായി.