വരിഞ്ഞു മുറുക്കുന്ന ലഹരി മരുന്നു വലകൾ

ജൂൺ 26 ആഗോള ലഹരി വിരുദ്ധ ദിനം
World Anti-Drug Day special| വരിഞ്ഞു മുറുക്കുന്ന ലഹരി മരുന്നു വലകൾ
World Anti-Drug Day
Updated on

ഷൈബി പാപ്പച്ചൻ, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി, എറണാകുളം- അങ്കമാലി മേജർ അതിരൂപത ജനറൽ സെക്രട്ടറി

ജൂൺ 26... വീണ്ടുമൊരു ലോക ലഹരിവിരുദ്ധദിനം. കോവിഡ് വൈറസിക്കാൾ ഭീകരമാണ് ഇപ്പോൾ കേരളത്തിൽ മയക്കുമരുന്നുകളുടെ വലകൾ.1987 മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ തുടങ്ങിയത്.മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും,ദുരന്ത വശങ്ങള്‍ തെളിവുകള്‍ നിരത്തി വിവരിക്കേണ്ട ആവശ്യമേ ഇന്നില്ല.ദിവസം പ്രതി നാം നമ്മുടെ മക്കളിലൂടെയും,ബന്ധുക്കളിലൂടെയും ഇക്കാര്യങ്ങൾ അനുഭവിച്ചറിയുകയല്ലേ?..ഇരു കാലില്‍ നിന്ന് നാലു കാലിലേക്കുള്ള പരിണാമത്തിന് മലയാളികൾക്ക് ഒരു തുള്ളി മദ്യമോ അല്‍പം ലഹരിയോ മതി.

ഒരു വർഷം ഏകദേശം 321 ബില്യൺ ഡോളറിന്‍റെ മയക്കു മരുന്ന് കച്ചവടം ഈ ലോകത്ത് നടക്കുന്നുണ്ട്.ലോകത്താകെ 27 കോടി മനുഷ്യർ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ. 35 ദശലക്ഷത്തിലധികം ആളുകൾക്ക് മയക്കുമരുന്ന് ഉപയോഗ സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ സംബന്ധിച്ച സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.

ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഉയർന്ന നിലവാരത്തിലെ മയക്കുമരുന്നാണ് എം.ഡി.എം.എ എന്നറിയപ്പെടുന്ന 'മാക്സ് ജെല്ലി എക്സ്റ്റസി'.ഈ മാരകമായ മയക്കു മരുന്ന് പോലും കേരളത്തിലുണ്ട്.മിക്ക രാജ്യങ്ങളിലും എം.ഡി.എം.എക്ക് നിരോധനമുണ്ട്.ഈ കൊച്ചു കേരളത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ മയക്കുമരുന്നുപയോഗം 15 മടങ്ങിലധികം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 98.4 ലക്ഷം പേര്‍ കേരളത്തില്‍ മദ്യ/മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ശരാശരി പതിമൂന്നര വയസ്സില്‍ തന്നെ കുട്ടികള്‍ ലഹരി ഉപയോഗിച്ചു തുടങ്ങുന്നു എന്നാണ്.

നിശാ പാർട്ടികളുടെയും,ബർത്ത് ഡേ പാർട്ടികളുടേയുമൊക്കെ പേരിൽ മയക്ക് മരുന്ന് വിപണനം കേരളത്തിൽ സജീവമാണ്.ന്യൂജെൻ ലഹരികൾ അരങ്ങു വാഴുകയാണ്.സിന്തറ്റിക് ലഹരി മരുന്നുകളാണ് ഇപ്പോഴത്തെ ട്രെൻഡ്."ടെലഗ്രാം 'എന്ന ന്യൂജെന്‍ ആപ് വഴി മയക്കുമരുന്ന് വില്പന കേരളത്തിൽ വ്യപകമാണ്. മയക്കു മരുന്നുകളുടെ ഉപയോഗം മൂലം സംഭവിക്കുന്ന നൈതികമായ പതനം തലമുറകളില്‍നിന്നു തലമുറകളിലേക്കു നീണ്ടു പോകുന്ന ഒന്നാണ്.സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിയുപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്കാരിക മൂല്യങ്ങള്‍ക്കും കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കുട്ടികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ആശങ്കയുണര്‍ത്തുന്നു.സംസ്ഥാനത്ത് പിടിയിലായ നൂറോളം മയക്കുമരുന്ന് കച്ചവടക്കാരില്‍ 90 പേരും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയവരാണ്. വിദ്യാര്‍ഥികളാണ് മയക്കുമരുന്ന് വിപണനത്തിലും ഉപയോഗത്തിലും മുന്‍പന്തിയില്‍. കുട്ടികള്‍ ആകസ്മികമായി ലഹരിയുടെ മാരക വലയത്തിലെത്തുകയല്ല. മനഃപൂര്‍വം അവരെ ഈ മരണവലയത്തില്‍ കുടുക്കുകയാണ്. വഴിതെറ്റി നടക്കുന്നവരെയും ഒറ്റപ്പെട്ടവരെയും മാത്രമല്ല,ഏത് പശ്ചാത്തലത്തില്‍നിന്ന് വരുന്ന കുട്ടികളെയും കറക്കിയെടുക്കുന്നവരുണ്ട്.മയക്കുമരുന്നുകളുടെ ഉപയോഗം മൂലം സംഭവിക്കുന്ന നൈതികമായ പതനം തലമുറകളില്‍നിന്നു തലമുറകളിലേക്കു നീണ്ടു പോകുന്ന ഒന്നാണ്.

ലഹരി വസ്തുക്കള്‍ യഥേഷ്ടം ലഭ്യമാവുകുയും അവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹികാന്തരീക്ഷം കേരളത്തിൽ നിലനില്‍ക്കുന്നുവെന്നത് ഒരു ദുരന്താവസ്ഥ തന്നെയാണ്.സ്‌കൂള്‍ കുട്ടികളില്‍ 28.7ശതമാനം പേര്‍ ഒരിക്കലെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരെന്ന് ചില പഠന റിപ്പോര്‍ട്ടുകൾ തെളിയിക്കുന്നു.33 ശതമാനം വിദ്യാര്‍ഥികളും മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവരില്‍ നിന്നാണ് ലഹരിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചെടുത്തതെന്നതാണ് കൗതുകകരം.

മനുഷ്യന്‍റെ അന്തകനായ വീര്യമേറിയ പോപ്പിസ്‌ട്രോ കായ നമ്മുടെ കേരളത്തിലും എത്തിയിട്ടുണ്ട് .കേരളത്തിലെ നിശാക്ലബ്ബുകള്‍, ഡിജെ പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ലഹരിമരുന്നുകള്‍ നിര്‍മ്മിക്കുന്നതിനാണ് പോപ്പി സ്‌ട്രോ കേരളത്തിലെത്തിക്കുന്നത്.പോപ്പിസ്‌ട്രോ കായ കഴിക്കാനുളളതല്ല, മറിച്ച് കഴിപ്പിക്കാനുളളതാണ്. ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, കറുപ്പ് ഉള്‍പ്പെടെ 26 ല്‍ പരം വീര്യം കൂടിയ ലഹരിമരുന്നുകള്‍ നിര്‍മ്മിക്കുന്നത് പോപ്പിസ്‌ട്രോ കായ കൊണ്ടാണ്.

ചെറുപ്പക്കാര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതിനു അനേക കാരണങ്ങളുണ്ട്. കുടുംബപരമായ ആസക്തി, പാരമ്പര്യം, സാമൂഹിക പശ്ചാത്തലം എന്നിവ ചിലപ്പോള്‍ ഇതിന് കരണമാകാവുന്നതാണ്. പലരും ആകാംക്ഷയോടെയാണ് മദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കാന്‍ തുടങ്ങുന്നത്.ചിലര്‍ പിരിമുറുക്കം കുറക്കാനും മാനസിക സമ്മര്‍ദം കുറക്കാനും തോല്‍വികള്‍ മറക്കുവാനുമുള്ള ഒറ്റമൂലിയായി ലഹരിയെ കാണുന്നു. എന്നാല്‍, പിന്നീട് അതുണ്ടാക്കുന്ന മാനസിക വൈകല്യങ്ങള്‍ ജീവിത നൈരാശ്യത്തില്‍ എത്തിക്കുന്നു എന്നതാണ് വാസ്തവം.

ഇന്ത്യയില്‍ മയക്കുമരുന്ന് ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹെറോയിന്‍ ഉപയോഗം ഇന്ത്യയിലാണ്. ഇതിന് രാജ്യത്ത് മൂന്ന് ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നും ഇതിലേറെയും വിദ്യാര്‍ഥികളാണെന്നും യു.എന്നിന്‍റെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്.ജാതി,മത,പ്രായഭേദമന്യെ മയക്കുമരുന്നിന്‍റെ അപകടച്ചുഴികളില്‍ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം.ലഹരിവസ്തുക്കളെ സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണു കേരളം.

വീണ്ടും ഒരിക്കൽക്കൂടി ലഹരി വിരുദ്ധദിനം കടന്നു വരുമ്പോൾ നാം നമ്മുടെ പുതിയ തലമുറയെ ഓർക്കണം.ഈ വർഷത്തെ ലോക ലഹരിവിരുദ്ധദിനത്തിന്‍റെ മുദ്രാവാക്യം "തെളിവുകൾ വ്യക്തമാണ്, പ്രതിരോധത്തിൽ നിക്ഷേപിക്കുക' എന്നതാണ്.കുട്ടികള്‍ക്ക് സ്‌നേഹവും വാത്സല്യവും പരിഗണനയും വേണ്ടുവോളം നല്‍കണം.എന്തും എപ്പോഴും പരസ്പരം തുറന്നുപറയാന്‍ കഴിയുന്ന വിധം സുഹൃത്തുക്കളായി രക്ഷിതാക്കളും മക്കളുംമാറണം.ലഹരി വ്യക്തി, സമൂഹം, രാഷ്‌ട്രം തുടങ്ങിയ തലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ബോധവല്‍ക്കരണം അടിസ്ഥാന തലം വരെ നല്‍കണം. ഇടപെടല്‍, തടയല്‍, ചികിത്സ ഈ മൂന്നു സ്ഥലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിനായി ജനകീയ സമിതികള്‍ രൂപീകരിക്കാം. ലഹരി വിരുദ്ധ പരസ്യങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ വ്യാപകമായി പ്രദര്‍ശിപ്പിക്കണം. ഉപയോഗം, വില്‍പ്പന, കടത്തല്‍ എന്നിവയെ ക്കുറിച്ചറിഞ്ഞാല്‍ നിയമപാലകരെയോ, നര്‍ക്കോട്ടിക് വിഭാഗത്തെയോ വിവരം നല്‍കുന്നവരെക്കുറിച്ച് പുറത്തറിയില്ലെന്ന ഉറപ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തുക.

നമ്മുടെ സമൂഹത്തെ മയക്കുമരുന്നുകളുടെ ഈ നീരാളിപ്പിടിത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ സർക്കാരിന്‍റെ ലഹരി വിമുക്തി സെന്‍റര്‍ ഉൾപ്പെടെ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.ഇത് സ്വാഗതാര്‍ഹമാണ്. ഇത്തരം പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചു പോകാതെ തുടര്‍ച്ച ഉറപ്പ് വരുത്തുകയും മത, സന്നദ്ധ സംഘടനകള്‍ ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള സഹകരണം തേടുകയും ചെയ്യേണ്ടതാണ്.

Trending

No stories found.

Latest News

No stories found.