മൂന്നാറിലെ ചൊക്രമുടിയിൽ കണ്ട വരയാടിൻ കൂട്ടം.
Paul Peter Predit
അജയൻ
പത്തു വർഷം മുൻപ് ഒരു ഒക്റ്റോബറിലെ നട്ടുച്ച നേരം. വൈൽഡ്‌ലൈഫ് ബയോളജിസ്റ്റ് പോൾ പീറ്റർ പ്രെഡിത് പറമ്പിക്കുളം വനമേഖലയിലെ കരിമലഗോപുരം കൊടുമുടിയുടെ മുകൾഭാഗത്തെത്തിക്കഴിഞ്ഞിരുന്നു. ഗവേഷണത്തിന്‍റെ ഭാഗമായി വരയാടുകളെ തേടിയിറങ്ങിയതാണ് പ്രെഡിറ്റും മറ്റ് മൂന്നു ഗവേഷകരും കൂടെ ഒരു വഴികാട്ടിയും. മൃഗങ്ങളുടെ സഞ്ചാരപഥം പോലെ, മുകളിലേക്കു വളഞ്ഞുപുളഞ്ഞു കയറുന്ന ഇടുങ്ങിയ ഭാഗത്ത് വഴികാട്ടി പെട്ടെന്നു സ്തംബ്ധനായി നിന്നു. ആദ്യമൊരു നിഴലനക്കം, പിന്നാലെ നിബിഢമായ പച്ചപ്പിനു പിന്നിൽ നിന്ന് ഒരു കൂറ്റൻ കാട്ടുപോത്ത് പുറത്തേക്കു വന്നു. പിന്തിരിഞ്ഞോടാൻ പോലും പറ്റാത്തത്ര ഇടുങ്ങിയ വഴിയിൽ ഏതു ധൈര്യശാലിയുടെയും സമനില തെറ്റിക്കുന്ന കാഴ്ച.
ചുരമാന്തുന്ന കാട്ടുപോത്തിനു മുന്നിൽ പകച്ചു നിന്ന പ്രെഡിറ്റിനു പിന്തിരിഞ്ഞോടുക മാത്രമായിരുന്നു മാർഗം. പക്ഷേ, കാൽവഴുതി വീണു. പിന്നെയെല്ലാം കുളമ്പുകളുടെയും കൊമ്പുകളുടെയും ഭീതിദമായ ഊർജ പ്രവാഹങ്ങൾ മാത്രം. തുണിപ്പാവ പോലെ വായുവിൽ എടുത്തെറിയപ്പെട്ട നിമിഷങ്ങൾ. ചെന്നുവീണത് വലിയൊരു പാറക്കല്ലിനു മുകളിൽ. തലയ്ക്കു മീതേ വനം ചുഴലി പോലെ കറങ്ങി. താളം തെറ്റിയ നിശ്വാസങ്ങൾക്കിടയിലൂടെ ഒരു പാളിനോട്ടത്തിൽ കാട്ടുപോത്ത് മലയിറങ്ങിപ്പോകുന്നതാണു കണ്ടത്. പക്ഷേ, സ്വന്തം ശരീരത്തിൽ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. വയറിന്‍റെ ഒരു ഭാഗം ചൊരയൊലിക്കുന്ന പച്ചമാംസമായി തൂങ്ങിക്കിടക്കുന്നു.
വലിയൊരു നിലവിളി, പിന്നെ നിശബ്ദത.... കാടിന്‍റെ മണ്ണിൽ മനുഷ്യരക്തം തളംകെട്ടി. പിന്നാലെയുണ്ടായിരുന്ന സഹപ്രവർത്തകർ ഓടിവന്നത് കാട്ടുപോത്തിനെ കണ്ട വിശേഷം പറയാനായിരുന്നു. പക്ഷേ, അവരവിടെ കണ്ട കാഴ്ച വാക്കുകൾക്കതീതവും. അവർ കണ്ട കാട്ടുപോത്തിന്‍റെ കലി മുഴുവൻ ശരീരത്തിൽ വാരിപ്പൂശി പ്രെഡിത് അവിടെ മൃതപ്രായനായി കിടന്നു.
വയറിൽ നിന്നു പുറത്തേക്കു വന്ന മാംസക്കഷണം വൃക്കയായിരുന്നു എന്നാണ് അവർക്കു തോന്നിയത്. ഒരാൾ ഇട്ടിരുന്ന ടീഷർട്ട് വലിച്ചുകീറി. മറ്റൊരാൾ കൈലേസ് കൊടുത്തു. പ്രെഡിത് സ്വയം ആ മാംസക്കഷണം വയറിനുള്ളിലേക്ക് തിരികെ നിക്ഷേപിച്ചു. തുണി കൊണ്ട് മുറിവ് കെട്ടി. വാരിയെല്ലൊടിഞ്ഞിട്ടുണ്ടെന്ന് ഒരു എക്സ്റേയുമില്ലാതെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അതു ശരീരത്തിൽനിന്നു പുറത്തേക്ക് തള്ളിനിൽക്കുകയായിരുന്നു.
പക്ഷേ, അതിജീവനത്തിന്‍റെ അഗ്നിസ്ഫുലിംഗങ്ങളെന്തോ ഉള്ളിലപ്പോഴും ജ്വലിച്ചുകൊണ്ടിരുന്നു. സഹപ്രവർത്തകരുടെ സഹായത്തോടെ പ്രെഡിത് ആ കയറിയ കയറ്റം മുഴുവൻ നടന്നിറങ്ങി. ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം ഓരോ ചുവടും മുന്നോട്ടുവച്ചു. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ അപ്പോഴേക്കും ഓടിയിറങ്ങി വനം വകുപ്പ് ഓഫിസിൽ ചെന്ന് നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചു. മിനിറ്റുകൾക്കുള്ളിൽ ആൾ മരിക്കുമെന്നു തന്നെ അവരെല്ലാം കരുതി. 'മൃതദേഹം' കൊണ്ടുവരാൻ സ്റ്റീൽ സ്ട്രെച്ചറുമായി വനംവകുപ്പ് ജീവനക്കാർ കാടുകയറി. 'പരേതനു' വേണ്ടി പ്രാർഥന നടത്തി കുറേ ഗോത്രവർഗക്കാരും ചണച്ചാക്കുകളുമെടുത്ത് തെരച്ചിൽ സംഘത്തിനൊപ്പം കൂടി.
''അപ്പോഴെല്ലാം ഭാര്യയും രണ്ടു ചെറിയ കുട്ടികളുമായി എന്‍റെ മനസിൽ. ഞാൻ പ്രാർഥിച്ചു, കുമ്പസരിച്ചു. ഏതാനും മാസം മുൻപ് മരിച്ചുപോയ അമ്മൂമ്മയെ കൺമുന്നിലെന്നോണം കണ്ടു, വൈകാതെ ഞാനും അവർക്കൊപ്പം ചേരുമെന്നുറപ്പിച്ചു. അപ്പോഴാണ് പ്രതീക്ഷയുടെ ഒരു നേർത്ത കൈത്തിരി മുനിഞ്ഞു കത്തിയത്. പൾസ് നോർമലാണെന്ന് എനിക്കു മനസിലായി. ഹൃദയം അപ്പോഴും മിടിക്കുന്നുണ്ട്. ഞാൻ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തു. കാട്ടുപോത്ത് കുത്തിയെടുത്തെന്നു കരുതിയ കിഡ്നിയും പ്രവർത്തനക്ഷമമാണ്. ഞാൻ മരിക്കാറായിട്ടില്ലെന്നു മനസിലായി'', പ്രെഡിറ്റ് മെട്രൊ വാർത്തയോടു പറഞ്ഞു.
പോൾ പീറ്റർ പ്രെഡിത്
വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച്, കെട്ടഴിച്ച് മുറിവു കാണിച്ച ശേഷം വീണ്ടും കെട്ടിവച്ചു. ആദിവാസികൾ അദ്ദേഹത്തിന്‍റെ ജീവനു വേണ്ടി പ്രാർഥിച്ചു. അവർ കൊണ്ടുവന്ന ചാക്ക് കളഞ്ഞ്, ഉടുത്ത മുണ്ടഴിച്ച് വടികളിൽ കെട്ടി തൊട്ടിലിന്‍റെ രൂപത്തിലാക്കി. ഇടതുഭാഗത്തെ വാരിയെല്ലൊടിഞ്ഞ് പുറത്തേക്കു തള്ളി നിന്നിരുന്നതിനാൽ, ശ്രദ്ധാപൂർവം വലത്തേക്കു ചരിച്ച് അദ്ദേഹത്തെ അവരതിൽ കിടത്തി. അവരുടെ സഞ്ചാരവേഗം കുറയ്ക്കുന്ന ഒരു ഞരക്കം പോലും പുറപ്പെടുവിക്കാതെ പ്രെഡിറ്റ് അതിൽ കിടന്നു.
ഏറ്റവുമടുത്തുള്ള റോഡിലെത്തുമ്പോൾ രാത്രി എട്ടുമണി. കാത്തുനിന്ന നഴ്സ് കൊടുത്ത വേദനസംഹാരി കഴിച്ച് വാഹനത്തിൽ കയറി. ഒരു മണിക്കൂർ കൊണ്ട് ഡ്രൈവർ പൊള്ളാച്ചിയിലെത്തിച്ചു. അവിടത്തെ ലോക്കൽ ആശുപത്രിയിൽ മുറിവ് വൃത്തിയാക്കി, ഫസ്റ്റ് എയ്ഡ് കൊടുത്തു. അപ്പോഴേക്കും അവിടെ എത്തിച്ചേർന്ന ഭാര്യയോടൊപ്പം വിദഗ്ധ ചികിത്സയ്ക്കായി കോവൈ മെഡിക്കൽ സെന്‍റർ ആൻഡ് ഹോസ്പിറ്റലിലേക്ക്. കൂനൂരിലെ മലയാളി വേരുകളുള്ള കുടുംബത്തിൽ ജനിച്ച്, വൈൽഡ്‌ലൈഫ് ബയോളജിസ്റ്റിന്‍റെ ജോലി ഉപേക്ഷിച്ച് അധ്യാപികയായി മാറിയ ഭാര്യയുടെ സാന്നിധ്യം പ്രെഡിറ്റിനു കരുത്ത് പകർന്നു.
കോയമ്പത്തൂരിലെ ആശുപത്രിയിൽ സർജറി തുടങ്ങുമ്പോൾ അർധരാത്രി പിന്നിട്ടിരുന്നു. വയറിനും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റിരുന്നു. വാരിയല്ലിൽ മൂന്ന് ഒടിവുകൾ, ഒരെണ്ണം ഇളകി മാറിപ്പോയിരുന്നു. പോത്ത് കൊമ്പിൽ കോർത്ത് പുറത്തെടുത്തെന്നു കരുതിയത് കിഡ്നി ആയിരുന്നില്ല, പ്ലീഹയായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ മുറിവുകളും മുടന്തുമായാണെങ്കിലും പതർച്ചയില്ലാതെ പ്രെഡിറ്റ് വരയാടുകളെക്കുറിച്ചുള്ള ഗവേഷണം പുനരാരംഭിച്ചു!
ഇന്ന് തമിഴ് നാട് വനം വകുപ്പിന്‍റെ പ്രോജക്റ്റ് നീലഗിരി താർ സംരക്ഷണ സമിതിയിലെ വിദഗ്ധനായി സേവനമനുഷ്ഠിക്കുകയാണ് പ്രെഡിത്. സമഗ്ര സംരക്ഷണ പദ്ധതിയിൽ ചേരാൻ കേരളവും താത്പര്യം അറിയിച്ചതോടെ വരയാടുകൾക്കു വേണ്ടിയുള്ള തന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ ഉർജസ്വലമായി മുന്നോട്ടു കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.
മലയാളി ദമ്പതികളുടെ മകനായി ജനിച്ച പ്രെഡിറ്റ്, ഊട്ടിയിൽ ഗുരു നിത്യചൈതന്യ യതിയുടെ ഫേൺ ഹില്ലിലാണ് വളർന്നത്. വനം അയാളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു. ഡോക്റ്ററാക്കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പക്ഷേ, പ്രെഡിറ്റ് തീരുമാനിച്ചത് ബോട്ടണിയിൽ ബിരുദമെടുക്കാനാണ്. ഭാവിയെക്കുറിച്ച് വ്യക്തതയില്ലാതെ ചില ജോലികൾ ചെയ്തു. ഒടുവിൽ വൈൽഡ്‌ലൈഫിൽ പോസ്റ്റ് ഗ്രാജ്വേഷനെടുക്കാൻ വീണ്ടും കോളെജിലേക്ക്. എന്താണീ കോഴ്സ് എന്നുപോലുമറിയാതെയാണ് ചേർന്നതെങ്കിലും, അതയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു.
പഠനത്തിന്‍റെ ഭാഗമായ ഫീൽഡ് ട്രിപ്പുകൾ പ്രെഡിറ്റിനു ജീവവായുവായി മാറി. കിളികളും കാടും കാട്ടുമൃഗങ്ങളും പഴയ ബാലകുതൂഹലങ്ങളെ തിരികെ കൊണ്ടുവന്നു. പുൽമേടുകളെക്കുറിച്ചുള്ള പ്രോജക്റ്റ് വർക്കിലൂടെ അദ്ദേഹം ഡബ്ല്യുഡബ്ല്യുഎഫിലെത്തി. സ്വപ്നം കണ്ടത് കടുവകളെയായിരുന്നെങ്കിലും, 2008ൽ എത്തിച്ചേർന്നത് തെക്കൻ പശ്ചിമ ഘട്ടത്തിലെ വരയാടുകൾക്കിടയിലേക്കായിരുന്നു. ആവാസവ്യവസ്ഥയുടെ നാശവും വേട്ടയും വനനശീകരണവും കാരണം ഇല്ലാതായിക്കൊണ്ടിരിക്കുന്ന, മലനിരകളുടെ കാവൽക്കാർ.
മുകുർത്തി ദേശീയോദ്യാനത്തിൽ റേഡിയോ കോളർ ധരിപ്പിച്ച വരയാടുകളെ നിരീക്ഷിക്കുന്ന പോൾ പീറ്റർ പ്രെഡിറ്റ്.
MV
ഇരവികുളം ദേശീയോദ്യാനത്തിലാണ് പ്രെഡിറ്റ് ആദ്യമായി വരയാടുകളെ നേരിട്ടു കാണുന്നത്. ചെറിയൊരു കൂട്ടമായിരുന്നു അത്. ഒരു കൂറ്റൻ മുട്ടനാട് അവയ്ക്കിടയിൽ തലയെടുത്തു നിന്നു. അതായിരുന്നു പ്രെഡിറ്റിന്‍റെ യാത്രയുടെ തുടക്കം.
വർഷങ്ങളുടെ ഫീൽഡ് വർക്കിനൊടുവിൽ, 2015 ആയതോടെ അദ്ദേഹം അവയുടെ കണക്കെടുപ്പ് പൂർത്തിയാക്കി- 3,122 എണ്ണം മാത്രമാണ് ശേഷിക്കുന്നത്. ഒറ്റപ്പെട്ട ചെറിയ കൂട്ടങ്ങൾ വിദൂരമായ മലയടിവാരങ്ങളിലെവിടെയെങ്കിലും വേറെയുമുണ്ടാവാം. എങ്കിലും, മുൻപ് അറിയപ്പെടാത്ത പതിനേഴ് ആവാസ വ്യവസ്ഥകൾ പ്രെഡിറ്റിന്‍റെ ഗവേഷണത്തിൽ കണ്ടെത്താൻ സാധിച്ചു. ഇവയിലെല്ലാം കൂടി 131 വരയാടുകളാണുണ്ടായിരുന്നത്. ഈ പഠനഫലത്തിന്‍റെ അടിസ്ഥാനത്തിൽ നിർണായകമായ സംരക്ഷണ മേഖലകൾ മാപ്പ് ചെയ്തു; നേരിടുന്ന പ്രധാന ഭീഷണികളും തിരിച്ചറിഞ്ഞു- ആവാസവ്യവസ്ഥയുടെ നഷ്ടം, വേട്ട, മറ്റിനങ്ങളുടെ കടന്നുകയറ്റം എന്നിങ്ങനെ. അവശേഷിക്കുന്ന വരയാടുകളെയെങ്കിലും സംരക്ഷിക്കാനുള്ള മാർഗങ്ങളും അദ്ദേഹം നിർദേശിച്ചു.
എന്നാൽ, അവിടെ അവസാനിപ്പിക്കാനുള്ളതായിരുന്നില്ല ആ യാത്ര. ഡബ്ല്യുഐഐ നടത്തിയ ഒരു പഠനം ജനിതക വ്യവസ്ഥയിലേക്ക് കൂടുതൽ ശ്രദ്ധയൂന്നുന്നതായിരുന്നു. ഇവയുടെ എണ്ണത്തിന്‍റെ ഘടനയും വൈവിധ്യവും നിലനിർത്താൻ ജനിതക പഠനവും അനിവാര്യമാണെന്നു വ്യക്തമായി. അങ്ങനെയാണ്, ദുർഘടമായ വിദൂര മേഖലകളിൽ ചെന്നും വരയാടുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രെഡിറ്റ്, അവയുടെ ഡിഎൻഎയും പാരമ്പര്യവും ഇഴചേർന്ന കഥകൾക്കു പിന്നാലെ തിരുവനന്തപുരം വരെ പോയതും, മലമുകളിലെ നിഗൂഢതകൾ ലബോറട്ടറി വരെയെത്തിച്ചതും.
2018ൽ പൂർത്തിയാക്കിയ റിപ്പോർട്ട് പ്രകാരം, പാലക്കാട് ചുരത്തിന്‍റെ വടക്കും തെക്കുമായി വരയാടുകളുടെ രണ്ട് വ്യത്യസ്ത ഇനങ്ങളെ തിരിച്ചറിയാൻ സാധിച്ചു. ജനിതക വിശകലനത്തിൽ ഇവ തമ്മിൽ നേരിയ വ്യത്യാസങ്ങൾ മാത്രമാണു കണ്ടെത്താനായത്. എണ്ണം കൂടുതലുണ്ടായിരുന്ന കാലത്ത് ഈ തെക്ക്-വടക്ക് വ്യത്യാസം ഉണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് റിപ്പോർട്ട് എത്തിച്ചേർന്നത്. വരയാടുകളുടെ പരിണാമം സംബന്ധിച്ച നിർണായകമായൊരു കണ്ടെത്തലായിരുന്നു ഇത്.
വേട്ടയാടപ്പെട്ട വരയാടിന്‍റെ ഒരു രോമം പരിശോധിച്ചാൽ പോലും അതെവിടെ മേഞ്ഞുനടന്നതായിരുന്നു എന്നു മനസിലാക്കാൻ സാധിക്കും വിധം ഫൊറൻസിക് സയൻസ് വളർന്നു കഴിഞ്ഞു. വേട്ടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇത് ഏറെ സഹായകവുമാണെന്ന് പ്രെഡിറ്റ് ചൂണ്ടിക്കാട്ടുന്നു.
ഡബ്ല്യുഡബ്ല്യുഎഫ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ് നാട് സർക്കാർ സംസ്ഥാനത്തുടനീളം വരയാട് സംരക്ഷണ പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോൾ കേരളവും ഇതിൽ പങ്കുചേരാൻ സന്നദ്ധ അറിയിച്ചതോടെ വരയാടുകളുടെ സംരക്ഷണം കൂടുതൽ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.