അന്നത്തെ ആചാരം ഇന്നത്തെ അനാവശ്യം

അന്നത്തെ ആചാരം ഇന്നത്തെ അനാവശ്യം

മുൻപുണ്ടായിരുന്ന പല രീതികളും ആചാരങ്ങളും അനാചാരങ്ങളും കേരളീയ സമൂഹത്തിൽ നിന്ന് ആധുനിക കാലത്ത് അപ്രത്യക്ഷമായിട്ടുണ്ട്, സ്വാഭാവികമായി ഇല്ലാതായവും നവോത്ഥാനത്തിന്‍റെ ഫലമായി ഇല്ലാതായവയും...

മുൻപുണ്ടായിരുന്ന പല രീതികളും ആചാരങ്ങളും അനാചാരങ്ങളും കേരളീയ സമൂഹത്തിൽ നിന്ന് ആധുനിക കാലത്ത് അപ്രത്യക്ഷമായിട്ടുണ്ട്. അക്കൂട്ടത്തിൽ സ്വാഭാവികമായി സംഭവിച്ച മാറ്റങ്ങളുണ്ട്, ജീവിതശൈലിയിലും ജീവിതനിലവാരത്തിലും വന്ന വ്യത്യാസങ്ങൾ കാരണമുണ്ടായ മാറ്റങ്ങളുണ്ട്, സാമൂഹിക നവോത്ഥാനം പോലുള്ള കാരണങ്ങളാൽ നിർബന്ധപൂർവം മാറ്റിയവയുമുണ്ട്. മുൻപുണ്ടായിരുന്നവയും ഇപ്പോൾ ഇല്ലാത്തവയുമായ ചില കേരളീയ രീതികളെക്കുറിച്ച്.

തയാറാക്കിയത്: എൻ. അജിത്കുമാർ

മരുമക്കത്തായം

മരുമക്കള്‍ അഥവാ സഹോദരിയുടെ മക്കള്‍ വഴിയുള്ള ദായക്രമം. തറവാട്ടില്‍ സ്ത്രീക്കാണ് പ്രാമുഖ്യം. മൂത്ത പുരുഷന്‍ അത് തറവാട്ടമ്മയുടെ സഹോദരനോ മകനോ ആവാം. കാരണവരെന്ന നിലയില്‍ വീട്ടുഭരണം നടത്തുന്നു. മറ്റു പുരുഷന്‍മാര്‍ ഉളള സഹോദരന്മാരും മരുമക്കളും ഭരണകാര്യത്തില്‍ കാരണവരെ സഹായിക്കുന്നു.

കാരണവരുടെ സഹോദരീ സഹോദരന്മാരും സഹോദരിമാരുടെ മക്കളുമെല്ലാം അടങ്ങിയ കൂട്ടു കുടുംബമാണ് തറവാട്. സഹോദരന്മാരുടെ മക്കള്‍ക്ക് തറവാട്ടില്‍ സ്ഥാനമില്ല. അവര്‍ അവരുടെ അമ്മമാരുടെ വീട്ടിലായിരിക്കും. കാരണവരുടെ ഭാര്യ തറവാട്ടില്‍ അമ്മായിയായി വസിക്കും. തറവാട്ടിലെ സ്ത്രീകള്‍ക്ക് കാരണവരോട് വല്ലതും പറയാനുണ്ടെങ്കില്‍ അത് അമ്മായി വഴിയാണ് ചെയ്യുക. സ്ത്രീകള്‍ക്ക് നേരിട്ട് കാരണവരെ കാണാന്‍ അനുവാദമില്ല. സ്ത്രീകള്‍ക്കോരോരുത്തര്‍ക്കും പ്രത്യേകം അറകളും സ്വകാര്യ സ്വത്തുക്കളുമുണ്ടായിരിക്കും. ഓണം, വിഷു, തിരുവാതിര എന്നി വിശേഷ ദിവസങ്ങളില്‍ അരിയും സാധനങ്ങളും കൊടുക്കും. പ്രസവത്തിന് എണ്ണയുംകുഴമ്പും കൊടുക്കുക തുടങ്ങിയ ചെറിയ ഉത്തരവാദിത്വങ്ങളേ ഭാര്‍ത്താക്കന്‍മാര്‍ക്കുള്ളൂ.

വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ ഭര്‍തൃ ഗൃഹത്തിലേക്ക് പോകില്ല. സന്ധ്യയായാല്‍ ചൂട്ടുംകെട്ടിഭാര്യ വീട്ടിലേക്ക് പോവുക, പുലരും മുമ്പ് അവിടിന്നിറങ്ങുകയുമാണ് പുരുഷന്‍മാരുടെ പതിവ്.

ഭാര്യ പ്രസവിച്ചാല്‍ കുഞ്ഞിനുവേണ്ട പരിരക്ഷ നടത്തുന്നത് ഭര്‍ത്താവല്ല, വീട്ടിലെ കാരണവരാണ്. കാരണവര്‍ മരിച്ചാല്‍ ശവം ദഹിപ്പിക്കുന്നതിനുമുമ്പ് അമ്മായിയും മക്കളും പടികടന്നുകൊള്ളണമെന്നാണ് നിയമം.

കുടുംബ സ്വത്തിന് സ്ത്രീയുടെ മക്കള്‍ക്ക് അവകാശമുണ്ട്. പുരുഷന്‍മാരുടെ മക്കള്‍ക്കില്ല. കാരണവരെ മാറ്റാനോ സ്വത്തു ഭാഗം വയ്ക്കാനോ അനന്തരവര്‍ക്ക് അവകാശമില്ല. കാരണവരുടെ അഭിപ്രായപ്രകാരം ഭാഗം വയ്ക്കാം. നാലുമക്കളുള്ള സ്ത്രീക്ക് അഞ്ചു ഭാഗമുള്ളപ്പോള്‍ നാലുമക്കളുള്ള പുരുഷന് ഒരു ഭാഗമേ കിട്ടൂ. പുരുഷന്‍റെ മക്കള്‍ക്ക് ഭാഗം അവരുടെ അമ്മവീട്ടില്‍ നിന്ന് വാങ്ങാം. തറവാട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള വഴക്ക് ഇത്തരം തറവാട്ടുകളില്‍ സ്ഥിരമായിരുന്നു.

പുടമുറി

നായന്മാരുടെ വിവാഹമായിരുന്നു പുടമുറി. വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു ഇത്. നീ ഇന്ന വീട്ടിലെ ഇന്ന പെണ്ണിന് ഉടുക്കാനും തേയ്ക്കാനും കൊടുക്കണം എന്ന് കാരണവര്‍ മരുമകനോട് പറയുന്നതാണ് ആദ്യ ചടങ്ങ്. പിറ്റേ ദിവസം അമ്മാവന്‍ രണ്ടു പുടവയും ഒന്നോ രണ്ടോ ഉറുപ്പികയും മരുമകനെ ഏല്‍പ്പിക്കും പെണ്ണിന്‍റെ അച്ഛനെക്കണ്ട് ദിവസം നിശ്ചയിക്കും.

വിവാഹ ദിവസവും സമയവും നിശ്ചയിച്ചശേഷം ആ ദിവസം മരുമകനും ബന്ധുക്കളും പെണ്ണിന്‍റെ വീട്ടിലേക്ക് പോകും. മുഹൂര്‍ത്ത സമയത്ത് പുടവ കൊടുക്കും. വരന്‍ രാത്രി അവിടെ തങ്ങും. മറ്റുള്ളവര്‍ ഊണ് കഴിച്ച് തിരിച്ചു പോരും . പുട മുറിയുടെ ചടങ്ങുകള്‍ ഇത്രമാത്രം.

അനുലോമ വിവാഹം

ഉയര്‍ന്ന ജാതിയിലുള്ള പുരുഷന്‍ താഴ്ന്ന ജാതിയിലുള്ള സ്ത്രീയെ വിവാഹം കഴിക്കാമായിരുന്നു. ഇതിന് അനുലോമ വിവാഹം എന്നാണ് പറഞ്ഞിരുന്നത്.

കാണം

ഭൂമി പാട്ടത്തിനേല്‍ക്കുമ്പോള്‍ കുടിയാന്‍ ജന്മിക്കു നല്‍കുന്ന പണമാണ് കാണപ്പണം. പാട്ടമേല്‍ക്കുന്നയാള്‍ ഇതോടെ കാണക്കുടിയാനായി. ഭൂമിയുടെ ഗുണമനുസരിച്ച് ജന്മി ഒരു പാട്ടം നിശ്ചയിക്കും അതില്‍ നിന്ന് കാണത്തിന്‍റെ പലിശ കുടിയാന് കിഴിച്ചു കൊടുത്ത് ബാക്കിയുള്ളത് ജന്മിക്ക് കൊടുക്കും. ഇതിന് പുറപ്പാട് എന്നു പറയുന്നു.

ആധാരത്തില്‍ പ്രത്യേക കാലം നിശ്ചയിച്ചിട്ടില്ലെങ്കില്‍ കാണക്കാരന് പന്ത്രണ്ടു കൊല്ലം ഭൂമി കൈവശം വയ്ക്കാം. കാലം കഴിഞ്ഞാലും ഒഴിപ്പിക്കാതെ വസ്തു പിന്നെയും കുടിയാനു തന്നെ കൊടുക്കുകയാണെങ്കില്‍ കുടിയാന്‍ ഒരു പൊളിച്ചെഴുത്തു അവകാശം ജന്മിക്കു കൊടുക്കണം.

ഈ അവകാശം എത്രയാണെന്നു തീരുമാനിക്കുന്നത് ജന്മിയാണ്. കാണക്കാരന് തന്‍റെ അവകാശം തീറു വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യാം.

കുടിയാന്‍ ഭൂമിയില്‍ നാശമുണ്ടാക്കിയാല്‍ ജന്മിക്കു കാണക്കുടിയാനേ കാലം കഴിയുന്നതിനു മുമ്പേ ഒഴിപ്പിക്കാം. കാണമായി കിട്ടുന്ന പണം സൂക്ഷിക്കണമെന്നാണ് ചിട്ട. മറ്റ് സമ്പാദ്യങ്ങളില്ലെങ്കില്‍ അത്യാവശ്യത്തിന് എടുക്കാം. ഇതില്‍ നിന്നാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലുണ്ടായത്.

യാത്രാമാധ്യമങ്ങൾ

പണ്ടത്തെ യാത്ര അധികവും കാല്‍ നടയായിട്ടായിരുന്നു. കാളവണ്ടി, കുതിരവണ്ടി, മഞ്ചല്‍, മേനാവ്, തണ്ട് തുടങ്ങിയവ അദ്ധ്യാപകര്‍ക്കും, പ്രഭുക്കന്‍മാര്‍ക്കും മാത്രം. തണലിനായി അന്ന് വഴിനീളെ നടക്കാവ് വൃക്ഷങ്ങള്‍ ഉണ്ടായിരുന്നു. ചുമടിറക്കി വയ്ക്കാന്‍ ആള്‍പ്പൊക്കത്തില്‍ അത്താണികളുണ്ടായിരുന്നു. ദാഹിക്കുന്നവര്‍ക്ക് വെള്ളം കുടിക്കാനായി തണ്ണീര്‍ പന്തലുകളുണ്ടായിരുന്നു. കന്നുകാലികള്‍ക്ക് വെള്ളം കുടിക്കാനായി കല്‍ത്തൊട്ടികളും. യാത്രക്കാര്‍ക്ക് താമസിക്കാനായി കിളിത്തട്ടുകള്‍, സത്രങ്ങള്‍, ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുരകള്‍ എന്നിവയുമുണ്ടായിരുന്നു. കാല്‍ നടയാണെങ്കിലും ഇത്തരം

സുഖസൗകര്യങ്ങള്‍ ഏറെയുണ്ടായിരുന്നു. കുട്ടികളെ വാലിയക്കാര്‍ ചുമലിലേറ്റും. കൈ രണ്ടും മാറിലിടിച്ച് തലയില്‍ക്കൂടി നെറ്റി കൈകളെക്കൊണ്ട് ചുറ്റിപ്പിടിച്ച് കാല്‍ രണ്ടും കൈകള്‍കൊണ്ട് പിടിച്ചാണ് വാലിയക്കാര്‍ കുട്ടികളെ കൊണ്ടുപോയിരുന്നത്.

വരഞ്ഞു കിടത്തല്‍

വസൂരിരോഗം ബാധിക്കുന്നവരെ ആള്‍പ്പാര്‍പ്പില്ലാത്ത പുരകളിലോ മുറികളിലോ കൊണ്ടു കിടത്തുകയായിരുന്നു പണ്ടു കാലത്തെ പതിവ്. ഇതിനു വരഞ്ഞു കിടത്തുക എന്നാണ് പറഞ്ഞിരുന്നത്.

രോഗികള്‍ക്ക് പ്രത്യേക ചികിത്സയൊന്നുമില്ലായിരുന്നു. മുമ്പ് വസൂരി വന്ന് രക്ഷപ്പെട്ടവരായിരുന്നു ഇവരുടെ നോട്ടക്കാര്‍. അവര്‍ കൊടുക്കുന്ന ഭക്ഷണം മാത്രമേ രോഗിക്ക് കിട്ടുകയുള്ളൂ. വസൂരിക്ക് പ്രതിരോധ കുത്തിവയ്പ്പ് വന്നതോടെ വരഞ്ഞു കിടത്തലും അപ്രത്യക്ഷമായി.

അടിച്ചുതളി

സാധാരണയായി എല്ലാ വീടുകളിലും രാവിലേയും വൈകുന്നേരവും മുറ്റവും മുറികളും വരാന്തകളും അടിച്ചു തളിച്ചു ശുചിയാക്കാറുണ്ടായിരുന്നു. മുറ്റത്ത് ചാണക വെള്ളം തളിക്കുകയും ചെയ്യും. പൊടിയടങ്ങാനും കൃമികീടങ്ങളെയകറ്റാനുമാണിത്. മാസത്തിലൊരു പ്രാവിശ്യമെങ്കിലും മാറാലയടിച്ചുകളയും. നീളമുള്ള ഒരു കോലില്‍ കുറ്റിച്ചൂല്‍ കെട്ടി തട്ടിന്‍പുറവും മേല്‍ക്കൂരയും എന്നിവിടങ്ങളിലെ മാറാല, ചിതല്‍ തുടങ്ങിയവ ചൂലുകൊണ്ടടിച്ച് വൃത്തിയാക്കും. അടുക്കളയിലെ കരിപ്പൊടിയും കരിയുമെല്ലാം കളഞ്ഞ് ചുമരും നിലവും കഴുകും.

വാതിലുകളുടെയും ജനലുകളുടെയും ചട്ടക്കൂട് അഴി എന്നിവ പാരകത്തിന്‍റെ ഇല കൊണ്ട് തേച്ച് വൃത്തിയാക്കും. വീട്ടിലെ ബഞ്ച്, മേശ, കസേര, കട്ടില്‍ എന്നിവയും ഇങ്ങനെ വൃത്തിയാക്കും. മുറികളെല്ലാം ചാണകം മെഴുകും. മുറ്റവും പടിയും ചെത്തി വൃത്തിയാക്കും. വീട്ടിലെ എല്ലാ അംഗങ്ങളും ഇതിലൊക്കെ പങ്കാളയാകും.

അമരുപൊട്ടുന്നത് പാവങ്ങള്‍ക്ക് എടുക്കാം

പാടത്തു കൊയ്ത്തു കഴിഞ്ഞോ വിളവെടുത്തു കഴിഞ്ഞോ മുളപൊട്ടി ഉണ്ടാകുന്ന ധാന്യവും മറ്റു വിളകളും പാവങ്ങള്‍ക്കുള്ളതാണ്.

ഇത്തരം വിളയെ അമരു പൊട്ടുക എന്നാണ് പറഞ്ഞിരുന്നത്. സാധുക്കള്‍ ഈ വിളവെടുക്കുന്നതിനെ ഉടമസ്ഥര്‍ തടയാറില്ല.

അയിത്തം

ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരും താണ ജാതിയില്‍പ്പെട്ടവരും തമ്മിലുള്ള ഉച്ചനീചത്വങ്ങങ്ങള്‍ പ്രകടിപ്പിക്കുന്ന രീതിയലൊന്നായിരുന്നു അയിത്തം. അശുദ്ധി പറഞ്ഞ് പറഞ്ഞ് അയിത്തം എന്നായി മാറിയതാവാം. തമ്മില്‍ തൊട്ടാല്‍ മാത്രമല്ല അടുത്തുകൂടി പോയാല്‍ പോലും അയിത്തമാകുമായിരുന്നു.

ജാതിയുടെ ഉയര്‍ച്ച അനുസരിച്ച് അയിത്തമാകാതിരിക്കാനുള്ള അകലത്തിന് വ്യത്യാസമുണ്ട്. നായര്‍ നമ്പൂതിരിയെ തൊട്ടാല്‍ നമ്പൂതിരി അയിത്തമാകും. കുളത്തില്‍ ഉടുത്ത വസ്ത്രത്തോടെ മുങ്ങിയാലേ പിന്നെ നമ്പൂതിരിക്ക് അയിത്ത ശുദ്ധിവരൂ.പുല, വാലായ്മ തുടങ്ങിയ അശുദ്ധിയുള്ളവര്‍ മറ്റുള്ളവരെ തൊട്ടാലും അയിത്തമാകും. കുളിയായിരുന്നു ഇതിനും പരിഹാരം. ഉയര്‍ന്ന ജാതിയില്‍ മാത്രമല്ല താണ ജാതിക്കാര്‍ തമ്മിലും അയിത്തം പാലിച്ചിരുന്നു. സവര്‍ണര്‍ കുളത്തില്‍ കുളിക്കുമ്പോള്‍ അവര്‍ണര്‍ കുളത്തിനരികിലൂടെ പോവരുത്. നമ്പൂതിരിമാര്‍ യാത്ര പോകുമ്പള്‍ വരവറിയിച്ചുകൊണ്ട് തുണക്കാര്‍ യാഹോ യാഹോ എന്നു വിളിച്ച് മുമ്പില്‍ നടക്കും. ഇതു കേട്ട് അയിത്തക്കാര്‍ വഴിമാറിപ്പോകണം.

ആചാരഭാഷ

കീഴാളര്‍ മേലാളോട് സംസാരിക്കുമ്പോള്‍ പ്രയോഗിക്കുന്ന പ്രത്യേക ഭാഷയാണ് ആചാരഭാഷ. താഴ്ന്ന ജാതിക്കാര്‍ ഉയര്‍ന്ന ജാതിക്കരോടും ഉദ്യോഗസ്ഥരും പ്രജകളും രാജാക്കന്‍മാരോടും സംസാരിക്കുമ്പോള്‍ ആചാരഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്. ഉയര്‍ന്നവരെ പരാമര്‍ശിക്കുമ്പോഴും താഴ്ന്നവരെ പരാമര്‍ശിക്കുമ്പോഴും രണ്ടു തരം ഭാഷ ഉപയോഗിക്കണമായിരുന്നു. ആദ്യത്തേത് ആദരസൂചകവും രണ്ടാമത്തേത് വിനയസൂചകവുമായിരിക്കും. ഉദാഹരണത്തിന് അവിടുന്ന്, അടിയന്‍ എന്നിങ്ങനെ.

ഓച്ഛാനിക്കല്‍

മേലാളരെ കാണുമ്പോള്‍ കീഴാളര്‍ ബഹുമാനം പ്രകടിപ്പിക്കാനായാണ് ഓച്ഛാനിച്ചു നില്‍ക്കുന്നത്. മേല്‍ മുണ്ട് തോളില്‍ നിന്നെടുത്ത് കക്ഷത്തില്‍ വച്ച് വായ ഒരു കൈകൊണ്ട് പൊത്തി വണങ്ങുന്ന സമ്പ്രദായമാണിത്.

അമ്മായി കപ്പം

മകളെ കല്യാണം കഴിച്ചുകൊണ്ടുപോയ വീട്ടില്‍ അമ്മ പോകുമ്പോള്‍ വിശേഷപ്പെട്ട നാടന്‍ പലഹാരങ്ങള്‍കൂടി കൊണ്ടുപോകണമായിരുന്നു. ഇതാണ് അമ്മായി കപ്പം.

നെയ്യപ്പം, കുഴലപ്പം, പൊട്ടിയപ്പം, ഇടിയൂന്നി എന്നി പലഹാരങ്ങളും പഴുത്ത നേന്ത്രക്കുലകളും ചേര്‍ന്നതാണ് അമ്മായി കപ്പത്തിലെ വിഭവങ്ങള്‍.

പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ സഹായിച്ചവര്‍ക്കാണ് മകളുടെ വിട്ടിലേക്ക് അത് ചുമക്കാനുള്ള അവകാശവും. ധനികര്‍ ഉരുളികള്‍ക്കകത്തായിരുന്നു പലഹാരങ്ങള്‍ കൊടുത്തയച്ചിരുന്നത്. സാധാരണക്കാര്‍ കൊട്ടയിലും. ഉരുളി തിരികെ കൊടുത്തയയ്ക്കുമ്പോള്‍ ചുമട്ടുകാര്‍ക്ക് നാലുവാര തുണിയും പണവും ഭര്‍തൃവീട്ടുകാര്‍ നല്‍കണം.

കഞ്ഞി കുടി

രാവിലത്തെ കഞ്ഞി കുടി പണ്ടു കേരളീയര്‍ക്ക് പ്രത്യേകമായുള്ള ആഹാര രീതിയായിരുന്നു. കഞ്ഞിക്കഞ്ച് കടി, മൂന്ന് സംശയം എന്നൊരു പഴഞ്ചൊല്ലും ഇതിനെപ്പറ്റിയുണ്ട്. അഞ്ച് കടി എന്നു പറഞ്ഞാല്‍ കഞ്ഞിയോടൊപ്പം അഞ്ച് ഉപദേശങ്ങളുണ്ടായിരിക്കണം എന്നാണ്. മൂന്ന് സംശയങ്ങള്‍,

1. കഞ്ഞിയോ വിഭവങ്ങളോ അധികം (രണ്ടും ധാരാളം വേണോ‍?)

2. കഞ്ഞി വിളമ്പിയ പാത്രത്തില്‍ വെള്ളമോ വറ്റോ അധികം (രണ്ടും ഉണ്ടായിരിക്കണം).

3. കഞ്ഞികുടി കഴിഞ്ഞാല്‍ വിയര്‍ത്തോ വിയര്‍ത്തു കുളിച്ചോ (വിയര്‍ത്തു കുളിക്കുന്നത് ആരോഗ്യത്തിന് നല്ലത്).

പാവങ്ങള്‍ പഴങ്കഞ്ഞി ഉപ്പും മുളകും കൂട്ടി കുടിക്കും. പണക്കാര്‍ വിഭവ സമൃദ്ധമായ കഞ്ഞി (അസ്ത്രം, പുഴുക്ക്, ചുട്ട പപ്പടം, ചമ്മന്തി) നെയ്യും ചുട്ട പപ്പടവും കണ്ണിമാങ്ങാ അച്ചാറും ആയാലും മതി.

കണ്ണോക്ക്

മരണം നടന്ന വീട്ടില്‍ ബന്ധുക്കള്‍ വെറ്റില, പുകയില, അവല്‍, ശര്‍ക്കര, പഴം, പഞ്ചസാര തുടങ്ങിയ സാധനങ്ങളുമായായിരുന്നു ദു:ഖമന്വേഷിച്ചു ചെന്നിരുന്നത്. ഈ ചടങ്ങിന്‍റെ പേരാണ് കണ്ണോക്ക്. ചിലര്‍ തേങ്ങ, ചക്ക, ഏത്തക്കായ് എന്നിവയും വെറ്റില, പാക്ക്, പുകയില എന്നിവ മാത്രവും കണ്ണോക്ക് കൊടുക്കുമായിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com