

എല്ലാ വര്‍ഷവും തുടക്കത്തില്‍ എല്ലാവരും ചില തീരുമാനങ്ങളിലെത്താറുണ്ട്. ഓരോ വര്‍ഷവും യാത്ര ചെയ്യേണ്ട സ്ഥലങ്ങളെ കുറിച്ച് തീരുമാനങ്ങള്‍ എടുക്കാറുമുണ്ട്. യാത്രകള്‍ പുതിയ വിജ്ഞാനങ്ങള്‍ നല്‍കുന്നതായതു കൊണ്ട്, ഓരോ വര്‍ഷവും അവ വർധിപ്പിക്കാനുള്ള ശ്രമം മിക്കവരിലും ഉണ്ടാകും. ഓരോ യാത്രയും ഓരോ അനുഭവ പുസ്തകങ്ങളായിരിക്കണം. അങ്ങിനെ ഒരുപാട് അനുഭവ പുസ്തകങ്ങള്‍ കൊണ്ട് നമുക്ക് വലിയൊരു പുസ്തകാലയം ഉണ്ടാക്കാം. യാത്രകള്‍ വിപ്ലവങ്ങളാകണം.
ഒരു യാത്ര പോയി വരാം... നമുക്ക് ഒരു യാത്ര പോകാം... എന്നൊക്കെ ആലങ്കാരികമായി പറയുന്നത് കേട്ടിട്ടില്ലേ. ഓരോ യാത്രയും മനുഷ്യന്‍റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കും എന്നതാണ് യാഥാർഥ്യം. മനുഷ്യന്‍റെ സ്വഭാവത്തെ രൂപീകരിക്കുന്നതില്‍ യാത്രകൾക്കു വലിയ പങ്കുണ്ട്. നല്ല വഴി മാത്രമല്ല, മോശം വഴിയില്‍ പോകാനും യാത്രകള്‍ കാരണമാകാറുണ്ട്. ഒരാള്‍ സ്ഥിരമായി മദ്യപരുടെ കേന്ദ്രമായ ഒരു സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നത് എന്ന് കരുതുക. അയാള്‍ മിക്കവാറും മദ്യത്തിന് അടിമയായി മാറും. വേറൊരാള്‍ ക്ഷേത്രങ്ങളിലും പള്ളികളിലേക്കുമാണ് പോകുന്നത് എന്ന് കരുതുക. അയാള്‍ ഭക്തിമാര്‍ഗത്തിലേക്കെത്തും. മറ്റൊരാള്‍ വായനയുടെയും ചിന്തയുടെയും ലോകമായ വായനശാലയിലേക്കാണ് പോകുന്നതെങ്കിൽ ചിന്തയുടെയും വിജ്ഞാനത്തിന്‍റെയും മേഖലകളിലേക്ക് ആ വ്യക്തി എത്തപ്പെടും.
നാമോരോരുത്തരുടെയും മനസിലും ഓരോ യാത്രാ അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മറ്റു കുട്ടികളോടൊപ്പമുള്ള വിദ്യാഭ്യാസ ടൂറുകള്‍ അഥവാ സ്റ്റഡി ടൂറുകള്‍ എല്ലാവരുടെ മനസിലും കാണുമായിരിക്കും. ദീര്‍ഘദൂര യാത്രകള്‍ ആയിരിക്കില്ല അതൊക്കെ. ചില സ്‌കൂളുകള്‍ തൊട്ടടുത്ത പ്രദേശമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍, സാമ്പത്തികമായി വലിയ ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകള്‍ സംസ്ഥാനത്തിന് പുറത്തോ വിദേശത്തേക്കോ വരെ കുട്ടികളെ യാത്ര കൊണ്ടുപോകാറുണ്ട്. കോളെജില്‍ പഠിക്കുമ്പോഴുള്ള എത്രയെത്ര ടൂറുകളാണ് ഓരോരുത്തരുടെ മനസിലും നിറഞ്ഞുനില്‍ക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴും കോളെജില്‍ പഠിക്കുമ്പോഴും നടത്തുന്ന വിനോദ യാത്രകള്‍ ജീവിതത്തിലെക്കാലവും മറക്കാതെ സൂക്ഷിക്കാന്‍ പറ്റുന്നതാണ്.
കുടുംബത്തോടൊപ്പം നടത്തിയിട്ടുള്ള യാത്രകള്‍ ഓരോരുത്തരുടെ മനസിലും നിറഞ്ഞു നില്‍ക്കുന്നുണ്ടാകും. മാതാപിതാക്കളോടൊപ്പമുള്ള ചെറിയ ദൂരത്തിലുള്ള യാത്രകള്‍ പില്‍ക്കാലത്ത് നല്‍കുന്ന അനുഭവം വിവരിക്കാന്‍ പ്രയാസമാണ്. പ്രവാസികള്‍ കുടുംബ സമേതം വര്‍ഷാവര്‍ഷം നാട്ടിലേക്കു നടത്തുന്ന യാത്രകള്‍ കുടുംബസമേതമായിരിക്കും. മുമ്പൊക്കെ ഇടത്തരം കുടുംബങ്ങള്‍ പോലും ട്രെയ്‌നില്‍ ദിവസങ്ങളെടുത്തുള്ള യാത്രയാണ് നടത്തുക. ഇന്ന് അവരില്‍ ഭൂരിഭാഗവും വിമാനയാത്രികരായി മാറിയിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ശക്തമാകുന്നതിന് ദീര്‍ഘദൂര ട്രെയ്‌ൻ യാത്രകള്‍ ഏറെ പ്രയോജനം ചെയ്യുന്നുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വിവാഹിതരായാല്‍ മധുവിധു യാത്രകള്‍ പലരും നടത്താറുണ്ട്. സമീപകാലത്താണ് വിവാഹിതരായത് എന്ന് തിരിച്ചറിയാന്‍ വടക്കേ ഇന്ത്യയിലെ മിക്ക സ്ത്രീകളും കൈയില്‍ നിറയെ മൈലാഞ്ചിയും വളകളും ധരിക്കുന്നതു കാണാം. കേരളമാണ് ഭൂരിപക്ഷം വടക്കേ ഇന്ത്യക്കാരും സമീപകാലത്തു മധുവിധു യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത്. പ്രായമായാല്‍ തീർഥാടന യാത്രകള്‍ക്കാണ് ആളുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്തിനകത്തുള്ള തീർഥാടന കേന്ദ്രങ്ങളില്‍ യാത്ര ചെയ്യുന്നവരും രാജ്യത്തിനകത്തുള്ള തീർഥാടന സ്ഥലങ്ങളിലേക്കു യാത്രകള്‍ നടത്തുന്നവരും മധ്യവയസ് കഴിഞ്ഞവര്‍ ആയിരിക്കും.
യാത്രകള്‍ സാഹിത്യകാരനും കലാകാരനും ചിത്രകാരനും ഒരുപാട് ആശയങ്ങള്‍ സമ്മാനിക്കും. സാധാരണ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന അവസരങ്ങളില്‍ അവര്‍ പറയുന്ന സംഭാഷണങ്ങളില്‍ ജീവനുള്ള ആശയങ്ങളുണ്ടാകും. കഥാപാത്രങ്ങളെ കൊണ്ട് അതൊക്കെ പറയിപ്പിക്കുമ്പോള്‍ കഥയ്ക്കും നോവലിനും സിനിമയ്ക്കുമൊക്കെ ജീവനുണ്ടാകുന്നു. അങ്ങിനെ മികച്ച കഥകളും നോവലുകളും വായനക്കാരന്‍റെ മുന്നിലേക്ക് എത്തപ്പെടുന്നു. യാത്രകളിലൂടെ കിട്ടുന്ന ഊര്‍ജം കലാസാംസ്‌കാരിക രംഗത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏതൊരു കലാകാരനും അത്യന്താപേക്ഷിതമാണ്.
യാത്രകളെ കുറിച്ച് സംസാരിക്കുമ്പോള്‍ കേരളത്തിന്‍റെ പുത്രനായ ജഗദ്ഗുരു ആദി ശങ്കരാചാര്യരെ പരാമര്‍ശിക്കേണ്ടതുണ്ട്. അദ്ദേഹമാണല്ലോ ഇന്ത്യ മുഴുവന്‍ നടന്ന് ജ്ഞാനം സ്വന്തമാക്കിയ മഹാനായ ദീര്‍ഘ യാത്രികന്‍. ഭാരതത്തിന്‍റെ ആത്മാവ് കണ്ടെത്തിയത് ശങ്കരാചാര്യരുടെ യാത്രകളിലൂടെയാണ് എന്ന് നാം തിരിച്ചറിയുന്നു. അതുപോലെ തന്നെ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്ത് ഏറെ സ്വാധ്വീനിക്കപ്പെട്ട വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ യാത്ര നടത്തി ഇന്ത്യയെ തന്നെ കണ്ടെത്തിയ മഹാത്മാ ഗാന്ധിയും നമുക്ക് മുന്നിലുണ്ട്.
ശങ്കരാചാര്യരെ പോലെ തന്നെ യാത്രകളിലൂടെ അദ്ഭുതം സ്യഷ്ടിച്ച വ്യക്തിത്വമാണ് സ്വാമി വിവേകാനന്ദന്‍. കൊൽക്കത്തയിലെ ബംഗാളി കുടുംബത്തില്‍ ജനിച്ച നരേന്ദ്രൻ എന്ന വിവേകാനന്ദന്‍ ചെറുപ്പം മുതലേ മതത്തിലും ആത്മീയതയിലും താത്പര്യമുള്ളവനായിരുന്നു. അദ്ദേഹം ഗുരുവായി ശ്രീരാമകൃഷ്ണ പരമഹംസരെ കണ്ടെത്തി സ്വയം സന്യാസിയായി. പരമഹംസരുടെ സമാധിക്കു ശേഷം വിവേകാനന്ദന്‍ ഇന്ത്യയില്‍ നടത്തിയ യാത്ര പ്രശസ്തമാണ്. ഇവരുടെയൊക്കെ ജീവിത വിജയത്തിന് യാത്രകള്‍ക്ക് വലിയ പങ്കുണ്ട്.
ശങ്കരാചാര്യരും വിവേകാനന്ദനും മഹാത്മാ ഗാന്ധിയുമൊക്കെ ഭാരതത്തിലൂടെ യാത്ര ചെയ്ത് ഭാരതത്തെ കണ്ടറിഞ്ഞ് മഹാന്മാരായി തീര്‍ന്നവരാണ്. ലോകം ചുറ്റിക്കാണുക, ഭാരതം ചുറ്റിക്കാണുക എന്നത് മാത്രമല്ല അറിവിലേക്കും ലോകം അറിയാനുമുള്ള യാത്രയെന്ന് ശ്രീനാരായണ ഗുരുദേവന്‍ കാണിച്ചുതരുന്നു. ഗുരുദേവനെ അനുഗ്രഹിച്ച പരമഭട്ടാര ചട്ടമ്പി സ്വാമികളും യാത്രകളിലൂടെ അറിവു സമ്പാദിച്ച് മഹാന്മാരായവരില്‍ പ്രധാനിയാണ്. യാത്ര ചെയ്തതു കൊണ്ട് മാത്രം ജ്ഞാനം ലഭിക്കില്ല. യാത്രകള്‍ അറിവിലേക്കുള്ള വഴിയാണ്. അറിവ് പകര്‍ന്നു തരുന്നവരും പ്രദേശങ്ങളും കാഴ്ചകളും യാത്രയില്‍ ഉണ്ടാകും.
ശ്രീബുദ്ധനെക്കുറിച്ചും ഈ അവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ശ്രീബുദ്ധനും യാത്ര ചെയ്ത മഹാനായ വ്യക്തിയാണ്. യാത്രകളിലൂടെ അദ്ദേഹത്തിനുണ്ടായ മനംമാറ്റം നാം അറിയണം. ബുദ്ധമത പാരമ്പര്യങ്ങള്‍ പ്രകാരം ചരിത്രപുരുഷനായ സിദ്ധാർഥന്‍ എന്ന ഗൗതമ ബുദ്ധന്‍ മഗധ സാമ്രാജ്യത്തെ കപിലവസ്തുവിലെ ശുദ്ധോധന രാജാവിന്‍റെ മകനാണ്. കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് അദ്ദേഹം സംന്യാസം സ്വീകരിച്ചു. ബിഹാറിലെ ഗയയിലുള്ള ബോധിവൃക്ഷം എന്ന പിപ്പല മരച്ചുവട്ടില്‍ പരമമായ സത്യം കണ്ടെത്താനായി സിദ്ധാർഥന്‍ നടത്തിയ ധ്യാനം പ്രസിദ്ധമാണ്. ആ കാലഘട്ടമാണ് യഥാർഥത്തില്‍ ബുദ്ധമതത്തിന്‍റെ തുടക്കം ആയി കരുതാവുന്നത്. ബുദ്ധമതത്തിന്‍റെ എന്നല്ല എല്ലാ മതങ്ങളുടേയും പ്രചാരം യാത്രകളിലൂടെയാണ്.
പോർച്ചുഗീസുകാരനായ വാസ്‌കോഡ ഗാമ കച്ചവടത്തിന് വേണ്ടിയാണെങ്കിലും യാത്ര നടത്തിയിരുന്നു, കേരളത്തിൽ വരെയെത്തി, ഇവിടെ മരിച്ചു. സമുദ്രത്തിലൂടെയുള്ള അദ്ദേഹത്തിന്‍റെ യാത്രകള്‍ വളരെ പ്രശസ്തമാണ്. ജര്‍മന്‍ പാതിരിയായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ നമ്മള്‍ എങ്ങനെ മറക്കും. കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. അദ്ദേഹം മതം പ്രചരിപ്പിക്കന്‍ വേണ്ടി മാത്രമാണ് ലോക യാത്ര നടത്തിയത്. 23 വര്‍ഷത്തോളം ഇന്ത്യയില്‍ കഴിഞ്ഞ അദ്ദേഹം കേരളത്തില്‍ മാത്രം ജീവിച്ചത് 20 വര്‍ഷമാണ്. 9 വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചത് തലശേരിയിലായിരുന്നു. ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും ഭാഷാ പാണ്ഡിത്യത്തിന്‍റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നത്.
മഹാന്മാരായ എല്ലാവരും യാത്രകളിലൂടെ തന്നെയാണ് മഹാന്മാരായിട്ടുള്ളത് എന്ന് കാണാം. യാത്രകള്‍ ഒരു വ്യക്തിയുടെ ചിന്തകളെ മാറ്റിമറിക്കാൻ കാരണമാകുന്നു. വര്‍ത്തമാനകാലത്ത് ശ്രദ്ധേയരായ രാഷ്‌ട്രീയ നേതാക്കള്‍ ചെറുതും വലുതുമായ ഒട്ടേറെ യാത്രകള്‍ ചെയ്തിട്ടുള്ളവരായിരിക്കും. സമൂഹത്തെ മനസിലാക്കാനും സംസ്‌കാരത്തെ മനസിലാക്കാനും യാത്രകള്‍ അനിവാര്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞവരാണ് ഈ നേതാക്കള്‍. അതുകൊണ്ട് യാത്രകള്‍ എല്ലാ നേതാക്കളും വിജയത്തിലേക്കുള്ള വഴിയായി തന്നെ കണക്കാക്കുന്നു. അതുകൊണ്ടാണല്ലോ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിഷയാധിഷ്ഠിതമായ ലക്ഷ്യം വച്ചുകൊണ്ട് ചെറുതും വലുതുമായ യാത്രകള്‍ നടത്തുന്നത്. അവരുടെ ആശയം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണല്ലോ ഏറ്റവും നല്ല മാര്‍ഗമായി യാത്രകളെ കാണുന്നത്.