
സർവ ലോകത്തിനും വിനാശകരമായതെന്തോ സംഭവിക്കുകയാണ്, മനുഷ്യന്റെ ഭാഗത്തു നിന്ന്. ഇതിന്റെ ഒടുവിലത്തെ സൂചനകളാണ് കാലാവസ്ഥാ വ്യതിയാനം, അമിതമായ ചൂട്, യുക്രെയ്ൻ യുദ്ധം, പരിസ്ഥിതി നാശം, പകർച്ചവ്യാധികൾ... ഇതിന്റെ പേരിൽ ദുരിതം നേരിടേണ്ടി വരുന്നത് മറ്റു ജീവികളുമാണ്. എല്ലാ പാവപ്പെട്ട, നിരാലംബരായ ജീവികളും പ്രാർഥനയിലാണ്, മനുഷ്യന്റെ സദ്ബുദ്ധിക്കു വേണ്ടി. അഹന്തയ്ക്കും അധികാരത്തിനും വേണ്ടി ചെയ്തുകൂട്ടുന്നതെല്ലാം എങ്ങനെയാണ് ന്യായീകരിക്കപ്പെടുക? മനുഷ്യന്റെ ക്രൂരമായ സ്വാർഥതയുടെ ഫലമായി വൃക്ഷങ്ങളും ജീവജാലങ്ങളും നശിപ്പിക്കപ്പെടുന്നു.
എന്നാൽ ആ വൃക്ഷങ്ങളെ നോക്കി മഹാപ്രബോധകന്മാരെ എന്നു വിളിക്കുകയാണ് ഹെർമൻ ഗുണ്ടർട്ടിന്റെ ചെറുമകനും പ്രമുഖ സ്വിസ് സാഹിത്യകാരനുമായ ഹെർമൻ ഹെസെ. അദ്ദേഹം ഇന്ത്യൻ ആത്മീയ ചിന്താധാരകളുമായി തുടക്കം മുതലേ അടുപ്പം സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ "സിദ്ധാർത്ഥ' എന്ന നോവലിന്റെ ഒടുവിൽ ഓംകാരത്തിന്റെ പൊരുളാണ് അന്വേഷിക്കുന്നത്.
ഹെസെയുടെ "വാണ്ടറിങ് നോട്സ് ആൻഡ് സ്കെച്ചസ്' എന്ന കൃതിയിൽ വൃക്ഷങ്ങളെപ്പറ്റി പറയുന്ന ഭാഗത്ത് ഇങ്ങനെ കാണാം:
""വൃക്ഷങ്ങൾ എപ്പോഴും ഏറ്റവും സൂക്ഷ്മദർശികളായ ധർമപ്രബോധകരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ അവയെ ആദരിക്കുന്നു, അവയെ കുലത്തിലോ, കുടുംബത്തിലോ, വനത്തിലോ, തോട്ടത്തിലോ കാണുമ്പോൾ. അവ ഒറ്റയ്ക്ക് നിൽക്കുന്നതു കാണുമ്പോൾ കൂടുതൽ ആദരവ് തോന്നും. അവ ഒറ്റപ്പെട്ട വ്യക്തികളെപ്പോലെയാണ്. ചില ദൗർബല്യങ്ങളുടെ പേരിൽ പുറത്തുപോയ താപസരെപ്പോലെയല്ല, സംഗീതജ്ഞൻ ബീഥോവൻ, തത്ത്വജ്ഞാനി നീഷേ തുടങ്ങിയ വലിയ ഏകാന്ത വ്യക്തികളെ പോലെ.
അവയുടെ ഏറ്റവും ഉയർന്ന ശിഖരങ്ങളിൽ ലോകത്തിന്റെ മർമരശബ്ദം കേൾക്കാം; വേരുകൾ അനന്തതയിലാണ് ശയിക്കുന്നത്. പക്ഷേ, അവ അവിടെ സ്വയം നഷ്ടപ്പെടുകയല്ല, സകല ശക്തിയുമുപയോഗിച്ച് പൊരുതുകയാണ്, ഒരേയൊരു കാര്യത്തിന്: സ്വന്തം വ്യവസ്ഥയ്ക്കൊത്ത് നിലനിൽക്കാൻ, സ്വന്തം രൂപത്തെ നിർമിക്കാൻ, സ്വയം പ്രതിനിധാനം ചെയ്യാൻ.
മനോഹരമായ, ഉറച്ച ഒരു വൃക്ഷത്തേക്കാൾ വിശുദ്ധമായ, മഹത്തരമായ വേറൊന്നുമില്ല. ഒരു വൃക്ഷത്തെ വെട്ടിവിഴുത്തി അതിന്റെ നഗ്നമായ മുറിപ്പാട് സൂര്യപ്രകാശത്തിൽ കാണവേ, തിളക്കമുള്ള, ശാസനങ്ങൾ കൊത്തിവച്ചിരിക്കുന്ന ആ തടിയിൽ ഒരാൾക്ക് വായിക്കാനാവും അതിന്റെ മുഴുവൻ ചരിത്രവും. അതിന്റെ തടിയിലുള്ള വർഷങ്ങളുടെ ചുറ്റുമടക്കുകളിൽ, അതിന്റെ മുറിപ്പാടുകളിൽ, എല്ലാ പോരാട്ടങ്ങളും, യാതനകളും, വേദനകളും എഴുതിവച്ചിരിക്കുന്നു - എല്ലാ സന്തോഷവും ക്ഷേമവും, വിഷമകരവും സമ്പന്നവുമായ വർഷങ്ങളും, നേരിട്ട ആക്രമണങ്ങളും, കൊടുങ്കാറ്റുകളെ ചെറുത്തതും. മലകളുടെ മുകളിൽ തുടരുന്ന ആപത്തുകളെ നേരിട്ട് ജീവിക്കുന്ന വൃക്ഷങ്ങളെയാണ് ഒട്ടും നശിപ്പിക്കാനാവാത്തത്. അതാണ് ഏറ്റവും ബലമുള്ളത്, മാതൃകാപരമായത്''.
പ്രകൃതിയുടെ വിസ്മൃതി
വൃക്ഷങ്ങൾ ജീവിക്കുകയാണ്. മനുഷ്യന്റെ ചിന്താപരമായ വിതാനത്തിലല്ല, മറ്റൊരു തലത്തിൽ. അത് ജൈവമൂല്യങ്ങളെ വേറൊരു പരിപ്രേക്ഷ്യത്തിൽ അനുഭവിക്കുകയാണ്. ജീവിതത്തിന്റെ നിലപാട്, ലക്ഷ്യം, അനശ്വരത തുടങ്ങി മനുഷ്യർ കരുപ്പിടിപ്പിച്ച ആദർശങ്ങളൊന്നും വൃക്ഷങ്ങൾക്കില്ല. അവ പ്രകൃതിയെ അതിന്റെ വിസ്മൃതിയിൽ ഉൾക്കൊള്ളുന്നു. പ്രകൃതി വിസ്മൃതിയിലാണ് നിലനിൽക്കുന്നത്. ഇന്നലെകളെ അത് സ്വമേധയാ ഉപേക്ഷിച്ചിരിക്കുന്നു. പതിന്നാലാം നൂറ്റാണ്ടിലെ പറവകളെപ്പറ്റി ഇന്നത്തെ പറവകൾക്ക് ഒരു വേവലാതിയുമില്ല.
വലിയ വൃക്ഷങ്ങൾ വളർന്നത് അനശ്വരത ലക്ഷ്യമാക്കിയായിരുന്നില്ല. വിടവാങ്ങൽ പ്രകൃതിയിൽ ഒരു കലയാണ്. സ്വാഭാവികതയുടെ രക്തവും മാംസവുമാണ് ഓരോ വിടവാങ്ങലിലുമുള്ളത്. ഒരു ജീവി പിൻവാങ്ങുമ്പോൾ അത് സ്വയം തുടച്ചു കളയുന്നു,ഭൂതകാലത്തോടൊപ്പം. എന്നാൽ മനുഷ്യനോ? ചരിത്രവും ധർമശാസ്ത്രവും ഓർമയുടെ ശേഖരവും ചേർന്ന് സൃഷ്ടിച്ച അനശ്വരതയെക്കുറിച്ച് വ്യാജമായ പാഠങ്ങളുണ്ടാക്കുന്നു.
"ടു ബ്രോഡൻ ഇൻ ടു ബൗണ്ട്ലെസ് ഡേ- ദ് മേജർ തീംസ് ഓഫ് ടെന്നിസൺ' എന്ന പുസ്തകത്തിൽ ഡോ. എൽസി മാത്തൻ, ചാൾസ് ലിയലിന്റെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്: "മാനവരാശിയുടെ മുഴുവൻ ബൗദ്ധികവും ധാർമികവുമായ ജീവിതം അപ്രസക്തമായി' എന്ന്.
ഹെസെ എഴുതുന്നു: വൃക്ഷങ്ങൾ അഭയസ്ഥാനങ്ങളാണ്. അവയോട് സംസാരിക്കാനറിയുന്നവർക്ക്, അവയെ ശ്രദ്ധിക്കാനറിയുന്നവർക്ക് സത്യം ഗ്രഹിക്കാം. അവ പ്രത്യേക പാഠമോ നിയമമോ പറഞ്ഞുതരുന്നില്ല, എന്നാൽ അവ ഉദ്ബോധനം ചെയ്യുന്നു -പ്രതിബന്ധങ്ങളിൽ പതറാതെ, പ്രാചീനമായ ജീവിതത്തിന്റെ നിയമം. എന്തായിരിക്കും അവയുടെ ആന്തരികമായ നിറവിന്റെ രഹസ്യം? യാതൊന്നും കാണാതെ, ലോകം എങ്ങനെയാണ് കറങ്ങിത്തിരിയുന്നതെന്നതിനെക്കുറിച്ച് ആകുലപ്പെടാതെ എങ്ങനെ സംതൃപ്തമാകാൻ കഴിയുന്നു?
"ദ് ഭാവൻസ് ജേർണലി'ൽ 2017 ഡിസംബർ 15 ലക്കത്തിൽ ടി.ജി.എൽ. അയ്യർ എഴുതിയ "സക്സസ് മീൻസ് ഡിഫറൻറ് തിങ് സ് ടു ഡിഫറന്റ് പീപ്പിൾ' എന്ന ലേഖനത്തിൽ ഇങ്ങനെ വായിക്കാം: "എന്തിനെയും ഒരു കളിയായി കാണുക, അതിൽ വിജയമോ, പരാജയമോ ഉറപ്പാണ്. ഒരു കാര്യം ഓർക്കണം, ഒന്നും സ്ഥിരമല്ല, എല്ലാം മായികമാണ്, താൽക്കാലികമാണ്. സന്തോഷം പിടികിട്ടാത്ത ഒരു കാര്യമാണ്. അതിനു പിന്നാലെ ഓടിയാൽ കിട്ടില്ല'.
ഹെസെയുടെ കുറിപ്പിൽ നിന്ന് വീണ്ടും: "ഒരു വൃക്ഷം പറയുന്നു, എന്റെ ശക്തി വിശ്വാസമാണ്. പിതാക്കന്മാരെക്കുറിച്ചോ, എന്റെ ആയിരക്കണക്കിന് മക്കളെക്കുറിച്ചോ എനിക്കൊന്നുമറിയില്ല. ഞാൻ അന്ത്യശ്വാസം വരെ ജീവിക്കുന്നത്, എന്റെ പിറവിക്കു കാരണമായ വിത്തിന്റെ രഹസ്യത്തിലാണ്, മറ്റൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. ദൈവം എന്റെയുള്ളിലാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവൃത്തികൾ വിശുദ്ധമാണ്. ഈ വിശ്വാസത്തിലാണ് ഞാൻ ജീവിക്കുന്നത്'.
വീണ്ടും ഹെസെ: "വൃക്ഷങ്ങൾക്ക് ദീർഘമായ ചിന്തകളുണ്ട്. ദീർഘനിശ്വാസമുണ്ട്. വിശ്രമമുണ്ട്, നമ്മെക്കാൾ ദീർഘിച്ച ജീവിതമുള്ളതുകൊണ്ട്. നമ്മെക്കാൾ ബുദ്ധിശാലികളാണവ. നമ്മൾ അവയെ ശ്രദ്ധിക്കുന്നില്ലല്ലോ. ഒരു വൃക്ഷത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ പഠിച്ച ഒരാൾ ഒരു വൃക്ഷമാകാൻ ആഗ്രഹിക്കില്ല. അവൻ ഒന്നും തന്നെ ആഗ്രഹിക്കില്ല, അവനെന്താണോ അതൊഴികെ. അതാണ് പുരാതനമായ വീട്. അതാണ് സന്തോഷം'.
ഒരു ഫോട്ടോ എടുത്തോട്ടെ, ഫെയ്സ്ബുക്കിൽ ഇടാനാ..!
പത്തും നാൽപ്പതും വർഷം സാഹിത്യരചനയിലേർപ്പെട്ടവർ, കൃതികളെഴുതിയവർ ഫെയ്സ്ബുക്കിൽ വന്ന് ചെയ്യുന്നത് അപഹാസ്യമായിരിക്കുന്നു. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോ ഇടുന്നതോ സ്വന്തം ഫോട്ടോ ഇടുന്നതോ മനസിലാക്കാം. എന്നാൽ ഒരു സമ്മേളന സ്ഥലത്ത് സ്വന്തം പുസ്തകവുമായി പോയി അവിടെ വന്ന സെലിബ്രിറ്റികളോടൊപ്പം മാറി മാറി പോസ് ചെയ്ത് ഫോട്ടോ എടുത്ത് അത് ഫെയ്സ് ബുക്കിലിടുന്നത് അൽപ്പത്തമല്ലേ? ഒരെഴുത്തുകാരൻ എന്നു പറഞ്ഞാൽ ജ്ഞാനത്തിന്റെ മേഖലയിലെ ഒരു പദവിയാണത്. ഏറ്റവും ഉയരത്തിൽ ചിന്തിക്കേണ്ടവർ. അവരാണ് കണ്ണിൽ കണ്ടവരുടെ കൂടെ നിന്ന് ഫോട്ടോയെടത്ത് പോസ്റ്റിടുന്നത്! വലിപ്പമില്ലാത്ത മനസുള്ള ഇവർ എന്തെഴുതാനാന്ന്? എന്ത് സന്ദേശം നൽകാനാണ്? ഇവർ എഴുതുന്നത് വല്ലവരും ഗൗരവത്തിലെടുക്കുമോ?
വേറെ ചിലരുണ്ട്, തനിക്ക് ഇതാ പതിനെട്ടാമത്തെ അവാർഡ് കിട്ടി എന്ന് പറഞ്ഞ് പോസ്റ്റിടുകയാണ്! സ്വന്തം അവാർഡുകളിൽ ഇത്രയും ഹരം പിടിച്ച ഇവർക്ക് തങ്ങൾ എഴുതിയതിന്റെ പേരിൽ കുറച്ചെങ്കിലും ആത്മവിശ്വാസം ഇല്ലല്ലോ. വല്ലവരും വച്ചു നീട്ടുന്ന അവാർഡ് ഒരു മൂല്യനിർണയമാണെന്നു കരുതുന്നത് മൗഢ്യമാണ്.
കവിതയും പ്രതിബിംബവും
സമീപകാലത്ത് വായിച്ച ചില കവിതാ സമാഹാരങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു. കെ. സജീവ്കുമാറിന്റെ "മാർത്താണ്ഡവർമ എങ്ങനെ രക്ഷപ്പെട്ടു' (ചിന്ത പബ്ലിഷേഴ്സ്) എന്ന സമാഹാരത്തിലെ കവിതകൾ ആധുനികതയുടെ, ഉത്തരാധുനികതയുടെ മരണത്തിനു ശേഷമുള്ള അവസ്ഥയെ പ്രതിബിംബിപ്പിക്കുകയാണ്. വ്യാജമായ ദുഃഖമൊന്നുമല്ല; പൊങ്ങച്ചങ്ങളോ വിപ്ലവ വായാടിത്തമോ ഇല്ലാതെ കവി തന്നിലേക്ക് തന്നെ തിരിച്ചു വരികയാണ്.
""ആളൊഴിഞ്ഞ റെയിൽ ട്രാക്കിൽ
പാതിരാവിൽ
നാടകം പൊടിപൊടിക്കുന്നു...
കാണുവാൻ
ഓർമകളറ്റ നിലാവും
വിളറിയ ചന്ദ്രനും
മഞ്ഞച്ച താരയും...
ഇല്ല കുട്ടികൾ
നാട്ടുകാർ
കാവൽക്കാരും...''
പത്രവാർത്തകളോടും ആനുകാലിക സംഭവങ്ങളോടും പ്രതികരിക്കുന്ന കവി അതിൽ സ്വന്തം പ്രതിച്ഛായ കാണാൻ ശ്രമിക്കുകയാണ്. ഈ കാലത്തെ പ്രതിബിംബിപ്പിച്ചു കൊണ്ട്, ഗൃഹാതുരത്വമില്ലാത കവി പിൻവാങ്ങുന്നു.
അൻസാർ വർണനയുടെ സ്വപ്നക്കുഞ്ഞ് (അനിയാവ ബുക്സ്) എന്ന സമാഹാരത്തിലെ "കവിത' എന്ന രചനയിൽ ഇങ്ങനെ വായിക്കാം:
"വേണ്ട
പ്രണയവും കലഹവും
ജീവിതവും
കിനാവും
വീടും തൊടിയും പാടവും
കാറ്റും മഴയും മഞ്ഞും
പ്രളയവും അരുത്.
മണ്ണും പെണ്ണും മാനവും
നിലാവും വിലാപവുമൊന്നും വേണ്ട'. ഇന്നത്തെ കവിക്ക് യോഗ ചെയ്യാനല്ല താൽപ്പര്യം, വൈരാഗിയാകാനാണ്. അവൻ ബുദ്ധനാണ്, ഏത് നാൽക്കവലകളിലെ തിരക്കിനിടയിലും.
രാവുണ്ണിയുടെ പ്രതിമ
സാഹിത്യകാരന്മാരുടെ പ്രതിമകൾ അവർ ജീവിച്ചിരിക്കെ തന്നെ സ്ഥാപിക്കാനാണല്ലോ ഇപ്പോൾ തിരക്ക്. എഴുത്തുകാരൻ ജീവിച്ചിരിക്കുമ്പോൾ അയാളുടെ പ്രതിമയ്ക്ക് എന്ത് പ്രസക്തി? പ്രതിമയായിത്തീരുന്നതാണ് ഇന്ന് ഏറ്റവും സുഖകരം. ഒന്നിനോടും പ്രതികരിക്കാതെ, പൊന്നാടകളും അവാർഡുകളും വാങ്ങി ഒരു പ്രതിമയായി വിരാജിക്കാം. രാവുണ്ണി ഈ പ്രതിമാ പ്രതിഭാസത്തെ പരിഹസിച്ചുകൊണ്ട് എഴുതിയ കവിത "പ്രതിമാസം' (പ്രഭാതരശ്മി, ജനുവരി) ശ്രദ്ധിക്കേണ്ടതാണ്. മ്യൂസിയത്തിൽ സ്കൂൾ കുട്ടികളുമായി എത്തിയതാണ് അധ്യാപകൻ. എന്നാൽ പ്രതിമകൾ കണ്ടു നടക്കവേ കുട്ടികളിൽ ചില ചേഷ്ടകൾ പ്രത്യക്ഷപ്പെട്ടു:
"പ്രതിമകൾ കണ്ടു നടക്കവേ
ഒരുവനു മൂത്രം മുട്ടി
മഹാന്മാരുടെ നേരെ
മൂത്രമൊഴിക്കാൻ പാടുണ്ടോ?
അവൻ അടക്കി
നടന്നു നീങ്ങവെ
ഒരുവൾക്ക് ഓക്കാനം വന്നു
മഹാന്മാരുടെ നേരെ ഛർദിക്കാമോ?
അവൾ വായടച്ചു പിടിച്ചു
മറ്റൊരാൾക്ക് തുമ്മാൻ മുട്ടി
അയാൾ വായും മൂക്കും
പൊത്തിപ്പിടിച്ചു'.
രാവുണ്ണിയുടെ കവിത മർമത്ത് തന്നെ പ്രഹരിക്കുകയാണ്. ഒരു കവി ഇങ്ങനെയാണ് ഇടപെടേണ്ടത്. എല്ലാത്തിനെയും പ്ലേഗ് പിടികൂടുന്ന ഈ കാലത്ത് കവി മർമസ്ഥാനത്ത് അടിക്കണം. വളരെ പരുക്കനും നിർദയവുമായ ഈ കവിത ഈ കാലഘട്ടത്തോട് സത്യസന്ധത പുലർത്തുകയാണ്.
പ്രണയത്തിന്റെ ഗന്ധം
സുഭാഷ് ഒട്ടുംപുറത്തിന്റെ "ഒരിക്കലൊരു ഗ്രാമത്തിൽ' (ഭാഷാപോഷിണി, ജനുവരി) വളരെ കരുതലോടെ എഴുതിയതാണ്. രാഷ്ട്രീയ സംഘർഷങ്ങളുടെയും ജാതി വിവേചനത്തിന്റെയും കാലത്ത് പ്രണയം ഒളിപ്പിക്കാനുള്ളതാണ്, നഷ്ടപ്പെടുത്താനുള്ളതാണ് എന്നു സൂചിതമാവുന്നു. സുമിത്ര എന്ന പെൺകുട്ടിയെ പ്രേമിച്ച ഒരു യുവാവിന്റെ കഥയാണിത്. പഴയ ഒരു വിഷയമാണ്. എങ്കിലും എഴുതിയത് ആത്മാർഥമായാണ്. രാഷ്ട്രീയ പ്രവർത്തനത്തിനിടെ രക്തം വാർന്ന ഒരു നിമിഷത്തിൽ കാമുകിയെ നഷ്ടപ്പെട്ട ആ കാമുകൻ ഇങ്ങനെ ഓർത്തു:
"പാർട്ടിയാഫീസിൽ നിന്നിറങ്ങുമ്പോൾ ഞങ്ങളുടെ കൈയിലൊരു കൊടിയുണ്ടായിരുന്നു. ഞാനൊലിപ്പിച്ച ചോരയുടെ നിറമുള്ള കൊടി.മനസിലായില്ലേ നിനക്ക്? നമ്മുടെ പ്രണയത്തിന്റെ തകർച്ചയിൽ ഗ്രാമത്തിൽ മുള പൊട്ടിയ വിത്ത് അതായിരുന്നു. ഞാനും സത്യനും ദാസനും ഗംഗാധരനുമൊക്കെ ചോരയിറ്റിച്ച് അതിനെ മരമാക്കി. അതു കാണാൻ നീയിവിടെ ഉണ്ടാവില്ല എന്നത് മാത്രമാണെന്റെ ദുഃഖം'.
മറ്റൊരു അവസരത്തിൽ ആ യുവാവ് പ്രണയത്തിന്റെ ഫലശ്രുതിയെന്നോണം ഇങ്ങനെ ആത്മഗതം ചെയ്യുന്നു: "പ്രണയം തകരുമ്പോൾ രണ്ടു വ്യക്തികൾ തകരും. ഏറ്റവും ചുരുങ്ങിയത് ഒരാളെങ്കിലും. എന്നിട്ടും നമ്മൾ രണ്ടുപേരും ഇപ്പോഴും തരിപ്പണമാകാതിരിക്കുന്നത് എന്തുകൊണ്ടാണ് സുമിത്രേ?'. അനുഭവങ്ങളെ ഇങ്ങനെ ഖനനം ചെയ്യണം. അപ്പോൾ അറിവുകൾ ലഭിക്കും. തീവ്രമായ പ്രണയത്തിനു ഒരു ഗന്ധമുണ്ട്. ഈ കഥയിൽ അതുണ്ട്.
പരാജയപ്പെട്ട കഥ
ഉണ്ണി. ആർ എഴുതിയ "നടപ്പൻ നിഴൽ, ചിന്താഭൂതം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 8) ഒരു കൃത്രിമരചനയാണ്. ഈ കഥയ്ക്ക് യാതൊരു വികാരവും സൃഷ്ടിക്കാൻ കഴിയുന്നില്ല. കഥയല്ലിത്, കഥയെക്കുറിച്ചുള്ള ഒരു വ്യാഖ്യാനമാണ്. നാട്ടിലെ സംഭവങ്ങളോടൊന്നും വൈകാരിക താദാത്മ്യം സാധിക്കാത്തതിനാൽ നേരെ ഫ്രാൻസിലേക്ക് ഊളിയിട്ട് എഴുത്തുകാരൻ ഗുസ്താവ് ഫ്ലോബേറിനെ പിടികൂടിയിരിക്കുന്നു. ഡോക്ടർമാരുടെ മരണം പ്രവചിക്കുന്ന ഒരു കഥാപാത്രത്തെ പ്രമേയമാക്കി എഴുതി പരാജയപ്പെട്ടിരിക്കുകയാണ് കഥാകൃത്ത്. എന്താണ് ഈ പ്രവചനത്തിന്റെ പ്രസക്തി? എന്താണ് ഉദ്ദേശിക്കുന്നത്?
ഉണ്ണിയുടെ മനസ് ഭാവാത്മകമല്ല, അതിൽ യുക്തിയും വിചിന്തനവുമാണുള്ളത്. പ്രവചനം നടത്തിയ കഥാപാത്രത്തിന് എന്ത് സംഭവിച്ചുവെന്ന് വായനക്കാർ ചോദിക്കും. എന്നാൽ അതിനുള്ള മറുപടി കഥാകൃത്തിന്റെ ഗതി തെറ്റിയ ഈ വിവരണമാണ്: "വിവാഹ വസ്ത്രമണിഞ്ഞ്, നീളൻ മുഖാവരണമണിഞ്ഞ് നവവധുവിനെപ്പോലെ കിടന്നിരുന്ന കരോലിനെ ഫ്ലോബേർ ഓർത്തു. പെങ്ങളുടെ മുറിച്ചെടുത്ത മുടികൾ കൈവെള്ളയിലെടുത്തപ്പോൾ തന്റെ വലിയ ശരീരത്തെ ഉലയ്ക്കും പോലെ കുതിച്ചു വന്ന സങ്കടത്തെ എങ്ങനെയോ അയാൾ പിടിച്ചു നിർത്തി. താഴെ നിന്നു പെങ്ങളുടെ കരച്ചിൽ കേൾക്കാമായിരുന്നു'. ഒരു കഥ തുടങ്ങി എവിടെ അവസാനിപ്പിക്കണമെന്ന് ഉണ്ണിക്ക് അറിയില്ല. വികാരഹിതമായ ഈ ഒരു ലോകമാണ് അദ്ദേഹത്തിന്റേത്.
ഖലിൽ ജിബ്രാൻ
ലബനീസ് - അമെരിക്കൻ കവിയും ചിത്രകാരനും എഴുത്തുകാരനുമായ ഖലിൽ ജിബ്രാൻ ഇങ്ങനെ എഴുതി:
"ഞാൻ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കണ്ടെത്തിയത് എന്റെ ഭ്രാന്തിലാണ് - മനസിലാക്കപ്പെടുന്നതിൽ നിന്നുള്ള സുരക്ഷയും ഏകാന്തതയുടെ സ്വാതന്ത്ര്യവും. നമ്മെ മനസിലാക്കുന്നവർ നമ്മളിലെ എന്തോ ഒന്നിനെ തടവിലാക്കുകയാണ്'.
ജിബ്രാൻ ഭ്രാന്ത് എന്ന് ഉദ്ദേശിച്ചത് വിചിത്രമായ ചിന്തയെയും ജീവിതത്തെയുമാണ്. ആട്ടിൻപറ്റത്തെ പോലെ പോകാൻ വിസമ്മതിക്കുന്ന മനസിന്റെ സ്വഭാവമാണത്. മനസിലാക്കപ്പെടുമ്പോഴാണ് അദ്ദേഹം അസ്വതന്ത്രനാകുന്നത്. അവിടെ ഏകാന്തത നഷ്ടപ്പെടുകയാണ്.