വിഐപി പോരാട്ടത്തിൽ തിളങ്ങി തലസ്ഥാനം

പി.കെ.വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച പന്ന്യൻ രവീന്ദ്രൻ മണ്ഡലം നിലനിർത്തി
വിഐപി പോരാട്ടത്തിൽ തിളങ്ങി തലസ്ഥാനം

#പി.ബി ബിച്ചു

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎ ഉൾപ്പടെ മത്സരത്തിനിറങ്ങുമ്പോൾ ത്രികോണ പോരാട്ടത്തിൽ തിളങ്ങുകയാണ് വിഐപി മണ്ഡലങ്ങൾ ഉൾപ്പെടുന്ന തലസ്ഥാനം. ദേശീയ തലത്തിൽ വരെ ശ്രദ്ധേയമാകുന്ന കടുത്ത മത്സരമാണ് തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങിലായി വ്യാപിച്ചു കിടക്കുന്ന തലസ്ഥാനത്തിന്‍റെ പോരാട്ടങ്ങൾക്ക് ഗ്ലാമർ പകരുന്നത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവർ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലായി എൻഡിഎയ്ക്കു വേണ്ടിയും സിറ്റിങ് എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ് എന്നിവർ യുഡിഎഫിനായും, സിപിഐ ദേശീയ നേതാവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രനും വർക്കല എംഎൽഎയും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി. ജോയി തുടങ്ങിയവർ എൽഡിഎഫിനെ മുൻ നിർത്തിയും മത്സരത്തിനിറങ്ങുമ്പോൾ‌ ദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടുകയാണ് തലസ്ഥാനം.

സിറ്റിങ് എംപിമാർ മത്സരിക്കുമെന്നതാണ് കോൺഗ്രസ് തീരുമാനമെന്നതിനാൽ തരൂരിന്‍റെയും അടൂർ പ്രകാശിന്‍റെയും പേരുകൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ കോൺഗ്രസും പ്രചാരണത്തിലേക്കെത്തും.

പൊളിറ്റിക്കൽ ക്യാപ്പിറ്റലായി തിരുവനന്തപുരം

ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്, നിയമസഭ, രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങൾ ഉൾപ്പടെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് ഇടത്- വലത് മുന്നണികളെ ഒരു പോലെ സ്നേഹിച്ച ചരിത്രമാണ് പറയാനുള്ളത്. സിറ്റിങ് എംപിയായി വിശ്വപൗരൻ ശശി തരൂർ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായി നാലാം തവണയും രംഗത്തിറങ്ങുമ്പോൾ മുൻ തിരുവനന്തപുരം എംപിയായിരുന്ന പന്ന്യൻ രവീന്ദ്രനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി ശക്തമായ സാന്നിധ്യമാണ് മണ്ഡലത്തിലെന്നതിനാൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഇറക്കി അട്ടിമറി ശ്രമത്തിനാണ് ബിജെപി നീക്കം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയതിന്‍റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്.

കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഇതിൽ കോവളം മണ്ഡലം മാത്രമാണ് നിലവിൽ യുഡിഎഫിന്‍റെ കൈവശമുള്ളത്. ഇതാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. നേരത്തെ പ്രചാരണം തുടങ്ങിയതിലുള്ള മുൻതൂക്കവും മുന്നണി അവകാശപ്പെടുന്നു. അതേസമയം, 2009നു ശേഷം മുന്നണിക്ക് മണ്ഡലത്തിൽ ജയിക്കാനായിട്ടില്ല. പി.കെ.വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച പന്ന്യൻ രവീന്ദ്രൻ മണ്ഡലം നിലനിർത്തി.

2009ൽ ജില്ലാ സെക്രട്ടറി ആർ.രാമചന്ദ്രൻ നായരും 2014ൽ സ്വതന്ത്ര സ്ഥാനാർഥി ബെനറ്റ് ഏബ്രഹാമും 2019ൽ സി.ദിവാകരനും തരൂരിനോട് പരാജയപ്പെട്ടു. 2014, 2019 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. പന്ന്യനെത്തുമ്പോൾ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. കേന്ദ്ര ഭരണം ലഭിച്ചശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ വോട്ടുവിഹിതത്തിൽ തുടർച്ചയായി വർധയുണ്ടാക്കിയത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. സിപിഐയുടെയും കോൺഗ്രസിന്‍റെയും വോട്ടുവിഹിതത്തിൽ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. 2014ൽ ശശി തരൂരിന്‍റെ ഭൂരിപക്ഷം 15,470 വോട്ടായി കുറച്ച് ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു.

ഹൈന്ദവ വോട്ടുകളും സമുദായ സംഘടനകളുടെ പിന്തുണയുമാണ് പാർട്ടിയുടെ മണ്ഡലത്തിലെ ശക്തി. കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയുണ്ട്. മണ്ഡലത്തിലെ ബിജെപിയുടെ മുന്നേറ്റം തടയുന്നത് തീരദേശ മേഖലയിലെ ക്രിസ്ത്യൻ, മുസ്‌ലിം വോട്ടുകളാണ്. ഈ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി. ശശി തരൂർ 2009ൽ മത്സരിക്കാനെത്തിയശേഷം കോൺഗ്രസ് വോട്ടുകൾ ശരാശരി മൂന്ന് ലക്ഷമായി ഉയർന്നു. ആദ്യം മത്സരിക്കാനെത്തിയപ്പോൾ 3,26,725 വോട്ടുകളാണ് ലഭിച്ചത്. കേന്ദ്രത്തിലെ കോൺഗ്രസ് ഭരണവും തരൂരിന്‍റെ വ്യക്തി പ്രഭാവവും വോട്ട് ഉയർത്തി. മുൻപ് മത്സരിച്ച വി.എസ്. ശിവകുമാറിനേക്കാൾ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകൾ തരൂരിന് അധികമായി ലഭിച്ചു. 2014ൽ ബിജെപി അനുകൂല തരംഗം കേന്ദ്രത്തിലുണ്ടായപ്പോൾ വോട്ട് 2,97,806 ആയി. 2019ൽ ഇത് 4,16,131 ആയിമാറി.

രാജീവ് ചന്ദ്രശേഖറിനെ തലസ്ഥാനവാസികൾക്ക് പരിചയപ്പെടുത്തുന്നത് ബിജെപിക്കാർക്ക് ഏറെ ശ്രമകരമാണ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനുമായി വെള്ളിയാഴ്ച റോഡ് ഷോ നടത്തി മണ്ഡലത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കാഹളം മുഴക്കി. കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ തീരദേശമേഖലയിൽ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാംപ്. അതേസമയം നായർ സമുദായ വോട്ടുകളുടെ പ്രതീക്ഷയിലാണ് ബിജെപി.

"സിറ്റിങ് സീറ്റാ'യി ആറ്റിങ്ങൽ

കേന്ദ്രമന്ത്രി, സിറ്റിങ് എംപി, എംഎൽഎ തുടങ്ങിയവർ മത്സരിക്കാനെത്തുന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം ചരിത്രം പരിശോധിച്ചാൽ എൽഡിഎഫിനൊപ്പമാണ്. നിയമസഭാ സീറ്റുകളിൽ ഏഴും എൽഡിഎഫിനൊപ്പമായിരുന്നെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് ഒഴികെ ആറിടത്തും ലീഡ് പക്ഷേ, യുഡിഎഫിനായിരുന്നു. ശിവഗിരി മഠം ഉൾപ്പടെ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ മൂന്നു സ്ഥാനാർഥികളും ഒരേ സമുദായത്തിൽ നിന്നാണെന്നതും പ്രത്യേകതയാണ്. 1991 ൽ തലേക്കുന്നിൽ ബഷീറിനെ സുശീല ഗോപാലൻ തോൽപ്പിച്ചതോടെ കൈവിട്ടു പോയ മണ്ഡലം ദശാബ്ങ്ങൾക്കിപ്പുറം 2019ൽ അടൂർ പ്രകാശിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. എ. സമ്പത്തിന്‍റെ തോൽവിയോടെ കൈവിട്ട് പോയ ആറ്റിങ്ങൽ പിടിക്കാനാണ് സിറ്റിങ് എംഎൽഎയായ വി.ജോയിയെ എൽഡിഎഫ് ആറ്റിങ്ങലിലിറക്കിയിരിക്കുന്നത്. മൂന്നുവട്ടം വലിയ ഭൂരിപക്ഷത്തോടെ എംപി ആയ സമ്പത്തിനു കഴിഞ്ഞ തവണ തിരിച്ചടിയുണ്ടാകുകയായിരുന്നു. ശോഭ സുരേന്ദ്രനായിരുന്നു കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥി. തിരുവനന്തപുരത്തെ പാർട്ടിയിൽ വിവാദങ്ങളും തർക്കങ്ങളും മൂർച്ഛിച്ച ഘട്ടത്തിൽ എല്ലാവരെയും കൂട്ടിയിണക്കുന്ന പുതിയ ജില്ലാ സെക്രട്ടറിക്കു വേണ്ടിയുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ പരീക്ഷണത്തിലൂടെയെത്തിയ വർക്കല എംഎൽഎ വി.ജോയി ഇതിനോടകം തലസ്ഥാന വാസികൾക്ക് സുപരിചിതനാണ്.

ഏറെ നാളായി ആറ്റിങ്ങൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വി. മുരളീധരനാകും ബിജെപി സ്ഥാനാർഥിയെന്ന് ഉറപ്പായിരുന്നു. ബിജെപിയിലെ ചേരിതിരിവുകളിൽ ശോഭ സുരേന്ദ്രനും വി.മുരളീധരനും രണ്ടറ്റത്തെങ്കിലും കഴിഞ്ഞ തവണ ശോഭ ആറ്റിങ്ങലിൽ നേടിയ 2,48,081 എന്ന വോട്ടു വിഹിതത്തിൽ പ്രതീക്ഷ വച്ചാണ് മുരളീധരൻ ആറ്റിങ്ങൽ തെരഞ്ഞെടുത്തത്. 2014ൽ കിട്ടിയതിലും ഒന്നര ലക്ഷത്തിലേറെ വോട്ട് ശോഭ ബിജെപിക്കായി നേടിയിരുന്നു. കോൺഗ്രസിൽ പ്രഖ്യാപനം വന്നില്ലെങ്കിലും സിറ്റിങ് എംപി അടൂർ പ്രകാശ് തന്നെയാകും മത്സരിക്കുന്നതെന്നതിൽ സംശയമില്ല. തൊട്ടടുത്ത വർക്കല എംഎൽഎ വി. ജോയിയെ ആദ്യം തന്നെ പ്രഖ്യാപിച്ച് ഇടതുപക്ഷം പ്രചാരണത്തിൽ മേൽക്കൈ നേടിക്കഴിഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com