
സഹകരണ പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള സംസ്ഥാനമാണ് കേരളം. കാർഷിക മേഖലയെ സഹായിക്കുന്ന കാർഷിക സഹകരണ ബാങ്കുകൾ, കയർ തൊഴിലാളികളെ സഹായിക്കുന്ന കയർ തൊഴിലാളി സംഘങ്ങൾ, റബർ സഹകരണ സംഘങ്ങൾ തുടങ്ങി കേരളീയരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന, ജനങ്ങൾക്കു വേണ്ടി ജനങ്ങൾ നടത്തുന്ന, ജനകീയ മുന്നേറ്റമാണ് സഹകരണ പ്രസ്ഥാനം. വിദ്യാഭ്യാസ സഹായനിധി, വിവാഹ സഹായനിധി, മരണ ഫണ്ടുകൾ അങ്ങനെ ഒട്ടേറെ സഹായങ്ങൾ വേറെ. പരസ്പര വിശ്വാസവും സ്നേഹബന്ധങ്ങളുമാണ് കാലാകാലങ്ങളായി ഈ പ്രസ്ഥാനത്തിന് നൂലും പാവും പാകിയിട്ടുള്ളത്.
എന്നാൽ അടുത്തകാലത്ത് വിവിധ മേഖലകളിൽ ചില സഹകരണ ബാങ്കുകളിലുണ്ടായിട്ടുള്ള പ്രശ്നങ്ങൾ ഈ പ്രസ്ഥാനത്തിന്റെ അടിവേരു തന്നെ അറ്റുപോകും വിധത്തിലാണ് നീങ്ങുന്നത്. കർഷകത്തൊഴിലാളികൾ, പെൻഷനായവർ തുടങ്ങി സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് സഹകരണ ബാങ്കുകൾ. അവരുടെയെല്ലാം നിക്ഷേപവും ഈ ബാങ്കുകളിലാണുള്ളത്. കൂടാതെ അവിടെ ചിട്ടികളും ചേർന്നിട്ടുണ്ടാവും. അവയിൽ നിന്ന് കിട്ടുന്ന പലിശയെ ആശ്രയിച്ചാണ് അവരുടെ നിത്യജീവിതം മുന്നോട്ടു പോകുന്നത്. ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്യുന്നതിനേക്കാൾ ചെറിയൊരു പലിശത്തുക കൂടുതലായി സഹകരണ ബാങ്കിൽ കിട്ടുമെന്നതും, തങ്ങൾ അറിയുന്ന ആളുകളാണ് നടത്തിപ്പുകാർ എന്നതും, പണം നിക്ഷേപിക്കാനും പിൻവലിക്കാനും എളുപ്പമാണന്നതും നിക്ഷേപകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ഏതു സമയത്തു ചെന്നാലും അവരുടെ ചെറിയ ആവശ്യങ്ങൾ സഹകരണ ബാങ്കുകളിൽ നിന്നും ലഭ്യവുമാണ്.
എന്നാലിപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പോലുള്ള കേന്ദ്ര ഏജൻസികൾ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണവുമായി കടന്നുചെല്ലുകയാണ്. ഉത്തരേന്ത്യയിൽ കോടാനുകോടി രൂപയുടെ ബിസിനസാണ് സഹകരണ മേഖലകളിൽ നടക്കുന്നത്. അവിടത്തെ പോലെ വലിയ സഹകരണ ബാങ്കുകൾ കേരളത്തിലില്ല. 2016ലെ നോട്ട് നിരോധനത്തിനു തൊട്ടുമുമ്പ് ഉത്തരേന്ത്യയിലെ പ്രമുഖർ നേതൃത്വം കൊടുക്കുന്ന ബാങ്കുകളിൽ കോടിക്കണക്കിന് രൂപ വന്നുചേർന്നു എന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവരെല്ലാം ഭരണത്തലവന്മാരായതു കൊണ്ട് അന്വേഷണ വിധേയരാകുന്നില്ല.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഇഡി കയറിയിറങ്ങുമ്പോൾ, അത് മുഴുവൻ സഹകരണ ബാങ്കുകളുടെയും തകർച്ചയ്ക്കു കാരണമാകുമെന്നതു വിസ്മരിക്കരുത്. ചെറിയ കാര്യങ്ങളുടെ പേരിൽ സഹകരണ പ്രസ്ഥാനത്തെ പൂർണമായും തുടച്ചുനീക്കുന്ന സമീപനം കേന്ദ്ര സർക്കാർ എടുക്കരുത്. വേണമെങ്കിൽ റിസർവ് ബാങ്ക് മേൽനോട്ടം വഹിച്ച് ആരോഗ്യകരമായ വളർച്ചയ്ക്കുള്ള നിർദേശം നൽകാം. സംസ്ഥാന സർക്കാരും കാഴ്ചക്കാരായി മാറിനിൽക്കരുത്. സഹകരണ ബാങ്കുകളിൽ സാമ്പത്തിക അച്ചടക്കം നിലനിർത്താനാവശ്യമായ സഹായം നൽകാൻ അവർ മുൻകൈയെടുക്കണം.
കേന്ദ്രസർക്കാർ രാഷ്ട്രീയം കളിച്ചാൽ തകരുന്നത് കേരളത്തിലെ സഹകരണ മേഖലയും അതുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതവുമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്ത് സഹകരണ പ്രസ്ഥാനങ്ങളിൽ നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചു പിടിക്കണമെന്നാണ് ജ്യോത്സന്റെ അഭിപ്രായം.