നേപ്പാളിന്‍റെ പുതിയ കന്യകാ ദേവത ആര്യതാര ശാക്യ
social media
''ഇന്നു വരെ അവൾ എന്‍റെ മകൾ, ഇനി മുതൽ അവൾ ജീവിക്കുന്ന ദേവത'', വികാരാധീനനായി ആര്യതാരയുടെ പിതാവ് അനന്ത ശാക്യ
നേപ്പാളിന്റെ പുതുതായി നിയമിതയായ ജീവിക്കുന്ന ദേവതയായ കുമാരി ആര്യതാര ശാക്യയെ, 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച, നേപ്പാളിലെ കാഠ്മണ്ഡുവിൽ താമസിക്കുന്ന ക്ഷേത്ര കൊട്ടാരമായ കുമാരി ഘറിലേക്ക് കൊണ്ടുപോകുന്നു.
AP Photo/Niranjan Shrestha
ദേവന്മാരെയും ദേവതമാരെയും കാണാനാവില്ലെന്നാണ് സങ്കൽപം. എന്നാൽ നേപ്പാളിൽ അങ്ങനെയല്ല. നേപ്പാളിലെ ഏറ്റവും ദൈർഘ്യമേറിയതും പ്രധാനപ്പെട്ടതുമായ ഹൈന്ദവ ഉത്സവം ജീവനുള്ള ദേവതയെ തെരഞ്ഞെടുക്കാനുള്ളതു കൂടിയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇത്തരത്തിലൊരു കുഞ്ഞു ദേവതയെ നേപ്പാൾ തിരഞ്ഞെടുത്തു. കാഠ്മണ്ഡുവിലെ ഒരു ഇടവഴിയിലെ കൊച്ചു വീട്ടിൽ ജനിച്ചു വളർന്ന രണ്ടു വയസും എട്ടു മാസവും മാത്രം പ്രായമുള്ള ആര്യതാര ശാക്യയാണ് ആ പുതിയ "കന്യക ദേവത'.
എന്നാൽ ഈ ദേവതാ പദവി പെൺകുട്ടി ഋതുമതിയാകുന്നതു വരെ മാത്രമാണ്. ഇപ്പോൾ ദേവതയായി പ്രതിഷ്ഠിക്കപ്പെടുന്ന ഈ പൈതൽ ഭാവിയിൽ ഋതുമതിയാകുന്നതോടെ കേവലം മർത്യസ്ത്രീയായി പരിഗണിക്കപ്പെടും.ഇക്കഴിഞ്ഞ സെപ്റ്റംബർ 30 നാണ് നേപ്പാളിന്‍റെ പുതിയ ജീവിക്കുന്ന ദേവതയായി കുമാരി ആര്യതാര ശാക്യയെ തെരഞ്ഞെടുത്തത്.
ഇങ്ങനെ കുമാരിയാകാൻ രണ്ടിനും നാലിനുമിടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. അവർക്ക് യാതൊരു പോറലുമേൽക്കാത്ത ചർമം, മുടി, കണ്ണുകൾ, പല്ലുകൾ എന്നിവ ഉണ്ടായിരിക്കണം. ഇരുട്ടിനെ ഭയപ്പെടാത്ത പെൺകുട്ടികളായിരിക്കണം.
മുൻ കുമാരിദേവത തൃഷ്ണ ശാക്യ
getty images
നേപ്പാളിലെ ഇന്ദ്രജാത്ര ഉത്സവ വേളയിൽ ഈ മാസം ആദ്യം മുൻ കുമാരിയെ ഭക്തർ വലിക്കുന്ന ഒരു രഥത്തിൽ ഇരുത്തി ചുറ്റിക്കറങ്ങി. ഇപ്പോൾ മുൻ കുമാരി തൃഷ്ണ ശാക്യയ്ക്ക് പതിനൊന്നു വയസാണ് പ്രായം. 2017ലാണ് അവൾ ജീവിക്കുന്ന ദേവതയായി തെരഞ്ഞെടുക്കപ്പെട്ടത്.
കാഠ്മണ്ഡു താഴ്വരയിൽ നിന്നുള്ള നെവാർ സമൂഹത്തിലെ ശാക്യ വംശങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള "കന്യക ദേവത'-അഥവാ കുമാരിമാരെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ തെരഞ്ഞടുക്കുന്ന കുമാരിയെ നേപ്പാളിലെ ഹിന്ദുക്കളും ബുദ്ധമതക്കാരും ബഹുമാനിക്കുന്നു.
കുമാരിയായി തെരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടി എപ്പോഴും ചുവന്ന വസ്ത്രമേ ധരിക്കാവൂ. മുടി മുകളിൽ കെട്ടി ഉറപ്പിക്കണം. നെറ്റിയിൽ ഒരു മൂന്നാം കണ്ണ് വരച്ചിരിക്കണം. കുമാരിയായി തെരഞ്ഞെടുത്താൽ പിന്നെ വർഷങ്ങളോളം നേപ്പാളിലെ കാഠ്മണ്ഡുവിലെ ക്ഷേത്ര കൊട്ടാരമായ കുമാരി ഘർ ആയിരിക്കും കന്യക ദേവതയുടെ വാസസ്ഥലം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഭക്തരും പുതിയ കുമാരിയെ കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ പ്രദക്ഷിണം വച്ചാണ് ക്ഷേത്ര കൊട്ടാരത്തിൽ പ്രവേശിക്കുന്നത്.