തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിയും ഫിക്കിയും

സമയോചിതവും സുനിശ്ചിതവുമായ ഒരു ചുവടുവയ്പ്പാണ് കേന്ദ്ര ഗവൺമെന്‍റ് സമീപകാലത്ത് അംഗീകരിച്ച തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതി
special story on Employment Linked Incentive Scheme and FICCI

തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിയും ഫിക്കിയും

Updated on

ജ്യോതി വിജ് (ഫിക്കി ഡയറക്റ്റർ ജനറൽ)

ലോകം അതി യന്ത്രവത്ക്കരണത്തിലേക്ക് അതിവേഗം മുന്നേറുന്ന സാഹചര്യത്തിൽ, സമയോചിതവും സുനിശ്ചിതവുമായ ഒരു ചുവടുവയ്പ്പാണ് കേന്ദ്ര ഗവൺമെന്‍റ് സമീപകാലത്ത് അംഗീകരിച്ച തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതി (Employment Linked Incentive Scheme- ഇഎൽഐ). വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ തൊഴിൽ മേഖലയെ, വിശിഷ്യാ ഉത്പാദന മേഖലയെ സംബന്ധിച്ചിടത്തോളം ധീരമായ ഒരു നയ സമീപനമാണ് ഏകദേശം ഒരുലക്ഷം കോടി രൂപ അടങ്കലോടെയുള്ള ഈ പദ്ധതി. 2 വർഷത്തിനുള്ളിൽ മൂന്നരക്കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉതകും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പദ്ധതി രാജ്യത്തെ തൊഴിൽ ശക്തിയെ സംബന്ധിച്ചിടത്തോളം കേവലമൊരു സാമ്പത്തിക നടപടി മാത്രമല്ല, തന്ത്രപരമായ ഭാവി നിക്ഷേപം കൂടിയാണ്. സർക്കാരിന്‍റെ വികസിത് ഭാരത് @ 2047 ദർശനത്തെ ഇഎൽഐ പിന്തുണയ്ക്കുന്നു, തൊഴിൽ സൃഷ്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിർണായക ഉത്തേജനം പകരുന്നു.

സമീപ ഭാവിയിൽ ജനസംഖ്യയിൽ കുറവു വരാൻ തുടങ്ങുകയോ ഇതിനോടകം കുറഞ്ഞു തുടങ്ങുകയോ ചെയ്ത മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ ഇപ്പോഴും തൊഴിൽ സജ്ജമായ പ്രായത്തിലുള്ളവരുടെ വലിയ ജനസംഖ്യയുണ്ട്. തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലും, അനൗപചാരിക തൊഴിലുകളും ഔപചാരിക തൊഴിലുകളും തമ്മിലും നിലനിൽക്കുന്ന വിടവ് നികത്തുകയെന്നതാണ് ഇഎൽഐ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തൊഴിൽ മേഖലയിൽ ഉടനടി ദൃശ്യമാകുന്ന നേട്ടങ്ങൾക്കുപരി ഔപചാരികവും ദീർഘകാലീനവുമായ തൊഴിൽ സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സുസ്ഥിര വികസനലക്ഷ്യം 8 (എസ്ഡിജി 8 - മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും), സുസ്ഥിര വികസനലക്ഷ്യം 1 (ദാരിദ്ര്യ മുക്തം), സുസ്ഥിര വികസന ലക്ഷ്യം 10 (അസമത്വങ്ങൾ കുറച്ചു കൊണ്ടുവരിക) എന്നിവ മുന്നോട്ടു വയ്ക്കും വിധം, കുറഞ്ഞ വേതനക്കാർക്കും ആദ്യമായി തൊഴിൽ തേടുന്നവർക്കും ലക്ഷ്യവേധിയായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതിലൂടെ, ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജികൾ) സാക്ഷാത്കരിക്കുന്നതിലുള്ള ഇന്ത്യയുടെ പുരോഗതിയെ ഇഎൽഐ പദ്ധതി ഊർജിതമാക്കുന്നു എന്നത് ശ്രദ്ധേയം.

ഈ പദ്ധതിയെ ഇപിഎഫ്ഒ രജിസ്ട്രേഷനുമായി ബന്ധിപ്പിക്കുകയും ആധാർ അധിഷ്ഠിത നേരിട്ടുളള ആനുകൂല്യ കൈമാറ്റ (ഡിബിടി) സംവിധാനങ്ങളിലൂടെ പണം നൽകുകയും ചെയ്യുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുകയും ചെയ്യുന്നു. നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ഇത് നിർണായകമാണ്. ഇന്ത്യയുടെ അത്തരം ഉദ്യമങ്ങളെ അംഗീകരിച്ചുകൊണ്ട് അന്താരാഷ്‌ട്ര ലേബർ ഓർഗനൈസേഷൻ അടുത്തിടെ രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുകയും ജനസംഖ്യയുടെ 64.3% (2015ൽ 19%), അതായത് 94 കോടിയിലധികം പേർക്ക് കുറഞ്ഞത് ഒരു സാമൂഹിക സുരക്ഷാ ആനുകൂല്യമെങ്കിലും ലഭിക്കുന്നുണ്ടെന്ന് സ്വന്തം ഡാഷ്‌ബോർഡിൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഉത്പാദന മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം തികച്ചും സ്വാഗതാർഹമാണ്. ആഗോള മൂല്യ ശൃംഖലകൾ പുനഃക്രമീകരണത്തിനു വിധേയമാകുമ്പോൾ തുണിത്തരങ്ങൾ, ഇലക്‌ട്രോണിക്സ്, ഓട്ടോമൊബൈൽസ്, ഉപഭോക്തൃ വസ്തുക്കൾ, ഔഷധ നിർമാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ ഒരു വിശ്വസനീയ ബദലായി അതിവേഗം ഉയർന്നുവരുന്നു. ഈ മേഖലകളിൽ ദീർഘകാല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുന്നതിലൂടെ, ഉത്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതികൾ, മെയ്ക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ തുടങ്ങിയ നിലവിലുള്ള സംരംഭങ്ങൾക്കനുപൂരകമായി ഇഎൽഐ വർത്തിക്കുകയും നഗര, അർധ- നഗര ക്ലസ്റ്ററുകളിൽ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

ചെലവുകൾ സംബന്ധിച്ച ആശങ്ക കാരണം ഔപചാരിക നിയമനങ്ങൾ വർധിപ്പിക്കുന്നതിൽ പലപ്പോഴും പരിമിതി നേരിടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക്, പദ്ധതി വലിയ ആശ്വാസം പകരുന്നു. തൊഴിലുടമകൾക്കു ലഭിക്കുന്ന പ്രോത്സാഹനങ്ങൾ പുതിയ നിയമനങ്ങളുടെ മാർജിനൽ കോസ്റ്റ് (ഒരു യൂണിറ്റ് അധികം ഉത്പാദിപ്പിക്കുന്നതിന് ഉണ്ടാകുന്ന അധിക ചെലവ്) കുറയ്ക്കുന്നു. അതുവഴി വിപുലീകരണം, ഔപചാരികവത്ക്കരണം, തൊഴിൽ ശക്തി നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

തൊഴിൽ സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതിൽ വേതനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികൾ ഫലപ്രദമാണെന്ന് ആഗോളതലത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ജർമനി പോലുള്ള രാജ്യങ്ങൾ അപ്രന്‍റീസ്ഷിപ്പുകൾക്കും ദീർഘകാല നിയമനങ്ങൾക്കും തൊഴിലുടമകൾക്ക് സബ്‌സിഡികൾ വാഗ്ദാനം ചെയ്യുന്നു; യുവജനങ്ങൾക്കും പ്രായമായവർക്കും തൊഴിൽ നൽകുന്ന സംരംഭകർക്ക് ദക്ഷിണ കൊറിയ ലക്ഷ്യവേധിയായ വേതന പിന്തുണ നൽകി വരുന്നു; നൈപുണ്യം വർധിപ്പിക്കുന്നതിനും തൊഴിൽ നിലനിർത്തുന്നതിനും സിംഗപ്പുരും സാമ്പത്തിക സഹായം നൽകുന്നു. പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വ്യക്തികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് പ്രതിഫലം നൽകുന്ന വർക്ക് ഓപ്പർച്യുണിറ്റി ടാക്സ് ക്രെഡിറ്റ് (ഡബ്ല്യുഒടിസി) അമെരിക്കയ്ക്കുണ്ട്. ഇന്ത്യയുടെ ഇഎൽഐ പദ്ധതി ആഗോളതലത്തിലെ മികച്ച മാതൃകകൾ ഉൾക്കൊള്ളുന്നതിനൊപ്പം, നമ്മുടെ വിപുലമായ അനൗപചാരിക തൊഴിൽ വിപണി, ജനസംഖ്യാപരമായ ആനുകൂല്യം, ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനം പോലുള്ള പ്രാദേശിക ആവശ്യങ്ങൾക്ക് അനുപൂരകമായി വർത്തിക്കുകയും ചെയ്യുന്നു.

ഹ്രസ്വകാല ആശ്വാസത്തിൽ നിന്ന് ദീർഘകാല തൊഴിൽ വിപണി വികസനത്തിലേക്കുള്ള ഇന്ത്യയുടെ തൊഴിൽ നയത്തിന്‍റെ പക്വതയാർന്ന പരിവർത്തനത്തെയാണ് ഇഎൽഐ പദ്ധതി പ്രതിഫലിപ്പിക്കുന്നത്. പ്രായമേറുന്ന ജനസംഖ്യ, ഡിജിറ്റൽ, ഹരിത പരിവർത്തനങ്ങൾ തുടങ്ങി ആഗോള തലത്തിലുള്ള പരിവർത്തനാത്മക പ്രവണതകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആളുകൾക്ക് ഗുണമേന്മയുള്ള തൊഴിലുകൾ ലഭ്യമാക്കുന്നതിന് അത്തരം ഫലപ്രദമായ നയങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ഈ പദ്ധതി ഫലപ്രദമായി വിനിയോഗിക്കാനായി മുന്നോട്ടുവരാൻ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ (ഫിക്കി) അംഗങ്ങളോട് ഞങ്ങൾ അഭ്യർഥിക്കുന്നു. തൊഴിലുടമകൾ - പ്രത്യേകിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) വിഭാഗത്തിൽ - ഇത് സാമ്പത്തിക നേട്ടത്തിന് ഉപരിയായ ഘടകമായിരിക്കുമെന്ന് തിരിച്ചറിയണം. പ്രവർത്തനങ്ങൾ വൻ തോതിൽ വിപുലീകരിക്കാനും പ്രതിഭകളെ ആകർഷിക്കാനും ശമ്പളപ്പട്ടികയെ ഔപചാരികവത്ക്കരിക്കാനും സ്ഥായിയായ സാമ്പത്തിക മൂല്യം സൃഷ്ടിക്കാനുമുള്ള ഒരു ഉപാധിയാണിത്. പരമോന്നത വ്യാവസായിക ചേംബർ എന്ന നിലയിൽ, ഈ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ ഫിക്കി പ്രതിജ്ഞാബദ്ധമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com