അച്ഛനും ബാപ്പയും

സൂര്യനായ് തഴുകി ഉറക്കമുണർത്തുന്ന, പുസ്തകത്താളിൽ മയങ്ങുന്ന, നന്മയുടെ പീലിയായ അച്ഛന്മാരെക്കുറിച്ച് പാട്ടുകൾ ഏറെയുണ്ടായിട്ടുണ്ട്.
 Father and bappa

അച്ഛനും ബാപ്പയും

file photo

Updated on

ക്വാറന്‍റൈൻ|കെ.ആർ. പ്രമോദ്

9447809631

"അച്ഛനും ബാപ്പയും' എന്നൊരു സിനിമ ഓർമയില്ലേ? കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1972ൽ പുറത്തിറങ്ങിയ ഈ സിനിമ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം നേടിയിരുന്നു. അക്കാലത്തു തന്നെ ഈ ചിത്രത്തിന്‍റെ പേര് ശ്രദ്ധേയമായി. അച്ഛനെന്നതും ബാപ്പയെന്നതും ഗംഭീരവും ഉദാത്തവുമായ ഒരു സങ്കൽപ്പമാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ചലച്ചിത്രം.

അച്ഛനില്ലാത്ത നേരം

അച്ഛൻ, ബാപ്പ എന്നൊക്കെ വിളിക്കുന്നതിൽ ഒരന്തസുണ്ട്. പക്ഷേ, "തന്ത' എന്നു പറഞ്ഞാൽ കളി മാറി. കഴിഞ്ഞദിവസം നടന്ന കോൺഗ്രസ് വിരുദ്ധ പുരോഗമന ജാഥയിയിൽ കേട്ട ഒരു മുദ്രാവാക്യത്തിൽ "തന്തയില്ലാത്ത' എന്ന രീതിയിലുള്ള ഒരു പ്രയോഗമുണ്ടായിരുന്നു. "തന്തയില്ലാ നേരത്ത്' എന്നു തുടങ്ങുന്ന ഈ അസഭ്യ മുദ്രാവാക്യം സ്ത്രീകളുമടക്കമുള്ളവർ ആവേശത്തോടെ ഏറ്റുപാടിയെന്നാണ് ശ്രുതി.

എതിരാളികളുടെ യഥാർഥ തന്തമാർ സ്ഥലത്തില്ലാത്ത നേരത്തുണ്ടായ ചില സന്മാർഗപരമല്ലാത്ത നടപടികളെക്കുറിച്ചാണ് മദ്രാവാക്യത്തിലൂടെ വിവക്ഷിക്കുന്നത്. വാക്യത്തിൽ പ്രയോഗിക്കാൻ മിടുക്കുള്ളവരാണു നമ്മൾ. തങ്ങളുടെ എതിർപക്ഷത്തെ നേതാക്കളുടെ പിതാക്കന്മാരുടെ ഡിഎൻഎയെയാണ് ഇവർ വാക്യത്തിലൂടെ സംശയിച്ചത്.

അച്ഛൻ ആരാണ്?

ജാഥയിലെ ഈ മുദ്രാവാക്യം "അച്ഛൻ' എന്ന പദത്തിന് എന്തർഥം എന്ന ചിന്തയിലേക്ക് നമ്മളെ നയിക്കുന്നു. അതായത്, "അച്ഛൻ' എന്ന ഇമേജിനെ നമ്മൾ ഇപ്പോൾ എങ്ങനെയാണ് കരുതുന്നതെന്നതാണ് ഗൗരവമായ വിഷയം. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവത്തെപ്പോലെ കാണണമെന്ന പഴയ സങ്കൽപ്പം ഒരു ഫാസിസ്റ്റ് രീതിയായതിനാൽ പിതാവിന്‍റെ മുഖത്തു നോക്കി "അപ്പനാരാ, മോൻ!' എന്ന് ഉള്ളുതുറന്ന് അഭിനന്ദിക്കുന്നതും അപമാനിക്കുന്നതുമാണല്ലോ നാട്ടുനടപ്പ്.

അച്ഛൻ ഒരർഥത്തിൽ ഒരമ്മയ്ക്കു മാത്രമറിയാവുന്ന സമസ്യയാണ്. അതൊരു അഗാധമായ പാർട്ടി രഹസ്യമാണ്. എങ്കിലും അച്ഛൻ വെറുമൊരു തന്തയല്ല. സൂര്യനായ് തഴുകി ഉറക്കമുണർത്തുന്ന, പുസ്തകത്താളിൽ മയങ്ങുന്ന, നന്മയുടെ പീലിയായ അച്ഛന്മാരെക്കുറിച്ച് പാട്ടുകൾ ഏറെയുണ്ടായിട്ടുണ്ട്. ആയുസ് തീരുന്ന സമയത്ത് ഒരു തുള്ളി വെള്ളം പകർന്നു നൽകാനും ശേഷക്രിയ ചെയ്യാനും അങ്ങനെ "പും' അഥവാ "പുത്' എന്ന നരകത്തിൽ നിന്നും പിതാവിനെ രക്ഷിക്കാനും പുത്രൻ വേണമെന്നതും നമുക്കറിയാം. ഒരു സ്വപ്നത്തിൽ രാത്രിയുടെ വാതിൽ കടന്നുവന്ന് മകനോട് സങ്കടത്തോടെ ഹൃദയവ്യഥകൾ പങ്കുവച്ച ഹതാശയനായ താതഭൂതത്തെ "താതവാക്യ'ത്തിൽ കവി ചുള്ളിക്കാട് കാണിച്ചു തന്നിട്ടുണ്ടല്ലോ.

തന്തയുടെ വില

അതേസമയം പഴയ കാലത്ത് "തന്ത' എന്ന വാക്കിന് നാട്ടിൽ വലിയ വിലയൊന്നും ഉണ്ടായിരുന്നില്ല എന്ന സത്യവും പറയേണ്ടതുണ്ട്. സ്വന്തം ഭർത്താവിനെ സ്വീകരിക്കാനോ ബഹിഷ്കരിക്കാനോ പ്രബല സമുദായങ്ങളിലുള്ള സ്ത്രീകൾക്ക് ഇവിടെ അവകാശമുണ്ടായിരുന്നു. പിടിപ്പും സാമർഥ്യവുമില്ലാത്ത എത്രയോ നിസ്സഹായരായ അച്ഛന്മാർ അന്ന് വെറുംകൈയോടെ ഭാര്യമാരുടെ തറവാടുകളിൽ നിന്ന് ഇറങ്ങിപ്പോന്നിട്ടുണ്ട്! പണവും പദവിയുമുള്ള എത്രയോ അച്ഛന്മാർ തറവാടുകളിൽ കയറിപ്പറ്റിയിട്ടുണ്ട്!

ആനക്കാർ, വള്ളക്കാർ, പൊലീസുകാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊക്കെ അവർ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ ഒന്നിലധികം ബന്ധങ്ങൾ തരമായിരുന്ന കാലമുണ്ടായിരുന്നു. ഉദ്യോഗസംബന്ധമായി എത്തുന്ന സ്ഥലങ്ങളിൽ അവർക്ക് താമസിക്കാൻ വീടുകളല്ലാതെ ഹോട്ടലുകളോ ലോഡ്ജുകളോ അക്കാലത്ത് ഇല്ലായിരുന്നു താനും.

നാട്ടിൽ ഒരു വലിയ ഉദ്യോഗസ്ഥൻ വന്ന് ഏതെങ്കിലുമൊരു വീട്ടിൽ പൊറുതി തുടങ്ങിയാൽ അയാൾ സ്ഥലംമാറിപ്പോകും വരെ ഒരു സംബന്ധക്കാരനായി തുടരും. ഈ ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾ ആർക്കും അത്ഭുതവസ്തുക്കളല്ലായിരുന്നു. നാട്ടിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ഓർമകളുണർത്താൻ അവർ പലപ്പോഴും ഉപകരിക്കാറുണ്ടെന്നു മാത്രം. "നമ്മുടെ പരമേശ്വരന് പണ്ട് ഇവിടെയുണ്ടായിരുന്ന സാനിട്ടറി ഇൻസ്പെക്റ്ററുടെ അതേ ഛായ!' എന്നൊക്കെ ആരെങ്കിലും നിസാര മട്ടിൽ പറഞ്ഞാലായി.

ഇപ്പറഞ്ഞ അപ്പന്മാരിൽ പലരും വല്ലപ്പോഴും പഴയ ഭാര്യയുടെ വീട്ടിലെത്തിയാൽ മക്കളെ തെല്ലും കണക്കാക്കാറില്ലായിരുന്നു. കോപം വന്നാൽ സ്വന്തം മക്കളെ നേരിട്ടു തൊടാതെ, വടികൊണ്ട് എറിഞ്ഞടിക്കുന്ന അച്ഛന്മാരും ഉണ്ടായിരുന്നു.

അതാ, അച്ഛൻ വരുന്നു

എന്തായാലും മക്കത്തായവും നായർ റെഗുലേഷനുമൊക്കെ വന്നതോടെയാണ് യഥാർഥ അച്ഛന്മാരുടെ നക്ഷത്രം പ്രകാശിച്ചു തുടങ്ങിയതും അവർക്ക് ഒരു മേൽവിലാസം കൈവന്നതും. ഇതാണ് പുരുഷക്രന്ദ്രീകൃതമായ വ്യവസ്ഥിതി ഇവിടെ രൂപപ്പെടാൻ പ്രധാന കാരണമായത്. ഇപ്രകാരം "തന്ത'യ്ക്ക് പ്രാമുഖ്യം വന്നതാടെ "തന്തയില്ലാത്തവൻ' അഥവാ "പിതൃശൂന്യൻ' എന്നൊരു ഉഗ്രൻ പേര് നിലവിൽ വരികയും ചെയ്തു. ഇത് പഴയ കാലത്തെ അപേക്ഷിച്ചുനോക്കുമ്പോൾ വലിയൊരു സാമൂഹിക മാറ്റമാണ്. തന്തയില്ലായ്മയിൽ നിന്ന് "തന്തയുണ്ടായ്മ'യിലേക്കുള്ള നവോത്ഥാനം.

1893ൽ രാജാ രവിവർമ വരച്ച "അതാ അച്ഛൻ വരുന്നു' എന്ന ചിത്രം ഇത്തരമൊരു സാമൂഹ്യ മാറ്റത്തിന്‍റെ സൂചന തരുന്നു. ഈ ചിത്രത്തിൽ ഒരു യുവതിയും അവരുടെ ഒക്കത്തിരിക്കുന്ന ബാലികയുമുണ്ട്. ഈ കുട്ടി അടുത്തുവരുന്ന പിതാവിന്‍റെ നേരെ ഇടതുവശത്തേക്കു നോക്കുന്നു. അച്ഛന് പ്രാധാന്യം കിട്ടുന്ന ഒരു കാലഘട്ടത്തിലേക്ക് മലയാളികൾ പ്രവേശിച്ചിരിക്കുന്നു എന്നതിന്‍റെ സൂചനയായിരുന്നു ഈ ചിത്രം. അതൊക്കെക്കഴിഞ്ഞ് അടുത്ത കാലത്താണ് "തന്ത വൈബ്' പോലുള്ള അടിപൊളി പ്രയോഗങ്ങൾ വന്നത്.

അച്ഛനും തന്തയും

പക്ഷേ, അച്ഛനെ അംഗീകരിക്കുന്നതും തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ "പിതൃശൂന്യര്‍' എന്നു പറഞ്ഞ് തെരുവിൽ അട്ടഹസിക്കുന്നതും രണ്ടു കാര്യങ്ങളാണ്. നമ്മുടെ വിപ്ലവപാർട്ടികൾ പോലും "തന്ത'മാരുടെ മഹത്വവും അപ്രമാദിത്വവും ഇത്തരം മുദ്രാവാക്യങ്ങളിലൂടെ അംഗീകരിക്കുന്നുണ്ടെങ്കിൽ, സംഗതി സ്ത്രീവിരുദ്ധവുമാണെങ്കിൽ അത് പുരോഗമനമോ, അധോഗമനമോ എന്ന സംശയം നിലനിൽക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com