

ഏഷ്യൻ നേതൃത്വ റാങ്കിങ്ങിൽ മോദി രണ്ടാം സ്ഥാനത്തേക്ക്
* ലോവി ഏഷ്യ പവർ ഇൻഡക്സിൽ വൻ മുന്നേറ്റം
* സൈനിക ശേഷിയിലും തൊഴിൽശേഷിയിലും ഒന്നാമത്
* നിക്ഷേപ ആകർഷണത്തിൽ ചൈനയെ മറികടന്നു
പ്രത്യേക ലേഖകൻ
ഏഷ്യയിലെ പ്രധാന ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ മെച്ചപ്പെട്ടതായി ഓസ്ട്രേലിയ ആസ്ഥാനമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026 ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ട്. സൂചികയിൽ വിലയിരുത്തിയ ഏഷ്യയിലെ ആദ്യ 10 ശക്തികളിൽ ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തിയത് ഇന്ത്യയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ശക്തി വ്യത്യാസം സൂചിക ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തിയതും ശ്രദ്ധേയമാണ്.
2018ൽ ആരംഭിച്ച ഏഷ്യ പവർ ഇൻഡക്സ് ഏഷ്യയിലെ രാജ്യങ്ങൾക്കിടയിൽ ശക്തി എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്നും കാലക്രമത്തിൽ അതിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും വിലയിരുത്തുന്നു. സാമ്പത്തിക, സൈനിക ശേഷി, നയതന്ത്ര ബന്ധങ്ങൾ, പ്രതിരോധ പങ്കാളിത്തം, സാംസ്കാരിക സ്വാധീനം തുടങ്ങിയ മേഖലകളിലെ 131 സൂചകങ്ങളുടെ അടിസ്ഥാനത്തിൽ 27 രാജ്യങ്ങളെയും പ്രദേശങ്ങളെയുമാണ് 2026ലെ പതിപ്പ് വിലയിരുത്തിയത്.
ഇന്ത്യയുടെ മൊത്തം സ്കോർ 40.5 ആയി ഉയർന്നു. അമെരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ "മേജർ പവർ' വിഭാഗത്തിൽ ഇടം നേടിയ ഏക രാജ്യമാണ് ഇന്ത്യ. ജപ്പാൻ, റഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ മറികടന്ന് മൂന്നാം സ്ഥാനം നിലനിർത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. നയതന്ത്ര സ്വാധീനം, ദീർഘകാല സാമ്പത്തിക സാധ്യതകൾ, പ്രാദേശിക സുരക്ഷാ പങ്കാളിത്തത്തിലെ വളർച്ച എന്നിവ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ നിർണായകമായി.
2018ൽ സൂചിക ആരംഭിച്ചപ്പോൾ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 2023ലും ഈ സ്ഥാനം തുടർന്നു. 2024ൽ ജപ്പാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യ, 2025ൽ 40 പോയിന്റ് മറികടന്ന് വീണ്ടും "മേജർ പവർ' പദവി നേടി. തുടർച്ചയായ മൂന്നാം പതിപ്പിലും മൂന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യ ജപ്പാനുമായുള്ള വ്യത്യാസം വർധിപ്പിക്കുകയും ചെയ്തു.
ഏഷ്യൻ നേതൃത്വ റാങ്കിങ്ങിൽ മോദിക്ക് രണ്ടാം സ്ഥാനം
ഏഷ്യയിലെ പ്രാദേശിക നേതൃത്വ റാങ്കിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2025ലെ അഞ്ചാം സ്ഥാനത്തുനിന്ന് 2026ൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പിന്നിലാണ് പ്രധാനമന്ത്രി മോദിയുടെ സ്ഥാനം. ഏഷ്യയിൽ ഇന്ത്യയുടെ നയതന്ത്ര താൽപര്യങ്ങൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിലുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തെ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധ സർവെ കൂടുതൽ ഉയർന്ന നിലയിൽ വിലയിരുത്തി.
ഇന്ത്യയുടെ സ്കോർ 0.5 പോയിന്റ് ഉയർന്ന് 40.5 ആയപ്പോൾ ചൈനയുടെ സ്കോർ 0.1 പോയിന്റ് കുറഞ്ഞ് 73.6 ആയി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഏറ്റവും പുതിയ പതിപ്പിൽ 0.6 പോയിന്റ് കുറഞ്ഞു. സൂചിക ആരംഭിച്ചതിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ശക്തി വ്യത്യാസം ഇത്രയും കുറഞ്ഞ നിലയിലെത്തുന്നത് ആദ്യമായാണ്.
ആഗോള നിക്ഷേപ ആകർഷണം
ഇന്ത്യയ്ക്ക് മുന്നേറ്റം
ആഗോള നിക്ഷേപ ഒഴുക്കിന്റെ കാര്യത്തിൽ അമെരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഈ മേഖലയിൽ ചൈനയെ മറികടന്ന ഇന്ത്യ ലോകത്തെ പ്രധാന നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഉയർന്നുവന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിക്ഷേപ ആകർഷണീയതയിലും അമെരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ചൈന, ഓസ്ട്രേലിയ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ ഇന്ത്യ മറികടന്നു. ഒരു ദശാബ്ദക്കാലത്തെ വിദേശ മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൂചിക വിലയിരുത്തുന്നത്.
സൈനിക ശേഷിയിലും
നയതന്ത്ര പങ്കാളിത്തത്തിലും നേട്ടം
സായുധസേനയുടെ ശേഷി വിലയിരുത്തുന്ന സൂചികയിൽ 100ൽ 100 പോയിന്റ് നേടി ഇന്ത്യ ഒന്നാമതെത്തി. ചൈന 85.3 പോയിന്റും അമെരിക്ക 64.8 പോയിന്റുമാണ് നേടിയത്. സജീവ സൈനിക, അർധസൈനിക വിഭാഗങ്ങളുടെ അംഗബലം, പരിശീലനം, സജ്ജത, സംഘടനാ കാര്യക്ഷമത എന്നിവയാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം.
നയതന്ത്ര വേദികളിലെ അംഗത്വത്തിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സംയുക്ത രണ്ടാം സ്ഥാനത്തെത്തി. ലോവി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്ന ഉച്ചകോടികൾ, നയതന്ത്ര കൂട്ടായ്മകൾ, പ്രാദേശിക അന്തർ ഗവൺമെന്റ് സംഘടനകൾ എന്നിവയിൽ 17 എണ്ണത്തിലാണ് ഇന്ത്യയുടെ പ്രാതിനിധ്യം. ഇന്തോനേഷ്യയ്ക്കും തായ്ലൻഡിനുമൊപ്പം ഇന്ത്യ രണ്ടാം സ്ഥാനം പങ്കിട്ടു. ചൈനയാണ് ഈ പട്ടികയിൽ മുന്നിൽ.
സാമ്പത്തിക ശേഷിയിലും
തൊഴിൽ ശേഷിയിലും കരുത്ത്
മറ്റു രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സമ്മർദങ്ങളെ അതിജീവിക്കാനുള്ള ശേഷിയിൽ 68.3 പോയിന്റോടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ചൈന (75.3), അമെരിക്ക (73.5) എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. കയറ്റുമതിയിലെ വൈവിധ്യവും ഏറ്റവും വലിയ വ്യാപാര പങ്കാളിയോടുള്ള ആശ്രിതത്വവും അടിസ്ഥാനമാക്കിയാണ് ഈ മേഖല വിലയിരുത്തിയത്.
2050 വരെയുള്ള ജനസംഖ്യാ വിഭവശേഷിയുടെ കാര്യത്തിൽ 100ൽ 100 പോയിന്റ് നേടി ഇന്ത്യ ഒന്നാമതെത്തി. ഈ നേട്ടം കൈവരിച്ച ഏക രാജ്യവും ഇന്ത്യയാണ്. ചൈനയ്ക്ക് 39.6 പോയിന്റും അമേരിക്കയ്ക്ക് 33.2 പോയിന്റുമാണ് ലഭിച്ചത്. 2030നു ശേഷമുള്ള സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിൽ തൊഴിൽ പ്രായത്തിലുള്ള ജനസംഖ്യയുടെ വലുപ്പവും വളർച്ചയും എത്രത്തോളം സഹായകമാകുമെന്നാണ് ഈ സൂചിക വിലയിരുത്തുന്നത്. ഇന്ത്യയുടെ വലിയ ജനസംഖ്യാ ലാഭവിഹിതത്തിന്റെ സാധ്യതകളാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
സാമ്പത്തികവും സൈനികവുമായ ശേഷി, നയതന്ത്ര ഇടപെടലുകൾ, നിക്ഷേപ ആകർഷണീയത, ജനസംഖ്യാ വിഭവശേഷി തുടങ്ങി വിവിധ മേഖലകളിലെ മുന്നേറ്റം ഏഷ്യയിലും ആഗോളതലത്തിലും ഇന്ത്യയുടെ വളർന്നുവരുന്ന സ്വാധീനമാണ് അടിവരയിടുന്നത്.