സതീശന്‍റെ വെള്ളാപ്പള്ളി വിരുദ്ധ പ്രസ്താവനയിൽ ആശങ്ക; യുഡിഎഫിന്‍റെ സോഷ്യൽ എൻജിനീയറിങ് പാളിയോ?

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലിം സംഘടനകള്‍ക്ക് അമിത സ്വാധീനമുണ്ടായിരിക്കുമെന്നാണ് ബിജെപിയും സിപിഎമ്മും ഉയര്‍ത്തുന്ന പ്രധാന ആരോപണം
UDF social engineering failed or not political analysis

വി.ഡി. സതീശൻ

Updated on

രു മതവിഭാഗത്തിന് വേണ്ടിയുടെ തുടര്‍ച്ചയായ വാദം കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും സോഷ്യല്‍ എൻജിനീയറിങ്ങിന് തിരിച്ചടിയാകുമെന്ന് പൊതുവിലയിരുത്തല്‍. മുസ്ലിം വിഭാഗത്തിന് പൂര്‍ണ്ണമായും വിധേയപ്പെടുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെ കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെയുണ്ട്. ബിജെപിയുടെ ആക്ഷേപം ഇപ്പോള്‍ സിപിഎമ്മും ഏറ്റെടുത്തിരിക്കുകയാണ്. സിപിഎം നേതാവ് എകെ ബാലന്‍റെ പ്രസ്താവന അതിലൊന്നാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലിം സംഘടനകള്‍ക്ക് അമിത സ്വാധീനമുണ്ടായിരിക്കുമെന്നാണ് ബിജെപിയും സിപിഎമ്മും ഉയര്‍ത്തുന്ന പ്രധാന ആരോപണം. അതിനെ പിന്തുണയ്ക്കുന്ന വിധമുള്ള പ്രസ്താവനകളാണ് കഴിഞ്ഞ ദിവസം എസ് എന്‍ഡിപി, എന്‍എസ്എസ് നേതൃത്വം നടത്തിയത്.

വെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്‍റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലിം പ്രീണനത്തിനാണെന്ന വിലയിരുത്തലാണ് ഇടതു ക്യാമ്പിന്‍റേത്. അത് തിരിച്ചറിഞ്ഞാണ് എ.കെ. ബാലന്‍റെ പ്രസ്താവനയെ മുഖ്യമന്ത്രി പിന്തുണച്ചത്. ബിജെപി കേരളത്തില്‍ ഭൂരിപക്ഷ- ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അമിത മുസ്ലിം പ്രീണനത്തിന്‍റെ ദൂഷ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. അത് ഒരു പരിധിവരെ ഈ വിഭാഗങ്ങളുടെ ഏകീകരണത്തിനും മുസ്ലിം വിരുദ്ധ ധ്രുവീകരണത്തിനും കാരണമായി.

അതേ മാതൃക പിന്തുടര്‍ന്ന് അത് പ്രയോജനപ്പെടുത്തി ഭൂരിപക്ഷ-ക്രൈസ്തവ വിഭാഗങ്ങളിലേക്ക് കൂടുതല്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയുമോയെന്നാണ് സിപിഎമ്മും ചിന്തിക്കുന്നത്. കാലാകാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി നിരന്തരമായി സഹകരിച്ച് പ്രവര്‍ത്തിച്ച സിപിഎം ഇപ്പോള്‍ അവര്‍ക്കെതിരായ നിലപാട് സ്വീകരിച്ചതും ഭൂരിപക്ഷ പ്രീണനത്തിന് വേണ്ടിയാണ്. അതേ സമയത്താണ് പ്രതിപക്ഷ നേതാവ് ഹൈന്ദവ സാമുദായിക നേതാവിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. ഇത് തിരിച്ചടിയാകുമെന്നത് മത്സരിക്കാന്‍ നില്‍ക്കാന്‍ യുഡിഎഫ് നേതാക്കളില്‍ പലര്‍ക്കുമുണ്ട്.

കെ. മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ള

പ്രമുഖ കോൺഗ്രസ് നേതാക്കൾ സതീശന്‍റെ വെള്ളാപ്പള്ളി വിരുദ്ധ പ്രസംഗത്തോട് മൗനം പാലിക്കുകയാണ്. മിക്ക രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾക്കും കെപിസിസി ഭാരവാഹികൾക്കും സതീശന്‍റെ ഈഴവ വിരുദ്ധ പ്രസ്താവനയെ സംബന്ധിച്ച് ആശങ്കയുണ്ട്.

വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ നിരന്തരം ആക്രമിക്കുന്ന സമീപനത്തെ ഈഴവ സമുദായം വൈകാരികമായാണ് കാണുന്നത്.

കാന്തപുരം അബൂബക്കര്‍ മുസ്ലീയാരുടെ നേതൃത്വത്തില്‍ നടന്ന കേരളയാത്രയുടെ സമാപന വേദിയില്‍ വെള്ളാപ്പള്ളി നടേശനെതിരായ ആക്ഷേപം പ്രതിപക്ഷ നേതാവ് വീണ്ടും ആവര്‍ത്തിച്ചത് ഉപയോഗപ്പെടുത്താനാണ് സിപിഎമ്മിന്‍റെയും ബിജെപിയുടെയും നീക്കം. വെള്ളാപ്പള്ളിക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്‌ക്കെതിരെ എന്‍എസ്എസ് നേതൃത്വം കൂടി രംഗത്ത് വന്നത് കോണ്‍ഗ്രസ്, യുഡിഎഫ് ക്യാമ്പ് ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. അണികളുടെ കൈയ്യടി നേടാന്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണത്തിലൂടെ സാധിച്ചെങ്കിലും ഭൂരിപക്ഷ, ക്രൈസ്തവ വിഭാഗം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ആശങ്കയുടെ ആധാരം.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിൽക്കുന്ന യുഡിഎഫ് സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നവർക്കും ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ കടുത്ത ആശങ്കയാണ്.

യുഡിഎഫിന്‍റെ മുസ്‌ലിം ആഭിമുഖ്യ നിലപാട് ക്രൈസ്തവ സഭകൾ ആശങ്കയോടെയാണ് കാണുന്നത്. തങ്ങൾ നേരത്തേ പറഞ്ഞ ഈ നിലപാട് ഇപ്പോൾ ശരിയായില്ലേ എന്നാണ് ബി ജെ പി നേതാക്കൾ ക്രൈസ്തവ സഭാനേതാക്കളോട് ചോദിക്കുന്നത്. സതീശൻ പാർട്ടിയിലോ മുന്നണിയിലോ ആലോചിക്കാതെ സിനഡ് യോഗത്തിൽ പങ്കെടുത്തത് സംബന്ധിച്ചും എതിർപ്പ് നിലനിൽക്കുന്നുണ്ട്. മാധ്യമങ്ങളെ കണ്ട എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതിപക്ഷ നേതാവ് സിനഡിൽ പങ്കെടുത്തതിനെ വിമർശിക്കുകയും സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നവർ തന്നെ സമുദായ നേതാക്കളുടെ അരമനകൾ കയറി ഇറങ്ങുന്നു എന്ന് വിമർശനവും ശക്തമായി ഉന്നയിച്ചിട്ടുണ്ട്.

സാമുദായിക നേതൃത്വത്തെ വിമര്‍ശിക്കുന്നത് കൊണ്ട് അത് ആ സാമുദായ അംഗങ്ങള്‍ ഏറ്റെടുക്കില്ലെന്ന നിലപാടും തിരിച്ചടിയാകുമെന്ന് യുഡിഎഫ് നേതൃത്വത്തിലെ ഒരു വിഭാഗം വാദിക്കുന്നു. തീവ്രനിലപാട് സ്വീകരിക്കുന്ന സംഘടനകളുമായി ഒരു വിധത്തിലും ഐക്യപ്പെടരുതെന്നതാണ് യുഡിഎഫ് നിലപാട്. അതേസമയം, വിവിധ സാമുദായിക സംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്തി പോകണമെന്നതാണ് പൊതു സമീപനം. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ചിലര്‍ക്ക് വേണ്ടി മറ്റുള്ളവരെ എന്തിന് പിണക്കണമെന്ന ചോദ്യം ശക്തമാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ഒരേ സ്വരത്തില്‍ നേതൃത്വത്തില്‍ എല്ലാവരും വാദിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com