പ്രസംഗകലയും അവതരണ വൈകല്യങ്ങളും

"ആത്മാർഥമായി പറയുക. ചുരുക്കിപ്പറയുക. ഇരിക്കുക'. ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്
"Speak sincerely. Be brief. Sit down."
Franklin D. Roosevelt

"ആത്മാർഥമായി പറയുക. ചുരുക്കിപ്പറയുക. ഇരിക്കുക'.

ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

Updated on: 

അഡ്വ. ചാര്‍ളി പോള്‍

മനുഷ്യന്‍റെ സാമൂഹ്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസംഗകല ഒരു പരിവർത്തനോപാധിയാണ്. മനുഷ്യ മനസുകളെ അദ്വീതീയമായി സ്വാധീനിക്കുന്ന കലയാണിത്. സംസാരിക്കുന്ന മനുഷ്യന്‍റെ സംഭാഷണം പൊലിമയാർന്നപ്പോഴാണ് പ്രസംഗം ജനിച്ചത്. പ്രസംഗം ശക്തി, സൗന്ദര്യങ്ങളുള്ള കലയാണ്. ഭാഷ ഉപയോഗിച്ച് ചിന്തയിൽ മുളച്ച ആശയങ്ങളെയും തന്നിലെ വൈചിത്ര്യമാർന്ന വികാര പ്രപഞ്ചത്തെയും തന്നെത്തന്നെയും മനുഷ്യൻ ആവിഷ്കരിച്ചതാണ് പ്രസംഗമെന്ന കല. മറ്റുള്ളവരുടെ വിജ്ഞാനം വർധിപ്പിക്കാനും അവരുടെ മനോഭാവത്തെ സ്വാധീനിക്കാനും വാക്കുകളുടെയും അംഗവിക്ഷേപങ്ങളുടെയും സഹായത്തോടെ ചെയ്യുന്ന ക്രമബദ്ധവും സപ്രയോജനകരവുമായ പ്രതിപാദനമാണ് പ്രസംഗമെന്ന് നിർവചിക്കാം.

ചിന്തയുടെ ഫലമായി മനസിൽ രൂപം കൊള്ളുന്ന ആശയങ്ങളെ വികാരത്തിന്‍റെ ഭാവം നൽകി വാക്കുകളും ആംഗ്യവും വഴി പ്രകാശിതമാക്കുകയാണ് പ്രസംഗത്തിലൂടെ സംഭവിക്കേണ്ടത്. വാക്കുകളിൽ തെളിയുന്ന വർണചിത്രമാകണം പ്രസംഗം. ഉയിരെടുത്ത ചിന്തകളും അഗ്നി നിറച്ച പദങ്ങളും ശ്രദ്ധാപൂർവം കോർത്തിണക്കിയാൽ ഉജ്വല പ്രസംഗം പിറവികൊള്ളും.

ലാളിത്യം, യുക്തിയുക്തത, ചമത്ക്കാരം, ബോധവത്ക്കരണം എന്നിവ പ്രസംഗത്തിന്‍റെ മുഖമുദ്രകളാവണം. പ്രസംഗം ആശയപരമായ ഒരു യുദ്ധമാണ്. മനസിന്‍റെ നിറവിൽ നിന്ന് അധരങ്ങൾ സംസാരിക്കണം. അറിവാണ് പ്രസംഗകന് വേണ്ട ഏറ്റവും വലിയ സമ്പാദ്യം. ഇത് ഒരു ഹൃദയ സംവാദവും പ്രേരണയുടെ കലയുമാണ്. മനുഷ്യന്‍റെ മനസിലെ നന്മകളെ ഉണർത്താനും ഉയർത്താനും പ്രസംഗത്തിലൂടെ സാധിക്കണം.

ജനങ്ങളെ വസ്തു സ്ഥിതികളെക്കുറിച്ച് ബോധ്യപ്പെടുത്തി, മുൻവിധികൾ തിരുത്തി, വികാരഭരിതരും കർമോത്സുകരുമാക്കുകയാണ് ചെയ്യേണ്ടത്. ലഭിക്കുന്ന ഉൾക്കാഴ്ചകളിലൂടെ മനുഷ്യരെ ഇളക്കിമറിക്കാൻ, ചിരിപ്പിക്കാൻ, ചിന്തിപ്പിക്കാൻ , തീരുമാനമെടുപ്പിക്കാൻ, നന്മയിലേക്ക് നയിക്കാൻ ഒക്കെ പ്രസംഗത്തിലൂടെ സാധിക്കും. മനുഷ്യരെ നേടാനും ഒപ്പം നിറുത്താനുമാണ് പ്രസംഗം എന്നത് മറക്കരുത്.

പ്രഗദ്ഭരായവർ പോലും അറിഞ്ഞോ അറിയാതെയോ ആവർത്തിക്കുന്ന ചില ശൈലികളും പ്രയോഗങ്ങളും തഴക്ക ദോഷങ്ങളും പ്രസംഗകലയുടെ ഗുണമേന്മയെ സാരമായി ബാധിക്കാറുണ്ട്. അവയൊക്കെ ഉന്നതരായവർ ചെയ്യുന്നതു കൊണ്ട് അതെല്ലാം ശരിയെന്ന് ധരിച്ച് മറ്റുള്ളവരും ആവർത്തിക്കുന്നു. അവതരണത്തിലെ വൈകല്യങ്ങൾ പ്രത്യക്ഷത്തിൽ തന്നെ മോശമായ അഭിപ്രായം രൂപീകരിക്കാൻ ഇട നല്കും. ഉപദേശത്തേക്കാൾ നിർദേശങ്ങൾ ആണ് ജനത്തിന് ഉൾക്കൊള്ളാൻ കഴിയുക.

പൊതുവേ പ്രസംഗത്തിന്‍റെ അവസാനം പറഞ്ഞു ശീലിച്ച വാചകമാണ് "ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല...' എന്നത്. "ഞാന്‍ നീട്ടുന്നില്ല', "ഞാന്‍ അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല', "ഞാന്‍ സുദീര്‍ഘമായി പറഞ്ഞു പോകുന്നില്ല', "ഞാൻ അധികപ്രസംഗം നടത്തി അലമ്പാക്കുന്നില്ല' എന്നിങ്ങനെ പല രീതിയില്‍ പറയുന്നവരുണ്ട്. ചിലര്‍ പ്രസംഗം ആരംഭിക്കുമ്പോള്‍ തന്നെ "ഞാന്‍ ദീര്‍ഘമായി പറയാൻ ആഗ്രഹിക്കുന്നില്ല' എന്ന് സൂചിപ്പിക്കുകയും എന്നാല്‍ പ്രസംഗം നീട്ടുകയും ദീര്‍ഘമായി പറയുകയും ചെയ്യുന്നവരാണ്. "മതി, നിര്‍ത്തൂ' എന്ന് പറയിച്ചിട്ടേ ഇക്കൂട്ടര്‍ അടങ്ങൂ.

പ്രസംഗം നീണ്ടു പോകുമ്പോഴും അരോചകമാകുമ്പോഴും കൈയടിച്ച് ചിലര്‍ പ്രതിഷേധം സൂചിപ്പിക്കാറുമുണ്ട്. പരത്തി പറയുന്നവരെയാണ് ജനം ഇപ്രകാരം നേരിടുന്നത്. ജനം കൈയിൽ നിന്ന് പോയാൽ തിരിച്ചു പിടിക്കുക അത്ര എളുപ്പമല്ല. ഉടൻ പ്രസംഗം അവസാനിപ്പിക്കുകയാണ് ഉചിതം.

"മിതം ച സാരം ച വചോഹി വാഗ്മിതാ' എന്നാണ് പ്രസംഗത്തെക്കുറിച്ചുള്ള ചൊല്ല്. മിതവും സാരവത്തുമായ രീതിയില്‍ പറയുന്നതാണ് വാഗ്മിത്വം. വാക്കുകള്‍ ചുരുക്കിയും അർഥം സംഗ്രഹിച്ചും പറയുന്നവനാണ് വാഗ്മി. പരത്തിപ്പറയുന്നതും ദീര്‍ഘമായി പറയുന്നതും ശ്രോതാക്കളെ ബോറടിപ്പിക്കും.

ഇടിവെട്ടി പെയ്യുന്ന മഴ പെട്ടെന്ന് അവസാനിക്കും പോലെ ഉപസംഹാരം കടന്നുവരണം. കഷ്ടം, പെട്ടെന്ന് നിർത്തിക്കളഞ്ഞല്ലോ, ഇനിയും തുടര്‍ന്നിരുന്നെങ്കില്‍ എന്ന് ശ്രോതാക്കള്‍ക്ക് തോന്നണം. വികാരത്തിന്‍റെ പരമകാഷ്ഠയില്‍ ശ്രോതാക്കളെ എത്തിച്ചശേഷം അമ്പെന്ന പോലെ അവസാന വാക്കുകള്‍ എയ്തുവിടാം. അവ ലക്ഷ്യത്തില്‍ തറയ്ക്കുന്നതും ആവേശകരവും ഹൃദയസ്പര്‍ശിയുമായാല്‍ നന്ന്. "The last impression is the lasting impression' എന്ന ചൊല്ല് അന്വർഥമാക്കുക. ശ്രോതാക്കളെ അഭിനന്ദിച്ച്, പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് പ്രസംഗത്തിന് വിരാമമിടാന്‍ കഴിഞ്ഞാല്‍ തകര്‍പ്പനായിരിക്കും.

ചിന്തകനായ ജി.കെ. ചെസ്റ്റേർട്ടൻ പറയുന്നു. "മിക്ക പ്രസംഗങ്ങൾക്കും ശബ്ദവും പുകയുമേ കാണൂ. അറിവുണ്ടായിരിക്കുകയില്ല'. ആളുകൾ നല്ല വെടിച്ചില്ല് പോലത്തെ പ്രസംഗം എന്ന് പറയും. പക്ഷെ പ്രസംഗകൻ എന്താണ് പറഞ്ഞതെന്ന് ചോദിച്ചാൽ ഓർത്തെടുക്കാൻ ഒന്നും ഉണ്ടാകില്ല.

"എന്‍റെ ഓര്‍മ ശരിയാണെങ്കില്‍' എന്നത് രാഷ്‌ട്രീയ രംഗത്തുള്ളവരുടെ സ്ഥിരം പല്ലവിയാണ്. ഒരുക്കമില്ലാതെ പറയുന്ന പ്രസംഗത്തിലാണ് ഇപ്രകാരം പറയേണ്ടിവരുന്നത്. നിരായുധനായി യുദ്ധക്കളത്തിലേക്കു പോകുന്ന പടയാളിയെപ്പോലെയാണ് ഒരുങ്ങാതെ പോകുന്ന പ്രസംഗകന്‍. ഒരുങ്ങാതെ പ്രസംഗത്തിന് പോകരുത്. വിഷയത്തെ അടിസ്ഥാനമാക്കി എന്ത്, എന്തിന്, എങ്ങനെ, എപ്പോള്‍, എത്രത്തോളം എന്നിങ്ങനെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്തണം. സംബോധന, ആമുഖം, വിഷയാപഗ്രഥനം, ഉപസംഹാരം, എന്നീ ക്രമത്തില്‍ പ്രസംഗത്തിന്‍റെ ഒരു സ്ഥൂലരൂപം തയാറാക്കണം. അതനുസരിച്ച് സമഗ്രമായ തയാറെടുപ്പ് നടത്തണം. പറയാനുള്ളതിനെക്കുറിച്ച് ബോധ്യമുണ്ടാകുക, ബോധ്യം വരാതെ ഒന്നും പറയാതിരിക്കുക എന്ന ചിന്ത പ്രസംഗകനുണ്ടായിരിക്കണം. നന്നായി ഒരുങ്ങിയാല്‍ ആത്മവിശ്വാസം വർധിക്കും. സഭാകമ്പം ഒഴിവാകും. പറയാന്‍ ഉദ്ദേശിക്കുന്നവ വസ്തുതാപരമായി ശരിയാണോ എന്നറിയാന്‍ രേഖകള്‍ പരിശോധിച്ചും മറ്റുള്ളവരോട് തിരക്കിയും കൃത്യത വരുത്തിയാല്‍ "ഓര്‍മ ശരിയാണെങ്കില്‍' എന്ന് പറയേണ്ടിവരില്ല.

"എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല' എന്ന് ചിലര്‍ പ്രസംഗത്തിന്‍റെ തുടക്കത്തിലേ പറയും. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കില്‍ പ്രസംഗിക്കാന്‍ മുതിരരുത്. എന്തെങ്കിലും പറയാനുണ്ടെന്ന് ബോധ്യം വരാതെ പ്രസംഗിക്കരുതെന്നാണ് പ്രമാണം. എനിക്ക് സവിശേഷമായി ചിലകാര്യങ്ങള്‍ നിങ്ങളെ അറിയിക്കാനുണ്ട് എന്ന ഭാവത്തിലാകണം പ്രസംഗത്തിന് മുതിരേണ്ടത്.

"എനിക്ക് കൂടുതലായി ഒന്നും പറയാനില്ല', "വിഷയസംബന്ധമായി ഇത്രയേ പറയാനുള്ളൂ, തത്കാലം നിറുത്തട്ടെ' ഈ പ്രയോഗങ്ങള്‍ പ്രസംഗകന്‍റെ സ്റ്റോക്ക് തീര്‍ന്നു എന്ന ധ്വനിയാണ് സൃഷ്ടിക്കുന്നത്. "നിങ്ങളുടെ വിലയേറിയ സമയം പാഴാക്കിയതില്‍ ഖേദിക്കുന്നു'. "ഞാന്‍ നിങ്ങളെ മുഷിപ്പിക്കുകയില്ലെന്ന് കരുതട്ടെ.' "എന്‍റെ പ്രസംഗം അധിക പ്രസംഗമായില്ലെന്ന് കരുതട്ടെ.' "നിങ്ങളുടെ ക്ഷമ ഞാന്‍ പരീക്ഷിക്കുന്നില്ല', "ഞാന്‍ നിറുത്തുകയാണ് നല്ലതെന്ന് തോന്നുന്നു'. "ഏതോ മഹാന്‍ എവിടേയോ പറഞ്ഞപോലെ', "വെറുതെ പറഞ്ഞു എന്നേയുള്ളൂ, ശരിയാണോ എന്നെനിക്കറിയില്ല'. "എന്താ പറയുക, എന്നെനിക്കറിയില്ല' തുടങ്ങിയ പ്രയോഗങ്ങളും പ്രസംഗത്തിന്‍റെ മാറ്റ് കുറയ്ക്കും.

ഹാർദവമായി എന്നതിനേക്കാൾ ഹാർദമായി എന്നതാണ് കൂടുതൽ നല്ലത്. കൂടാതെ ചില തഴക്ക ദോഷങ്ങളും വികൃത ചേഷ്ഠകളും കാട്ടുന്നവരുണ്ട്. അവയും ഒഴിവാക്കേണ്ടതാണ്.അപശബ്ദങ്ങൾ വാക്കുകൾക്കും വാചകങ്ങൾക്കും ഇടയിൽ വരാതെ ശ്രദ്ധിക്കണം. പ്രതിഭ എന്നതിനേക്കാൾ നിരന്തര പരിശ്രമം കൊണ്ടാണ് നല്ല പ്രസംഗകനാകുവാൻ കഴിയുക. ചിന്തകനായ ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് പറയുന്നു. "ആത്മാർഥമായി പറയുക. ചുരുക്കിപ്പറയുക. ഇരിക്കുക'.

(അഭിഭാഷകനും ട്രെയ്നറും മെന്‍ററുമായ ലേഖകൻ പ്രസംഗകല ശാസ്ത്രീയമായി പഠിപ്പിക്കുന്ന മഹാത്മാ സ്പീച്ച് അക്കാദമിയുടെ ഡയറക്റ്ററും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനുമാണ്. 8075789768)

logo
Metro Vaartha
www.metrovaartha.com