പിന്നാമ്പുറങ്ങളിലെ വിലാപങ്ങളും കോളനി, ഊര് സങ്കേതങ്ങളും

പൊതുസ്ഥലങ്ങള്‍, ഗ്രാമത്തിലെ കിണറുകള്‍, കുളങ്ങള്‍, ഹോട്ടലുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ഉപയോഗിക്കുവാന്‍ ഏറെക്കാലത്തോളം പട്ടികജാതിക്കാരെ അനുവദിച്ചിരുന്നില്ല
പിന്നാമ്പുറങ്ങളിലെ വിലാപങ്ങളും കോളനി, ഊര് സങ്കേതങ്ങളും
പിന്നാമ്പുറങ്ങളിലെ വിലാപങ്ങളും കോളനി, ഊര് സങ്കേതങ്ങളും

അഡ്വ. ജി. സുഗുണന്‍

സാമൂഹ്യമായും വിദ്യാഭ്യാസപരമായും സംസ്‌കാരികമായും നൂറ്റാണ്ടുകളായി പിന്നണിയിലായിപ്പോയ സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളാണ് പിന്നാക്കക്കാര്‍. ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗങ്ങളാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. സമൂഹത്തിലെ പിന്നാമ്പുറങ്ങളിലെ ഇക്കൂട്ടര്‍ ഇന്നും എല്ലാ നിലയിലും കടുത്ത യാതനകളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വഴിനടക്കാനും പൊതുകുളങ്ങളില്‍ നിന്ന് വെള്ളമെടുക്കാനും വസ്ത്രം ധരിക്കാനും സ്‌കൂളില്‍ പോകാനും അടക്കമുള്ള അവകാശങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഗോത്രവര്‍ഗ വിഭാഗങ്ങളുടെ താമസ സ്ഥലങ്ങള്‍ തന്നെ കോളനി, ഊര്, സങ്കേതം തുടങ്ങിയ നാമങ്ങള്‍ കൊണ്ട് സമൂഹം അവരെ മറ്റൊരു രീതിയില്‍ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. താമസസ്ഥലത്തിന് പോലും ഈ ജനവിഭാഗത്തിന് അപമാനം ഉണ്ടാക്കുന്ന പേരുകളാണ് ഇപ്പോള്‍ കേരളത്തിലെ ഇടത് സര്‍ക്കാരും അധികാരമൊഴിയുന്ന പിന്നാക്ക വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനും ചേര്‍ന്ന് ധീരമായി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്,

ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന നിരവധി വ്യവസ്ഥകള്‍ നമ്മുടെ ഭരണഘടനയിലുണ്ട്. പട്ടികജാതികള്‍, പട്ടികവര്‍ഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, വൈകല്യമുള്ളവര്‍, ശിശുക്കള്‍ തുടങ്ങിയവരാണ് ദുര്‍ബല ജനവിഭാഗം. നിര്‍ഭാഗ്യവശാല്‍ ദുര്‍ബല ജനവിഭാഗത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ പോലും നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്.

പിന്നാക്ക വര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടവരാണ് പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍. സാമൂഹ്യമായ വിവേചനവും, സാമ്പത്തികമായ പിന്നാക്കാവസ്ഥയും അനുഭവിച്ചാണ് ഇവര്‍ ജീവിക്കുന്നത്. അതിനാല്‍ സമൂഹത്തിലെ മറ്റുള്ളവരോടൊപ്പം അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റവും ശക്തമായ ഇടപെടല്‍ കൂടിയേ തീരൂ. പരമ്പരാഗത ഹിന്ദു സാമൂഹ്യഘടനയിലെ ഏറ്റവും താഴത്തെ തലത്തില്‍പ്പെട്ടവരാണ് പട്ടികജാതിക്കാര്‍. അധഃകൃത വര്‍ഗങ്ങള്‍ എന്നും അവരെ വിളിക്കാറുണ്ട്.

പട്ടികജാതിക്കാര്‍ തൊട്ടുകൂടാത്തവരായിരുന്നു. പൊതുസ്ഥലങ്ങള്‍, ഗ്രാമത്തിലെ കിണറുകള്‍, കുളങ്ങള്‍, ഹോട്ടലുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ഉപയോഗിക്കുവാന്‍ ഏറെക്കാലത്തോളം പട്ടികജാതിക്കാരെ അനുവദിച്ചിരുന്നില്ല. ഉന്നത ജാതിക്കാര്‍ നിന്ദ്യവും ഹീനവുമായിക്കരുതിയിരുന്ന തൊഴിലുകളാണ് പട്ടികജാതിക്കാര്‍ ചെയ്തിരുന്നത്. പട്ടികജാതിക്കാര്‍ ഉന്നതജാതിക്കാരുടെ ചൂക്ഷണങ്ങള്‍ക്ക് നിരന്തരം വിധേയമായി. സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായുമെല്ലാം പിന്നണിയില്‍പ്പോയ ഇവര്‍ അങ്ങേയറ്റം ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. രാജ്യത്തിന്‍റെ സമ്പത്തിലും, ഉല്‍പ്പാദന പ്രക്രയിലും സുപ്രധാന പങ്കുവഹിച്ചിരിന്ന അവരുടെ സേവനത്തെ ആരും മാനിച്ചിരുന്നില്ല.

സാമ്പത്തികമായും സാമൂഹികമായും രാഷ്‌ട്രീയമായും പര്‍ശ്വവത്കരിക്കപ്പെട്ട മറ്റൊരു വിഭാഗമാണ് പട്ടിക വര്‍ഗക്കാര്‍. ഗോത്ര വര്‍ഗങ്ങളിലേയോ ഗോത്ര സമുദായങ്ങളിലോയോ ജനങ്ങളാണ് പട്ടികവര്‍ഗക്കാര്‍. കാടുകളിലും മലംപ്രദേശങ്ങളിലും മറ്റുമായി ഒറ്റപ്പെട്ടു ജീവിക്കുന്ന പട്ടികവര്‍ക്കാരെ കാട്ടുജാതിക്കാര്‍, ഗിരിവര്‍ഗക്കാര്‍, ആദിവാസികള്‍, വനവാസികൾ എന്നെല്ലാം വിളിക്കാറുണ്ട്. പട്ടികവര്‍ഗങ്ങള്‍ മറ്റ് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. കൊടുംകാടുകളിലും മലംപ്രദേശങ്ങളിലും താമസിക്കുന്നതിനാല്‍ മറ്റുള്ളവരുമായി നിരന്തരം ബന്ധപ്പെടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഗോത്ര സംസ്‌കാരവും മറ്റു ജനങ്ങളുടെ ജീവിത രീതകളില്‍ നിന്ന് വ്യത്യസ്തമാണ്. അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും മനസിലാക്കാന്‍ ഗോത്രേതര ജനങ്ങള്‍ക്ക് കഴിയാറില്ല. പട്ടിക വര്‍ഗക്കാര്‍ നേരിടുന്ന ഏറ്റവും തീവ്രമായ പ്രശ്‌നം നിരക്ഷരതയാണ്. അവരുടെ പിന്നാക്കാവസ്ഥയ്ക്കും ഒറ്റപ്പെടലിനുമുള്ള പ്രധാനപ്പെട്ട ഒരു കാരണവും ഇതുതന്നെയാണ്. അനാരോഗ്യം, പോഷകാഹാരക്കുറവ്, മദ്യപാനം, കടുത്ത ദാരിദ്ര്യം തുടങ്ങിയ സാമൂഹ്യപ്രശ്‌നങ്ങളും ഇക്കൂട്ടര്‍ നേരിടുന്നുണ്ട്.

സംസ്ഥാനത്ത് പട്ടികവര്‍ഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളുടെ പേര് മാറുകയാണ്. കോളനി, സങ്കേതം, ഊര് എന്നീ പേരുകളിലാണ് നിലവില്‍ ഈ കേന്ദ്രങ്ങളെ അഭിസംബോധന ചെയ്തുവരുന്നത്. ഇത്തരത്തിലുള്ള പേരുകള്‍ അവമതിപ്പിന് കാരണമാകുന്ന രീതിയില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. പേരുമാറ്റത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുയാണ്.

ഗോത്രവര്‍ഗ കുടംബ കേന്ദ്രങ്ങളെ കോളനികള്‍ എന്നു വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പാണ് ഇതിനുള്ള ഫയലില്‍ അദ്ദേഹം ഒപ്പിട്ടത്. നിലവിലുള്ള ഇത്തരം പേരുകള്‍ക്കു പകരം കാലാനുസൃതമായി നാമകരണം നടത്തുന്നതാണ് ഉചിതമെന്ന് പട്ടികജാതി വികസന വകുപ്പ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പുതിയ ഉത്തരവിറക്കിയത്.

കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരമായി നഗര്‍, ഉന്നതി, പ്രകൃതി മുതലായ പേരുകളോ, ഓരോ സ്ഥലത്തും പ്രാദേശികമായി താല്പര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പല സ്ഥലത്തും തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. അതേസമയം നിലവില്‍ വ്യക്തികളുടെ പേരു നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ അത് തുടരാവുന്നതാണെന്ന് പട്ടികജാതി-പട്ടികവികസന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.

കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാ ബോധവും സൃഷ്ടിക്കുന്നതിനാലാണ് പേര് മാറ്റം. കോളനി എന്നത് അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണ്. അത് കേള്‍ക്കുമ്പോല്‍ തന്നെ പലര്‍ക്കും അപകര്‍ഷതാ ബോധം ഉണ്ടാകുന്നുണ്ടെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. അടിമത്വത്തേയും മേലാളന്മാരുടെ ആധിപത്യത്തേയും സൂചിപ്പിക്കുന്നതാണ് ഈ വാക്കുകള്‍. ഇതു മേലാളന്മാര്‍ ഉണ്ടാക്കിയതാണ്. നമ്മുടെ സംസ്‌കാരത്തിന്‍റെ പ്രശ്‌നം ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്. ബ്രിട്ടന്‍റെ കോളനിയായിരുന്നു ഇന്ത്യയെന്ന വിശേഷണത്തില്‍ തന്നെ ഒരു കീഴാള ബോധത്തിന്‍റെ സൂചനയുണ്ട്.

ചിട്ടവട്ടങ്ങള്‍ മാറ്റിയെഴുതിയ ചരിത്രപരമായ ഉത്തരവില്‍ കൈയൊപ്പ് ചാര്‍ത്തിയാണ് മന്ത്രി രാധാകൃഷ്ണന്‍റെ പിടിയിറങ്ങല്‍. മന്ത്രിപദത്തിലിരുന്ന അദ്ദേഹം കഴിഞ്ഞ 3 വര്‍ഷം പ്രവര്‍ത്തിച്ചത് പാര്‍ശ്വവല്‍കൃത സമൂഹത്തെ ചേര്‍ത്ത് പിടിക്കുക എന്ന കാഴ്ചപ്പാടോടെയായിരുന്നു. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ആദിവാസി- ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വളരെ സങ്കീർണമാണ്. രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇക്കൂട്ടരുടെ ദുരിതങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. അതിനാവശ്യമായ ശക്തമായ പ്രവര്‍ത്തനങ്ങളും, പ്രക്ഷോഭണങ്ങളും രാജ്യത്തെ മറ്റു ഭാഗങ്ങളോടൊപ്പം നമ്മുടെ സംസ്ഥാനത്തും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

താമസസ്ഥലത്തിനു പോലും മാന്യമായ പേര് ഇക്കൂട്ടര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ ദുഃസ്ഥിതിക്കാണ് അധികാരമൊഴിയുന്ന സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി രാധാകൃഷ്ണന്‍ ധീരമായ ഒരു തീരുമാനത്തില്‍ക്കൂടി പരിഹാരം കണ്ടിരിക്കുന്നത്. ഈ തീരുമാനത്തെ സംസ്ഥാനത്തെ അധഃസ്ഥിത ജനവിഭാഗം മാത്രമല്ല, സാമൂഹ്യനീതി നിലവില്‍വരണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ ജനതയും സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. ഐതിഹാസികമായി തീരുമാനം കൈക്കൊണ്ട സംസ്ഥാന സര്‍ക്കാരിനും മന്ത്രി രാധാകൃഷ്ണനും അഭിനന്ദനങ്ങള്‍!

(ലേഖകന്‍റെ ഫോണ്‍: 9847132428)

Trending

No stories found.

Latest News

No stories found.