കാർഷികമേഖലയിൽ 'ഡ്രോൺ യുഗം'

കേന്ദ്ര രാസവസ്തു, വളം മന്ത്രി, ഡോ മൻസുഖ് മാണ്ഡവ്യ എഴുതുന്നു
കാർഷികമേഖലയിൽ 'ഡ്രോൺ യുഗം'

പഞ്ചാബിലെ ശാദ്വലമായ വയലുകളുടെ ഹരിതാഭ നിറഞ്ഞ ശാന്തതയിലൂടെ യാത്ര ചെയ്യവെ ദൂരെയെങ്ങോ മുഴങ്ങുന്ന ഒരു ശബ്ദത്തിലേക്ക് എന്‍റെ ശ്രദ്ധ ആകർഷിക്കപ്പെട്ടു. അതിന്‍റെ ഉറവിടം അറിയാനുള്ള ആകാംക്ഷ, നാനോ യൂറിയ ദ്രാവകം തളിക്കാൻ ഡ്രോൺ പ്രവർത്തിപ്പിക്കുന്ന രണ്ടു ഗ്രാമീണ കർഷകരുടെ മുന്നിലാണ് എന്നെയെത്തിച്ചത്. രാജ്യത്തിന്‍റെ വിദൂര കോണുകളിലുള്ള ഗ്രാമീണ കർഷകർ നൂതനമായ ഒരു ആശയം ആവേശത്തോടെ സ്വീകരിക്കുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. ഇന്ത്യൻ കാർഷികമേഖല "ഡ്രോൺ നിമിഷത്തിന്" സാക്ഷ്യം വഹിക്കുകയാണെന്ന് എന്‍റെ മനസ് പറഞ്ഞു.

നമ്മുടെ രാജ്യത്ത് 'ഡ്രോൺ യുഗം' പിറന്നിരിക്കുന്നു. അവരുടെ ഗ്രാമത്തിലെ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ യിൽ പങ്കെടുത്തപ്പോഴാണ് കാർഷിക ഡ്രോണുകളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് കർഷകർ എന്നോട് പറഞ്ഞു. ദ്രവരൂപത്തിലുള്ള രാസവളങ്ങളും കീടനാശിനികളും സ്വന്തം കൃഷിയിടങ്ങളിൽ അത്യന്തം കാര്യക്ഷമമായി തളിക്കുന്നതിന് പുതിയ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാണെന്ന് അവർ വിവരിച്ചു.

പരമ്പരാഗത കാളവണ്ടികളിൽ നിന്ന് ട്രാക്റ്റർ അധിഷ്ഠിത കൃഷിയിലേക്ക് മാറിക്കഴിഞ്ഞ ഇന്ത്യൻ കാർഷിക രംഗം ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. കാർഷിക വൃത്തിയിൽ ഡ്രോണുകളുടെ ഉപയോഗം കാർഷിക വിപ്ലവത്തിന്‍റെ മൂന്നാം തരംഗത്തിന്‍റെ ആരംഭമാണ്. കാർഷിക-ഡ്രോൺ സാങ്കേതികവിദ്യ കാർഷിക രീതികളെ നവീകരിക്കുന്നതിലും പരിവർത്തനപ്പെടുത്തുന്നതിലും യഥാർഥ വഴിത്തിരിവാകും. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന പമ്പുകൾ ഉപയോഗിച്ച് കീടനാശിനികളും ദ്രവ രാസവളങ്ങളും സ്വമേധയാ തളിക്കുന്ന, സമയമെടുക്കുന്നതും മടുപ്പിക്കുന്നതുമായ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു; ഡ്രോണുകൾ ഉപയോഗിച്ച് തളിക്കുന്ന കൂടുതൽ കാര്യക്ഷമവും ഉത്പാദനക്ഷമവുമായ സാങ്കേതികതയിലേക്ക് ഈ പ്രക്രിയ ക്രമേണ പരിവർത്തനം ചെയ്യപ്പെടുന്നു. വികസിത്, ആത്മനിർഭർ ഭാരത് ആശയങ്ങളിൽ നിർണ്ണായക ഘടകമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാർഷിക മേഖലയുടെ കാര്യക്ഷമതയും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും കാർഷിക രീതികളുടെ ആധുനികവത്കരണം അത്യന്താപേക്ഷിതവും അനിവാര്യവുമാണ്.

1960കളിലെ ഹരിതവിപ്ലവം പുതിയ കാർഷിക ഉപകരണങ്ങൾ, അത്യുത്പാദന ശേഷിയുള്ള വിത്തുകൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നിവയുടെ ആവിർഭാവത്തിന് സാക്ഷ്യം വഹിച്ചു. നമ്മുടെ പരിസ്ഥിതി, മണ്ണിന്‍റെ ആരോഗ്യം-ഫലഭൂയിഷ്ഠത എന്നിവയുടെ ദീർഘകാല സുസ്ഥിരത നിലനിർത്തുന്നതിന്, രാസവളങ്ങളുടെ സന്തുലിത ഉപയോഗം ഉറപ്പാക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യം വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്നു. ഫലപ്രദമായ ബദൽ എന്ന നിലയിൽ, ബയോ, നാനോ, ജൈവ തുടങ്ങിയ ഇതര വളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പിഎം പ്രണാമം, ഗോബർധൻ തുടങ്ങിയ ഒട്ടേറെ സംരംഭങ്ങൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. ഈ പുതിയ സംരംഭങ്ങളെക്കുറിച്ച് കർഷകരിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും ഒരു കുടക്കീഴിൽ സംയോജിത പരിഹാരങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ സ്ഥാപിച്ചത്.

പരമ്പരാഗത രാസവളങ്ങൾക്ക് പരിസ്ഥിതി സൗഹൃദവും ഫലപ്രദവുമായ ബദൽ എന്ന നിലയിൽ തദ്ദേശീയമായി വികസിപ്പിച്ച നാനോ വളങ്ങൾ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോൾ, പരമ്പരാഗത യൂറിയയുടെ 45 കിലോ ചാക്കിന് പകരം കുപ്പിയിൽ ലഭിക്കുന്ന അര ലിറ്റർ നാനോ യൂറിയ ഉപയോഗിച്ച് മണ്ണിന്‍റെ ഗുണനിലവാരം നിലനിർത്തുന്നതിനും വിളവ് മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു. മികച്ച പോഷക ഉപയോഗക്ഷമതയും കൈകാര്യം ചെയ്യുന്നതിലെ എളുപ്പവും മറ്റ് നേട്ടങ്ങളാണ്. അതിന്‍റെ വിശാലമായ സ്വീകാര്യത ഉറപ്പാക്കുന്നതിലെ അടുത്ത വെല്ലുവിളി, കാര്യക്ഷമമായ നിർവഹണ സംവിധാനത്തിനുള്ള ഒരു രീതി വികസിപ്പിക്കുക, എളുപ്പത്തിൽ സ്വീകാര്യമാകുന്ന തരത്തിലുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുക, കർഷക സമൂഹത്തിനുള്ള പ്രയോജനങ്ങൾ ഫലപ്രദമായി ആശയവിനിമയം ചെയ്യുക എന്നിവയാണ്.

ഇന്ത്യയിലെ പുതിയ-ചലനാത്മകമായ സ്റ്റാർട്ടപ്പുകളും ദ്രവ വളങ്ങളുടെ പ്രയോഗത്തിന് ഫലപ്രദവും കാര്യക്ഷമവുമായ കിസാൻ ഡ്രോൺ സാങ്കേതികതവിദ്യ വാഗ്ദാനം ചെയ്യുന്നു. ഒരു ഏക്കർ കൃഷിഭൂമിയിൽ മിനിറ്റുകൾക്കുള്ളിൽ രാസവളങ്ങളും കീടനാശിനികളും തളിക്കുന്നതിനുള്ള ശേഷി കൈവരിച്ചത്, മണിക്കൂറുകളോളം പാടങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന കർഷകർക്ക് അനുഗ്രഹമായി മാറി. കൂടുതൽ ഒഴിവു സമയം ലഭിക്കുന്നതിനാൽ, വരുമാനം വർധിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കൂടുതൽ ഉത്പാദനക്ഷമമായ ജോലികളിൽ ഏർപ്പെടാനും കർഷകർക്ക് കഴിയും.

രാജ്യത്തെ വനിതകളെ ശാക്തീകരിക്കുകയും വികസനത്തിൽ വനിതകളുടെ പങ്ക് വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജി വിഭാവനം ചെയ്യുന്നത്. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തവെ, 2023 നവംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നമോ ഡ്രോൺ ദീദി സംരംഭം, കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് വാടകയ്ക്ക് ലഭ്യമാക്കാനുതകും വിധം, 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ നൂതന സംരംഭം കർഷകർക്ക് ദ്രാവക വളങ്ങളും കീടനാശിനികളും തളിക്കുന്നതിന് ഡ്രോണുകൾ എളുപ്പത്തിൽ ലഭ്യമാക്കുക മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിനും ഗ്രാമീണ സമൃദ്ധിക്കും സംഭാവന നൽകുകയും ചെയ്യും. ഇത് ഇന്ത്യയുടെ ഡ്രോൺ എയറോനോട്ടിക്‌സ് മേഖലയ്ക്ക് ശക്തി പകരുകയും ഡ്രോൺ നിർമാണ സൗകാര്യങ്ങൾ തുടങ്ങാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുകയും ചെയ്യും. രാജ്യത്തിന്‍റെ വിദൂര കോണുകളിൽ ഡ്രോൺ പൈലറ്റുമാർക്കും ഡ്രോൺ മെക്കാനിക്കുകൾക്കുമായി തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിലൂടെ സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ഗ്രാമീണ, നഗര സമ്പദ്‌വ്യവസ്ഥകൾക്ക് ഊർജം പകരുകയും ചെയ്യും.

ഏതൊരു നൂതന സംരംഭവും വിജയകരമായി നടപ്പാക്കുന്നതിൽ ഫലപ്രദമായ ആശയവിനിമയം നിർണ്ണായകമാണ്. 2023 നവംബർ 15 മുതൽ രാജ്യവ്യാപകമായി നടക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ ഡ്രോണുകൾ പ്രാഥമിക ആകർഷണമായി മാറിയിട്ടുണ്ട്. വികസിത് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ മുഴുവൻ സംസ്ഥാനങ്ങളിലുമായി 50,000ലധികം ഡ്രോൺ പ്രദർശനങ്ങൾ നടന്നു. കാർഷിക വൃത്തിയിൽ ഈ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള വലിയ താത്പര്യം ഇത് കർഷകരിൽ ജനിപ്പിച്ചു.

"ഡ്രോൺ നിമിഷം" കൂടുതൽ ഉയരങ്ങളിലെത്താൻ ഇന്ത്യൻ കാർഷിക മേഖലയ്ക്ക് ചിറകുകൾ നൽകി. വളർച്ചയുടെയും സമഗ്ര വികസനത്തിന്‍റെയും പുതിയ പാതയിൽ രാജ്യം മുന്നേറുമ്പോൾ അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനവും സംതൃപ്തിയും ചാരിതാർഥ്യവുമുണ്ട്. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാകാൻ നാം സജ്ജമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com