union minister on agricultiral sector
ശിവരാജ് സിങ് ചൗഹാൻ

കാലാവസ്ഥാ പ്രതിസന്ധി കാലത്ത് കാര്‍ഷിക വളര്‍ച്ചയ്ക്ക് കളമൊരുക്കല്‍

10 വർഷത്തിനിടെ കാർഷിക മേഖല അതിവേഗം വികസിച്ചു. ആഗോള താപനം, പാരിസ്ഥിതിക അസന്തുലിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾക്കിടയിൽ ഉത്പാദനം വർധിപ്പിക്കുക എന്നതാണ് വെല്ലുവിളി
Published on

ശിവരാജ് സിങ് ചൗഹാൻ, കേന്ദ്ര കൃഷി- കർഷക ക്ഷേമ-

ഗ്രാമവികസന മന്ത്രി

കാർഷിക വികസനവും കർഷക ക്ഷേമവും സര്‍ക്കാറിന്‍റെ പ്രഥമ മുൻഗണനകളിലൊന്നാണ്. അന്നദാതാക്കളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരികയെന്നത് ഞങ്ങളുടെ ദൃഢനിശ്ചയമാണ്. ഇത് സാക്ഷാത്ക്കരിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. കർഷകരുടെ വരുമാന വർധനയ്ക്ക് സഹായകമാകുന്ന ആറുതല തന്ത്രം രൂപീകരിച്ചിട്ടുണ്ട്. ഉത്പാദനം വർധിപ്പിക്കുക, കാർഷികോത്പന്നങ്ങളുടെ വില കുറയ്ക്കുക, ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക, പ്രകൃതിദുരന്ത സാഹചര്യങ്ങളില്‍ ഉചിതമായ സാമ്പത്തിക സഹായം നൽകുക, ജൈവകൃഷിയുടെ പ്രോത്സാഹനം, വൈവിധ്യവല്‍ക്കരണം എന്നിവയാണ് ഈ കാഴ്ചപ്പാടിന്‍റെ പ്രധാന വശങ്ങൾ. ഉത്പാദന വർധനയ്ക്കും ചെലവ് കുറയ്ക്കാനുമുള്ള പ്രധാന മാര്‍ഗം മികച്ച വിത്തുകളാണ്. ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥയിലുമെല്ലാം ഉത്പാദനം വർധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇത്തരം 109 പുതിയ വിത്തുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്കും രാജ്യത്തിനുമായി സമർപ്പിച്ചത്.

10 വർഷത്തിനിടെ കാർഷിക മേഖല അതിവേഗം വികസിച്ചു. ആഗോള താപനം, പാരിസ്ഥിതിക അസന്തുലിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾക്കിടയിൽ ഉത്പാദനം വർധിപ്പിക്കുക എന്നതാണ് വെല്ലുവിളി. ഇത് നേരിടാൻ അടുത്ത 5 വർഷത്തിനകം 1,500 പുതിയ കാലാവസ്ഥാ സൗഹൃദ വിളകൾ വികസിപ്പിക്കും. കർഷകക്ഷേമം നിർണയിക്കാൻ ശാസ്ത്രത്തിന് മാത്രമേ സാധിക്കൂ. കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാർഷികോൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്ന നമ്മുടെ കാർഷിക ശാസ്ത്രജ്ഞരില്‍ ഞാൻ അഭിമാനിക്കുന്നു. കാര്‍ഷികരംഗത്തെ നൂതനാശയങ്ങൾ കൃഷിയുടെയും കർഷകരുടെയും ക്ഷേമം ഉറപ്പാക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഒരു കർഷകനെന്ന നിലയിൽ, മികച്ച ഉത്പാദനത്തില്‍ നല്ല വിത്തുകൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എനിക്ക് നന്നായി അറിയാം. വിത്തുകൾ ഒരു പ്രത്യേക പ്രദേശത്തെ മണ്ണിന്‍റെയും കാലാവസ്ഥയുടെയും സ്വഭാവത്തിന് അനുയോജ്യവും മികച്ചതുമാണെങ്കിൽ ഉത്പാദനത്തിൽ അഭൂതപൂർവമായ വർധനയുണ്ടാകും. പ്രധാനമന്ത്രി ഇത് മനസിലാക്കുകയും ഈ ദിശയിൽ വിശാലമായ കാഴ്ചപ്പാടോടെ പ്രവർത്തിക്കാൻ ഞങ്ങള്‍ക്ക് വഴികാട്ടുകയും ചെയ്തു. വൈവിധ്യമാണ് നമ്മുടെ കാര്‍ഷികരംഗത്തിന്‍റെ പ്രത്യേകത. ഇവിടെ ഓരോ ചെറിയ ദൂരം പിന്നിടുമ്പോഴും കൃഷിരീതിയില്‍ മാറ്റങ്ങള്‍ കാണാം. ഈ മാറ്റങ്ങളും അന്തരവും മനസിലാക്കിയാണ് നാം പുതിയ 109 ഇനം വിത്തുകൾ പുറത്തിറക്കിയത്. ഇതിൽ 69 ഇനങ്ങൾ സാധാരണ കൃഷിക്കും 40 ഇനങ്ങൾ തോട്ടക്കൃഷിയ്ക്കും വേണ്ടിയുള്ളതാണ്. ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയെ ആഗോള പോഷകാഹാര കേന്ദ്രമാക്കി മാറ്റാനും ദൃഢനിശ്ചയമെടുത്ത മോദി സർക്കാർ ഇതിന് പ്രതിജ്ഞാബദ്ധവുമാണ്.

കർഷകരുടെ കഠിനാധ്വാനത്തിന്‍റെ വിലയിരുത്തൽ കൃത്യമായി നടക്കുന്നുവെന്നും അവരുടെ വിളകൾക്ക് ന്യായവില ലഭിക്കുന്നുവെന്നും ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ദൃഢനിശ്ചയമാണ്. ഇതിനായി ഞങ്ങൾ അവരുടെ ഉത്പ്പന്നങ്ങൾ കുറഞ്ഞ താങ്ങുവിലയ്ക്ക് വാങ്ങുന്നു. ഉല്പാദന വര്‍ധനയ്ക്കൊപ്പം കർഷകരുടെ വരുമാനവും വർധിപ്പിക്കുക എന്നതിന് മുൻഗണന നല്‍കുന്നതിനൊപ്പം കാർഷികോൽപ്പാദനം നമ്മുടെ ആരോഗ്യത്തിനും മണ്ണിനും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിലും ഇന്ത്യ ശ്രദ്ധ ചെലുത്തുന്നു. ഇന്ത്യ ഇന്ന് ഒരു പുതിയ ഹരിത വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. നമ്മുടെ അന്നദാതാക്കള്‍ ഇന്ന് ഊർജദാതാക്കളും ഇന്ധനദാതാക്കളുമായി മാറുന്നു. പ്രധാനമന്ത്രിയുടെ ശ്രമഫലമായി, സാധാരണ കൃഷിയ്ക്കൊപ്പം മൃഗസംരക്ഷണം, തേനീച്ചവളർത്തൽ, ഔഷധകൃഷി, പൂക്കളുടെയും പഴവർഗങ്ങളുടെയും കൃഷി തുടങ്ങിയ മേഖലകളും ശക്തിപ്പെടുകയാണ്.

മുൻ സർക്കാറുകൾ കൃഷിയ്ക്കും കർഷകർക്കും ഒരിക്കലും മുൻഗണന നൽകിയിരുന്നില്ല; അതേസമയം മോദിയുടെ നേതൃത്വത്തിൽ കാർഷിക മേഖല അഭൂതപൂർവമായ പുരോഗതി കൈവരിച്ചു. 2013-14 സാമ്പത്തികവര്‍ഷം 27,663 കോടി രൂപയായിരുന്ന കാർഷിക മന്ത്രാലയത്തിന്‍റെ ബജറ്റ് 2024-25ൽ 1,32,470 കോടി രൂപയായി ഉയർന്നു. കൃഷി വകുപ്പിന് മാത്രമുള്ള ബജറ്റ് വിഹിതമാണിത്. കൃഷിയുടെ മറ്റ് മേഖലകൾക്കും വളം സബ്‌സിഡിയ്ക്കും പ്രത്യേക ബജറ്റുണ്ട്. യൂറിയയും ഡിഎപിയും (ഡയ് അമോണിയം ഫോസ്ഫേറ്റ്) മോദി സർക്കാർ കർഷകർക്ക് കുറഞ്ഞ നിരക്കിൽ നൽകുന്നു. യൂറിയയ്ക്ക് ഏകദേശം 2,100 രൂപയും ഒരു സഞ്ചി ഡിഎപിക്ക് 1,083 രൂപയുമാണ് കർഷകർക്ക് സർക്കാർ സബ്‌സിഡിയായി നൽകുന്നത്. പ്രധാന്‍മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ കർഷകർ സ്വയംപര്യാപ്തരാവുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തു. വിളനാശമുണ്ടാകുന്ന സാഹചര്യത്തില്‍ കർഷകർക്ക് ലഭിക്കുന്ന വലിയ ഇൻഷ്വറൻസ് പരിരക്ഷയാണ് പ്രധാന്‍മന്ത്രി ഫസൽ ബീമാ യോജന.

കർഷകരെ ശാക്തീകരിക്കാനും കൃഷി എളുപ്പമാക്കാനും അവരുടെ പ്രശ്നങ്ങൾ കുറയ്ക്കാനും ലാഭം വർധിപ്പിക്കാനും വിത്ത് മുതൽ വിപണി വരെ എല്ലാ തീരുമാനങ്ങളും മോദി സർക്കാർ കൈക്കൊണ്ടു. ഈ ദിശയിൽ ഒരു ലക്ഷം കോടി രൂപയുടെ കാർഷിക അടിസ്ഥാനസൗകര്യ നിധിയിലൂടെ ക‍ാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ്. 700ലധികം കൃഷി വിജ്ഞാന കേന്ദ്രങ്ങൾ കർഷകരെ ശാസ്ത്രവുമായി ബന്ധിപ്പിക്കുന്നു. നമോ ഡ്രോൺ ദീദി പദ്ധതി വിദൂര സ്ഥലങ്ങളിലെ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നു. കൃഷി സഖികൾ മുഖേന 35,000 കർഷക തൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.

അടുത്ത 5 വർഷത്തിനകം 18,000 കോടി രൂപ ചെലവിൽ 100 കയറ്റുമതി- അധിഷ്ഠിത തോട്ടകൃഷി സംഘങ്ങളെ നാം സൃഷ്ടിക്കും. കർഷകർക്ക് വിപണി ലഭ്യത എളുപ്പമാക്കുന്നതിന് 1500ലധികം കാർഷിക വിപണികള്‍ സംയോജിപ്പിക്കും. ഇതോടൊപ്പം, 6,800 കോടി രൂപ ചെലവിൽ എണ്ണക്കുരു ദൗത്യത്തിനും നാം തുടക്കം കുറിയ്ക്കുകയാണ്. പച്ചക്കറി ഉത്പാദന സംഘങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ചെറുകിട കർഷകർക്ക് പുതിയ വിപണികളിലേക്ക് കടക്കാനും അവരുടെ പച്ചക്കറികൾക്കും പഴങ്ങൾക്കും മറ്റ് ഉത്പന്നങ്ങൾക്കും മികച്ച വില ലഭിക്കാനും ഇത് സഹായിക്കും. പയറുവർഗങ്ങളില്‍ തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന പരിപ്പ് എന്നിവയുടെ മുഴുവൻ സംഭരണവും കുറഞ്ഞ താങ്ങുവിലയില്‍ നടത്താന്‍ സർക്കാർ തീരുമാനിച്ചു.

യജുർവേദത്തിൽ, ""അന്നനാം പതയേ നമഃ, ക്ഷേത്രാനാം പതയേ നമഃ'' എന്നൊരു ചൊല്ലുണ്ട്. ‘ധാന്യ ഉത്പാദകരെയും കൃഷിയിട സംരക്ഷകരെയും ഞങ്ങൾ നമിക്കുന്നു’എന്നാണ് ഇതിനർഥം. ""ആഹാരം ജീവനാണ്, ആഹാരം ശക്തിയാണ്, എല്ലാ ആവശ്യങ്ങൾക്കും ഉപാധിയുമാണ്'' എന്ന് കൃഷി പരാശരത്തിലും പരാമർശമുണ്ട്. കർഷകരില്ലാതെ നമ്മുടെ രാജ്യത്തിന്‍റെ നിലനിൽപ്പ് അപൂർണമായതിനാലാണ് പുരാതന ഗ്രന്ഥങ്ങളിൽ പോലും കർഷകരെ ആദരിക്കുന്നത്. കൃഷി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലും കർഷകർ അതിന്‍റെ ആത്മാവുമാണ്. നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്.

സ്വതന്ത്ര ഇന്ത്യയുടെ ഈ സുവർണ കാലഘട്ടത്തിൽ (ആസാദി കാ അമൃത് കാൽ) നമ്മുടെ കർഷക സഹോദരങ്ങള്‍ സ്വയം പര്യാപ്തരാവുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. നമ്മുടെ രാജ്യത്തെ ധാന്യപ്പുരകള്‍ ഐശ്വര്യത്താലും സമൃദ്ധിയാലും നിറയുന്നത് ഇനിയും തുടരും.