Special article by Union Minister of State Rajeev Chandrasekhar on National Startup Day
Special article by Union Minister of State Rajeev Chandrasekhar on National Startup Day

ഇന്ത്യ ഡെക്കേഡിനെ രൂപപ്പെടുത്തുന്ന ഡിജിറ്റൽ ഇന്ത്യ സ്റ്റാർട്ടപ്പുകൾ

ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനം, കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എഴുതുന്നു.

രാജീവ് ചന്ദ്രശേഖർ

കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ ഏറെ ആഴത്തിലുള്ളതും അതീവ നിർണായകവുമായ നിരവധി പരിവർത്തനങ്ങളിലൂടെ നമ്മുടെ രാജ്യം കടന്നു പോവുകയുണ്ടായി. രാഷ്‌ട്രീയ സംസ്‌കാരത്തിലും ഭരണത്തിലും സമ്പദ്‌വ്യവസ്ഥയിലും നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ചുള്ള ആത്മാഭിമാനത്തിലുമാണ് കൂടുതൽ പരിവർത്തനങ്ങളും സംഭവിച്ചത്.

യുപിഎയുടെ സാമ്പത്തിക തകർച്ച, അഴിമതിയുമായുള്ള ചങ്ങാത്തം, വികലമായ പ്രീണനനയങ്ങൾ എന്നിവ നിറഞ്ഞ ഒരു ദശാബ്ദത്തിനു പിന്നാലെ വന്ന ഇക്കഴിഞ്ഞ ദശകം, ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച 5 സമ്പദ്‌വ്യവസ്ഥകളുടെ ഗണത്തിലെത്തിച്ചിരിക്കുന്നു. 2014 വരെയുള്ള 10 വർഷങ്ങൾ കൊണ്ട് കോൺഗ്രസും യുപിഎയും ചേർന്ന് സൃഷ്ടിച്ചെടുത്തിരുന്ന ലോകത്തെ ദുർബലമായ 5 സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് വളരെ അകലെയാണ് ഇന്ന് നമ്മൾ നിലകൊള്ളുന്നത് .

ഏതാനും "ഗ്രൂപ്പുകൾ" മാത്രം ആധിപത്യം വച്ചുപുലർത്തിയിരുന്ന ഒരു സംവിധാനത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇന്ന് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പരമ്പരാഗത വ്യവസായങ്ങൾ മുതൽ സ്റ്റാർട്ടപ്പുകളും മൈക്രോ സംരംഭകരുമടക്കമുള്ളവർക്കിടയിൽ ഈ വ്യതിയാനം പ്രകടമാണ്.

ദ്രുതഗതിയിലുള്ള ഈ വളർച്ചയിൽ ഇന്ത്യൻ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പങ്ക് വിസ്മരിക്കാവുന്നതല്ല. 2014-ൽ ഇത് നമ്മുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) നാല് മുതൽ 5 ശതമാനം വരെ ആയിരുന്നുവെങ്കിൽ ഇന്ന് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ പതിനൊന്നു ശതമാനവും ഡിജിറ്റൽ സമ്പദ്ക്രമത്തിലൂടെയാണ് നടക്കുന്നത്. 2026-ഓടെ ഇത് ജിഡിപിയുടെ 20%-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ജിഡിപിയുടെ 2.5 മടങ്ങ് ആയി വളരുകയാണ് എന്നർത്ഥം. സ്റ്റാർട്ടപ്പുകളും ഇന്നൊവേഷൻ ആവാസവ്യവസ്ഥയും അതിന്‍റെ വലിയൊരു ഭാഗമാണ്.

2012-ൽ ഞാൻ പാർലമെന്‍റിൽ ഒരു റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യൻ ബാങ്കിങ് സംവിധാനങ്ങളുടെ 98% മൂല്യവും ഇന്ത്യയിലെ 9 ബിസിനസ് കുടുംബങ്ങൾക്ക് മാത്രമാണ് വായ്പയായി നൽകിവരുന്നതെന്ന് അതിൽ വെളിപ്പെടുത്തിയിരുന്നു. മറ്റാർക്കും പുതുതായി ഏതെങ്കിലും സംരംഭങ്ങളോ അതുവഴി പുതിയ ഒരിന്ത്യയോ സൃഷ്ടിക്കാൻ കഴിയാത്ത വിധം സങ്കീർണമായ ഒരു സാമൂഹികാവസ്ഥയായിരുന്നു അതിലൂടെ സംജാതമായിരുന്നത് എന്നും ഞാൻ സൂചിപ്പിക്കുകയുണ്ടായി. മൂലധന ലഭ്യത ഏതാനും പേർക്ക് മാത്രമായി പരിമിതപ്പെടുത്തുക വഴി മൂലധനകേന്ദ്രീകരണമുണ്ടാവുകയും അത് ഒരുവശത്ത് സംരംഭകമനോഭാവമുള്ള ഒട്ടേറെ യുവ ഇന്ത്യക്കാരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും മറുവശത്ത് രാജ്യത്തിന്‍റെ കിട്ടാക്കടങ്ങൾ വല്ലാതെ ഉയർത്തുകയും ചെയ്തു.

അത്തരമൊരു സ്തംഭനാവസ്ഥക്കാണ് 2014 -ൽ നരേന്ദ്ര മോദി സർക്കാർ മാറ്റം കുറിച്ചത്. ഇന്ന് പുതിയ അനവധി സംരംഭകരും അതിവേഗം മുന്നേറുന്ന സ്റ്റാർട്ടപ്പുകളും യുവ ഇന്ത്യക്കാരും ചേർന്ന് ഇന്ത്യയെ ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലവും അതിവേഗം വികസിക്കുന്നതുമായ ഇന്നൊവേഷൻ ആവാസവ്യവസ്ഥയായി മാറ്റിയിരിക്കുന്നുവെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ഉപഭോക്താവിലേക്കു നേരിട്ടെത്തുന്നവ (ഡയറക്റ്റ് ടു കൺസ്യൂമർ), കൺസ്യൂമർ ഇന്‍റർനെറ്റ്, ഡിജിറ്റൽ പേയ്‌മെന്‍റുകൾ, ബഹിരാകാശ ശാസ്ത്രം എന്നിവയിലെല്ലാം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ റെക്കോർഡ് നിക്ഷേപം ആകർഷിക്കുകയും അവയെല്ലാം ചേർന്ന് 100,000 സ്റ്റാർട്ടപ്പുകളും 111ലധികം യൂണികോണുകളും സൃഷ്ടിക്കുകയും ചെയ്തു. യുവാക്കളായ ഈ പുത്തൻ തലമുറസംരംഭകരെല്ലാം പ്രമുഖ നഗരങ്ങളിൽ ജനിച്ചുവളർന്നവരല്ല; മറിച്ച് അവരിൽ പലരും ഇന്ത്യയുടെ വിദൂരഗ്രാമങ്ങളിൽ നിന്നുപോലുമുള്ളവരാണെന്ന യാഥാർഥ്യവും വിസ്മരിക്കാവുന്നതല്ല.

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെയും നൈപുണ്യവികസനത്തിന്‍റെയും ഭുമികകൾ ആഴത്തിൽ പുനർനിർമിക്കുന്നതിന് നിയുക്തനായ ഒരു മന്ത്രി എന്ന നിലയിൽ രാജ്യത്തുടനീളം സഞ്ചരിക്കാനും, കോളെജ് ക്യാംപസുകളിലും പുറത്തും തിളങ്ങുന്ന കണ്ണുകളുള്ള, ആത്മവിശ്വാസമുള്ള യുവജനങ്ങളുമായി സംവദിച്ച് അവരുടെ ആശയങ്ങൾ സംരംഭങ്ങളാക്കി വളർത്തുന്നതിൽ ഭാഗഭാക്കാകാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നവീകരണത്തിന്‍റെ വൈവിധ്യവും വൈപുല്യവും പ്രചോദനാത്മകവും ഇന്ത്യാ ടെക്കേഡ് എന്ന് പ്രധാനമന്ത്രി തന്നെ വിശേഷിപ്പിക്കുന്ന വരും ദശകം യുവാക്കളായ ഇന്ത്യക്കാരാൽ രൂപീകരിക്കപ്പെടുമെന്ന അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളുമായി പൊരുത്തപ്പെടുന്നതുമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

30 വർഷത്തിലേറെ സാങ്കേതിക മേഖലയിൽ ജീവിച്ച ഒരു ടെക്കി എന്ന നിലയിൽ, ഇന്ത്യയുടെ ടെക്, ഇന്നൊവേഷൻ ആവാസവ്യവസ്ഥക്ക് പരിപോഷപ്പെടുന്നതിനു എക്കാലത്തെയും ആവേശകരമായ സമയത്തിലൂടെയാണ് നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്നു നിസംശയം പറയാൻ എനിക്ക് കഴിയും. കഴിഞ്ഞ 9 വർഷത്തെ വിജയങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് യുവതയുടെ കഴിവുകളിലും വിജയിക്കാനുള്ള ഇച്ഛാശക്തിയിലും ഉള്ള വിശ്വാസത്തിന്‍റെയും അനന്തരഫലമാണ്. അദ്ദേഹത്തിന്‍റെ ആ ദർശനത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ഫലങ്ങൾ ഇന്ന് എവിടെയും ദൃശ്യമാണ്. ഒപ്പം തന്നെ സാങ്കേതികവിദ്യയിൽ ലോകത്തിന്‍റെ ബാക്ക് ഓഫീസും വെറും ഉപഭോക്താവും എന്ന നിലയിൽ നിന്ന് വരും വർഷങ്ങളിൽ ഇന്ത്യയെ സാങ്കേതികവിദ്യയുടെ മുൻ നിര നിർമാതാവായി രൂപപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുന്നു.

ഡിജിറ്റൽ ഇന്ത്യ അടുത്ത തരംഗം

കഴിഞ്ഞ ഒമ്പത് വർഷം ആവേശകരമായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ഞാൻ പറയും. 2015-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജി നട്ടുപിടിപ്പിച്ച നവീകരണത്തിന്‍റെ വിത്തുകൾ വികസിക്കുകയും വളരുകയും ചെയ്യുന്നു, അടുത്ത തരംഗത്തിനായി അത് ഒരുങ്ങുകയാണ്. ഉത്പാദനാധിഷ്ഠിത ആനുകുലങ്ങൾ മുതൽ അർദ്ധചാലക നയങ്ങൾ വരെ, ഇന്ത്യൻ ഇന്നൊവേഷൻ ആവാസവ്യവസ്ഥ, ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്, സെമികണ്ടക്റ്റർ, നിർമിത ബുദ്ധി (എഐ), ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിലെ അവസരങ്ങളുടെ അടുത്ത തരംഗം പിന്തുടരുന്നതിൽ ഇന്ത്യ ഏറെ മുന്നിലാണ്.

സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ

അടുത്ത തലമുറ സെമികണ്ടക്റ്റർ ചിപ്പുകൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റലൈസേഷൻ വർദ്ധിക്കുന്നതിനനുസരിച്ച് അതിന്‍റെ അർദ്ധചാലകവൽക്കരണവും വളരുകയാണ്. മുൻകാലത്തെ പൊതുവായ ആവശ്യങ്ങൾക്ക് രൂപപ്പെടുത്തിയിരുന്ന സിപിയുകൾക്കും കൺട്രോളറുകൾക്കും പകരം നിരവധി പ്രത്യേക ദൗത്യങ്ങൾ വഹിക്കാൻ പ്രാപ്തമായ ചിപ്പുകൾ നിർമിക്കാൻ കഴിവുള്ള ഇന്ത്യൻ ചിപ്പ് ഡിസൈൻ സ്റ്റാർട്ടപ്പുകൾ രാജ്യത്ത് ഉയർന്നു വരണമെന്നത് ഞങ്ങളുടെ അഭിലാഷമാണ്. അത്തരത്തിലുള്ള നൂറിലധികം സ്റ്റാർട്ടപ്പുകൾ ലോകത്തിന് വേണ്ടി ഇന്ത്യയിൽ ചിപ്പുകൾ നിർമിക്കുന്നത് രാജ്യത്തെ ഡിസൈൻ സ്റ്റാർട്ടപ്പുകളെയും ഇലക്‌ട്രോണിക്‌സിനെയും ഒരുപോലെ ശക്തിപ്പെടുത്തും.

സെമികണ്ടക്റ്റർ, ടെക്‌നോളജി വ്യവസായ ഭീമന്മാരുടെ സഹകരണത്തിൽ പുതുതായി സ്ഥാപിതമായ ഇന്ത്യ അർദ്ധചാലക ഗവേഷണ കേന്ദ്രം ( ഐഎസ്ആർസി -ISRC) അഡ്വാൻസ് പ്രോസസ്, സംയുക്ത അർദ്ധചാലകം (കോമ്പൗണ്ട് സെമികണ്ടക്റ്റർ), സിസ്റ്റം പാക്കേജിങ് തുടങ്ങി അർദ്ധചാലക രംഗത്തെ വിവിധ മേഖലകളിൽ അത്യാധുനിക ഗവേഷണത്തിന് നേതൃത്വം നൽകും. ചിപ്പ് ഡിസൈൻ മുതൽ നാനോടെക്‌നോളജി വരെ നീളുന്ന ആധുനിക രംഗങ്ങളിലെ അന്താരാഷ്‌ട്രനിലവാരമുള്ള ഗവേഷണ-വികസന കേന്ദ്രങ്ങൾക്ക് അനുസൃതമായി സ്ഥാപിതമായിട്ടുള്ള ഐഎസ്ആർസി അർദ്ധചാലക വ്യവസായ, ഗവേഷണ വികസന രംഗങ്ങളിൽ ഇന്ത്യയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കും.

ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർലാബുകൾ ഇലക്‌ട്രോണിക്‌സ്, ഡിജിറ്റൽ ഉൽപ്പന്ന രൂപകല്പനയിൽ സ്റ്റാർട്ടപ്പുകൾക്കു വളർന്നു വരാവുന്ന മറ്റൊരു മേഖലയായി ഡിജിറ്റൽഇന്ത്യ ഫ്യൂച്ചർലാബുകൾ നമ്മൾ യാഥാർഥ്യമാക്കി വരികയാണ്. ഓട്ടോമോട്ടീവ്, ടെലികോം, വയർലെസ്, സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ് എന്നിവയിലടക്കം ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമും പ്രോഗ്രാമും ആയിരിക്കും ഡിജിറ്റൽഇന്ത്യ ഫ്യൂച്ചർലാബുകൾ. സെന്‍റർ ഫോർ ഡെവലപ്‌മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) നേതൃത്വം കൊടുക്കുന്ന ഈ പദ്ധതിയിൽ രാജ്യത്തെ എല്ലാ സർക്കാർ ലാബുകൾ, സ്വകാര്യ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് രാജ്യത്തിന്‍റെ ഇലക്‌ട്രോണിക്‌സ് കഴിവുകളിൽ ഗാഢമായ കരുത്ത് സൃഷ്ടിക്കുകയും അതിൽ ഭാഗഭാക്കാവുന്നതിന് സ്റ്റാർട്ടപ്പുകൾക്കും അവസരങ്ങൾ നൽകുകയും ചെയ്യും. അത്യന്തം ആവേശഭരിതവും അതിവേഗതയുമുള്ള ബഹിരാകാശ ശാസ്ത്രഗവേഷണ രംഗത്തും ഇലക്‌ട്രോണിക്‌സ് സ്റ്റാർട്ടപ്പുകളുടെ കരുത്തിൽ ഇന്ത്യയെ നമുക്ക് ആഗോള നേതാവാക്കി മാറ്റുന്നതിന് കഴിയും.

നിർമിതബുദ്ധിയിലെ സ്റ്റാർട്ടപ്പുകളുടെ അടുത്ത തരംഗം വരുന്നു

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ രാസത്വരകമായി അംഗീകരിച്ചുകൊണ്ട്, നിർമിതബുദ്ധിയിൽ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും ഗവേഷണം, വികസനം, ആഗോളതലത്തിൽ മത്സരാധിഷ്ഠിത കഴിവുകൾ വികസിപ്പിക്കൽ തുടങ്ങിയവക്കുമായി സമഗ്രമായ ഒരു ഇന്ത്യഎഐ പ്രോഗ്രാം കേന്ദ്രവും സർക്കാർ തയ്യാറാക്കുകയാണ്. പ്രധാനമന്ത്രിയുടെ "മേയ്ക്ക് എഐ ഇൻ ഇന്ത്യ', "മേയ്ക്ക് എഐ വർക്ക് ഫോർ ഇന്ത്യ' എന്നീ ആശയങ്ങൾ വലിയൊരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ നിർമിച്ചെടുക്കുമെന്നുറപ്പാണ്; ഇന്ത്യഎഐ ദർശനത്തിന്‍റെ കാതലും അതാണ്. രാജ്യം ദേശീയ സ്റ്റാർട്ടപ്പ് ദിനം ആഘോഷിക്കുകയും സ്റ്റാർട്ടപ്പുകളുടെ ഇതുവരെയുള്ള നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുമ്പോൾ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സമയത്ത് ഇന്ത്യാടെക്കാഡിനെയും വികസിത ഭാരതത്തെയും രൂപപ്പെടുത്താനും നിർമിക്കാനും പര്യാപ്തമായ സ്റ്റാർട്ടപ്പുകളുടെ അടുത്ത തരംഗത്തിനായി രാജ്യം കാതോർക്കുന്നു.