
ഡോ. മന്‍സുഖ് മാണ്ഡവ്യ
(കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി)
കംപ്യൂട്ടര്‍ ശൃംഖലകള്‍ പരസ്പരം ബന്ധിക്കപ്പെടാത്ത, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ലോകത്തെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. പരസ്പരം ബന്ധിക്കപ്പെടാത്ത അത്തരമൊരു ലോകത്തില്‍, ഒരു രാജ്യത്തു കാലങ്ങളായി നിലനില്‍ക്കുന്ന സൗകര്യത്തെക്കുറിച്ച് അറിയാനാകാതെ ലോകത്തിന്റെ മറ്റൊരു കോണിലുള്ള രാജ്യം ഇതു പുതിയ കണ്ടുപിടുത്തമായി തെറ്റിദ്ധരിച്ച് അവരുടെ രാജ്യത്ത് അവതരിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡ് ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (IP) ഇല്ലാതിരുന്നുവെങ്കില്‍, കാര്യങ്ങള്‍ നിലവിലുള്ളതില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നേനെ. നിരവധി ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്കുകളുണ്ടെങ്കിലും കൂട്ടിയിണക്കാന്‍ പൊതുവായ ഇന്റര്‍നെറ്റ് ഇല്ലാത്ത അവസ്ഥ വന്നേനെ. യാഥാര്‍ഥ്യത്തിന്റെ ഈ മറുവശം ഇന്നു ഡിജിറ്റല്‍ ആരോഗ്യ ഇടം നേരിടുന്ന ഒഴുക്കിനു സമാനമാണ്. സമൂലമാറ്റങ്ങള്ക്കു പ്രാപ്തിയുള്ള സാങ്കേതികവിദ്യകള്‍ അവിടെയുണ്ട്. എന്നാല്‍, ഗ്ലോബല്‍ സൗത്തിലെ ദശലക്ഷക്കണക്കിനു പേര്‍ക്കു പ്രയോജനപ്പെടും വിധത്തിലുള്ള നൂതനാശയങ്ങള്‍ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നേതൃത്വത്തില്‍ നിന്നുള്ള ദിശയും പൊതു ചട്ടക്കൂടും നിര്‍ണായക പ്രേരണയും കാത്തിരിക്കുന്നു.
ഡിജിറ്റല്‍ ആരോഗ്യലോകം ചെറുതും എന്നാല്‍ ശക്തമായ ഉപമേഖലകളിലുടനീളമുള്ള പുതുമകളും നിറഞ്ഞതാണ്. സ്മാര്‍ട്ട് വെയറബിള്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, വെര്‍ച്വല്‍ കെയര്‍, റിമോട്ട് മോണിറ്ററിങ്, നിര്‍മിത ബുദ്ധി, ബിഗ് ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക്-ചെയിന്‍, വിവരക്കൈമാറ്റവും ശേഖരണവും വിദൂര വിവരസമാഹരണവും പ്രാപ്തമാക്കുന്ന സങ്കേതങ്ങള്‍ തുടങ്ങിയവ ഏകീകൃത ആഗോള കാഴ്ചപ്പാടില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ആരോഗ്യ പരിപാലന മേഖലയില്‍ ഡിജിറ്റല്‍ സങ്കേതങ്ങളുടെ അപാരമായ സാധ്യതകള്‍ കൊവിഡ് പോലുള്ള മഹാമാരികള്‍ ഇതിനകം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആ സമയത്താണ് ഈ പരിമിതികളെന്നതും ചിന്തിക്കേണ്ട വിഷയമാണ്.
ഇന്ത്യയുടെ മഹത്തായ പരീക്ഷണം
പൊതുജനാരോഗ്യരംഗത്ത് പരിവര്‍ത്തനം സാധ്യമാകുന്ന ഡിജിറ്റല്‍ സങ്കേതങ്ങളുടെ ഉപയോഗം എത്ര ഫലപ്രദമാണെന്നതു നാം ഇതിനകം അനുഭവിച്ചറിഞ്ഞതാണ്. കൊവിഡ് മഹാമാരിക്കാലത്ത് കോവിന്‍, ഇ-സഞ്ജീവനി പോലുള്ളവ എത്ര ഉപയോഗപ്രദമാണെന്ന് നാം കണ്ടു. ആരോഗ്യരംഗത്തെ സേവനങ്ങള്‍, കൊവിഡ് പ്രതിരോധകുത്തിവയ്പ്പ് യജ്ഞം എന്നിവയിലേക്ക് കോടിക്കണക്കിനുപേരെ ഉള്‍ക്കൊള്ളിക്കാനും ഫലപ്രദമായി ഇക്കാര്യങ്ങള്‍ നടത്തിയെടുക്കാനും ഈ ഡിജിറ്റല്‍ സങ്കേതങ്ങള്‍ സഹായിച്ചു.
ഇന്ത്യയുടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ഡിജിറ്റല്‍ നട്ടെല്ല് എന്നുതന്നെ കോവിന്‍ പോര്‍ട്ടലിനെ വിശേഷിപ്പിക്കാം. വാക്സിനുകള്‍ വാക്സിനേഷന് കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന്റെ കണക്കുകള്‍, ജനങ്ങള്‍ക്കു പ്രതിരോധകുത്തിവയ്പ്പ് എടുക്കുന്നതിനു വേണ്ടിയുള്ള രജിസ്ട്രേഷന്, അതോടൊപ്പം വാക്സിന് സ്വീകരിച്ചവര്‍ക്കുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ കോവിന്‍ പോര്‍ട്ടലിന്റെ സഹായത്തോടെയാണു ഫലപ്രദമായി നടപ്പിലാക്കിയത്.
വാക്സിനേഷന് പ്രക്രിയയെ ജനാധിപത്യവല്‍ക്കരിക്കാന്‍ കോവിന്‍ പോര്‍ട്ടല്‍ സഹായകമായി. അര്‍ഹതപ്പെട്ടവര്‍ക്ക് വാക്സിൻ കൃത്യസമയത്തു ലഭ്യമാക്കാന്‍ സഹായിച്ചതു കോവിന്‍ പോര്‍ട്ടലാണ്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെയായിരുന്നു വാക്സിന് ലഭ്യതയും കുത്തിവയ്പ്പിനുള്ള തീയതി തീരുമാനിച്ചതും. വ്യത്യാസമേതുമില്ലാതെ ഏവരും തങ്ങളുടെ അവസരത്തിനായി ക്യൂ നിന്നു. കോവിന്‍ പോര്‍ട്ടലിന്റെ കാര്യക്ഷമത മനസിലാക്കിയ ഇന്ത്യ അതു ലോകത്തിനുള്ള സമ്മാനമായി സമര്‍പ്പിക്കുകയും ചെയ്തു.
സമാനമായ രീതിയിലാണ് ഇ-സഞ്ജീവനിയും പ്രവര്‍ത്തിച്ചത്. ടെലിമെഡിസിന്‍ പരിപാടിയിലൂടെ തങ്ങളുടെ വീടുകളിലിരുന്നു വലിയ നഗരങ്ങളിലുള്ള ഡോക്റ്റര്‍മാരുടെ പരിശോധന ഉറപ്പുവരുത്താന്‍ ഇ-സഞ്ജീവനി സഹായിച്ചു. 10 കോടിയില്‍പ്പരം പരിശോധനകളാണ് ഈ സംവിധാനത്തിലൂടെ നടത്തിയത്. ഒരു ദിവസം അഞ്ച് ലക്ഷം പരിശോധനകള്‍വരെ നടത്താനും ഇ-സഞ്ജീവനിക്കു കഴിഞ്ഞു.
ഡിജിറ്റലായി പ്രവര്‍ത്തനക്ഷമമാക്കിയ കൊവിഡ് വാര് റൂം തെളിവുകളുടെ അടിസ്ഥാനത്തില്‍ നയരൂപവല്ക്കരണത്തിനു സഹായിച്ചു. ഒരു പ്രത്യേക നിരീക്ഷണ സംവിധാനത്തിലൂടെ കൊവിഡ്-19 ഇന്ത്യ സംവിധാനം രോഗികളുടെ എണ്ണം ഭൂമിശാസ്ത്രപരമായി ഓരോ മേഖലയില്‍ നിന്നും കൃത്യമായ കണക്കനുസരിച്ച് വേര്‍തിരിച്ചു. ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നതിനടക്കം ഇതു സഹായകമായി. ദേശീയതലം, സംസ്ഥാനതലം, ജില്ലാതലം എന്നിങ്ങനെ രോഗബാധിതരുടെ എണ്ണം കൃത്യമായി വേര്‍തിരിച്ചതു കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായി. ആരോഗ്യസേതു, ആര്‍ടി-പിസിആര്‍ ആപ്പ്, മറ്റ് ഡിജിറ്റല്‍ സങ്കേതങ്ങള്‍ എന്നിവ ഡാറ്റ ഉപയോഗിച്ച് നയം രൂപവല്‍ക്കരിക്കാന്‍ നമ്മുടെ രാജ്യത്തെ സഹായിച്ചു. അതു കൊവിഡ് -19നെതിരായ പോരാട്ടം ശക്തിപ്പെടുത്തി. ആരോഗ്യമേഖലയിലെ ഡിജിറ്റല്‍ സങ്കേതങ്ങളെ അതിന്റെ പൂര്‍ണ സാധ്യതയ്ക്കനുസരിച്ച് പ്രയോജനപ്പെടുത്തുന്നതിനായി ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം (എബിഡിഎം) എന്ന ഡിജിറ്റല്‍ സംവിധാനം രൂപപ്പെടുത്തി ഉപയോഗിക്കുന്നതിന് ഇന്ത്യ തുടക്കം കുറിച്ചു. ഇത്തരമൊരു സംവിധാനത്തിലൂടെ രോഗികള്‍ക്കു മെഡിക്കല്‍ രേഖകള്‍ സൂക്ഷിക്കാനും കൃത്യമായി വിശകലനം ചെയ്യാനും കഴിയുന്നു. കൃത്യമായ ചികിത്സയും തുടര്‍ചികിത്സയും ഉറപ്പാക്കാനും കഴിയുന്നു. അക്കാരണത്താല്‍ രോഗികള്‍ക്കു തങ്ങളുടെ ആരോഗ്യം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുന്നു. സേവനദാതാക്കള്‍ക്കു കാര്യങ്ങള്‍ എളുപ്പത്തിലാകുന്നു. ആരോഗ്യമേഖലയിലെ ഈ ഡിജിറ്റല്‍ ആവാസവ്യവസ്ഥ ലോകവുമായി പങ്കിടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു; പ്രത്യേകിച്ച്, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളുമായി. ഇതിലൂടെ ഡിജിറ്റല്‍ ആരോഗ്യ മേഖലയില്‍ നേട്ടം കൈവരിക്കാനുള്ള ആ രാജ്യങ്ങളുടെ ശ്രമം വേഗത്തില്‍ വിജയം കാണും. ലോകത്തിന്റെ ഈ ഭാഗങ്ങളിലുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് അത്യാധുനിക ഡിജിറ്റല്‍ മേഖലയുടെ നൂതനത്വങ്ങളടെ പ്രയോജനങ്ങള്‍ നേടാനും ആഗോള ആരോഗ്യ സംരക്ഷണം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും കഴിയും.
എന്താണ് ആഗോള ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയെ ബാധിക്കുന്നത്?
ഡിജിറ്റല്‍ പ്രതിവിധികളിലേക്കുള്ള പ്രവേശനം തടയുന്നത് പ്രധാനമായും പകര്‍പ്പവകാശ വ്യവസ്ഥകളും ഉടമസ്ഥാവകാശ സംവിധാനങ്ങളുമാണ്. മിക്ക ഡിജിറ്റല്‍ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാകാത്തതിനു കാരണം അവ പ്രാപ്യമാക്കുന്നതിന് ആവശ്യമായ ഭാഷ, ഉള്ളടക്കം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തിലുള്ള അസന്തുലിതമായ വിതരണമാണ്. പ്രസക്തമായ പൊതു ഡിജിറ്റല്‍ സംവിധാനങ്ങള്‍ അല്ലെങ്കില്‍ ഓപ്പണ്‍ സോഴ്സ് പ്രതിവിധികള്‍ നിലവിലുണ്ടെങ്കിലും, പൊതുവായ ആഗോള മാനദണ്ഡങ്ങളില്ലാത്ത സംവിധാനം, ഡാറ്റ, ലോജിക്ക് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയുടെ പ്രയോജനം പരിമിതമാണ്. അതോടൊപ്പം, ഡാറ്റാ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ചുളള, വ്യത്യസ്ത സംവിധാനങ്ങളിലുടനീളം പരസ്പര പ്രവര്‍ത്തനക്ഷമതയെ പരിപാലിക്കാന്‍ കഴിയുന്ന, ഡിജിറ്റല്‍ ആരോഗ്യ മേഖലയ്ക്കായി ആഗോള ഭരണ ചട്ടക്കൂടുകളില്ലെന്നതും പരിമിതിയാണ്. ഇത്തരം സംവിധാനങ്ങള്‍ക്കു പൊതുവായ ചട്ടക്കൂടുണ്ടാക്കുന്നതിനും ആഗോളതലത്തില്‍ ഏവര്‍ക്കും ഒരുപോലെ ലഭ്യമാക്കുന്നതിനും ചില ശ്രമങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ മാത്രമാണു നടക്കുന്നത്. ഏകീകരണം ഇല്ലെന്നതിനാല്‍ അതു ഫലപ്രദമായി മാറുന്നില്ല. ആഗോളതലത്തില്‍ ഒരു കുടക്കീഴില് ഇത്തരം പരിശ്രമങ്ങള്‍ ഉണ്ടായാല്‍ ഈ വെല്ലുവിളികളെ മെച്ചപ്പെട്ട അവസരമാക്കി മാറ്റാന്‍ നമുക്കു കഴിയും. ഡിജിറ്റല്‍ ആരോഗ്യ മേഖലയ്ക്കായി ഭാവിയില്‍ തയാറെടുക്കുന്നതിനും കാഴ്ചപ്പാട് ആസൂത്രണം ചെയ്യുന്നതിനും കെട്ടിപ്പടുക്കുന്നതിനുമുള്ള കരുത്തുറ്റ വേദിയായി ജി20 സജ്ജമായിരിക്കുകയാണ്.
ഡിജിറ്റല്‍ ആരോഗ്യമേഖലയുടെ മുന്നേറ്റത്തിനായി പരിശ്രമിക്കും
മാനവരാശിയുടെ ഡിജിറ്റല്‍ ആരോഗ്യത്തിനായി ഫലപ്രദമായ ആഗോള രൂപരേഖ ഒരുക്കുകയും നടപ്പിലാക്കുകയും ചെയ്താല്‍ തുറക്കപ്പെടുന്ന വലിയ സാധ്യതകളെക്കുറിച്ചു സങ്കല്പ്പിച്ചു നോക്കൂ. അതിനായി ഇപ്പോള്‍ ചിതറിക്കിടക്കുന്നതും ഒറ്റപ്പെട്ടതുമായ പരിശ്രമങ്ങളെ ആഗോളതലത്തില്‍ ഒരുമിപ്പിക്കേണ്ടതുണ്ട്. അതിനായി പൊതു ഭരണ ചട്ടക്കൂട് പ്രാബല്യത്തില്‍ വരണം. ഇന്റര്‍നെറ്റിന്റെ കാര്യത്തിലുള്ളതുപോലെ പൊതു പ്രോട്ടോക്കോളില്‍ സഹകരിക്കേണ്ടതുണ്ട്. വിവിധ വിഷയങ്ങളില്‍നിന്നും മേഖലകളില്‍നിന്നുമുള്ള പ്രസക്തമായ എല്ലാ പങ്കാളികളെയും കൊണ്ടുവരാന്‍ ഘടനകള്‍ സ്ഥാപിക്കണം. ആഗോള ആരോഗ്യ വിവരക്കൈമാറ്റത്തിനായി വിശ്വാസം വളര്‍ത്തിയെടുക്കുകയും അത്തരം സംരംഭങ്ങള്‍ക്കു ധനസഹായം നല്‍കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യണം.
ജി20 അധ്യക്ഷതയുടെ ഭാഗമായി ഇന്ത്യയുടെ ഭാഗത്തുനിന്ന് ഡിജിറ്റല്‍ ആരോഗ്യമേഖലയെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സജ്ജമാക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകും. ഇതിലൂടെ ഡിജിറ്റല്‍ ആരോഗ്യമേഖലയുടെ സാധ്യതകള്‍ ലോകത്തിനു മുഴുവനും ലഭ്യമാക്കാന്‍ സാധിക്കും. ഡിജിറ്റല്‍ ആരോഗ്യമേഖലയില്‍ വഴിത്തിരിവ് സാധ്യമാക്കാന്‍ നാം ചെയ്യേണ്ടത് നമ്മുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കതീതമായി കൂട്ടായ നന്മ സ്ഥാപിക്കുകയാണ്. ആഗോള ആരോഗ്യ സംരക്ഷണം എന്ന കാഴ്ചപ്പാടില്‍ 'പ്രപഞ്ചം' നമ്മുടെ സ്വന്തം രാജ്യങ്ങള്ക്കപ്പുറത്തേക്കു വ്യാപിച്ചിരിക്കുന്നുവെന്നു മനസിലാക്കണം. ജി-20ലെ നമ്മുടെ ലക്ഷ്യവും പ്രവര്‍ത്തനവും നയിക്കേണ്ടത് 'വസുധൈവ കുടുംബകം', അതായതു പ്രപഞ്ചം ഒരു കുടുംബം, എന്നതിലേക്കാണ്. എന്തു വിലകൊടുത്തും ആ കുടുംബത്തിന്, പ്രപഞ്ചത്തിന് ആരോഗ്യം ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്.