നീതീകരണമില്ലാത്ത പിഎഫ് പെന്‍ഷന്‍ നിഷേധം

2022 നവംബറിലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന ഇപിഎഫ് പെന്‍ഷന്‍ അനുവദിക്കുന്നത്
Unjustified denial of PF pension

നീതീകരണമില്ലാത്ത പിഎഫ് പെന്‍ഷന്‍ നിഷേധം

Updated on

നമ്മുടെ രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും പ്രധാന ക്ഷേമപദ്ധതിയാണ് എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട്. ലോകത്തെ മിക്കവാറും എല്ലാ മുതലാളിത്ത- സാമ്രാജ്യത്വ രാജ്യങ്ങളിലും പ്രോവിഡന്‍റ് ഫണ്ട് നടപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രോവിഡന്‍റ് ഫണ്ട് ലോക തൊഴിലാളി വര്‍ഗത്തിന്‍റെ ആകെ പ്രധാനപ്പെട്ട ഒരു ക്ഷേമ പദ്ധതിയുമാണ്. ഓരോ സംസ്ഥാനത്തുമുള്ള ഇന്ത്യയിലെ ലക്ഷോപലക്ഷം തൊഴിലാളികളുടെ അത്താണിയാണിത്.

പ്രോവിഡന്‍റ് ഫണ്ടിലെ മുഖ്യ ഇനമാണ് ഇപിഎഫ് പെന്‍ഷന്‍ സ്‌കീം. ഇപിഎഫ് പെന്‍ഷന്‍ പ്രധാനമായും ലാക്കാക്കിയാണ് ലക്ഷോപലക്ഷം തൊഴിലാളികള്‍ ഈ പദ്ധതിയില്‍ അംഗമായിട്ടുള്ളത്. സർവീസ് പൂര്‍ത്തിയാക്കി പെന്‍ഷനാകുന്ന അംഗങ്ങളായ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ ന്യായമായ പെന്‍ഷന്‍ ലഭ്യമാക്കാന്‍ ഇപിഎഫ് അധികാരികള്‍ ബാധ്യസ്ഥവുമാണ്. നിര്‍ഭാഗ്യവശാല്‍ ഈ ഇപിഎഫ് പെന്‍ഷന്‍ വ്യാപകമായി നിഷേധിക്കുന്ന സ്ഥിതിയാണ് രാജ്യത്താകെ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷനുവേണ്ടി അധിക വിഹിതമടച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതില്‍ ഗുരുതരമായ അലംഭാവമാണ് ഇപിഎഫ് അധികാരികള്‍ കാട്ടിക്കൊണ്ടിരിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് പെന്‍ഷന്‍ അനുവദിച്ച് നല്‍കണമെന്നുള്ള സുപ്രീംകോടതിയുടേയും കേരള ഹൈക്കോടതിയടക്കുമുള്ള വിവിധ ഹൈക്കോടതികളുടെയും ഉത്തരവുകള്‍ നിര്‍ദയം കാറ്റില്‍പ്പറത്തുകയാണ് പ്രോവിഡന്‍റ് ഫണ്ട് അധികൃതര്‍ ചെയ്യുന്നത്.

സുപ്രീം കോടതി വിധിച്ച ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ രാജ്യത്തെ ഭൂരിഭാഗം അപേക്ഷകര്‍ക്കും കിട്ടാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന പെന്‍ഷനു വേണ്ടി അപേക്ഷിച്ച 17.49 ലക്ഷം പേരില്‍ 7.35 ലക്ഷവും (42%) അയോഗ്യരാണെന്ന് എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പറയുന്നു. സുപ്രീം കോടതി വിധിവന്ന് രണ്ട് വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴും ഉയര്‍ന്ന പെന്‍ഷന്‍ ലഭിച്ചത് 24,006 പേര്‍ക്ക് മാത്രമാണ്. ഇപ്പോള്‍ പരിശോധനയിലുള്ളത് 2.14 ലക്ഷം അപേക്ഷകള്‍ മാത്രമാണ്. അടുത്തിടെ നടന്ന ഇപിഎഫ്ഒ യുടെ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗത്തിന്‍റെ അജൻഡയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളിലാണ് ഉയര്‍ന്ന പെന്‍ഷന്‍ അപേക്ഷകരെ ഞെട്ടിക്കുന്ന ഈ കണക്കുള്ളത്. ഉയര്‍ന്ന പെന്‍ഷനു വേണ്ടി അധിക വിഹിതം പിടിക്കാന്‍ തൊഴിലാളിയും, തൊഴിലുടമയും ചേര്‍ന്ന അപേക്ഷകള്‍ (സംയുക്ത ഓപ്ഷന്‍) നല്‍കേണ്ടത്. ഇതുവരെ 2.24 ലക്ഷം അപേക്ഷകള്‍ തൊഴിലുടമകള്‍ ഇപിഎഫ്ഒയിലേക്ക് കൈമാറിയിട്ടില്ല. ഇപിഎഫ്ഒയ്ക്ക് ലഭിച്ച അപേക്ഷകളില്‍ വിവരം അപൂര്‍ണമായതുകൊണ്ടും വൈരുധ്യങ്ങളുതു കൊണ്ടും മറ്റും 3.92 ലക്ഷം അപേക്ഷകള്‍ തൊഴിലുടമകള്‍ക്ക് തന്നെ തിരിച്ചയച്ചിരിക്കുകയാണ്.

ഫീല്‍ഡ് ഓഫിസുകളില്‍ ലഭിച്ച ജോയിന്‍റ് ഓപ്ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ ഏറ്റവും പിന്നില്‍ കേരളമാണെന്നുള്ളത് എടുത്തുപറയേണ്ടതാണ്. പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്‌ക്കേണ്ട വിഹിതവും, നല്‍കേണ്ട പെന്‍ഷനും കണക്കാക്കിയാല്‍ അപേക്ഷകരോട് തുക കൈമാറാന്‍ ആവശ്യപ്പെട്ട് ഡിമാന്‍റ് ലെറ്റര്‍ അയക്കുന്നു. എന്നാല്‍ ഡിമാൻഡ് ലെറ്ററുകള്‍ അയച്ചത് വെറും 2.1 ലക്ഷം പേര്‍ക്ക് മാത്രമാണ്. ഇവരില്‍ ഭൂരിപക്ഷത്തിനും പെന്‍ഷന്‍ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2022 നവംബറിലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന ഇപിഎഫ് പെന്‍ഷന്‍ അനുവദിക്കുന്നത്. അര്‍ഹരായവരില്‍ 21,885 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ ഫെബ്രുവരി 28 വര പെന്‍ഷന്‍ ഡിമാന്‍റ് ഓര്‍ഡര്‍ (പിപിഒ) അയച്ചത്. ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കൂടുതല്‍ തുക ഡിപ്പോസിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 1,65,621 പേര്‍ക്ക് ഡിമാന്‍റ് നോട്ടീസ് കൊടുത്തിട്ടുണ്ട്. കേരളത്തില്‍ 27.35 ശതമാനം അപേക്ഷകള്‍ മാത്രമാണ് ഇതിനകം തീര്‍പ്പാക്കപ്പെട്ടിട്ടുള്ളത്. 2 ലക്ഷത്തില്‍പ്പരം അപേക്ഷകള്‍ പരിശോധിച്ചു തുടങ്ങിയെന്നാണ് അധികൃതര്‍ പറയുന്നത്. ജോയിന്‍റ് ഓപ്ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കിയത് കേരളത്തില്‍ 27.35 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ 58.95 ശതമാനമാണ്.

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന് അവസരമൊരുക്കണമെന്ന സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പിലാക്കാന്‍ പിഎഫ് ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. പരമോന്നത കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ ഇപിഎഫ്ഒ നിരവധി നടപടികള്‍ ഇതിനകം എടുത്തിട്ടുണ്ടെന്നും ബോര്‍ഡ് പറയുന്നു. ജീവനക്കാര്‍/ വിരമിച്ച ജീവനക്കാര്‍/ തൊഴിലുടമകള്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും പിഎഫ് ബോര്‍ഡ് ഉറപ്പാക്കുമെന്നു പ്രസ്താവിച്ചിട്ടുണ്ട്. ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്തവരില്‍ ഭൂരിപക്ഷം പേരുടേയും അപേക്ഷകളുടെ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായതായും ഇപിഎഫ്ഒ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഉയര്‍ന്ന പിഎഫ് പെന്‍ഷനുവേണ്ടി ജോയിന്‍റ് ഓപ്ഷന്‍ നല്‍കിയവരില്‍ പകുതിപ്പേരുടെ അപേക്ഷകള്‍ അനുവദിക്കാന്‍ തന്നെ ഇപിഎഫ്ഒയുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 1.86 ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് ഇപിഎഫ്ഒ യുടെ കണക്ക്. ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കാന്‍ വളരെക്കാലമായി ഇപിഎഫ്ഒ ഉന്നയിക്കുന്ന ഒരു വാദമാണിത്. 38000 പേരുടെ അപേക്ഷകള്‍ സാമ്പിള്‍ പരിശോധന നടത്തിയപ്പോള്‍ മാത്രം ഫണ്ടില്‍ നിന്നും 9500 കോടിരൂപയുടെ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. മൊത്തം ഡേറ്റാ ഉപയോഗിച്ച് എത്രത്തോളം അധികബാധ്യത വരുമെന്ന് കണക്കാക്കുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന ഇപിഎഫ്ഒ ട്രസ്റ്റി ബോര്‍ഡ് യോഗവുമായി ബന്ധപ്പെട്ട രേഖകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇപിഎഫ്ഒ പങ്കുവച്ചത്. എന്നാല്‍ ഇപിഎഫ്ഒ ബോര്‍ഡില്‍ സാമ്പത്തിക ഞെരുക്കമുണ്ടെന്നുള്ള അധികൃതരുടെ വാദത്തില്‍ യാതൊരു നീതീകരണവുമില്ല. പിഎഫിന്‍റെ തൊഴിലാളി ക്ഷേമ നടപടികള്‍ക്ക് വേണ്ട ഫണ്ടില്‍ കൂടുതല്‍ ഇപ്പോള്‍ തന്നെ പ്രോവിഡന്‍റ് ഫണ്ട് ബോര്‍ഡിന്‍റെ അക്കൗണ്ടിലുണ്ട്.

പ്രോവിഡന്‍റ് ഫണ്ടും, പെന്‍ഷനടക്കമുള്ള ഈ പദ്ധതിയിലെ ആനുകൂല്യങ്ങളുമെല്ലാം നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ വലിയ ത്യാഗമനുഷ്ഠിച്ച് നേടിയെടുത്ത ആനുകൂല്യങ്ങളാണ്. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്‍റെ അത്താണിയായ പിഎഫിനെ ചോരയില്‍ മുക്കിക്കൊല്ലാന്‍ രാജ്യത്തെ തൊഴിലാളികള്‍ ആരെയും അനുവദിക്കാന്‍ പോകുന്നില്ല. പിഎഫ് പെന്‍ഷനില്‍ പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കാട്ടുന്ന കള്ളക്കളി തുറന്നുകാട്ടാന്‍ തൊഴിലാളികളാകെ രംഗത്തുവരേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. എന്തായാലും പിഎഫ് അധികൃതര്‍ കാട്ടുന്ന യാതൊരു നീതീകരണവുമില്ലാത്ത പ്രോവിഡന്‍റ് ഫണ്ട് പെന്‍ഷന്‍ നിഷേധത്തിനെതിരായി ശക്തമായ തൊഴിലാളി വികാരം രാജ്യത്തൊട്ടാകെ ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല.

(ലേഖകന്‍റെ ഫോണ്‍: 9847132428)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com