

പഹല്‍ഗാം ആക്രമണത്തിനെതിരേ പ്രതിഷേധം
9/11 ഭീകരാക്രമണം നടന്നതിന്‍റെ 25ാം വാര്‍ഷികദിനമായിരുന്നു ഈ മാസം 11ന്. ഈയൊരു സംഭവത്തിനു ശേഷം ഭീകരവാദത്തെക്കുറിച്ചുള്ള നിര്‍വചനത്തിലും ധാരണയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഭീകരവാദം എന്നത് പ്രാദേശിക സുരക്ഷാ വെല്ലുവിളി അല്ലെന്നും അത് ആഗോളതലത്തില്‍ ഒരു ഭീഷണിയായി മാറിയെന്നും ലോകം തിരിച്ചറിഞ്ഞു. 2001 സെപ്റ്റംബര്‍ 9ന് ശേഷം അന്താരാഷ്‌ട്ര നിയമം, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍, ദേശീയ സുരക്ഷ എന്നിവയെ വലിയ തോതില്‍ പുനര്‍നിര്‍വചിക്കുകയും ചെയ്തു.
9/11 ന് ശേഷം ഒരു രാഷ്‌ട്രവും ഭീകരവാദത്തിന്‍റെ പിടിയില്‍ നിന്ന് മോചിതമല്ലെന്നു തെളിയിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ടായിട്ടുണ്ട്. 2008 മുംബൈ ആക്രമണവും, ഏറ്റവുമൊടുവിലായി 2025ല്‍ പഹല്‍ഗാമില്‍ നടന്ന ആക്രമണവും ഉദാഹരണങ്ങളാണ്.
1972ലെ മ്യൂണിക് ഭീകരാക്രമണത്തിന് ഇരയായവർ
ഇനി കാലത്തിന്‍റെ കലണ്ടര്‍ താളുകള്‍ നമുക്ക് പിന്നിലേക്ക് മറിക്കാം. ഭീകരവാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നു ബോധ്യപ്പെടാന്‍ അതിലെ സൂചനകള്‍ ധാരാളം. മ്യൂണിച്ചിലെ കിരാതമായ ആക്രമണം ലോകരാഷ്‌ട്രങ്ങളെ ഞെട്ടിച്ചു. അതിന് ഒട്ടെറെ പ്രത്യേകതകള്‍ കൂടിയുണ്ടായിരുന്നു.
1972ലായിരുന്നു അത് നടന്നത്. 1972 സെപ്റ്റംബര്‍ അഞ്ചിന് മ്യൂണിച്ചിലെ ഒളിംപിക് വില്ലേജില്‍ പ്രഭാതശാന്തി ഭേദിച്ച് വെടിയൊച്ച മുഴങ്ങി. ഭീകരവാദത്തിന്‍റെ ആഴവും പരപ്പും വ്യക്തമാക്കിയ ആ ദുരന്തത്തില്‍ ബലിയാടുകളായത് ഇസ്രയേലിന്‍റെ കായികതാരങ്ങളാണ്.
ലെബനന്‍, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാംപുകളില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ ഫെദായീന്‍ ഗ്രൂപ്പില്‍പ്പെട്ടവരായിരുന്നു ഭീകരര്‍. ഫെദായീന്‍ എന്നാല്‍ അറബിയില്‍ 'സ്വയം ജീവാര്‍പ്പണം ചെയ്യുന്നയാള്‍' അല്ലെങ്കില്‍ 'പോരാളി' എന്നാണര്‍ഥം. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കും മോചനത്തിനും വേണ്ടി ഇസ്രായേലിനെതിരേ സായുധ പോരാട്ടം നടത്തിയ ഗറില്ലാ പോരാളികളെയാണ് പലസ്തീന്‍ ഫെദായീന്‍ എന്ന് വിളിച്ചിരുന്നത്.
ബ്ലാക്ക് സെപ്റ്റംബര്‍ എന്നായിരുന്നു അവരുടെ സംഘടനയുടെ പേര്. എട്ടംഗസംഘം. ഇവര്‍ക്ക് യാസര്‍ അറാഫത്തിന്‍റെ ഫത്താ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. എക്കാലത്തെയും പോലെ ഭീകരവാദികള്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ഇസ്രയേല്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 234 പലസ്തീന്‍കാരെ മോചിപ്പിക്കുക, അത്രതന്നെ. അതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം എന്ന നിലയ്ക്കാണ് ഒളിംപിക്‌സില്‍ പങ്കെടുക്കാനെത്തിയ ഇസ്രയേല്‍ കായിക താരങ്ങളെ ബന്ദികളാക്കുവാന്‍ ഭീകരവാദികള്‍ തീരുമാനിച്ചത്.
ഇസ്രയേലുകാര്‍ താമസിച്ചിരുന്ന സ്ഥലങ്ങളെ കുറിച്ച് വിശദമായി പഠിച്ചതിനു ശേഷമാണ് ഭീകരവാദികള്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനുവേണ്ടി കായിക മാമാങ്കത്തിനെത്തിയ വിവിധ രാജ്യങ്ങളിലെ താരങ്ങളോടൊപ്പം ഭീകരരും എ.കെ.47 തോക്കുകളും ഗ്രനേഡുകളുമായി താമസിക്കുന്ന സ്ഥലത്തേയ്ക്കു കയറി. സംശയം തോന്നാതിരിക്കാന്‍ കായികതാരങ്ങള്‍ അണിയുന്നതു പോലെ ട്രാക്ക് സ്യൂട്ടണിഞ്ഞു. താമസ സ്ഥലത്ത് നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഭീകരര്‍ ഇസ്രയേലിന്‍റെ റസ്‌ലിങ് റഫറിയെയും ഭാരോദ്വാഹകനെയും വെടിവച്ചു കൊന്നു. പതിനൊന്നു പേരെ ബന്ദികളുമാക്കി.
സംഭവത്തിന് ഗൗരവമേറിയതോടെ ഭീകരരുടെ ആവശ്യത്തിനു വഴങ്ങാതെ പ്രത്യേക കമാന്‍ഡോ ഫോഴ്‌സിനെ ജര്‍മനിയിലേക്ക് അയയ്ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചു. ഒരു യുദ്ധസാഹചര്യം സംജാതമാകുമെന്ന് ഏറെക്കുറെ ഉറപ്പായ അന്തരീക്ഷമായിരുന്നു അപ്പോള്‍. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു മണത്തറിഞ്ഞ ജര്‍മന്‍ ചാന്‍സലര്‍ വില്ലി ബ്രാന്‍ഡ് ഇസ്രയേലിന്‍റെ കമാന്‍ഡോ ഓപ്പറേഷന് തടയിട്ടു. പകരം എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുകളായ ജര്‍മന്‍ സേനാംഗങ്ങളെ ഓപ്പറേഷനായി നിയോഗിച്ചു.
ഫ്‌ളാഷ്ബാക്ക്
ഇതിനിടെ ഓര്‍ക്കേണ്ട ചിലതുണ്ട്. അത് ഇസ്രയേല്‍-പലസ്തീന്‍ കുടിപ്പകയെ കുറിച്ചാണ്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇവര്‍ തമ്മിലുള്ള സ്പര്‍ധയ്ക്ക്. പശ്ചിമേഷ്യയിലെ വെടിപ്പുരയാണ് ഈ പ്രദേശം. ഇരുപക്ഷവും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നത് യുദ്ധത്തിലൂടെയായിരുന്നു. അവിടുത്തെ കാറ്റിനു പോലുമുണ്ട് രക്തത്തിന്‍റെ ഗന്ധം. ഒരിക്കലും ഉണങ്ങാത്ത മുറിവായി ഇസ്രയേല്‍-പലസ്തീന്‍ ബന്ധം മാറിയിരിക്കുന്നു.
ഇസ്രയേലിന് സ്വാതന്ത്ര്യം ലഭിച്ചത് 1949ലായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന പലസ്തീന്റെ ചില ഭാഗങ്ങള്‍ ഇസ്രയേല്‍ രാഷ് ട്രമായി രൂപമെടുത്തു. എന്നാല്‍ അറബ് നേതാക്കള്‍ക്ക് ഇസ്രയേല്‍ രാഷ്‌ട്രത്തെ അംഗീകരിക്കാന്‍ മടിയായിരുന്നു. വൈരാഗ്യം മൂത്ത് 1967ല്‍ മുസ്‌ലിം രാഷ്‌ട്രങ്ങളായ സിറിയയും ജോര്‍ദാനും ഈജിപ്തും ഇസ്രയേലുമായി യുദ്ധം ചെയ്തു. എന്നാല്‍ യുദ്ധത്തില്‍ വിജയിച്ചത് ഇസ്രയേലാണ്. പലസ്തീന് നല്‍കേണ്ടി വന്ന വില കനത്തതാകുകയും ചെയ്തു. ഒരു പകരം വീട്ടലിന്‍റെ കഥ അവിടെ ആരംഭിക്കുകയായിരുന്നു.
ജര്‍മന്‍ കമാന്‍ഡോകള്‍ രംഗത്ത്
ബന്ദികളായ ജൂതന്മാരെ വിട്ടയയ്ക്കുകയാണെങ്കില്‍ ആവശ്യമുള്ള പണം നല്‍കാമെന്ന് ജര്‍മനി പറഞ്ഞെങ്കിലും വാഗ്ദാനങ്ങളെല്ലാം ഭീകരര്‍ തള്ളി. ഇതോടെ സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞുതുടങ്ങി. ഓപ്പറേഷനൊരുങ്ങുന്ന ജര്‍മന്‍ സേനയുടെ നീക്കവും ഭീകരര്‍ മാധ്യമങ്ങളിലൂടെ മനസിലാക്കി. ഭീകരരെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതിനായി അഞ്ച് ജര്‍മന്‍ സൈനികരെ നിയോഗിച്ചു. ഈജിപ്റ്റിലെ കെയ്‌റോയില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് ബന്ദികളോടൊപ്പം എയര്‍പോര്‍ട്ടിലേക്കെത്താന്‍ ഭീകരരെ ജര്‍മന്‍ ഭരണകൂടം ക്ഷണിച്ചു. എന്നാല്‍ അവിടെ വച്ച് ' റസ്‌ക്യു ഓപ്പറേഷന്‍ ' നടത്താനാണ് പദ്ധതിയിട്ടത്.
എയര്‍പോര്‍ട്ടിന്റെ റണ്‍ വേയില്‍ ഒരു ഡമ്മി വിമാനം തയാറാക്കി. അതിനുള്ളില്‍ വൈമാനികരുടെ റോളില്‍ കമാന്‍ഡോ ഓപ്പറേഷന് ജര്‍മനിയുടെ സൈനികര്‍ സജ്ജരായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ ഭീകരരെ കീഴടക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തീവ്രവാദികള്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ചെങ്കിലും കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടന്നില്ല. വ്യാജ നാടകം കളിച്ച് തങ്ങളെ കുടുക്കാനുള്ള കമാന്‍ഡോ നീക്കമാണ് നടക്കുന്നതെന്ന് ഭീകരര്‍ക്ക് മനസിലാവുകയും ചെയ്തു. ഉടന്‍ അവര്‍ വിമാനത്തിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയോടി. അപ്പോള്‍ എല്ലാ സംവിധാനങ്ങളുമായി പുറത്ത് ഒരുങ്ങിയിരുന്ന കമാന്‍ഡോകള്‍ ഭീകരര്‍ക്ക് നേരെ നിറയൊഴിച്ചു. ഭീകരര്‍ തിരിച്ചും. പിന്നീട് കുറച്ചുനേരത്തേയ്ക്ക് തീ പാറുന്ന പോരാട്ടമായിരുന്നു. ഒരു ഹോളിവുഡ് സിനിമ രംഗത്തെ ഓര്‍മിപ്പിക്കുന്ന വെടിവയ്പ്പുകള്‍. രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. ഇതിനിടെ ബന്ദികളുണ്ടായിരുന്ന ഹെലികോപ്റ്ററിനു നേരെ ഭീകരര്‍ ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതിനിടെ ജര്‍മന്‍ കമാന്‍ഡോകള്‍ മൂന്ന് തീവ്രവാദികളെ പിടികൂടി. കമാന്‍ഡോ ഓപ്പറേഷന്‍ ഏകദേശം നാല്‍പതു മിനിറ്റോളം നീണ്ടു.
ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് ഇസ്രയേല്‍
സംഭവത്തിനു ശേഷം ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് ഇസ്രയേല്‍ മ്യൂണിച്ച് നഗരം വിട്ടുപോയി. ഒളിംപിക്‌സിന്‍റെ ചരിത്രത്തിലാദ്യമായി മത്സരങ്ങള്‍ നിര്‍ത്തിവച്ചു. സെപ്റ്റംബര്‍ 6ന് നടന്ന അനുസ്മരണ ചടങ്ങില്‍ ഒളിംപിക്‌സ് പതാക പകുതി താഴ്ത്തി കെട്ടി. മ്യൂണിച്ച് ദുരന്തത്തിനു ശേഷം കാലങ്ങള്‍ ഒരുപാട് പിന്നിട്ടു. മുറിവുകള്‍ പലതും മാഞ്ഞു. പക്ഷേ രക്തം കൊണ്ട് കണക്കുതീര്‍ക്കുന്ന, നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരവാദം പുതിയ കാലത്തിലും ലോകത്തിന് മുന്നില്‍ ഭയപ്പാടായി അവശേഷിക്കുന്നു.