കേരളത്തിനും കിട്ടും വന്ദേഭാരത് സ്ലീപ്പർ

അസമിലെ ഗുവാഹത്തിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഹൗറ വരെയാണ് ആദ്യ ട്രെയ്‌ൻ ഓടുക
vande bharat sleeper train for kerala

കേരളത്തിനും കിട്ടും വന്ദേഭാരത് സ്ലീപ്പർ

Updated on

കേന്ദ്ര റെയ്‌ൽവേ, വാർത്താ വിതരണ പ്രക്ഷേപണ, ഇലക്‌ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹി റെയ്‌ൽവേ സ്റ്റേഷനിലെത്തി രാജ്യത്തെ ആദ്യ സെമി- ഹൈ- സ്പീഡ് ട്രെയ്‌നായ വന്ദേഭാരത് സ്ലീപ്പർ ട്രെയ്‌ൻ പരിശോധിച്ചു. അസമിലെ ഗുവാഹത്തിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഹൗറ വരെയാണ് ആദ്യ ട്രെയ്‌ൻ ഓടുക. ഇതിനായി രണ്ടു ട്രെയ്‌നുകളാണ് സജ്ജമാക്കിയിരിക്കുന്നത്. രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയ്‌ൻ. രണ്ടു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു വരുന്നു എന്നതും ശ്രദ്ധേയം.

കോട്ട-നാഗ്‌ദ സെക്‌ഷനിൽ നടന്ന ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിൻ പരീക്ഷണം പൂർത്തിയാക്കിയത്. ഈ വേഗത്തിൽ ഓടുമ്പോഴും നിറയെ വെള്ളമുള്ള ഗ്ലാസിലെ വെള്ളം തുളുമ്പിപ്പോകില്ല എന്നതാണു സവിശേഷത. അതിന്‍റെ വീഡിയൊ അശ്വിനി വൈഷ്ണവ് പങ്കുവച്ചിരുന്നു. ശരാശരി 160 കിലോമീറ്റർ വേഗത ഇതിനു ലഭിക്കും. ഏകദേശം 1,500 കിലോമീറ്റർ വരെയുള്ള രാത്രികാല യാത്രകൾക്കായാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയ്‌ൻ അവതരിപ്പിക്കുന്നത്. ‘യാത്രക്കാർക്ക് വൈകുന്നേരം ട്രെയ്‌നിൽ കയറി അടുത്ത പ്രഭാതത്തിൽ ലക്ഷ്യസ്ഥാനത്തെത്താം.

സീറ്റിങ്- ബെർത്തിങ് ക്രമീകരണങ്ങൾ, ആധുനിക ഇന്‍റീരിയറുകൾ, സുരക്ഷാ സവിശേഷതകൾ, യാത്രക്കാരുടെ സൗകര്യ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ സ്ലീപ്പർ കോച്ചുകൾ, പരിശോധനയ്ക്കിടെ കേന്ദ്രമന്ത്രി സൂക്ഷ്മമായി വിലയിരുത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയ്‌നിനുള്ളിലെ മറ്റു സൗകര്യങ്ങൾക്കും പ്രത്യേക പ്രാധാന്യമാണ് നല്കിയിരിക്കുന്നത്.

ഓട്ടോമാറ്റിക് വാതിലുകൾ, ട്രെയ്‌നുകൾ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സുരക്ഷാ സംവിധാനം, മെച്ചപ്പെട്ട അഗ്നി സുരക്ഷാ സംവിധാനങ്ങൾ, അണുനശീകരണ സാങ്കേതികവിദ്യ, എല്ലാ കോച്ചുകളിലും സിസിടിവി നിരീക്ഷണ സംവിധാനം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനും ശുചിത്വത്തിനും ഇന്ത്യൻ റെയ്‌ൽവേ നല്കുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ, നൂതനമായ ഡിസൈൻ ഘടകങ്ങൾക്ക് ഈ ട്രെയ്‌നിൽ ഊന്നൽ നല്കിയിട്ടുണ്ട്. പ്രത്യേകിച്ച് ശൗചാലയങ്ങളിൽ മികച്ച ശുചിത്വം ഉറപ്പാക്കുന്നതിനും വെള്ളം പുറത്തേക്കു തെറിക്കുന്നത് ഒഴിവാക്കുന്നതിനുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ദീർഘദൂര രാത്രികാല റെയ്‌ൽ യാത്രയിലെ പരിവർത്തനാത്മകമായ ഒരു ചുവടുവയ്പ്പായി ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയ്‌ൻ അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിൽ സർവീസ് നടത്തും. ട്രെയ്‌നിന്‍റെ പരീക്ഷണ ഓട്ടങ്ങൾ, സാങ്കേതിക പരിശോധനകൾ, സർട്ടിഫിക്കേഷൻ നടപടികൾ എന്നിവയുടെ മുഴുവൻ ഘട്ടങ്ങളും വിജയകരമായി പൂർത്തിയായി. ഈ മാസം തന്നെ നരേന്ദ്ര മോദി ഈ റൂട്ടിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയ്‌ൻ ഫ്ലാഗ് ഓഫ് ചെയ്യും.

കേന്ദ്രമന്ത്രി റെയ്‌ൽവേ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ട്രെയ്‌നിന്‍റെ സാങ്കേതിക വശങ്ങൾ വിലയിരുത്തുകയും ചെയ്തു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയ്‌ൻ, സർവീസിന് പൂർണമായും സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. 16 കോച്ചുകളുള്ള ഈ ട്രെയ്‌നിൽ 11 എസി ത്രീ-ടയർ കോച്ചുകളും, നാല് എസി ടു-ടയർ കോച്ചുകളും, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 823 യാത്രക്കാരെ ഉൾക്കൊള്ളാം. ശബ്ദരഹിതമായ മികച്ച യാത്രാ അനുഭവം പ്രദാനം ചെയ്യുന്ന നൂതന സസ്പെൻഷൻ സംവിധാനങ്ങൾ, ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ഉൾഭാഗം, ഉയർന്ന ശുചിത്വ മാനദണ്ഡങ്ങൾ എന്നിവയോടെയാണ് ഈ ട്രെയ്‌ൻ അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമിച്ചിരിക്കുന്നത്. ത്രീ- ടയർ എസി: ഏകദേശം 2,300 രൂപ, ടൂ-ടയർ എസി: ഏകദേശം 3,000 രൂപ, ഫസ്റ്റ് ക്ലാസ് എസി: ഏകദേശം 3,600 രൂപ എന്നിങ്ങനെയാണ് ഗുവാഹത്തി- കൊൽക്കത്ത ടിക്കറ്റ് നിരക്ക്.

വന്ദേഭാരത് സ്ലീപ്പർ ട്രെയ്‌നിലെ യാത്രക്കാർക്ക് തദ്ദേശീയ രുചിക്കൂട്ടുകൾ ആസ്വദിക്കാനും അവസരമുണ്ടാകും. ഗുവാഹത്തിയിൽ നിന്ന് പുറപ്പെടുന്ന ട്രെയ്‌നിൽ അസമീസ് വിഭവങ്ങളും കൊൽക്കത്തയിൽ നിന്ന് പുറപ്പെടുന്ന ട്രെയ്‌നിൽ പരമ്പരാഗത ബംഗാളി വിഭവങ്ങളും ലഭ്യമാക്കും.

അടുത്ത ആറു സെറ്റ് ട്രെയ്നുകൾ കൂടി നിർമാണം പുരോഗമിക്കുകയാണ്. കേരളത്തിനും ഇതിലൊരെണ്ണം ലഭിക്കുമെന്നാണു സൂചന. തമിഴ്നാടിനെ കൂടി ചേർത്തായിരിക്കാനാണ് സാധ്യത. തിരുവനന്തപുരം- ചെന്നൈ റൂട്ടിലായിരിക്കും ഇതു വരിക. രണ്ടു സംസ്ഥാനത്തെയും നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പു തന്നെ ഇതിന്‍റെ തീരുമാനം ഉണ്ടായേക്കും. ഈ വർഷം തന്നെ 20 സെറ്റ് ട്രെയ്‌നുകൾ പാളത്തിലിറക്കാനാണ് കേന്ദ്ര മന്ത്രാലയം ആലോചിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com