

ലക്ഷം കോടികൾ ആര് തരും?
2.5 ലക്ഷം കോടിയോളം വരെ രൂപ ചെലവ് വരുന്ന ഈ പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തും എന്നതിൽ സംസ്ഥാന സർക്കാരിന് ഇപ്പോഴും വ്യക്തതയില്ല. സർക്കാർ താത്പര്യപ്പെടുന്നത് കോർപ്പറെറ്റ് കേന്ദ്രീകൃതമായ പിപിപി മാതൃകയാണ്. എന്നാൽ വികസനത്തിന്‍റെയും പുരോഗതിയുടെയും മറപിടിച്ച് ദേശീയ, ആഗോള കോർപ്പറെറ്റ് മൂലധന ശക്തികൾക്ക്, നമ്മുടെ തന്ത്രപ്രധാന ധാതു സമ്പത്തിൽ ടെക്നോളജി അഡ്വാൻസ്മെന്‍റ്, വാല്യു അഡീഷൻ എന്നിവയുടെ പേരിൽ കൈവയ്ക്കാൻ അവസരം നൽകലാകും പ്രസ്തുത പിപിപി റൂട്ട് നടപ്പാക്കിയാൽ സംഭവിക്കുകയെന്നതു പ്രബലമായ ആശങ്കയാണ്.
പുതിയ മുഖ്യമന്ത്രി ആവിഷ്കരിക്കാൻ ശ്രമിക്കുന്ന വൻകിട പദ്ധതികൾ, നിശ്ചയമായും പ്രതീക്ഷാ നിർഭരമാണ്. പക്ഷേ ഈ വമ്പൻ പ്രോജക്റ്റിന് വേണ്ടി വരുന്ന വളരെ വലിയ മൂലധനച്ചെലവ് (അതും ശതകോടികൾ) എങ്ങനെ സമാഹരിക്കും, എവിടുന്ന് ഇതിനുള്ള പടുകൂറ്റൻ നിക്ഷേപം കണ്ടെത്തും എന്നതാണ് പ്രധാന ചോദ്യം.
കേരള സർക്കാർ വിഭാവനം ചെയ്യുന്ന ഈ 4 പദ്ധതികളും പരസ്പര ബന്ധിതവും ഒരുപാടൊരുപാട് പണച്ചെലവ് ഉള്ളതുമായ മെഗാ പ്രോജക്റ്റുകളാണ്. ഇവ കേവലം ബജറ്റ് പ്രഖ്യാപനമായി ഒതുങ്ങാതെ യാഥാർഥ്യമാകണമെങ്കിൽ വിവിധ ഘട്ടങ്ങളിലായി, ഏതാണ്ട് ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം കോടി വരെ രൂപ കേരളത്തിൽ പുതുതായി ഇൻവെസ്റ്റ് ചെയ്യപ്പെടേണ്ടതുണ്ട്. ആ ചെലവിനത്തിലെ ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ഓരോ പ്രോജക്റ്റിനും വേണ്ടിവരുന്ന ഏകദേശ തുക വെവ്വേറെത്തന്നെ ഇങ്ങനെ നൽകാം:
1. കേരളത്തെ, പോർട്ട് സിറ്റി / ഗ്ലോബൽ ലോജിസ്റ്റിക്സ് ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള പ്രോജക്റ്റ്:
ഇതാണ് ഈ മെഗാ പദ്ധതിയിലെ ഏറ്റവും ചെലവേറിയ ഇനം. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം കോടി വരെ രൂപയാകും ഈ സുപ്രധാന പദ്ധതിക്ക് ചെലവഴിക്കേണ്ടി വരുന്ന തുക. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ അടുത്ത ഘട്ടങ്ങളുടെ വികസനം, കൊച്ചി തുറമുഖത്തിന്‍റെ നവീകരണം, മറ്റ് ഉപഗ്രഹ തുറമുഖങ്ങളുടെ (കൊല്ലം, ബേപ്പൂർ, അഴീക്കൽ മുതലായവ) വികസനം എന്നിവയൊക്കെ ഇതിലാണ് എന്നതാണ് ഇത്ര വലിയ ചെലവ് വരാനുള്ള മുഖ്യ കാരണം.
മേൽപ്പറഞ്ഞ തുറമുഖങ്ങളെയാകെ ബന്ധിപ്പിച്ചു രൂപീകരിക്കാൻ പോകുന്ന വൻകിട വ്യവസായ ഇടനാഴികൾ (ഒആർജിസി), റെയ്‌ൽ/റോഡ് കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസിങ് ഹബ്ബുകൾ എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കാനായും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിവരുന്ന ഭീമമായ തുകയാണ് മറ്റൊരു അതിപ്രധാനമായ ചെലവ് ഭാഗം.
2. അപൂർവ ധാതു ഇടനാഴി:
കരിമണൽ വിഭവങ്ങളിൽ നിന്നും അപൂർവ ധാതുക്കൾ വേർതിരിച്ചെടുക്കുന്ന അത്യാധുനിക സംസ്കരണ ശൃംഖലയാണിത്. 25,000 മുതൽ 40,000 കോടി വരെ രൂപ ഇതിന് ചെലവ് വരും. കേവലം കരിമണൽ ഖനനത്തിനുമപ്പുറം, പ്രധാനപ്പെട്ട മൂലകങ്ങൾ ശുദ്ധീകരിച്ചെടുക്കാനുള്ള അത്യാധുനിക പ്ലാന്‍റുകൾ, ടൈറ്റാനിയം ഡയോക്സൈഡിന്‍റെ മൂല്യവർധിത ഉല്പന്നങ്ങളായ ടൈറ്റാനിയം സ്പോഞ്ച്, ടൈറ്റാനിയം മെറ്റൽ, പ്രതിരോധ- വിപണി ലക്ഷ്യമിട്ടുള്ള സ്ഥിരകാന്ത ഉത്പാദന യൂണിറ്റുകൾ എന്നിവ സ്ഥാപിക്കാൻ ഉയർന്ന സാങ്കേതികവിദ്യയും വമ്പിച്ച തോതിൽ മൂലധനവും ആവശ്യമാണ് എന്നതാണ് ഈ വലിയ ചെലവിന് കാരണം.
3. മിഷൻ സമുദ്ര- ബ്ലൂ ഇക്കോണമി:
സമുദ്ര വിഭവങ്ങളുടെ വാണിജ്യ വിപണിയും, തീരദേശ സംരക്ഷണവും, സുസ്ഥിര വികസനവും ഒരു കുടക്കീഴിൽ ഒന്നിക്കും വിധമുള്ള പദ്ധതികളായാണ് ഇതിൽ വരിക. 25,000 മുതൽ 35,000 കോടി വരെ രൂപ ഈ പദ്ധതികൾക്ക് ആകെ ചെലവ് പ്രതീക്ഷിക്കാം. ആഴക്കടൽ മത്സ്യബന്ധന നവീകരണം, തീരദേശ കപ്പൽ ഗതാഗതം, കാറ്റിൽ നിന്നുള്ള ഊർജോത്പാദനം, സമുദ്രോത്പന്ന സംസ്കരണ പാർക്കുകൾ, ഒപ്പം തീരശോഷണം തടയുന്നതിനുള്ള വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയൊക്കെയാണ് ഈ പദ്ധതിയുടെ ഭാഗമായി വരുന്നത്.
എങ്ങനെയാണ് ഇത് സാധ്യമാക്കാനാകുക? ഇത്രയും ഭീമമായ തുക, സാമ്പത്തികമായി വലിയ ഞെരുക്കം നേരിടുന്ന സംസ്ഥാന സർക്കാരിന് മാത്രമായി കണ്ടെത്താനാകില്ല. അതുകൊണ്ട് തന്നെ ഈ നിക്ഷേപത്തിന്‍റെ വലിയൊരു പങ്ക് താഴെ പറയും വിധമാകും സർക്കാർ സമാഹരിക്കുക :
എ) പൊതു- സ്വകാര്യ പങ്കാളിത്തം: അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള വൻകിട ദേശീയ / ആഗോള കോർപ്പറേറ്റുകളിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം. (ഏകദേശം 60% തുകയും സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് ലക്ഷ്യമിടുന്നത്).
ബി) കേന്ദ്ര സർക്കാർ സഹായം: സാഗർമാല പദ്ധതി, നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈൻ എന്നിവ വഴി തുറമുഖ /റോഡ് വികസനത്തിനുള്ള ഫണ്ടുകൾ, ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് എന്നിവയിൽ നിന്നുള്ള
സമുദ്ര / പരിസ്ഥിതി സൗഹൃദ ബോണ്ടുകൾ എന്നിവയിലൂടെ ബാക്കി 40% തുകയും കണ്ടെത്താനാകുമെന്നും കണക്കാക്കുന്നു: അടുത്ത 10 മുതൽ 15 വരെ വർഷങ്ങൾ കൊണ്ട് ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ മഹാ പദ്ധതികൾക്കെല്ലാം കൂടി എന്തായാലും ഏകദേശം രണ്ടര ലക്ഷം കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപം ആവശ്യമുണ്ട്. അതുകൊണ്ടു തന്നെയാണ് കോർപ്പറെറ്റ് ഗ്രൂപ്പുകൾക്ക് ഈ പദ്ധതികളിൽ വലിയ താത്പര്യമുണ്ടാകുന്നതും.
പക്ഷേ ദേശ, ദേശാന്തര കുത്തകകൾക്ക് പൂർണമായി വിട്ടുകൊടുക്കേണ്ടതല്ല കേരളത്തിന് പ്രകൃതി കനിഞ്ഞു നൽകിയ ഈ അമൂല്യ വരദാനങ്ങൾ. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന സിയാൽ (സിയാൽ) മോഡൽ കേരളം പടുത്തുയർത്തിയത്, കൂടുതലും പ്രവാസികളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് അതിനെ ഓഹരിയാക്കി മാറ്റിക്കൊണ്ടായിരുന്നു. വളരെ പ്രായോഗികവും ജനപ്രിയവുമായ ഒരു ചിന്തയാണത്. കേരളത്തിൽ കരിമണൽ ഖനനവും, റെയർ എർത്ത് കോറിഡോറും ബ്ലൂ ഇക്കോണമിയും കേരളമാകെ ഒരു പോർട്ട് സിറ്റി ആയി മാറാൻ പോകുന്നതുമെല്ലാം വലിയ രാഷ്‌ട്രീയ- സാമൂഹിക വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ, നെടുമ്പാശേരി എയർപോർട്ട് (സിയാൽ) മാതൃക ഒരു മികച്ച പരിഹാരവുമായി ഉയർത്തിക്കാട്ടുമോ സതീശൻ സർക്കാർ തയാറാകുമോ..?
സിയാൽ മാതൃകാ ഗുണങ്ങൾ എങ്ങനെ പ്രയോഗിക്കാം?
1. പൊതു- സ്വകാര്യ- ജനകീയ പങ്കാളിത്തം: കൊച്ചിൻ ഇന്‍റർനാഷന്‍റണൽ എയർപോർട്ട് ലിമിറ്റഡ് അഥവാ സിയാലിൽ കേരള സർക്കാരിന് ഏകദേശം 32% ഓഹരി മാത്രമാണുള്ളത്. ബാക്കി തുക പ്രവാസി മലയാളികൾ, പൊതുജനങ്ങൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നാണ് സമാഹരിച്ചത്. ഇതേ മാതൃകയിൽ ഒരു കമ്പനി തുടങ്ങിയാൽ കേരളത്തിലെ ജനങ്ങൾക്കും പ്രവാസികൾക്കും ഇതിൽ നേരിട്ട് ഓഹരി പങ്കാളികളാകാം.
2. ഖനന വിവാദങ്ങൾക്ക് പരിഹാരവും പൊതുജന പങ്കാളിത്തവും: ആലപ്പുഴ, കൊല്ലം തീരങ്ങളിലെ കരിമണൽ ഖനനത്തിൽ സ്വകാര്യ കുത്തകകൾക്കെതിരേ ഉയർന്ന വലിയൊരു ആക്ഷേപം "നാടിന്‍റെ സമ്പത്ത് കോർപ്പറെറ്റുകൾ കൊള്ളയടിക്കുന്നു' എന്നതാണ്. എന്നാൽ സിയാൽ മാതൃകയിൽ പദ്ധതി പ്രദേശത്തെ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പുനരധിവാസത്തോടൊപ്പം കമ്പനിയുടെ ഓഹരികൾ കൂടി നൽകിയാൽ തീരദേശ ജനതയുടെ എതിർപ്പ് വലിയ അളവിൽ കുറയ്ക്കാം.
3. നിക്ഷേപം കണ്ടെത്തൽ: ഈ മെഗാ പ്രോജക്റ്റിന് വേണ്ടിവരുന്ന രണ്ടര ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപത്തിലേക്ക് പ്രവാസി മലയാളികളുടെ സമ്പാദ്യത്തെ (എൻആർഐ നിക്ഷേപം) ബോണ്ടുകളായോ ഓഹരികളായോ ആകർഷിക്കാൻ, മേൽപ്പറഞ്ഞതു പോലെയുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിക്ക് സാധിക്കും. ഭാവനാത്മകമായി ഇത് വളരെ മികച്ചതാണെങ്കിലും മിഷൻ സമുദ്രയും റെയർ എർത്ത് കോറിഡോറും ബ്ലൂ ഇക്കോണമിയും പോർട്ട് സിറ്റി ഹബ്ബും ഉൾപ്പെടുന്ന ഈ മാതൃക നടപ്പാക്കാനും ചില വെല്ലുവിളികൾ മറികടക്കേണ്ടതുമുണ്ട്.
രണ്ടര ലക്ഷം കോടിയോളം വരെ രൂപ ചെലവ് വരുന്ന ഈ പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തും എന്നതിൽ സർക്കാരിന് ഇപ്പോഴും വ്യക്തതയില്ല. സർക്കാർ താത്പര്യപ്പെടുന്നത് കോർപ്പറെറ്റ് കേന്ദ്രീകൃതമായ പിപിപി മാതൃകയാണ്. എന്നാൽ വികസനത്തിന്‍റെയും പുരോഗതിയുടെയും മറപിടിച്ച് ദേശീയ, ആഗോള കോർപ്പറെറ്റ് മൂലധന ശക്തികൾക്ക്, നമ്മുടെ തന്ത്രപ്രധാന ധാതു സമ്പത്തിൽ ടെക്നോളജി അഡ്വാൻസ്മെന്‍റ്, വാല്യു അഡീഷൻ എന്നിവയുടെ പേരിൽ കൈവയ്ക്കാൻ അവസരം നൽകലാകും പ്രസ്തുത പിപിപി റൂട്ട് നടപ്പാക്കിയാൽ സംഭവിക്കുകയെന്നതു പ്രബലമായ ആശങ്കയാണ്.
(നാളെ: സിയാൽ മോഡൽ പര്യാപ്തമാണോ?)