വീണ്ടുമൊരു ഫെബ്രുവരി 14 കടന്നു പോകുന്നു. പ്രണയം തുറന്നു പറഞ്ഞും, ഹൃദയം കൈമാറിയും, സമ്മാനങ്ങള്‍ നല്‍കിയും ആഘോഷിക്കുന്ന ദിനം. ലോകം മുഴുവന്‍ വലന്‍റൈന്‍സ് ഡേ ആഘോഷിക്കുമെങ്കിലും, ആ ദിനത്തിനു പിന്നിലെ കഥ പലര്‍ക്കും അജ്ഞാതം. പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ പുരോഹിതന്‍റെ ദിനമാണ് വലന്‍റൈന്‍സ് ഡേ. നൂറ്റാണ്ടുകള്‍ക്കപ്പുറം തുടങ്ങുന്ന പ്രണയകഥയില്‍ നിന്നാണു വലന്‍റൈന്‍സ് ദിനത്തിന്‍റെ പിറവി
യുദ്ധം നിര്‍ബന്ധം, പ്രണയം നിഷിദ്ധം
ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്തെ ബിഷപ്പായിരുന്നു വലന്‍റൈന്‍. അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കള്‍ പ്രണയത്തിലാവാനോ വിവാഹം കഴിക്കാനോ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. യുദ്ധത്തിലുള്ള ശ്രദ്ധ കുറയും എന്നതായിരുന്നു കാരണം. എന്നാല്‍ പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാന്‍ ബിഷപ്പ് തീരുമാനിച്ചു. രഹസ്യമായി പലരുടെയും വിവാഹം നടത്തുകയും ചെയ്തു. ഇതറിഞ്ഞ ഭരണാധികാരി വലന്‍റൈനെ ജയിലില്‍ അടച്ചു.
ഫ്രം യുവര്‍ വലന്‍റൈന്‍
ബിഷപ്പ് വാലന്‍ന്‍റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തിലായി. ബിഷപ്പിന്‍റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്കു കാഴ്ചശക്തി ലഭിച്ചുവെന്നാണു കഥ. എന്നാല്‍ ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്‍റൈന്‍റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വലന്‍റൈന്‍ ആ പെണ്‍കുട്ടിക്ക് ''ഫ്രം യുവര്‍ വലന്‍റൈന്‍'' എന്നൊരു കുറിപ്പെഴുതിവച്ചു. അതിനു ശേഷമാണ് ബിഷപ്പ് വലന്‍റൈന്‍റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 വലന്‍റൈന്‍ ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.
പ്രണയം പറയാം, ഘട്ടം ഘട്ടമായി
ബ്രിട്ടാനിക്കയുടെ അഭിപ്രായത്തില്‍ ഫെബ്രുവരി മധ്യത്തില്‍ നടന്ന റോമന്‍ ഉത്സവമായ ലൂപ്പര്‍കാലിയയില്‍ നിന്നാണ് വാലന്‍റൈന്‍സ് ഡേയുടെ ഉത്ഭവം. ഈ ഉത്സവത്തില്‍ നറുക്കെടുപ്പിലൂടെ പുരുഷന്‍മാര്‍ സ്ത്രീകളെ ജോടിയാക്കിയിരുന്നു. എന്നാല്‍ ജെലാസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഈ ഉത്സവത്തിന് പകരം സെയ്ന്‍റ് വലന്‍റൈന്‍സ് ദിനം നിലവില്‍ കൊണ്ടുവന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
ഫെബ്രുവരി 7 മുതല്‍ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ഫെബ്രുവരി 14ന് വാലന്‍റൈന്‍സ് ഡേ ആഘോഷിക്കുന്നതിന് മുന്‍പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിവ ഘട്ടം ഘട്ടമായി തന്‍റെ പ്രണയം പറയുന്നതിനായി വലന്‍റൈന്‍ വീക്കായി ആഘോഷിക്കാറുണ്ട്.
ജനപ്രീതിയേറിയ ദിനം
ക്രമേണയായിരുന്നു വലന്‍റൈന്‍സ് ദിനത്തിന്‍റെ സ്വീകാര്യത വര്‍ധിച്ചത്. 18-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും, പ്രത്യേകിച്ച് ഇംഗ്ലണ്ടിലും അമേരിക്കയിലും, വാലന്‍റൈന്‍സ് ഡേയുടെ ജനപ്രീതി കൂടിവന്നു. പ്രണയലേഖനങ്ങള്‍ കൈമാറുന്ന പതിവ് തുടങ്ങി. പിന്നീട് പല കൂട്ടിച്ചേര്‍ക്കലുകളും ഈ ആഘോഷങ്ങളില്‍ വന്നുചേര്‍ന്നു.
ഇന്ന് ലോകമെമ്പാടും വലന്‍റൈന്‍സ് ഡേ ആഘോഷിക്കപ്പെടുന്നു. ഈ ദിനത്തില്‍ ജപ്പാനില്‍, സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ചോക്കലേറ്റ് നല്‍കുന്നതു പതിവാണ്. ഒരു മാസത്തിനു ശേഷമുള്ള വൈറ്റ് ഡേയില്‍ പുരുഷന്മാര്‍ തിരിച്ചും സമ്മാനങ്ങള്‍ നല്‍കും. ഡെന്മാര്‍ക്കിലും നോര്‍വേയിലും വിവാഹാലോചനകള്‍ ഏറ്റവുമധികം നടക്കുന്ന സമയമാണ് വാലന്‍റൈന്‍സ് ഡേ. ഒരു കാലത്ത് കാര്‍ഡുകളും, ചോക്കലേറ്റുകളും, സമ്മാനങ്ങളുമൊക്കെയാണ് വലന്‍റൈന്‍സ് ഡേ ഗിഫ്റ്റുകളായിരുന്നത്. ഇന്ന് വാട്‌സ് ആപ്പിലും സാമൂഹിക മാധ്യമങ്ങളിലും ആശംസാവചനങ്ങളും വീഡിയോകളും തിക്കിതിരക്കുന്നു....