
#കെ.ആർ. പ്രമോദ്
ദാനം കിട്ടുന്ന പശുവിന്റെ വായിൽ പല്ലുണ്ടോയെന്നു നോക്കേണ്ട കാര്യമില്ലെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്? - കാര്യം നടന്നാൽ മതി. പുതുമോ(ദി)ടിയോടെ എത്തിയ ട്രെയ്നിന്റെ കാര്യത്തിലും ഇതാണു സ്ഥിതി. വെറുതെ പരിഭ്രമിക്കേണ്ട കാര്യമില്ല. വന്ദേ ഇന്ത്യൻ എക്സ്പ്രസ് നമ്മളെ പിടിച്ചു കടിക്കുകയൊന്നുമില്ല. എന്നിട്ടും കൂകി വലഞ്ഞു കണ്ഠമിടറി വരുന്ന ശകടാസുരനെ കൂകിത്തോൽപ്പിക്കാനാണ് പലർക്കും കൗതുകം.
ഈ വണ്ടി അപ്പക്കച്ചവടക്കാർക്ക് പറ്റിയതല്ല എന്നതാണ് ഒരു നേതാവിന്റെ മുഖ്യ പരാതി. കൂറ്റനാട്ടുനിന്ന് കൊച്ചിയിലേക്ക് അപ്പവുമായി പോകുന്നവർ ആലുവയിലെത്തും മുമ്പേ അപ്പം കേടാവുമത്രെ. നെയ്യപ്പമാണെങ്കിൽ പറയാനുമില്ല.
അപ്പം മാത്രം വിൽക്കണമെന്ന് എന്താണിത്ര വാശി എന്നറിയില്ല. വേണമെങ്കിൽ അവലും മലരും നോക്കാമല്ലോ. അല്ലെങ്കിൽ തൈരുസാദം വിൽക്കാം. അതു പോരെങ്കിൽ ബീഫ് ബിരിയാണിയാകാം. കാലത്തിനും കോലത്തിനും യോജിച്ച തീറ്റയാണത്.
സിൽവർ ലൈൻ അപ്പ വിപ്ലവം
എന്തായാലും അപ്പത്തിന്റെ ഉദാഹരണ കഥ പറഞ്ഞ നമ്മുടെ നേതാവിനെ കുറ്റപ്പെടുത്താനാവില്ല. കോട്ടും സ്യൂട്ടും ഇട്ടു നടക്കുന്ന മഹാത്മാക്കൾക്കു മാത്രമല്ല, നെറ്റിയിലെ വിയർപ്പൊഴുക്കി അന്നന്നത്തെ അപ്പം തേടുന്ന സാധുക്കൾക്കും അതിവേഗ തീവണ്ടികൾ ഉപകരിക്കണമെന്നല്ലേ, കവി ഉദ്ദേശിച്ചത്?
സത്യത്തിൽ, അദ്ദേഹം ചൂണ്ടിക്കാട്ടിയ അധ്വാനവർഗ ആശയം നടപ്പായാൽ വലിയൊരു വ്യവസായ വിപ്ലവത്തിന്റെ സിൽവർ ലൈനായി അതു മാറും. അപ്പോൾ കൂറ്റനാട്ടിൽ നിന്ന് അപ്പവുമായി രാവിലെ പോയാൽ അര മണിക്കൂർ കൊണ്ടു കൊച്ചിയിലിറങ്ങി അപ്പം വിൽക്കാം. ഒരു ചായയും കുടിച്ച് അടുത്ത വണ്ടിയിൽ തിരിച്ചു പോകാം. സിൽവർലൈൻ - തലേവര - ഉണ്ടെങ്കിൽ പരുക്കൊന്നും പറ്റാതെ ഉച്ചയ്ക്ക് വീട്ടിൽ വന്നു മീൻകറി കൂട്ടി ചോറുണ്ണാം.
അതിവേഗ തീവണ്ടികൾ വന്നാൽ നമ്മുടെ നാടൻ പലഹാരങ്ങളും സാധനങ്ങളും ഇപ്രകാരം ഒറ്റ ദിവസം കൊണ്ട് ദേശമെങ്ങും എത്തിച്ചു ചൂടപ്പം പോലെ വിറ്റു കാശാക്കാനാവില്ലേ? രാമശ്ശേരി ഇഡ്ഡലിയും കോഴിക്കോടൻ ഹൽവയും തിരുവന്തോരത്തു കൊടുക്കാം. അനന്തപുരിയിലെ പാലട പ്രഥമൻ മലബാറിലും വിൽക്കാം. ആറ്റിങ്ങൽ തോർത്ത്, കൊയിലാണ്ടി ഹുക്ക, കുറ്റ്യാടി തേങ്ങ, തൃശ്ശൂർ പപ്പടം, പയ്യന്നൂർ കത്തി തുടങ്ങിയ ദേശപ്പെരുമ വിളങ്ങുന്ന ഉത്പന്നങ്ങളും ഈ വിധം വിവിധ നാട്ടു ചന്തകളിൽ എത്തിച്ച് ദേശീയോദ്ഗ്രഥനം സാദ്ധ്യമാക്കാം.
തീവണ്ടിക്ക് സേഫ്റ്റി തെല്ലു കുറഞ്ഞാലും വേണ്ടില്ല, നല്ല സ്പീഡും സ്പീഡോമീറ്ററും ആക്സിലറേറ്ററും വേണമെന്ന് ദീർഘദൃഷ്ടിയുള്ള മനുഷ്യസ്നേഹികൾ വാദിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്.
വന്ദേ മാതരം!
പാലക്കാട് ചുരം കയറി തലയിൽ മുണ്ടിട്ട് ഇരുചെവിയറിയാതെ വന്ന വന്ദേ ഇന്ത്യൻ എക്സ്പ്രസിന്റെ പൊളിറ്റിക്കൽ ഗുട്ടൻസ് വളരെ ക്ലിയറാണ്. അതാണ് പ്രശ്നവും.
മദ്രാസിൽ നിന്നു കാലിയായി വന്ന ട്രെയ്ൻ തിരിച്ചു ഡൽഹിക്കു നിറയെ വോട്ടുകളുമായാണ് മടങ്ങുന്നതെങ്കിൽ നവോത്ഥാന കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയില്ലേ? നമ്മുടെ പ്രബുദ്ധതയുടെ സോപ്പുകുമിളകൾ പൊട്ടിച്ചിതറിപ്പോവുകയില്ലേ? എന്തായാലും അങ്ങനെയൊന്നും സംഭവിക്കില്ല. ഇതു കേരളമാണ്.
കാസർഗോഡു മുതൽ പാറശ്ശാല വരെ ആകെ അറുനൂറ്റി ഇരുപത്താറു വളവുകളും തിരിവുകളും ട്രാക്കിലുണ്ട്. അത്ര തന്നെ പാർട്ടികളും ആചാരങ്ങളും മണ്ണിലുമുണ്ട്. പരശുറാം ഓടുന്ന ഈ പരശുരാമ ഭൂമിയിൽ നിന്ന് ഒരു മാരീചനും നീചനും നമ്മളെ പറ്റിച്ചു രക്ഷപെടാനാവില്ല. ഒരു ലക്ഷ്മണരേഖ വാങ്ങി വരച്ചാൽ തീരുന്ന ചാഴിശല്യമേ ഇപ്പോഴുള്ളൂ. ഇതറിയാവുന്നതുകൊണ്ടാണ് ഞങ്ങൾ, ബ്രഹ്മജ്ഞാനികളിൽ ചിലർ 'വന്ദേ മാതരം' എന്നു വിളിച്ചു പുതിയ തീവണ്ടിയുടെ മണ്ടയിൽ തോണ്ടുന്നത്.
വന്ദേ മാതരം!
krpramodmenon@gmail.com