വന്ദേ മാതരം: ഒരു ഗീതം, ഒരു സ്വത്വം, ഒരേയൊരിന്ത്യ | Vande Mataram 150th anniversary

വന്ദേ മാതരത്തിന്‍റെ കർത്താവ്, ബങ്കിം ചന്ദ്ര ചാറ്റർജി.

വന്ദേ മാതരം: ഒരു ഗീതം, ഒരു സ്വത്വം, ഒരേയൊരിന്ത്യ

ഒരുമിച്ച് ഒരൊറ്റ സ്വപ്നം കാണാൻ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വരികൾ ഒരു ജനതയെ ആഹ്വാനം ചെയ്തു

ഡോ. സച്ചിദാനന്ദ ജോഷി

"Mother, I bow to thee!

Rich with thy hurrying streams,

Bright with thy orchard gleams,

Cool with the winds of delight,

Dark fields waving, Mother of might,

Mother free.

Glory of moonlight dreams

Over thy branches and lordly streams

Clad in the blossoming trees,

Mother, giver of ease,

Laughing low and sweet!

Mother, I kiss thy feet

Speaker sweet and low!

Mother to thee I bow''.

1909 നവംബർ 20ന് കർമയോഗിൻ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിൽ മേൽപ്പറഞ്ഞ വിവർത്തനം പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് തന്നെ, 'വന്ദേമാതരം' എന്ന ഗാനം ദേശീയ ഐക്യത്തിന്‍റെ ആത്മാവിൽ ഇഴചേർന്നു കഴിഞ്ഞിരുന്നു. മഹാസമ്മേളനങ്ങളിൽ ആലപിക്കപ്പെടുകയും വീടുകളിൽ മർമരമായി പടരുകയും ചെയ്ത ഈ ഗാനം പ്രവിശ്യകൾക്കും വിശ്വാസങ്ങൾക്കും അതീതമായി ഉയരാൻ കോടിക്കണക്കിന് ജനഹൃദയങ്ങൾക്ക് പ്രേരണയായി. ഒരുമിച്ച് ഒരൊറ്റ സ്വപ്നം കാണാൻ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വരികൾ ഒരു ജനതയെ ആഹ്വാനം ചെയ്തു. പുതു തലമുറകൾക്കും ലോകത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി ശ്രവിക്കാനുള്ള മാധ്യമമായി അരബിന്ദോയുടെ ഇംഗ്ലീഷ് വിവർത്തനം മാറി. വന്ദേമാതരത്തിന്‍റെ കർമയോഗിനിലെ പ്രസിദ്ധീകരണം ഒരു ഗാനത്തിന്‍റെ കേവലമായ വിവർത്തനത്തിലുപരി: രണ്ട് പതിറ്റാണ്ടു കാലം എല്ലാ വിഭജനങ്ങളെയും അതിജീവിച്ച് ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിർത്തിയ ഒരു ആശയത്തിന് ശബ്ദവും ദർശനവും നൽകി മഹാപ്രസ്ഥാനമായി ക്രോഡീകരിച്ചു.

1896ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കൽക്കട്ട സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ചപ്പോഴാണ് ഒരു സങ്കീർത്തനം പോലെയുള്ള വന്ദേമാതരത്തിന്‍റെ ആരോഹണം ഇദംപ്രഥമമായി ജനങ്ങൾ ശ്രവിച്ചത്. ആ വൈകുന്നേരം, സദസ് ഏകമന്ത്രത്താൽ മുഖരിതമായി നിഷേധാത്മകതയുടേതല്ല, മറിച്ച് ഭാവാത്മകമായ ഭക്തിയുടെതായിരുന്നു ആ സ്വരങ്ങൾ. പത്ത് വർഷത്തിന് ശേഷം 1905ൽ നടന്ന വിഭജനത്താൽ ബംഗാൾ നടുങ്ങിപ്പോയപ്പോൾ, ടാഗോറിന്‍റെ അനന്തരവൻ അബനീന്ദ്രനാഥ ടാഗോർ ഭാരത മാതാവിന്‍റെ ചിത്രം വരച്ചു ഒരു കെട്ട് ധാന്യക്കറ്റയും ഒരു പുസ്തകവും ഒരു രുദ്രാക്ഷ മാലയും പിടിച്ചു നിൽക്കുന്ന കാവി വസ്ത്രം ധരിച്ച ഒരു വനിത ബങ്കിം ചന്ദ്രന്‍റെ വാക്കുകളുടെ ദൃശ്യാവിഷ്കാരമായിരുന്നു അത്. ഒരു കവിയുടെ കേവലമായ ഭാവന മാത്രമായിരുന്നില്ല ഈ ഗാനം; മാതൃരാജ്യത്തിന്‍റെ അതിജീവനവും അതിനെ സംരക്ഷിക്കാനുമുള്ള തീവ്രമായ ഇച്ഛാശക്തിയെ പരിപോഷിപ്പിക്കുന്ന ആത്മാവിന്‍റെ നൊമ്പരപ്പെടുത്തുന്ന മുറവിളിയുമായിരുന്നു അത്. വർഷങ്ങളായി ഉള്ളിൽ തങ്ങിനിന്ന ഒരു ആഗ്രഹത്തിന്‍റെ ബഹിർസ്ഫുരണമായിരുന്നു അത്. ബ്രിട്ടീഷ് "രാജ്ഞി നീണാൾ വാഴട്ടെ' എന്ന് പാടാൻ ഭരണാധികാരികൾ ജനങ്ങളെ നിർബന്ധിക്കുന്ന കാലഘട്ടത്തിലാണ്, ബങ്കിം ചന്ദ്ര ചാറ്റർജി ഒറ്റ രാത്രി കൊണ്ട് ഈ ഗാനം രചിച്ചത്. പതിറ്റാണ്ടുകളുടെയും, നൂറ്റാണ്ടുകളുടെയും, കഷ്ടപ്പാടുകളുടെ കാവ്യാത്മക ആവിഷ്കാരമായിരുന്നു അത്. വേദന കടിച്ചമർത്തി ദീർഘമായ സുഷുപ്തിയിലാണ്ടുപോയ ഒരു ജനതയെ ഉണർത്താനുള്ള ഒരു തീക്ഷ്ണമായ ആഹ്വാനമായിരുന്നു അത്.

കോൺഗ്രസ് സമ്മേളനങ്ങൾ മുതൽ ലാഹോറിലെ തൂക്കുമരങ്ങൾ വരെ, വന്ദേമാതരം ധീരമായ ചെറുത്തുനിൽപ്പിന്‍റെ നിശ്വാസമായി മാറി. ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, ബടുകേശ്വർ ദത്ത് തുടങ്ങി ഒട്ടേറെ ധീരദേശാഭിമാനികൾ വന്ദേമാതരം മുഴക്കിക്കൊണ്ട് സധൈര്യം മരണത്തിലേക്ക് നടന്നു നീങ്ങി. സുഭാഷ് ചന്ദ്രബോസ് അതിനെ ഇന്ത്യൻ നാഷണൽ ആർമിയുടെ സഞ്ചലന ഗാനമാക്കി മാറ്റി. ആ ഗാനം മഹാസമ്മേളനങ്ങളിൽ ആലപിക്കപ്പെടുകയും ജയിലുകളിൽ മർമരമായി പടരുകയും ചെയ്തു; സന്യാസിമാരും സൈനികരും പണ്ഡിതന്മാരും കർഷകരും ഹിന്ദുക്കളും മുസ്‌ലിങ്ങളും എന്ന് വേണ്ട, എല്ലാ മതങ്ങളിലെയും വിശ്വാസങ്ങളിലെയും ജനങ്ങൾ പ്രാർഥനയുടെയും ചെറുത്തുനില്പിന്‍റെയും ആവിഷ്‌ക്കാരമായ ഈ ഗാനത്തെ നെഞ്ചേറ്റി.

വന്ദേമാതര ഗാനം ആദ്യം വിവർത്തനം ചെയ്തത് ശ്രീ അരബിന്ദോ ആയിരുന്നില്ല. ഇന്ത്യക്കാരും ഇംഗ്ലീഷുകാരുമായ ഒട്ടേറെ പണ്ഡിതർ ഈ ഗാനം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഉറുദു ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥനായിരുന്ന ബ്രിട്ടീഷുകാരൻ ഡബ്ല്യു.എച്ച്. ലീ 1906ൽ ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. വന്ദേമാതരം എന്ന വാക്ക് ഉച്ചരിക്കുന്നത് പോലും നിരോധിക്കപ്പെട്ട കാലത്ത്, അത് അജ്ഞാതമായി വിവർത്തനം ചെയ്യപ്പെട്ടു. ഏതായാലും, ബംഗാളിയിലെ മൂലകൃതിയോടൊപ്പം ചേർത്തിരിക്കുന്നത് അരബിന്ദ ഘോഷിന്‍റെ ഇംഗ്ലീഷ് വിവർത്തനമാണ്. തലമുറകളിലൂടെയും ഭൂമിപ്രദേശങ്ങളിലൂടെയും പ്രയാണം ചെയ്ത്, ഭാരതീയ രാഷ്‌ട്ര ജീവിതത്തിന്‍റെ സമസ്ത തലങ്ങളിലൂടെയും സഞ്ചരിച്ച്, ഇന്ത്യക്കാരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ മറ്റൊരു 7ഗാനവുമില്ല. അടിമത്തത്തിന്‍റെയും കഷ്ടപ്പാടുകളുടെയും, പരിഷ്കരണത്തിന്‍റെയും വിപ്ലവത്തിന്‍റെയും കാലഘട്ടങ്ങളിൽ വന്ദേമാതരം തുല്യശോഭയോടെ നിലനിന്നു രോഷ പ്രകടനത്തിന്‍റെ മുദ്രാവാക്യമായിട്ടല്ല, മറിച്ച് സ്നേഹത്തിന്‍റെ അഭിവാദ്യമായി.

കാലാതിവർത്തിയായ അതിന്‍റെ സ്വാധീനം മനസിലാക്കാൻ, ഒരാൾ അതിന്‍റെ പ്രഭവകേന്ദ്രത്തിലേക്ക് ഇന്ത്യയുടെ ഭാഗധേയത്തെ മാറ്റിമറിച്ച ഭാസുരമായ ഒരു കാലഘട്ടത്തിലേക്ക്, ബംഗാളിലെ ഒരു സാധാരണ കുടുംബത്തിലേക്ക് മടങ്ങിച്ചെല്ലണം. കൽക്കട്ട സർവകലാശാലയിലെ ആദ്യ ബിരുദധാരികളിൽ ഒരാളായ ബങ്കിം ചന്ദ്ര ചാറ്റർജി (1838–1894) ഡെപ്യൂട്ടി മജിസ്‌ട്രേറ്റായും ഡെപ്യൂട്ടി കലക്റ്ററായും സർക്കാർ സർവീസിൽ ജോലി ചെയ്തു. അദ്ദേഹത്തിന്‍റെ ജോലി ബ്രിട്ടീഷ് ആർക്കൈവുകളിലേക്കും ഗസറ്റുകളിലേക്കും അദ്ദേഹത്തിന് പ്രവേശനം നൽകി വിസ്‌മരിക്കപ്പെട്ടു പോയ ഒരു ഇതിഹാസത്തെ വെളിപ്പെടുത്തുന്ന രേഖകൾ: ധാക്കയിലും ഉത്തര ബംഗാളിലും സാമ്രാജ്യത്വ ശക്തികളുടെ അടിച്ചമർത്തലിനെതിരെ പരിവ്രാജകരായ സന്യാസിമാർ ഉയർത്തിയ സന്യാസി കലാപം (1763–1780) സംബന്ധിച്ച രേഖകൾ അദ്ദേഹത്തിന് ലഭിച്ചു. ആ പരിത്യാഗത്തിന്‍റെ കഥയാണ് ബങ്കിം ബാബുവിന്‍റെ പിൽക്കാല നോവലായ "ആനന്ദമഠ'ത്തിന് പ്രചോദനമായത്. എന്നാൽ നോവലിന് മുമ്പ് തന്നെ ആ ഗാനം പിറന്നു. 1870കളോടെ, ബ്രിട്ടീഷ് സാമ്രാജ്യം അതിന്‍റെ രാജകീയ ഉപചാരങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങിയിരുന്നു ഔദ്യോഗിക ഒത്തുചേരലുകളിലും സ്കൂളുകളിലും "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ' എന്ന് ഇന്ത്യക്കാർ ഉദ്‌ഘോഷിക്കണമെന്ന് നിർബന്ധിക്കാൻ തുടങ്ങി. ബങ്കിമിനെ സംബന്ധിച്ചിടത്തോളം, ഇത് കേവലം രാഷ്‌ട്രീയ നിർബന്ധമായല്ല ആത്മീയ കീഴടങ്ങലായി അനുഭവപ്പെട്ടു. ഒരു വൈദേശിക പരമാധികാരിയുടെ മുന്നിൽ കുമ്പിടാൻ അഭിമാനബോധമുള്ള ഒരു സാംസ്ക്കാരിക ധാരയെ പരിശീലിപ്പിക്കുന്ന നടപടിയായി അത് അദ്ദേഹത്തിന് അനുഭവപ്പെട്ടു.

1875 നവംബർ 7 ഞായറാഴ്ച അക്ഷയ നവമി ദിനത്തിൽ കൊൽക്കത്തയ്ക്കടുത്തുള്ള സ്വവസതിയിൽ വെച്ച് നിശബ്ദ കലാപത്തിന്‍റെ ആ നിമിഷത്തിലാണ് ബങ്കിം ചന്ദ്ര ചാറ്റർജി തന്‍റെ തൂലിക ചലിപ്പിച്ചത്. അദ്ദേഹത്തിന്‍റെ സമകാലികർ "അതീന്ദ്രിയ മാനസികാവസ്ഥ' എന്ന് വിശേഷിപ്പിക്കും വിധം, ഒറ്റയിരിപ്പിൽ അദ്ദേഹം വന്ദേമാതരം എഴുതിത്തീർത്തു ആ ഗാനം രചിക്കപ്പെടുകയായിരുന്നില്ല, മറിച്ച് അത് അദ്ദേഹത്തിലേക്ക് അവതരണം ചെയ്യുകയായിരുന്നു. മറ്റുള്ളവർ രാജ്ഞിക്കുവേണ്ടി പാടിയപ്പോൾ, അദ്ദേഹം മാതൃരാജ്യത്തിനുവേണ്ടി പാടി. സാമ്രാജ്യത്വ കൽപ്പനയ്ക്ക് ആത്മനിവേദനത്തിലൂടെ മറുപടി നൽകി രാജധാനികാരത്തിന് മുന്നിൽ മുട്ടുമടക്കാതെ സ്വന്തം മനസാക്ഷിക്ക് അദ്ദേഹം കീഴടങ്ങി, മറ്റുള്ളവർ രാജാവിനെ വണങ്ങിയപ്പോൾ, ബങ്കിം ചന്ദ്ര ചാറ്റർജി മാതൃഭൂമിയെ വണങ്ങി. അതായിരുന്നു അദ്ദേഹത്തിന്‍റെ കലാപം. ഉറയൂരിയ വാളിനെ അതിജീവിക്കുന്ന ഒരു ഗാനം പിറന്നു വീണു. വാളുകൾ അതിജീവിക്കില്ലെന്നും വാക്കുകൾ ചിരന്തനമാണെന്നും ഉള്ള പൂർണബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു മണിക്കൂർ നേരത്തെ ക്ഷോഭ പ്രകടനത്തിനായല്ല, മറിച്ച് ഉണർവ്വിന്‍റെ ഒരു യുഗത്തിനു വേണ്ടി രചിക്കപ്പെട്ടതാണ് വന്ദേമാതരം. ഒരു ഭരണാധികാരിയെയല്ല, മറിച്ച് ഒരു രാഷ്‌ട്രത്തെയാണ് അത് അഭിസംബോധന ചെയ്തത് രാജ്യത്തെ നദികൾ, വയലേലകൾ, വൃക്ഷവാടികകൾ, മന്ദമാരുതൻ എന്നിവയെയാണ് അഭിസംബോധന ചെയ്തത്. രാഷ്‌ട്രീയ പരമാധികാരം നേടിയെടുക്കുന്നതിന് വളരെ മുമ്പുതന്നെ ഇന്ത്യയുടെ ആത്മീയ പരമാധികാരത്തെ വീണ്ടെടുത്ത ഗീതമായിരുന്നു അത്. ആനന്ദമഠം വായനക്കാരിലേക്ക് എത്തിയതോടെ, നോവലിലെ ആ ഗാനം രാജ്യത്തിന്‍റെ സിരകളിലേക്ക് അതിവേഗം പടർന്നു. 1896 ലെ കൽക്കട്ട കോൺഗ്രസിൽ, ടാഗോറിന്‍റെ ശബ്ദം അതിന് ചിറകുകൾ നൽകി. ഒരു ദശാബ്ദത്തിനുള്ളിൽ, 1905 ലെ സ്വദേശി പ്രസ്ഥാനത്തിന്‍റെ കാലഘട്ടത്തിൽ ഉൾപ്പെടെ, ബംഗാളിലെ തെരുവോരങ്ങളിൽ ആ ഗാനം പ്രതിധ്വനിച്ചു. അന്ന് നിഷേധത്തിന്‍റെ അടയാളമായിരുന്നു വന്ദേമാതരം. ബ്രിട്ടീഷുകാർ അത് നിരോധിച്ചു; വിദ്യാർഥികളെ പുറത്താക്കി; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. എന്നാൽ ഈ അടിച്ചമർത്തലുകളെല്ലാം ഗാനത്തോടുള്ള ആദരവ് വർധിപ്പിച്ചു. കൽക്കട്ടയിൽ കോരിച്ചൊരിയുന്ന മഴയത്ത് നഗ്നപാദരായി നിന്ന് സ്കൂൾ വിദ്യാർഥികൾ അത് ഉച്ചത്തിൽ ആലപിച്ചു. ധാക്കയിലെ വനിതകൾ അത് സാരിയിൽ എംബ്രോയ്ഡറി ചെയ്തു.

"ഇന്ത്യയുടെ പുനർജന്മത്തിന്‍റെ മന്ത്രം' എന്ന് അരബിന്ദ ഘോഷ് ഇതിനെ വിശേഷിപ്പിച്ചു. അത് കേൾക്കുന്നത് "ഇന്ത്യയുടെ ശ്വാസം ശ്രവിക്കുന്നതിന് തുല്യം' എന്ന് സിസ്റ്റർ നിവേദിത എഴുതി. സാർവത്രികമായ സ്വീകാര്യതയായിരുന്നു ഗാനത്തിന്‍റെ ശക്തി അത് അനുഭവവേദ്യമാകാൻ നിങ്ങൾക്ക് സംസ്കൃതം അറിയേണ്ടതില്ലായിരുന്നു. 1920 കളിലും 30 കളിലും വന്ദേമാതരം ധീരതയുടെ സംഹിതയായി മാറി. ഭഗത് സിങ്ങിനെപ്പോലുള്ള വിപ്ലവകാരികൾ ജയിൽ മുറികളിലെ ചുവരുകളിൽ ആ ഗാനം കൊത്തിവച്ചു. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ, വേദനയുടെ ഒരു സങ്കീർത്തനം കണക്കെ ഇടനാഴികളിൽ അത് പ്രതിധ്വനിച്ചു. സുഭാഷ് ചന്ദ്രബോസ് അതിനെ ഐഎൻഎയുടെ യുദ്ധകാഹളമാക്കി മാറ്റി. സൈനികർക്ക്, ഈ മന്ത്രം ഒരു മധുര ഗീതമായിരുന്നില്ല, മറിച്ച് ആജ്ഞയായിരുന്നു. സമ്മേളനങ്ങളിൽ സംയമനം പാലിക്കാൻ ഉപദേശിച്ച മഹാത്മാഗാന്ധി പോലും, വന്ദേമാതരത്തിന്‍റെ പവിത്രയെ അംഗീകരിച്ചു "ത്യാഗത്താൽ വിശുദ്ധീകരിക്കപ്പെട്ട ഒരു ഗാനം' എന്ന് വിശേഷിപ്പിച്ചു.

വന്ദേമാതരത്തിന്‍റെ ശക്തി അതിന്‍റെ ബിംബകല്പനകളിലാണ് ഒരു രാഷ്‌ട്രത്തിന്‍റെ യഥാർഥ സത്ത കുടികൊള്ളുന്നത് അതിന്‍റെ ഭൗതിക അതിർത്തികളില്ല, മറിച്ച് ജനങ്ങളുടെ കൂട്ടായ സ്വത്വത്തിലാണ്. മാതൃഭൂമിയുടെ സ്വത്വവും മൂല്യവും സംഘർഷങ്ങളിലൂടെയല്ല നിർവ്വചിക്കപ്പെടുന്നത്, മറിച്ച് ജനജീവിതത്തിന്‍റെ ഗുണാത്മകതയിലൂടെയാണ്: ഫലഭൂയിഷ്ഠവും, തേജസുറ്റതും, പരിപോഷിപ്പിക്കുന്നതുമായ സ്വഭാവ വിശേഷങ്ങളിലൂടെയാണ്. 1905ൽ അബനീന്ദ്രനാഥ ടാഗോർ ഭാരതമാതാവിന്‍റെ ചിത്രം വരച്ചപ്പോൾ, അദ്ദേഹം ആ സ്വരൂപത്തിന് ഒരു മുഖം നൽകി ശാന്തവും, ആത്മീയവും, സ്വയംപര്യാപ്തവുമായിരുന്നു ആ ഭാവം. ഗാനം പോലെ തന്നെ സൗന്ദര്യാത്മകവും രാഷ്‌ട്രീയപരവുമായിരുന്നു ചിത്രരചനയും. പവിത്രവും വിപ്ലവകരവുമായിരുന്നു അത്.

ദേശസ്നേഹത്തെ പ്രാർഥനാ രൂപത്തിലേക്ക് ഉയർത്തുക എന്ന അദ്‌ഭുതമായിരുന്നു ബങ്കിമിന്‍റെ പ്രതിഭയിലൂടെ നിർവ്വഹിക്കപ്പെട്ടത്. ഇന്ത്യയെ സ്നേഹിക്കുക എന്നാൽ അതിനെ ഒരു പ്രദേശമായി കൈവശപ്പെടുത്തുക എന്നല്ല, മറിച്ച് അതിനെ മാതാവായി ആരാധിക്കുക എന്നതാണ്.

സ്വാതന്ത്ര്യത്തിന്‍റെ ഗാനം

ഇന്ത്യ സ്വാതന്ത്ര്യത്തോട് അടുക്കുമ്പോഴേക്കും വന്ദേമാതരം ഇന്ത്യ എന്ന ആശയത്തിൽ നിന്ന് വേർപെടുത്താനാവാത്ത വിധം ഇഴുകിച്ചേർന്നു കഴിഞ്ഞിരുന്നു. എന്നിരുന്നാലും, ഭരണഘടനാ നിർമാണ സഭയിൽ ഒരു ചർച്ച ഉയർന്നുവന്നു: പുതിയ റിപ്പബ്ലിക്കിനെ പ്രതിനിധീകരിക്കുന്ന ഗാനം ഏതായിരിക്കണം? 1947ൽ, ഭാഷാപരമായ സാർവത്രികത മൂലം "ജന ഗണ മന' ദേശീയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ വന്ദേമാതരത്തെ തുല്യ ആദരവോടെ ദേശീയ ഗീതമായി പ്രഖ്യാപിച്ചു. നെഹ്‌റു അതിനെ "നമ്മുടെ ഉണർത്ത് പാട്ട്' എന്ന് വിശേഷിപ്പിച്ചു. ഈശ്വരനെക്കാളുപരി, പ്രകൃതിയെ വർണിക്കുന്ന അതിന്‍റെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രമേ ഔദ്യോഗിക ഉപയോഗത്തിനായി സ്വീകരിച്ചിട്ടുള്ളൂ.

ഒരു സ്വത്വം, ഒരു ഇന്ത്യ

'വന്ദേമാതരം' എന്ന ഗാനത്തിന്‍റെ 150ാം വാർഷികം രാജ്യം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ ഐക്യത്തിന്‍റെ ഏറ്റവും വലിയ നായകനായി വാഴ്ത്തപ്പെടുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ 150ാം ജന്മവാർഷികവും ആഘോഷിക്കുന്നു എന്നത് യാദൃശ്ചികമല്ല. "വന്ദേമാതരം' എന്ന ഗാനം ഇന്ത്യയുടെ ഐക്യത്തെ പദങ്ങളാൽ കോറിയിട്ടപ്പോൾ, സ്വാതന്ത്ര്യാനന്തരം അത് യാഥാർഥ്യമാക്കിയത് സർദാർ പട്ടേലാണ്. 1947ൽ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ രാജ്യത്തെ ഏകീകരിക്കുകയും എല്ലാ നാട്ടുരാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുക എന്ന വലിയ ദൗത്യം അപ്പോഴും പൂർത്തിയാകാതെ അവശേഷിച്ചിരുന്നു. അവയുടെ സംയോജനം സാധ്യമാകാതെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യം അർഥശൂന്യമായിരുന്നു. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ പട്ടേലാണ് ആ ദൗത്യം ഒറ്റയ്ക്ക് ഏറ്റെടുത്ത് രാജ്യത്തെ ഏകീകരിച്ചത്. "സുജലാം സുഫലാം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ മാതൃരാജ്യം വിഭജിക്കപ്പെടുകയും വ്യത്യസ്ത നാട്ടുരാജ്യങ്ങൾ വിവിധ ഭരണാധികാരികൾ ഭരിക്കുകയും ചെയ്യുന്നത് നമുക്ക് എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും? സർദാർ പട്ടേലിന്‍റെ ധീരോദാത്തമായ പരിശ്രമവും അഗാധമായ പ്രതിബദ്ധതയുമാണ് ഈ രാജ്യത്തെ "സുഖദാം, വരദാം' ആക്കി മാറ്റിയത്.

ആവിഷ്കാരത്തിന്‍റെ വ്യത്യസ്ത വഴികൾ

അങ്ങനെ, വന്ദേമാതരം ഇന്ത്യയുടെ ശാശ്വത പ്രേരണയായി തുടർന്നു കേവലം ആചാരപരമെന്നതിലുപരി, ആത്മാഭിമാനത്തിന്‍റെ പ്രതീകമായി ഗാനം മാറി. സ്വാതന്ത്ര്യാനന്തരം, ഈ ഗാനത്തിറെ പുതിയ അവതാരങ്ങൾ ഉണ്ടായി. 1952ൽ, ഹെമെൻ ഗുപ്ത സംവിധാനം ചെയ്ത ആനന്ദ് മഠ് എന്ന സിനിമ അതിനെ വെള്ളിത്തിരയിലെത്തിച്ചു. ഹേമന്ത് കുമാറിന്‍റെ ത്രസിപ്പിക്കുന്ന സംഗീതത്താലും ലതാ മങ്കേഷ്കറുടെ സ്ഫടിക സമാന ശബ്ദത്താലും വന്ദേമാതരം അനശ്വര ചലച്ചിത്ര ഗാനമായി വാഴ്ത്തപ്പെട്ടു.

അരനൂറ്റാണ്ടിനുശേഷം, 1997ൽ, എ.ആർ. റഹ്‌മാന്‍റെ "മാം തുഝേ സലാം' സമകാലിക ആഗോള തലമുറയുടെ ഉള്ളിലെ അഗ്നിയെ വീണ്ടും ജ്വലിപ്പിച്ചു. ഹിന്ദുസ്ഥാനി രാഗങ്ങളെ ആഗോള സംഗീതവുമായി ഇണക്കിച്ചേർത്ത്, പ്രവാസികളായ ഇന്ത്യക്കാരെ റഹ്മാൻ ഓർമിപ്പിച്ചത് അമ്മ ഇപ്പോഴും അവരുടെ ഗാനത്തിനായി കാത്തിരിക്കുന്നുണ്ടെന്നാണ്. ബങ്കിമിന്‍റെ തൂലിക മുതൽ റഹ്മാന്‍റെ ശ്രേഷ്ഠ സംഗീതം വരെ, വിവിധ കാലങ്ങളിൽ ഒരേ ഒരേ ഒരു മാതാവിനെ വ്യത്യസ്ത ഈണത്തിൽ വാഴ്ത്തിപ്പാടുന്നത് അതേപടി തുടർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ , വന്ദേമാതരത്തിന്‍റെ അർഥ തലങ്ങൾ ഒരു നവോത്ഥാനത്തിലൂടെ കടന്നു പോവുകയാണ്.ദേശീയ പ്രാധാന്യമുള്ള പരിപാടികളിൽ പ്രധാനമന്ത്രി ഈ ഗാനം പതിവായി ഉപയോഗിക്കാറുണ്ട്, ഗൃഹാതുരത്വമല്ല, മറിച്ച് ആഖ്യാനമാണ് ഗാനത്തിലൂടെ അനുഭവവേദ്യമാകുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യം വിക്ഷോഭങ്ങളിൽ നിന്നല്ല, വിശ്വാസത്തിൽ നിന്നാണ് ജനിച്ചതെന്ന സാംസ്ക്കാരികമായ സ്മരണയാണത്. ആസാദി കാ അമൃത് മഹോത്സവ്, സ്കൂൾ മത്സരങ്ങൾ, സാംസ്കാരിക പ്രചാരണങ്ങൾ തുടങ്ങിയ പരിപാടികളിലൂടെ, സർക്കാർ യുവാക്കൾക്കിടയിൽ ഈ ഗാനത്തെ പുനരുജ്ജീവിപ്പിച്ചു. ഔദ്യോഗിക പരിപാടികളിൽ ഡിജിറ്റൽ ഗായകസംഘങ്ങൾ, ഡ്രോൺലൈറ്റ് ഷോകൾ, ഓർക്കസ്ട്ര ആലാപനങ്ങൾ എന്നിവ ഇപ്പോൾ അതിന്‍റെ ശ്രുതിമാധുര്യത്തിനൊപ്പം ചേരുന്നു.

ചന്ദ്രയാൻ3 ചന്ദ്രനിൽ ഇറങ്ങിയപ്പോൾ, സാമൂഹ്യ മാധ്യമങ്ങളിൽ "ചന്ദ്രന്‍റെ മണ്ണിൽ നിന്നുള്ള വന്ദേമാതരം' എന്നത് കൊണ്ട് നിറഞ്ഞു. ഒരുകാലത്ത് ഒരു സാമ്രാജ്യത്തെ തന്നെ വെല്ലുവിളിച്ച ആ ഗാനം അപ്പോൾ പ്രപഞ്ചത്തെ അഭിവാദ്യം ചെയ്യുന്നു. കാലാകാലങ്ങളിൽ, വിമർശകർ ഗാനത്തിന്‍റെ ബിംബകല്പനകളെ ചോദ്യം ചെയ്തിട്ടുണ്ട് അതിലെ ദേവീ ആരാധന ഒഴിവാക്കിയുള്ള വായനയ്ക്കയായി ഉദ്യമങ്ങളുണ്ടാകുന്നു. അവിടെ അവർ ഇന്ത്യയുടെ ഈശ്വര സങ്കൽപ്പത്തെ തെറ്റിദ്ധരിക്കുകയാണ്. നമ്മുടെ സംസ്കാരത്തിൽ, മാതൃ സങ്കൽപം ഈശ്വരീയമെന്നതിലുപരി, ഭൗമികമാണ്. അവൾ ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, സംസാരിക്കുന്ന ഭാഷയുമാണ്.

ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവ നദികളെയും വയലേലകളെയും മാരുതനെയും വിവരിക്കുന്നു. പ്രകൃതി തന്നെയാണ് മാതാവ്. വന്ദേമാതരം ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ സംബന്ധിക്കുന്നതല്ല അത് ആദരമർപ്പിക്കലാണ്. അത് ആധിപത്യത്തെയല്ല, മാതൃരാജ്യത്തോടുള്ള ഭക്തിയെയാണ് ആഘോഷിക്കുന്നത്. കീഴടക്കലല്ല, കാരുണ്യമാണ്.

വന്ദേമാതരത്തിന്‍റെ ചിരകാല പ്രാധാന്യം

ഛിദ്രമായ സ്വത്വങ്ങളുടെ സമകാലിക യുഗത്തിൽ, വന്ദേമാതരം ദേശീയ വികാരത്തെ ഉണർത്തി ഐക്യം പ്രദാനം ചെയ്യുന്നു. ദേശീയത ഒരു പ്രത്യയശാസ്ത്രമല്ല, മറിച്ച് ഒരു പാരമ്പര്യമാണെന്ന് അത് ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നു. അത് കൃതജ്ഞതയല്ലാതെ മറ്റൊന്നും ആവശ്യപ്പെടുന്നില്ല രാഷ്‌ട്രീയത്തിനും വിശ്വാസത്തിനും അതീതമായ ഒരു വികാരം.

ദേശീയതയെ പുനർനിർവ്വചിക്കുന്നതും അതുതന്നെയാണ് അഭിമാനത്തിന്‍റെ വാചാടോപങ്ങളല്ല, മറിച്ച് നിശബ്ദ സേവനമാണത്. ബങ്കിമിന്‍റെ ദർശനത്തിൽ, അമ്മയെ വണങ്ങുക എന്നാൽ അവളുടെ നദികളെയും വനങ്ങളെയും ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നതാണ്. 2025 ൽ വന്ദേമാതരത്തിന് 150 വയസ് തികയുമ്പോൾ, പുതിയ രൂപങ്ങളിൽ ഇന്ത്യ അതിനെ ആഘോഷിക്കുന്നു. എഐ (നിർമിത ബുദ്ധി) നിയന്ത്രിത സിംഫണികൾ ഉപഗ്രഹ ചിത്രങ്ങളിലൂടെ അതിന്‍റെ വരികൾ ദൃശ്യത്ക്കരിക്കുന്നു താളത്തിനൊത്ത് ഒഴുകുന്ന നദികളും സംഘഗാനത്തിനൊത്ത് ആടുന്ന വിളകളും അതിന് ശോഭയേറ്റുന്നു. വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ കുട്ടികൾ ഇത് 22 ഭാഷകളിൽ ആലപിക്കുന്നു. റാപ്പ്, ശാസ്ത്രീയ നൃത്തം, ഫ്യൂഷൻ എന്നിവയിൽപ്പോലും കലാകാരന്മാർ ഇതിനെ റീമിക്സ് ചെയ്യുന്നു.

സാങ്കേതികവിദ്യ അതിന്‍റെ പവിത്രതയ്ക്ക് തെല്ലും മങ്ങലേൽപ്പിച്ചിട്ടില്ല; മറിച്ച് പവിത്രതയെ പതിന്മടങ്ങ് വർധിപ്പിച്ചിരിക്കുന്നു. അമ്മ ഇപ്പോൾ കോഡുകളിലൂടെ (കമ്പ്യൂട്ടർ ലാങ്വേജ്) സംസാരിക്കുന്നു, പക്ഷേ ഗാനം അതേപടി തുടരുന്നു. ആന്തരാർഥത്തിൽ, വന്ദേമാതരം ഒരു രാഷ്‌ട്രീയ കവിതയല്ല അത് ഒരു ദർശനമാണ്. കർത്തവ്യത്തെയും സമർപ്പണത്തെയും സമന്വവയിപ്പിക്കാൻ അത് ഇന്ത്യക്കാരെ ആഹ്വാനം ചെയ്യുന്നു. ഈ മണ്ണിൽ ജനിക്കുക എന്നത് ഭാഗ്യമാണ്; അതിനെ സേവിക്കുക എന്നത് ധർമമാണ്.

മാതാവിനെക്കുറിച്ചുള്ള ബങ്കിമിന്‍റെ പ്രാർഥന സമകാലിക പാരിസ്ഥിതിക, ആത്മീയ, ധാർമിക ചോദ്യങ്ങളെ മുൻകൂട്ടി അഭിസംബോധന ചെയ്യുന്നു. വന്ദേമാതരം ആലപിക്കുന്നതിലൂടെ പുരോഗതിക്കും സംരക്ഷണത്തിനും, ശക്തിക്കും സമാധാനത്തിനും മധ്യേയുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് നമ്മെ നാം തന്നെ ഓർമിപ്പിക്കുകയാണ്. ചരിത്രത്തിൽ ചുരുക്കം ചില ഗാനങ്ങൾ മാത്രമേ സാമ്രാജ്യങ്ങളെ അതിജീവിച്ചു നിലനിന്നിട്ടുള്ളൂ. വന്ദേമാതരം അത് യാഥാർഥ്യമാക്കി. നിരോധിക്കപ്പെട്ടു, കൂലങ്കഷമായി ചർച്ച ചെയ്യപ്പെട്ടു, അപഗ്രഥിക്കപ്പെട്ടു എന്നിട്ടും ഒരു പോറലും ഏൽക്കാതെ ഗാനം നിലകൊള്ളുന്നു. കാരണം ആത്മാവിൽ നിന്ന് ഉത്ഭവിക്കുന്ന ഗാനങ്ങളെ നിശബ്ദമാക്കാൻ കഴിയില്ല.

കോളനിവാഴ്ച്ചക്കാലത്തെ ജയിലുകൾ മുതൽ ഒളിമ്പിക് സ്റ്റേഡിയങ്ങൾ വരെ, ബംഗാളിലെ നദീതടങ്ങൾ മുതൽ ചന്ദ്രോപരിതലം വരെ, അത് പ്രതിധ്വനിക്കുന്നു. യുദ്ധ സന്നദ്ധരായ പട്ടാളക്കാർ അത് മന്ത്രിക്കുന്നു; സ്കൂൾ പ്രാർഥനകൾക്ക് മുമ്പ് കുട്ടികൾ വന്ദേമാതരം മൂളുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്‍റെ മാതൃഭാഷയാണത്. 1875 ലെ ആ അക്ഷയ നവമി ദിനത്തിൽ, ഉച്ചതിരിഞ്ഞ് ബങ്കിം ചന്ദ്ര ചാറ്റർജി വന്ദേമാതരം രചിക്കുമ്പോൾ, തന്‍റെ തൂലിക സാമ്രാജ്യങ്ങളെ മറികടക്കുമെന്ന് അദ്ദേഹം കരുതിക്കാണില്ല. അദ്ദേഹത്തിന്‍റെ സ്തുതിഗീതം ഒരു രാഷ്‌ട്രത്തിന്‍റെ ആത്മാവായി മാറുമെന്നും.

ഇന്ന്, ഇന്ത്യ വീണ്ടും ഉന്നതിയിലേക്ക് ആത്മവിശ്വാസത്തോടെ, ബഹുസ്വരതയോടെ, പൗരാണികപ്രൗഢിയോടെ, യുവത്വത്തോടെ കുതിക്കുമ്പോൾ, മാതൃഭൂമി ഇപ്പോഴും കാതോർക്കുന്നു. അവൾ നിവേദ്യങ്ങളൊന്നും ആവശ്യപ്പെടുന്നില്ല, സ്മരണകൾ മാത്രമാണ് ആവശ്യപ്പെടുന്നത്. വന്ദേമാതരം ചൊല്ലുമ്പോഴെല്ലാം, കൃതജ്ഞത വറ്റിയ സ്വാതന്ത്ര്യം പൊള്ളയാണെന്ന് നാം നമ്മെത്തന്നെ ഓർമിപ്പിക്കുകയാണ്.

അമ്മ ഇന്ന് സ്വതന്ത്രയാണ്. ശ്രീ അരബിന്ദോ എഴുതിയതുപോലെ മക്കൾ സ്വന്തം മൂല്യം തെളിയിക്കേണ്ട കാലമാണിത്:"കാരണം രാഷ്‌ട്രങ്ങൾ നിർമിക്കപ്പെടുന്നത് കേവലം സൈനിക ശക്തിയാൽ മാത്രമല്ല, മറിച്ച് അമ്മയുടെ ആഹ്വാനം ശ്രവിച്ച് സ്നേഹത്തോടെ അവളെ സേവിക്കാൻ കഴിയുന്നവരാൽ കൂടിയാണ്.' വന്ദേമാതരം, അമ്മേ, ഞങ്ങൾ അങ്ങയെ വന്ദിക്കുന്നു.

(ഗ്രന്ഥകാരനും എഴുത്തുകാരനും ഐജിഎൻസിഎ മെംബർ സെക്രട്ടറിയുമാണ് ലേഖകൻ)

വന്ദേ മാതരം

വന്ദേ മാതരം

സുജലാം സുഫലാം മലയജശീതളാം

സസ്യശ്യാമളാം മാതരം

വന്ദേ മാതരം!

ശുഭ്രജ്യോത്സ്‌നാ പുളകിതയാമിനീം

ഫുല്ല കുസുമിത ദ്രുമദള ശോഭിണീം

സുഹാസിനീം, സുമധുര ഭാഷിണീം

സുഖദാം വരദാം മാതരം

വന്ദേ മാതരം!

കോടി കോടി കണ്ഠ കളകള നിനാദ കരാളേ

കോടി കോടി ഭുജൈധൃത ഖരകരവാളേ

കേ ബോലേ മാ തുമി അബലേ

ബഹുബലധാരിണീം നമാമി താരിണീം

രിപുദലവാരിണീം മാതരം

വന്ദേ മാതരം!

തുമി വിദ്യാ തുമി ധര്‍മ, തുമി ഹൃദി തുമി മര്‍മ

ത്വം ഹി പ്രാണാഃ ശരീരേ

ബാഹുതേ തുമി മാ ശക്തി,

ഹൃദയേ തുമി മാ ഭക്തി,

തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ...

വന്ദേ മാതരം!

ത്വം ഹി ദുര്‍ഗാ ദശപ്രഹരണധാരിണീ

കമലാ കമലദള വിഹാരിണീ

വാണീ വിദ്യാദായിനീ, നമാമി ത്വാം,

നമാമി കമലാം അമലാം അതുലാം,

സുജലാം, സുഫലാം മാതരം

വന്ദേ മാതരം!

ശ്യാമളാം, സരളാം, സുസ്മിതാം, ഭൂഷിതാം

ധരണീം, ഭരണീം, മാതരം...

വന്ദേ മാതരം!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com