ഘടനാപരമായ വിടവുകൾക്ക് പരിഹാരം

തൊഴിലിനുള്ള അവകാശം 100 ദിവസത്തിൽ നിന്ന് 125 ദിവസമായി വര്‍ധിപ്പിച്ചിരിക്കുകയാണ്
vb g ram g bill special story

ശിവരാജ് സിങ് ചൗഹാൻ

FILE PHOTO 

Updated on

ശിവരാജ് സിങ് ചൗഹാൻ

"വികസിത് ഭാരത് ഗ്യാരന്‍റി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)' അഥവാ "വിബി-ജി റാം ജി നിയമം 2025'ന് രാഷ്‌ട്രപതി അംഗീകാരം നൽകിയിരിക്കുന്നു. നിയമപരമായ വേതനാടിസ്ഥാനത്തിലുള്ള തൊഴിലുറപ്പ് 125 ദിവസമായി വർധിപ്പിക്കുന്ന ഈ നിയമം ശാക്തീകരണത്തിലൂടെയും പദ്ധതി സംയോജനത്തിലൂടെയും എല്ലാവരിലേക്കും സേവനമെത്തിക്കുന്ന രീതികളിലൂടെയും സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ ഭാരതം സാക്ഷാത്കരിക്കാൻ ഗ്രാമീണ ഉപജീവന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നു.

ചിലരുടെ തെറ്റായ വായന

"വിബി-ജി റാം ജി' നിലവിൽ വരുമ്പോഴും സൂക്ഷ്മ പരിശോധനയിൽ നിലനിൽക്കാത്ത പല അനുമാനങ്ങളും മുന്നോട്ടുവയ്ക്കുന്ന ചിലരുണ്ട്. തൊഴിലുറപ്പ് ദുർബലപ്പെടുത്തിയെന്നും, വികേന്ദ്രീകരണവും ആവശ്യകതയുടെ അടിസ്ഥാനത്തിലുള്ള അവകാശങ്ങളും കൂടിയാലോചനകളില്ലാതെ തകർക്കപ്പെട്ടുവെന്നും, പരിഷ്കരണമെന്നത് ‌പുനർനിർമാണമെന്ന വ്യാജേന നടത്തുന്ന സാമ്പത്തിക പിൻവാങ്ങലാണെന്നും ഉന്നയിക്കപ്പെടുന്നു. ഈ വാദങ്ങളൊരോന്നും നിയമത്തിന്‍റെ അന്തഃസത്തയും ഉദ്ദേശവും സംബന്ധിച്ച തെറ്റായ വായനയുടെ അടിസ്ഥാനത്തിലാണ്.

ക്ഷേമവും വികസനവും പരസ്പരവിരുദ്ധമായ തെരഞ്ഞെടുപ്പുകളാണെന്ന ആശയപരമായ പിശകാണ് ഇതിലേക്ക് നയിച്ചത്. ഇതിന് വിപരീതമായ ധാരണയിലൂന്നിയാണ് പുതിയ ചട്ടക്കൂട് നിർമിക്കപ്പെട്ടത്. അതായത്, വർധിപ്പിച്ച നിയമപരമായ ഉപജീവന വാഗ്ദാനത്തിലധിഷ്ഠിതമായ ക്ഷേമവും, അടിസ്ഥാന സൗകര്യ നിർമിതിയിലും ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിലും അധിഷ്ഠിതമായ വികസനവും പരസ്പരം ശക്തി പകരുന്നു. വരുമാന പിന്തുണ, ആസ്തി വികസനം, കാർഷിക സുസ്ഥിരത, ദീർഘകാല ഗ്രാമീണ ഉത്പാദനക്ഷമത എന്നിവ വിട്ടുവീഴ്ചകളായല്ല, ഒരു തുടർച്ചയായാണ് പരിഗണിക്കപ്പെടുന്നത്.

തൊഴിലിനുള്ള നിയമപരമായ അവകാശം ലഘൂകരിക്കപ്പെട്ടു എന്ന വാദം തെറ്റാണ്. തൊഴിലുറപ്പിന്‍റെ നിയമപരവും നീതിയുക്തവുമായ സ്വഭാവം നിലനിർത്തുന്നതിനൊപ്പം ഈ നിയമം അതിന്‍റെ നിർവഹണശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തൊഴിലിനുള്ള അവകാശം 100 ദിവസത്തിൽ നിന്ന് 125 ദിവസമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മാ വേതനം പ്രായോഗികമായി ഇല്ലാതാക്കിയിരുന്ന അയോഗ്യതാ വ്യവസ്ഥകൾ നീക്കം ചെയ്തു, സമയബന്ധിത പരാതി പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്തി.

താഴേത്തട്ടിലെ ആവശ്യകത അടിസ്ഥാനമാക്കി ആസൂത്രണം ചെയ്ത തൊഴിൽ രീതി ഉപേക്ഷിച്ച് ഉന്നതതല ആസൂത്രണത്തിന് മുൻഗണന നൽകി എന്ന വാദവുമുണ്ട്. പരസ്പര വിരുദ്ധമല്ലാത്ത കാര്യങ്ങളെ വിരുദ്ധമായി കാണുന്ന രീതിയുടെ അടിസ്ഥാനത്തില്‍ ഉടലെടുത്ത വാദമാണിത്. തൊഴിലിന്‍റെ ആവശ്യകത ഇപ്പോഴും തൊഴിലാളികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ദുരിതം ബാധിച്ചതിനു ശേഷം മാത്രം ആവശ്യങ്ങൾ പരിഗണിക്കുന്ന രീതി ഇനി ഉണ്ടാവില്ല എന്നതാണ് മാറ്റം. ഗ്രാമീണ തലത്തില്‍ പങ്കാളിത്തത്തോടെ നടത്തുന്ന ആസൂത്രണത്തിലൂടെ പദ്ധതി നിർവഹണം മുൻകൂട്ടി നിശ്ചയിക്കുന്നു. അതിനാല്‍ തൊഴിലന്വേഷിക്കുമ്പോൾ ഭരണപരമായ തയാറെടുപ്പില്ലായ്മ കാരണം അത് നിഷേധിക്കപ്പെടാതെ തൊഴിൽ ലഭ്യമാകുന്നുവെന്ന് ഈ പരിഷ്കരണം ഉറപ്പാക്കുന്നു.

അധികാര കേന്ദ്രീകരണം എന്നതാണ് മറ്റൊരാരോപണം. ഗ്രാമ പഞ്ചായത്തുകൾ പ്രാഥമിക ആസൂത്രണ- നിർവഹണ കേന്ദ്രങ്ങളായി തുടരുകയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ഗ്രാമസഭകളുടെ അധികാരം നിലനിൽക്കുകയും ചെയ്യുന്നു. വികേന്ദ്രീകൃത ആസൂത്രണം ഘടനാപരവും പങ്കാളിത്തപൂര്‍ണവുമായ പ്രക്രിയയായി സ്ഥാപനവൽക്കരിക്കപ്പെട്ടു. "വികസിത ഗ്രാമപഞ്ചായത്ത് ആസൂത്രണങ്ങള്‍' ബ്ലോക്ക്, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ സംയോജിപ്പിക്കുന്നത് വിവിധ മേഖലകളിലെ ഏകോപനത്തിനും പദ്ധതിസംയോജനത്തിനും ദൃശ്യപരതയ്ക്കും വേണ്ടിയാണ്, പ്രാദേശിക മുൻഗണനകളെ മറികടക്കാനല്ല. കാര്യങ്ങളിലെ വ്യക്തതയും യോജിപ്പും മാത്രമാണ് കേന്ദ്രീകരിക്കപ്പെട്ടത്; തീരുമാനമെടുക്കാനുള്ള അധികാരം പ്രാദേശികമായി തന്നെ തുടരുന്നു. നിര്‍വഹണത്തിലെ ഏകോപനമില്ലായ്മയെ ഇത് പരിഹരിക്കുന്നു.

കൂടിയാലോചനകളില്ലാതെയാണ് പരിഷ്കരണം അടിച്ചേൽപ്പിച്ചതെന്ന വാദം വസ്തുതയല്ല. ബില്ലിന് മുന്നോടിയായി സംസ്ഥാന സർക്കാരുകളുമായി വിപുലമായ കൂടിയാലോചനകളും, സാങ്കേതിക ശിൽപശാലകളും വിവിധ പങ്കാളികളുമായി ചർച്ചകളും നടത്തിയിട്ടുണ്ട്. ഗ്രാമാസൂത്രണ ഘടനകൾ, പദ്ധതി സംയോജനങ്ങൾ, ഡിജിറ്റൽ ഭരണ സംവിധാനങ്ങൾ തുടങ്ങിയ നിയമത്തിന്‍റെ പ്രധാന സവിശേഷതകൾ സംസ്ഥാനങ്ങളുടെ പ്രതികരണത്തിന്‍റെയും വർഷങ്ങളായി ആര്‍ജിച്ചെടുത്ത പാഠങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്.

വിഹിത വർധന, തുല്യത

ഒരു പതിറ്റാണ്ടിനിടെ തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെട്ടുവെന്ന വാദം വസ്തുതാവിരുദ്ധമാണ്. 2013-14 ല്‍ 33,000 കോടി രൂപയായിരുന്ന ബജറ്റ് വിഹിതം 2024-25ൽ 86,000 കോടി രൂപയായി. 2013-14 കാലയളവിൽ സൃഷ്ടിക്കപ്പെട്ട 1,660 കോടി തൊഴിൽ ദിനങ്ങൾ പിന്നീട് 3,210 ആയി ഉയർന്നു. അനുവദിച്ച കേന്ദ്ര ധനസഹായം 2.13 ലക്ഷം കോടി രൂപയിൽ നിന്ന് 8.53 ലക്ഷം കോടി രൂപയായി. പൂർത്തീകരിച്ച പ്രവൃത്തികൾ 153 ലക്ഷത്തിൽ നിന്ന് 862 ലക്ഷമായി. സ്ത്രീ പങ്കാളിത്തം 48ല്‍ നിന്ന് 56.73 ശതമാനമായി. 99%ത്തിലേറെ തുകകൈമാറ്റ ഉത്തരവുകളും കൃത്യസമയത്തു ലഭ്യമാകുന്നു. സജീവ തൊഴിലാളികളിൽ ഏകദേശം 99% പേരും ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിന്‍റെ ഭാഗമായി.

എങ്കിലും പഴയ ചട്ടക്കൂടിലെ ബലഹീനതകൾ കാലക്രമേണ വ്യക്തമായിരുന്നു. ഇടവിട്ടുള്ള തൊഴിൽ ലഭ്യത, തൊഴിലില്ലായ്മാ വേതനം നല്‍കുന്നതിലെ പരിമിതികള്‍, ഏകോപനമില്ലാത്ത ആസ്തി വികസനം, ആവർത്തനങ്ങൾക്കും വ്യാജപ്പേരുകള്‍ക്കും തുടർച്ചയായ സാധ്യതകള്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ടവ. വരൾച്ചാ സമയത്തും കുടിയേറ്റം വർധിച്ചപ്പോഴും കൊവിഡ്-19 ഉള്‍പ്പെടെ പ്രതിബന്ധ കാലഘട്ടങ്ങളിലും ഈ ബലഹീനതകൾ താഴേത്തട്ടിൽ പ്രകടമായി.

പുതിയ നിയമത്തിലെ സാമ്പത്തിക പുനർനിർമാണത്തെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള പിൻവാങ്ങലായി തെറ്റായി ചിത്രീകരിക്കുന്നുണ്ട്. കേന്ദ്ര വിഹിതം വർധിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര വിഹിത വ്യവസ്ഥ 86,000 കോടി രൂപയിൽ നിന്ന് ഏകദേശം 2,95,000 കോടി രൂപയായി ഉയരുന്നത് ഗ്രാമീണ തൊഴിലുറപ്പില്‍ തുടർച്ചയായി വർധിച്ചുവരുന്ന പിന്തുണയെ അടിവരയിടുന്നു. 60:40 എന്ന ധനസഹായ മാതൃക കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ദീർഘകാല ഘടനയാണ് പിന്തുടരുന്നത്. അതേസമയം വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾക്കും ജമ്മു കശ്മീരിനും 90:10 എന്ന അനുപാതം നൽകിയിട്ടുണ്ട്. സാമ്പത്തിക പിൻവാങ്ങലല്ല, മറിച്ച് പങ്കാളിത്തപരമായ ഉത്തരവാദിത്തത്തെയും സുതാര്യതയെയും ശക്തിപ്പെടുത്തുകയാണ് ഈ ചട്ടക്കൂടിലൂടെ ചെയ്യുന്നത്.

നിയമങ്ങളിൽ നിഷ്കര്‍ശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിന്‍റെയും വിഹിതം നിശ്ചയിക്കുന്നതിലൂടെ ചട്ടങ്ങൾക്കനുസൃതമായി ധനസഹായം വിതരണം ചെയ്ത് തുല്യത ഉറപ്പാക്കുന്നു. സംസ്ഥാനങ്ങളെ കേവലം പദ്ധതിനിര്‍വഹണ ഏജൻസികളായല്ല, വികസന പങ്കാളികളായാണ് പരിഗണിക്കുന്നത്. നിയമ ചട്ടക്കൂടിനകത്ത് സ്വന്തം പദ്ധതികൾ വിജ്ഞാപനം ചെയ്യാനും നടപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.

തീരുമാനങ്ങളെടുക്കുന്നതിലെ സ്വാതന്ത്ര്യം നിലനിർത്തിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളോ മറ്റ് അസാധാരണ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ അനുവദനീയ നടപടികളുടെ വിപുലീകരണവും തൊഴിൽ ദിനങ്ങളുടെ താത്കാലിക വർധനയുമടക്കം പ്രത്യേക ഇളവുകൾ ശുപാർശ ചെയ്യാനും സംസ്ഥാനങ്ങൾക്ക് സാധിക്കും. ഇത്തരത്തിൽ ചട്ടങ്ങൾക്കനുസൃതമായ വിഹിതവും സാഹചര്യത്തിനനുസരിച്ചുള്ള സ്വാതന്ത്ര്യവും സഹകരണ ഫെഡറലിസത്തിന് യോജിച്ച രീതിയിൽ സന്തുലിതമാക്കി.

വിത്തുവിതയ്ക്കലിന്‍റെയും കൊയ്ത്തിന്‍റെയും ദിവസങ്ങളടക്കം സാമ്പത്തിക വർഷത്തില്‍ ആകെ 60 ദിവസം വരെ തൊഴിലുറപ്പ് പ്രവൃത്തികൾ നടത്താൻ പാടില്ലെന്ന് മുൻകൂട്ടി വിജ്ഞാപനം ചെയ്യാൻ നിയമം സംസ്ഥാനങ്ങളെ അധികാരപ്പെടുത്തുന്നു. കാർഷിക- കാലാവസ്ഥാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ വ്യത്യസ്ത വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാം. തൊഴിലുറപ്പിലെ വര്‍ധന കാർഷികവൃത്തികൾക്ക് തടസം സൃഷ്ടിക്കുന്നില്ലെന്ന് പരിഷ്കരണം ഉറപ്പാക്കുന്നു.

യുപിഎയുടെ റെക്കോഡ്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമമനുസരിച്ച് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ആദ്യ ഭരണകാലം മുതൽ തന്നെ കോൺഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. "പ്രതിദിനം 100 രൂപ നിരക്കിൽ കുറഞ്ഞത് 100 ദിവസത്തെ ജോലി' എന്ന് കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2009ൽ തന്നെ കൂലി 100 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തി.

പണപ്പെരുപ്പവും ഗ്രാമീണ ദുരിതവും അവഗണിച്ച് വർഷങ്ങളോളം അത് മാറ്റമില്ലാതെ നിലനിർത്തി. സംസ്ഥാനങ്ങൾ ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്രം പരസ്യമായി സമ്മതിച്ചു, "വിവേചനരഹിതമായ വർധന' വരുത്തുന്നുവെന്ന് സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി കൂലി വർധിപ്പിക്കാത്ത നടപടിയെ ന്യായീകരിച്ചു. ആ സമ്മതം തന്നെ ഭരണപരാജയത്തിന്‍റെ തെളിവായിരുന്നു. സ്വന്തം സംസ്ഥാന സര്‍ക്കാരുകളെപ്പോലും നിയന്ത്രിക്കാൻ കോൺഗ്രസിന്‍റെ കേന്ദ്ര സര്‍ക്കാരിന് കഴിയാതിരുന്നത് തൊഴിലുറപ്പ് പദ്ധതിയുടെ ദുരുപയോഗത്തിനും വ്യാജ തൊഴിൽ കാർഡുകള്‍ക്കും സാമ്പത്തിക ചോർച്ചയ്ക്കും കാരണമായി.

രണ്ടാം യുപിഎ ഭരണകാലം പദ്ധതിയോടുള്ള പ്രതിബദ്ധതയിലെ ക്രമാനുഗത ഇടിവിനു സാക്ഷ്യം വഹിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യകത ഉയര്‍ന്നിട്ടും ബജറ്റ് വിഹിതം 2010-11ലെ 40,100 കോടി രൂപയിൽ നിന്ന് 2012-13ല്‍ 33,000 കോടി രൂപയായി വെട്ടിക്കുറച്ചു. 2010-11 കാലയളവിലുണ്ടായിരുന്ന 7.55 കോടി തൊഴിലാളികള്‍ 2013 നവംബറോടെ 6.93 കോടിയായി കുത്തനെ ഇടിഞ്ഞു. തുക അനുവദിക്കുന്നതിലെ കാലതാമസം, വേതന വിതരണത്തിലെ സുതാര്യതയില്ലായ്മ, ഭരണപരമായ അനാസ്ഥ എന്നിവ തൊഴിലാളികളെ പിന്തിരിപ്പിച്ചു; നിയമപ്രകാരം വാഗ്ദാനം ചെയ്ത തൊഴിലുറപ്പിനെ നേരിട്ട് തകർക്കുന്നതായിരുന്നു ഇത്.

2013ലെ സിഎജി റിപ്പോർട്ട് യുപിഎ ഭരണകാലത്തെ തൊഴിലുറപ്പ് നിയമത്തിന്‍റെ യഥാർഥ അവസ്ഥ പുറത്തുകൊണ്ടുവന്നു. വ്യാപക അഴിമതിയും കെടുകാര്യസ്ഥതയും റിപ്പോര്‍ട്ട് എടുത്തുകാട്ടി. വ്യാജമോ വികലമോ ആയ 4.33 ലക്ഷത്തിലധികം തൊഴിൽ കാർഡുകൾ, കണക്കില്ലാത്ത പിൻവലിക്കലുകളിലൂടെയും ക്രമരഹിത പ്രവൃത്തികളിലൂടെയും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം, 23 സംസ്ഥാനങ്ങളിൽ വേതനം വൈകുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത സാഹചര്യം, പകുതിയിലേറെ ഗ്രാമപഞ്ചായത്തുകളിലെ മോശം റെക്കോഡ് സൂക്ഷിപ്പ് എന്നിവ വ്യക്തമായി.

ഏറ്റവും കൂടുതല്‍ ഗ്രാമീണ ദരിദ്രർ വസിക്കുന്ന ബിഹാറും ഉത്തർപ്രദേശും മഹാരാഷ്‌ട്രയും അനുവദിച്ച തുകയുടെ ഏകദേശം 20% മാത്രമാണ് വിനിയോഗിച്ചത്. ആവശ്യകത ഏറ്റവും കൂടിയ സ്ഥലങ്ങളിൽ പോലും പദ്ധതി പരാജയപ്പെട്ടു എന്നതിന്‍റെ തെളിവാണിത്. ക്ഷേമമെന്നത് ഉപജീവനമാർഗം ഉറപ്പാക്കുന്നതാണ്. വികസനമെന്നത് ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉത്പാദനക്ഷമത എന്നിവയിൽ അധിഷ്ഠിതമാണ്. അവ പരസ്പരപൂരകങ്ങളാണ്.

വേണ്ടത്ര ഫലം നൽകാതിരുന്ന പഴയൊരു ചട്ടക്കൂടിനെ അതേപടി നിലനിർത്തണോ, അതോ വികസനത്തിലൂടെ ക്ഷേമം സാധ്യമാക്കുന്ന ആധുനികവും നടപ്പാക്കാനാവുന്നതും സംയോജിതവുമായ പദ്ധതിയായി പരിഷ്കരിക്കണോ എന്നതായിരുന്നു ആലോചന. പുതിയ നിയമം ജോലി ചെയ്യാനുള്ള നിയമപരമായ അവകാശത്തെ സംരക്ഷിക്കുന്നു, ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നു, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നു, വർഷങ്ങളായി പുറത്തുവന്ന ഘടനാപരമായ ബലഹീനതകൾ പരിഹരിക്കുന്നു. നിലവിലെ സംവിധാനത്തെ തകര്‍ക്കുകയല്ല, അനുഭവങ്ങളുടെ വെളിച്ചത്തില്‍ നടത്തുന്ന നവീകരണ പ്രക്രിയയാണിത്.

(കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രിയാണ് ലേഖകൻ)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com