പുതിയ നായകൻ പുതിയ ചുവടുകൾ

വി.ഡി. സതീശൻ മുഖ്യമന്ത്രിയായെത്തുമ്പോൾ സാമ്പത്തിക പുനരുജ്ജീവനവും പരിസ്ഥിതി സംരക്ഷണവും ജനാധിപത്യ ഉറപ്പും ചേർന്ന പുതിയ ഭരണ ശൈലിയാണ് കേരളം പ്രതീക്ഷിക്കുന്നത്
VD Satheesan new leader new steps

വി.ഡി. സതീശൻ

File

Updated on

അഡ്വ. ടി. മനോജ്‌ കുമാർ

കേരളത്തിന്‍റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി കോൺഗ്രസിലെ വി.ഡി. സതീശൻ എത്തുമ്പോൾ അത് പുതിയ ഒരു ചരിത്രമാകുകയാണ്. നവകേരള തീരത്തേക്ക് സതീശന്‍റെ ആടിയുലയാത്ത കപ്പൽ എത്തിച്ചത് യുഡിഎഫുകാർ മാത്രമല്ല, സിപിഎമ്മിനേയും എൽഡിഎഫിനേയും സ്നേഹിക്കുന്ന ആളുകളും മറ്റു നിരവധി മനുഷ്യരും ചേർന്നാണ്. 1957ൽ ലോകത്ത് ആദ്യമായി പൂർണമായ അർഥത്തിലുള്ള തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ്‌ പാർട്ടിയെ അധികാരത്തിലേറ്റിയ അപൂർവത അവകാശപ്പെടാൻ കഴിയുന്ന കേരളം അങ്ങനെ 2026ൽ വീണ്ടും അപൂർവത സൃഷ്ടിച്ചിരിക്കുകയാണ്. ഇനി അഞ്ചുകൊല്ലം വി.ഡി. സതീശന്‍റെ നാളുകൾ...

ആകാശം മുട്ടെ പ്രതീക്ഷകളുമായി യുഡിഎഫുകാർ പുതിയ സർക്കാരിനെ വരവേൽക്കുന്നു. അവരുടെ പ്രതീക്ഷകൾ പ്രധാനമായും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്ന മുഖ്യമന്ത്രിയിലാണ്. കേരളത്തെ പുനർനിർമിക്കാൻ ആവശ്യമായ ചിന്തകൾ എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശേരി ദാമോദര മേനോന്‍റെയും വി. വിലാസിനി അമ്മയുടെയും മകനായി ജനിച്ച പറവൂർ നിയോജക മണ്ഡലം കേരളത്തിന് സംഭാവന ചെയ്ത കേരള രാഷ്‌ട്രീയത്തിലെ സ്‌പൈക്കർ ആയി വിശേഷിപ്പിക്കപ്പെടുന്ന ആ രാഷ്‌ട്രീയ നേതാവിന്‍റെ തലച്ചോറിൽ നിന്ന് ചിറകടിച്ചുയരുമെന്ന് കേരളം കരുതുന്നു.

വിരലിലെണ്ണാവുന്ന വിഷയങ്ങളിൽ മാത്രം ശ്രദ്ധിയൂന്നുന്ന ഒരു ഭരണാധികാരിയെയല്ല കേരളം ഇന്ന് ആവശ്യപ്പെടുന്നത്. കടലിലെ തിരകൾ പോലെ കടന്നു വരുന്ന നിരവധി വിഷയങ്ങളാണ് അടിയന്തിരമായി തന്നെ അഭിസംബോധന ചെയ്യപ്പെടാനുള്ളത്. തകർന്നടിഞ്ഞ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കണം. എന്നാൽ അത് സാമ്പത്തിക മേഖലയുടെ ആഘാതം ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കാതെയാകണം. സംസ്ഥാനത്തിന്‍റെ വികസന മുരടിപ്പ് മാറ്റണം. എന്നാൽ അത് മേഘ വിസ്‌ഫോടനം, ചക്രവാതച്ചുഴി, കള്ളക്കടൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ അനുഭവിച്ചറിയുന്ന കേരളത്തിന്‍റെ പരിസ്ഥിതിക്ക് ഇനിയും ആഘാതം ഉണ്ടാക്കിക്കൊണ്ടാകരുത്.

ഇവിടെ ജനാധിപത്യം പുലരണം, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. കറുത്ത കൊടി ഉയർത്തുവാനും സമരം ചെയ്യുവാനുമുള്ള സാഹചര്യങ്ങൾ ഉണ്ടാകണം. എന്നാൽ അരാജകത്വത്തിന്‍റെ നീരാളിപ്പിടുത്തത്തിൽ പുതിയ ലോക സാഹചര്യത്തിലേക്കുള്ള സംസ്ഥാനത്തിന്‍റെ മുന്നോട്ടുള്ള പ്രയാണം തടസപ്പെടാൻ പാടില്ല. വിവിധ വൈരുധ്യങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് മുന്നോട്ടുപോകുന്ന ഭരണ വൈദഗ്ധ്യം ദൃശ്യമാകണം. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള, അവരെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള വികസനം ഇവിടെ ഉണ്ടാകണം. "ടീം കേരളൈറ്റ്സ് ' കേരളത്തെ വികസനത്തിന്‍റെ പുതിയ ചക്രവാളത്തിലേക്ക് നയിക്കുമ്പോൾ നാടിന്‍റെ "മുമ്പേ പറക്കുന്ന പക്ഷി'യാകാനാണ് വടശേരി ദാമോദരൻ സതീശന്‍റെ നിയോഗം. അതിനെ ദൈവ നിയോഗം എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുമ്പോൾ ആത്മീയതയുടെ നന്മയെ അദ്ദേഹത്തിന്‍റെ മുന്നണിയിൽ ചേർക്കുന്നു എന്ന് തന്നെയാണ് കേരളം വായിച്ചെടുക്കുന്നത്.

കേരളത്തിന്‍റെ വികസനത്തിന്‍റെ ആദ്യ പടിയായി പബ്ലിക് റിലേഷൻസ് വർക്കിന്‍റെ മേമ്പൊടിയില്ലാത്ത സത്യസന്ധമായ ഡാറ്റകൾ ഇവിടെ ഉണ്ടാകട്ടെ. നാം മയിൽപ്പീലിയെന്ന നിലയിൽ ചൂടി നിൽക്കുന്ന പലതും കോഴിത്തൂവൽ മാത്രമാണ് എന്ന് തിരിച്ചറിയാനുള്ള ധൈര്യവും സത്യസന്ധതയും ഉണ്ടാകട്ടെ. കേരളത്തിലെ കൃഷിക്കാരെത്ര, തൊഴിലില്ലാത്തവരെത്ര, ചെറുകിട വ്യവസായികളെത്ര, അതി ദരിദ്രരെത്ര, തെരുവുകളിൽ കിടന്നുറങ്ങുന്നവരെത്ര, ചികിത്സ നടത്താൻ കഴിവില്ലാത്ത കിടപ്പ് രോഗികളെത്ര... ഇവയൊക്കെ പരിഹരിക്കാനുള്ള "റിസോൾവിങ്ങ് മെഷിനറി' ദുർവ്യയവും അശാസ്ത്രീയ സമീപനങ്ങളും പൊങ്ങച്ചവും ഒഴിവാക്കി എങ്ങനെ രൂപപെടുത്താം, പ്രവർത്തിപ്പിക്കാം, പ്രകൃതി സമൃദ്ധമായ കേരളത്തിലെ കാർഷിക വിളകളും കയർ പോലുള്ള കാർഷികാധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ചുകൊണ്ട് ആധുനിക രീതിയിലുള്ള വ്യവസായവത്കരണം എങ്ങനെ സാധ്യമാക്കാം, തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാണ്.

സൗദി അറേബ്യയിലെ പെട്രോളിയം മന്ത്രാലയത്തിനു സമാനമായ വിധത്തിൽ പ്രധാനപ്പെട്ടതാണ് കേരളത്തിലെ ടൂറിസം മന്ത്രാലയം എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ടൂറിസം വകുപ്പും സാംസ്‌കാരിക വകുപ്പും ഒരു മന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത് വളരെ ഗുണകരമാണ് എന്ന വിദഗ്ദരുടെ അഭിപ്രായവും ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. വി.ഡി. സതീശൻ തന്നെ ചൂണ്ടിക്കാട്ടിയതു പോലെ അപ്ഡേറ്റ് ചെയ്യപ്പെടുന്ന ശാസ്ത്രീയമായ അറിവുകളും പാരമ്പരാഗതമായ നാട്ടറിവുകളും സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ കേരളത്തിനെ പരിസ്ഥിതി ആഘാതങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്താൻ അനിവാര്യമാണ്.

(ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ: 9388718975)

logo
Metro Vaartha
www.metrovaartha.com