കൊച്ചി: പ്രശസ്ത മലയാള സിനിമാ സംവിധായകൻ എം. മോഹൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സുവർണകാലമായ 80കളിലെ മുൻനിര സംവിധായകനാണ്.
2023 മെയിൽ തിരുവനന്തപുരം തൈക്കാട് സൂര്യഗണേശം ഹാളിൽ നടന്ന എം. കൃഷ്ണൻ നായർ- എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനത്തിൽ പങ്കെടുക്കുന്നതിനിടെ മോഹൻ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് വേദിയിൽ കുഴഞ്ഞുവീണിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. എറണാകുളം കസ്തൂർബാ നഗറിലായിരുന്നു താമസം. മോഹന്‍റെ ഭൗതികശരീരം ഇന്നു 12 മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
വിട പറയും മുമ്പേ, ശാലിനി എന്‍റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു മോഹൻ തുടക്കം കുറിച്ചു. കലാപരമായും വാണിജ്യപരമായും ഏറെ മുന്നിൽ നിന്ന സിനിമകളായിരുന്നു മോഹന്‍റേത്. പുതിയ കഥാപശ്ചാത്തലങ്ങളും അതിനു ചേർന്ന അഭിനേതാക്കളും നവീന ദൃശ്യചാരുതയും മോഹന്‍റെ സിനിമകളുടെ പ്രത്യേകതകളായിരുന്നു. വി.ടി. നന്ദകുമാറിന്‍റെ പ്രശസ്തമായ രണ്ട് പെൺകുട്ടികൾ എന്ന നോവൽ സിനിമയാക്കിയതിലൂടെ മലയാള സിനിമ അതുവരെ ദർശിക്കാത്ത പ്രമേയത്തിലൂടെ ചരിത്രം സൃഷ്ടിച്ചു.
1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. ശാലിനി എന്‍റെ കൂട്ടുകാരിയിലൂടെ ശോഭ എന്ന നടിയുടെ ഏറ്റവും മികച്ച പ്രകടനം മലയാളികൾ കണ്ടു. നെടുമുടി വേണുവിന്‍റെ തകർപ്പൻ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം പൊള്ളിച്ച സിനിമയായിരുന്നു വിടപറയും മുൻപേ. നെടുമുടി അതിലൂടെയാണ് ആദ്യ നായകനാകുന്നത്. ഇടവേള എന്ന മോഹൻ ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന്‍റെ അരങ്ങേറ്റം.
പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു, തീർഥം, മുഖം തുടങ്ങിയവയാണ് മോഹന്‍റെ ശ്രദ്ധ നേടിയ മറ്റു ചിത്രങ്ങൾ. ശ്രീനിവാസൻ, സംയുക്ത വർമ്മ, മുകേഷ് തുടങ്ങിയവർ അഭിനയിച്ച അങ്ങനെ ഒരു അവധിക്കാലത്ത് 1999ൽ പുറത്തിറങ്ങി. പിന്നീട് 2005ൽ ചെറിയാൻ കല്പകവാടി കഥ, തിരക്കഥയും സംഭാഷണമെഴുതിയ ദ കാമ്പസ് ആയിരുന്നു സംവിധാനം ചെയ്ത അവസാന ചിത്രം.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. ഫോട്ടൊഗ്രഫിയിൽ തൽപ്പരനായിരുന്നു. പിതാവിന്‍റെ സുഹൃത്ത് വഴി സംവിധായകൻ എം. കൃഷ്ണൻ നായരെ പരിചയപ്പെട്ടത് വഴിത്തിരിവായി. തിക്കുറിശി സുകുമാരൻ നായർ, എ.ബി. രാജ് , മധു, പി. വേണു എന്നിവരുടെ അസിസ്റ്റന്‍റായി. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചു. ഹരിഹരന്‍റെ രാജഹംസം എന്ന സിനിമയിൽ ഫസ്റ്റ് അസിസ്റ്റന്‍റ് ആയി.
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസന്‍റിനെ സിനിമയിലെത്താൻ സഹായിച്ചതു മോഹനാണ്. മോഹന്‍റെ സിനിമകളിൽ ചെറിയ വേഷം ചെയ്തു തുടങ്ങിയ ഇന്നസെന്‍റ് പിന്നീട് മോഹന്‍റെ സിനിമകളുടെ നിർമാതാവായി.
രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയും നർത്തകിയുമായ അനുപമയാണ് ഭാര്യ. പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ എന്നിവർ മക്കളാണ്. മോഹൻലാൽ, നാസർ, രഞ്ജിനി തുടങ്ങിയ പ്രമുഖരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹൻ സംവിധാനം ചെയ്ത 1990ൽ പുറത്തിറങ്ങിയ മുഖം എന്ന സിനിമ അനുപമയാണ് നിർമിച്ചത്.
സംവിധാനം ചെയ്ത ചിത്രങ്ങൾ: വാടകവീട് (1978), ശാലിനി എന്‍റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സാക്ഷ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005). അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.