
മഹാമാരിയുടെ കാലത്ത് ഏറെ പരിചിതമായ പ്രയോഗമാണു വർക്ക് ഫ്രം ഹോം. വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്‍റെ സ്വീകാര്യത ഏറെ കൂടിയ കാലമായിരുന്നു അത്. എന്നാൽ വർക്ക് ഫ്രം തിയെറ്റർ എന്നു കേട്ടിട്ടുണ്ടോ. സിനിമ കാണുന്നതിനിടെ തിയെറ്ററിലിരുന്ന് ജോലി തീർക്കുന്നതിനെ വർക്ക് ഫ്രം തിയെറ്റർ എന്നു തന്നെ വിശേഷിപ്പിക്കാം. എന്തായാലും ഇത്തരമൊരു വർക്ക് ഫ്രം തിയെറ്റർ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ബംഗളൂരുവിലെ തിയെറ്ററിൽ നിന്നുള്ളതാണ് ദൃശ്യം. സിനിമയ്ക്കിടെ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവാവിന്‍റെ ചിത്രം തിയറ്ററിലിരുന്ന ആരോ ആണ് പകർത്തിയത്. മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയും ചെയ്തു. ടെക്കികളുടെ താവളമായ ബംഗളൂരുവിൽ ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന കമന്‍റുകളുമായി പലരും എത്തിയിട്ടുണ്ട്.
റോഡിലും പാർക്കിലുമൊക്കെ ലാപ്ടോപ്പിനു മുന്നിലിരിക്കുന്ന ടെക്കികളെ ബംഗളൂരുവിൽ ധാരാളമായി കാണാൻ കഴിയും. സിനിമയ്ക്കിടയിലും ജോലി തീർക്കുന്നത് ഇതാദ്യമെന്നാണ് ഒരു കമന്‍റ്.