സ്മരണയിലെന്നും വീണാപാണിനി

ഈ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഇന്ത്യന്‍ സംഗീതലോകത്തു വാണിയമ്മയ്ക്കു പകരം വയ്ക്കാനൊരാളില്ല. ആ സ്ഥാനം ഒഴിഞ്ഞുകിടക്കും
സ്മരണയിലെന്നും വീണാപാണിനി

# നമിത മോഹനൻ

ഗായിക വാണി ജയറാമിന്‍റെ വിയോഗവാര്‍ത്ത എത്തുമ്പോള്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററുടെ മനസില്‍ എത്തിയത് നാല്‍പത്തഞ്ചു വര്‍ഷം മുമ്പു ചെയ്‌തൊരു പാട്ടിന്‍റെ ഓര്‍മകളാണ്. ഇന്ത്യന്‍ സംഗീതലോകത്തെ സ്വരമാധുരിയാല്‍ കീഴടക്കിയ അതുല്യ പ്രതിഭയുമൊന്നിച്ചുള്ള സ്മരണകള്‍ വിദ്യാധരന്‍ മാസ്റ്റര്‍ മെട്രൊ വാര്‍ത്തയോട് പങ്കുവച്ചു.

ഈ വിയോഗം വിശ്വസിക്കാനാവുന്നില്ല.  ഇന്ത്യന്‍ സംഗീതലോകത്തു വാണിയമ്മയ്ക്കു പകരം വയ്ക്കാനൊരാളില്ല. ആ സ്ഥാനം ഒഴിഞ്ഞുകിടക്കും, വിദ്യാധരന്‍ മാസ്റ്റര്‍ പറയുന്നു. എന്‍റെ ഗ്രാമം എന്ന ചിത്രത്തിലെ ആദ്യഗാനമായ കല്‍പാന്തകാലത്തോളം യേശുദാസ് പാടിയപ്പോള്‍, രണ്ടാമത്തെ പാട്ടു പാടിയതു വാണിയമ്മയാണ്. രണ്ടു ഗാനങ്ങളുടെയും രചന നിര്‍വഹിച്ചതു ശ്രീമൂലനഗരം വിജയനും. വീണപാണിനിയില്‍ നിന്നാണു വാണിയമ്മയുമായുള്ള അടുപ്പം തുടങ്ങുന്നത്. ആ ഗാനം വാണിയമ്മ ഹിറ്റാക്കി. മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമാണ് വാണിയമ്മയുടെ ആലാപനം. ആ റെക്കോഡിങ് അനുഭവം മറക്കാന്‍ കഴിയില്ല, വിദ്യാധരന്‍ മാസ്റ്റര്‍ പറയുന്നു.

എം. കെ അര്‍ജുനന്‍ മാസ്റ്ററിലൂടെയാണു വാണിയമ്മയിലേക്ക് എത്തിയതെന്നു വിദ്യാധരന്‍ മാസ്റ്റര്‍. വീണപാണിനി എന്ന ഗാനത്തിന് ഫീമെയില്‍ വോയ്‌സ് വേണമെന്നു തീരുമാനിച്ചപ്പോള്‍ അഭിപ്രായം ചോദിച്ചത് അര്‍ജുനന്‍ മാസ്റ്ററോടാണ്. '' വാണി മതി, ഈ പാട്ടിനു വാണിയുടെ ശബ്ദമാണു ചേരുക'', അതായിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ മറുപടി. അതുപോലെ തന്നെ ആ പാട്ട് ശ്രദ്ധനേടുകയും ചെയ്തു. 1976-ലാണു വീണപാണിനിയുടെ റെക്കോഡിങ് നടന്നത്. നെറ്റിലൊക്കെ എണ്‍പതുകളിലാണെന്നു തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ പോലെ സൗകര്യങ്ങളൊന്നും റെക്കോഡിങ്ങിനില്ല. പരിമിതമായ സാഹചര്യത്തിലും എക്കാലത്തെയും മനോഹരമായ ഗാനമായി അതു മാറി, വിദ്യാധരന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു.

അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഒട്ടനവധി ഗാനങ്ങള്‍ വാണിയമ്മ പാടിയിട്ടുണ്ട്. അര്‍ജുനന്‍ മാസ്റ്റര്‍ ശ്രീകുമാരന്‍ തമ്പി, വാണിയമ്മ.. അവരൊരു കൂട്ടുകെട്ടായിരുന്നു. ഹിന്ദിയില്‍ വാണിയമ്മ പാടിയ ബോലോരെ പപ്പി എന്ന പാട്ട് സൂപ്പര്‍ഹിറ്റായിരുന്നു. മലയാള സിനിമഗാനങ്ങളെ മാത്രമല്ല ഇന്ത്യന്‍ സിനിമഗാന ലോകത്തെ തന്നെ അടക്കി വാണിരുന്ന ഗായികയാണ്. ഇതൊരു തീരാനഷ്ടമാണ്, വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com