
പങ്ക എന്നാല്‍ ഫാന്‍... ഇന്ന് ഫാന്‍ എന്നാണല്ലോ പരക്കെ അറിയുന്നത്. മച്ചില്‍ കറങ്ങുന്ന പങ്ക മുതല്‍ ചുമരുകളിലും സ്റ്റാന്‍ഡിലും കറങ്ങുന്ന പങ്ക വരെയുണ്ട്. വെള്ളം ചെറിയ അളവില്‍ ചീറ്റിച്ച് തണുത്ത കാറ്റ് നല്‍കുന്ന കൂളര്‍ പങ്കകൾ വരെ വിപണിയിൽ കാണാം. പങ്കകള്‍ ഏതായാലും നല്ല കാറ്റ് നല്‍കും. രാജ്യത്ത് എല്ലാ പ്രദേശത്തും പങ്കകൾ വലിയ ഉപകാരമാണ് ചെയ്യുന്നത്. ചൂടില്‍ വിയര്‍ക്കുന്ന മനുഷ്യന് അല്പം ആശ്വാസം നല്‍കുന്ന കാറ്റ് കൃത്രിമമായി പ്രകൃതിയില്‍ നിന്ന് ഉണ്ടാക്കി നല്‍കുന്ന പങ്കയെ എങ്ങിനെ തള്ളിപ്പറയാനാകും..!
പങ്കകള്‍ ഇന്ന് സാധാരണക്കാരന്‍റെ ചങ്ങാതിയാണ്. ആഡംബരത്തിന്‍റെ ഭാഗമല്ല ഇവ. സാധാരണക്കാരന്‍റെ ആവശ്യമാണ്. ചൂടിനെ വകഞ്ഞു മാറ്റാന്‍ കൃത്രിമമായ കാറ്റു സൃഷ്ടിക്കാനാണല്ലോ നമ്മള്‍ ഫാനുകള്‍ അഥവാ പങ്കകള്‍ ഉപയോഗിക്കുന്നത്. വിപണിയില്‍ എത്ര തരം ഫാനുകളുണ്ട് എന്നത് ഒരത്ഭുതം തന്നെയാണ്. വെളിച്ചവും കാറ്റും തരുന്ന പങ്കകള്‍ മുതല്‍ പല നിറത്തില്‍, രൂപത്തില്‍, വൈവിധ്യങ്ങളോടെ ഒട്ടേറെ പങ്കകള്‍ പല വിലകളിൽ വിപണിയില്‍ സുലഭം.
സ്വിച്ചിട്ടാല്‍ കറങ്ങുന്ന പങ്ക പഴയ സങ്കല്പമായി ഇന്ന് മാറിയിരിക്കുന്നു. ഇന്ന് റിമോട്ടില്‍ നിയന്ത്രിക്കുന്നതും വിദൂരതയിലിരുന്ന് ഇന്‍റര്‍നെറ്റ് വഴി നിയന്ത്രിക്കുന്നതുമായ പങ്കകളുമുണ്ട്. അലക്‌സയുടെ വരവോടെ വലിയ മാറ്റമാണ് ഇലക്‌ട്രോണിക്- ഇലക്‌ട്രിക്കല്‍ ഉത്പന്ന വിപണിയില്‍ ഉണ്ടായിരിക്കുന്നത്. കറന്‍റ് പോയാലും പ്രവര്‍ത്തിക്കുന്ന ഇന്‍വെര്‍ട്ടറുള്ള പങ്കയും ലഭ്യമാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പങ്കകൾക്കും വിപണിയില്‍ നല്ല ഡിമാന്‍ഡാണ്. വോള്‍ട്ടേജ് കുറവ് ഉപയോഗിച്ച് മികച്ച സേവനം നല്‍കുന്ന പങ്കകളുടെ മത്സരം വേറെ.
വിമാനത്തില്‍, ഹെലികോപ്റ്ററില്‍, ബസില്‍, കാറില്‍, സ്‌കൂട്ടറില്‍ എന്നു വേണ്ട എല്ലാ യന്ത്രയിടത്തും പങ്കകളുടെ സാന്നിധ്യം കാണാം. അവിടെ കാറ്റിന്‍റെ ലക്ഷ്യം മറ്റൊന്നാണ്. ക്രിത്രിമ കാറ്റിന് പല ലക്ഷ്യങ്ങളുമുണ്ട്. യന്ത്രങ്ങളുടെ ഫാനുകള്‍ വഴി ഉണ്ടാകുന്ന കാറ്റുകള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. വിമാനം ഉയര്‍ത്തുന്നതിനും യന്ത്രങ്ങള്‍ തണുപ്പിക്കുന്നതിനും മറ്റും ഫാനുകള്‍ ഉപകാരപ്പെടുന്നു. ഫാനുകളുടെ അഥവാ പങ്കളുടെ സേവനം അത്തരത്തില്‍ പല രീതിയില്‍ സമൂഹത്തിന് ലഭിക്കുന്നു.
പങ്കകൾ നിർമിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ 2023 ജനുവരി മുതല്‍ ബിഇഇയുടെ നക്ഷത്രങ്ങള്‍ കര്‍ശനമായി എടുക്കുകയും പ്രദര്‍ശിപ്പിക്കുകയും വേണം എന്നാണ് നിയമം. ചുരുങ്ങിയത് ഒരു നക്ഷത്ര റേറ്റിങ് മുതല്‍ അഞ്ച് നക്ഷത്ര റേറ്റിങ്ങ് വരെയാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷന്‍സി അഥവാ ബിഇഇ നല്‍കുന്നത്. കേന്ദ്ര ഊര്‍ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഇഇ ഓരോ ഉത്പന്നത്തിന്‍റേയും ഊര്‍ജ ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് നക്ഷത്ര റേറ്റിങ് അനുവദിക്കുന്നത്. ഏറ്റവും കുറച്ച് ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്പന്നത്തിന് അഞ്ച് നക്ഷത്രങ്ങള്‍ നല്‍കും. 50 മുതല്‍ 60 വാട്ട് വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകള്‍ക്ക് ഒരു നക്ഷത്ര റേറ്റിങ് ലഭിക്കും. 28 മുതല്‍ 38 വാട്ട് വൈദ്യുതിയാല്‍ പ്രവര്‍ത്തിക്കുന്ന ഫാനുകള്‍ക്ക് അഞ്ച് നക്ഷത്ര റേറ്റിങ്ങുകള്‍ ലഭിക്കും. രാജ്യത്ത് ഇത് പൂർണമായും നടപ്പിലാക്കുന്നതോടെ വലിയ അളവില്‍ ഊര്‍ജ ഉപയോഗം കുറയും എന്നാണ് കണക്കാക്കുന്നത്.
നാം സ്വയം വീശുന്ന പനയോല വിശറികളാണല്ലോ നാം പണ്ടൊക്കെ ഉപയോഗിച്ചിരുന്നത്. മയിൽപ്പീലി കൊണ്ടുള്ള വിശറികൾ, വെഞ്ചാമരങ്ങൾ എന്നിവയൊക്കെ രാജാക്കന്മാരും പണക്കാരുമൊക്കെ ഉപയോഗിച്ചിരുന്നു. സീലിങ് ഫാന്‍ എന്ന ആശയം റോമാ സാമ്രാജ്യത്തിന്‍റെ കാലത്തു തന്നെ ആരംഭിച്ചതാണ്, അവിടെ മനുഷ്യശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഈന്തപ്പനയുടെ ഇലകള്‍ ഉപയോഗിച്ചുള്ള സീലിങ് ഫാനുകള്‍ ഉണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇന്ത്യയില്‍ ഉത്ഭവിച്ച "പങ്ക' ഇന്നത്തേതിനു സമാനമായ ഒരു തരം ഫാന്‍ ആയിരുന്നു, ഒരു തുണി കൊണ്ട് പൊതിഞ്ഞ ഇലയുടെ ആകൃതിയിലുള്ള ഫ്രെയിം ഒരു ചരട് വലിക്കുമ്പോള്‍ ഉണ്ടാകുന്ന ചലനത്തില്‍ നിന്ന് കാറ്റ് ഉണ്ടാകുന്നു. ഇങ്ങനെ ചരട് വലിക്കുന്ന വ്യക്തിയെ പങ്കാവാലാ എന്നാണ് വിളിച്ചിരുന്നത്. അതായിരിക്കാം ആദ്യത്തെ പങ്ക...
വൈദ്യുതിയുടെ വരവിനു മുമ്പ് പ്രചാരത്തില്‍ ഉണ്ടായിരുന്ന ഈ രീതിയില്‍ നിന്ന് മാറി നീരാവിയും ടര്‍ബൈനും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സീലിങ് ഫാനുകളുടെ വരവായിരുന്നു അടുത്ത ഘട്ടം. 1882ല്‍ ഫിലിപ്പ് ഡീല്‍ ആണ് വൈദ്യുതത്തില്‍ പ്രവര്‍ത്തിക്കുന്ന സീലിങ് ഫാന്‍ കണ്ടുപിടിച്ചത്. 1920കളോടെ, സീലിങ് ഫാനുകള്‍ ലോകത്തെ വികസിത രാജ്യങ്ങളില്‍ വ്യാപകമായിരുന്നു. 1950കളില്‍ എയര്‍കണ്ടീഷണറുകള്‍ അവതരിപ്പിച്ചപ്പോള്‍ സീലിങ് ഫാനുകള്‍ ജനപ്രിയ ഉപയോഗത്തില്‍ നിന്ന് ക്രമേണ ഇല്ലാതാകാന്‍ തുടങ്ങി. അതേസമയം ഇന്ത്യ പോലുള്ള വിവിധ ഉഷ്ണമേഖലാ രാജ്യങ്ങളിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും യന്ത്ര പങ്കകള്‍ വളരെ പ്രചാരത്തിലായി.
ആദ്യ കാലങ്ങളില്‍ വിദേശ നിര്‍മിതമായ പങ്കകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമായിരുന്നുള്ളൂ. അതും ആഡംബരത്തിന്‍റെ ഭാഗമായി ജനം വിലയിരുത്തിയ കാലം ഉണ്ടായിരുന്നു. 1960കള്‍ക്ക് ശേഷം ഇന്ത്യയില്‍ പങ്കകള്‍ വ്യാപക പ്രചാരത്തില്‍ വരികയും ഇന്ത്യന്‍ കമ്പനികള്‍ തന്നെ നിർമാണം ആരംഭിക്കുകയുമുണ്ടായി. ഇപ്പോള്‍ ഇന്ത്യയില്‍ 50ലേറെ പ്രമുഖ കമ്പനികളാണ് പങ്കകള്‍ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. എന്നാൽ ബ്രൻഡില്ലാത്ത നൂറുകണക്കിന് പങ്കാ നിർമാതാക്കളുണ്ട് എന്നുള്ളത് ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. അവർ പല പങ്കകളും പ്രമുഖ ബ്രാന്‍ഡുകളുടെയും നിർമാതാക്കളായി മാറുന്നുമുണ്ട്.
1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലും ഊര്‍ജ പ്രതിസന്ധിയുടെ സമയത്ത് ഇന്‍ഡക്‌ഷന്‍ മോട്ടോര്‍ സാങ്കേതിക വിദ്യയിലെ മെച്ചപ്പെടുത്തലുകള്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഫാനുകളുടെ ഉത്പാദനത്തിലേക്ക് നയിച്ചു. ഊര്‍ജം ലാഭിക്കാനായി സീലിങ് ഫാനുകള്‍ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഈ പുതുക്കിയ വാണിജ്യ വിജയം കാരണം, പല അമെരിക്കന്‍ നിര്‍മ്മാതാക്കളും അവരുടെ ഫാനുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ വ്യാപകമായ ഉപയോഗത്തില്‍ പോലും സീലിങ് ഫാനുകളുടെ ലോകം ഈ കാലയളവിനുശേഷം കാര്യമായ പുതുമകള്‍ കണ്ടില്ല. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കുറവ് ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പങ്കകള്‍ നിർമിക്കുന്നു.
പങ്ക നിർമിക്കുന്നവരുടെ ഏകോപനമാണ് ഇന്ത്യന്‍ ഫാന്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയഷന്‍ (ഐഎഫ്എംഎ) എന്ന സംഘടന. 70 വര്‍ഷമായി നിലവിലുള്ള കൂട്ടായ്മയാണ് ഇത്. സംഘടനയുടെ ശക്തമായ ഇടപെടല്‍ മൂലം രാജ്യത്തെ എല്ലാ ഫാന്‍ നിർമാതാക്കളും ഊര്‍ജം കുറച്ച് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാനുകള്‍ക്ക് പ്രഥമ പരിഗണന നല്‍കി തുടങ്ങി. രാജ്യത്തിന്‍റെ ഊര്‍ജ ഉപയോഗത്തില്‍ അതുമൂലം വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ഈ കൂട്ടായ്മയുടെ ഭരണസമിതിയില്‍ രണ്ട് മലയാളികളും ഇടം പിടിച്ചിരിക്കുന്നു എന്നതാണു ശ്രദ്ധേയം. ഇ. ശിവരാമകൃഷ്ണനും, എബി എബ്രഹാമും. ഇന്ത്യന്‍ നിർമിത പങ്കയായ ലൂക്കറിന്‍റെ പ്രതിനിധിയാണ് ഇ. ശിവരാമകൃഷ്ണന്‍. ഇദേഹം ലൂക്കര്‍ ഗ്രൂപ്പിന്‍റെ ഡയറക്റ്ററും (ടെക്ക്‌നിക്കല്‍) കണ്ണൂര്‍ കല്യാശേരി സ്വദേശിയുമാണ്. എബി എബ്രഹാം വി ഗാര്‍ഡ് ഫാന്‍ വിഭാഗത്തിന്‍റെ വൈസ് ചെയര്‍മാനാണ്.
സര്‍ക്കാര്‍ ഇപ്പോൾ ഇന്ത്യന്‍ ഫാന്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയഷന്‍റെ സഹകരണത്തോടെ പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നുണ്ട്. ഊര്‍ജം കുറവ് ഉപയോഗിക്കുന്നതിന്‍റേയും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും അസോസിയഷന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് ഇ. ശിവരാമകൃഷ്ണന്‍ പറഞ്ഞു.