കൂടുമ്പോള്‍ ഇമ്പമുള്ളതാകണം കൂട്ടായ്മകള്‍|വിജയ് ചൗക്ക്

മുന്‍കാലങ്ങളില്‍ കൂട്ടായ്മകളുടെ എണ്ണം കൂടുതലായിരുന്നു. അത് ഇപ്പോള്‍ കുറഞ്ഞു വരുന്നതായാണ് കാണുന്നത്
vijay chouk special column by sudhirnath

കൂടുമ്പോള്‍ ഇമ്പമുള്ളതാകണം കൂട്ടായ്മകള്‍|വിജയ് ചൗക്ക്

Updated on

സുധീര്‍ നാഥ്

രാജ്യത്തെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓള്‍ ഇന്ത്യ മലയാളി അസോസിയഷന്‍റെ (എയ്മ) വാര്‍ഷികാഘോഷം കോഴിക്കോട്ട് ഇന്നലെയും ഇന്നുമായി നടക്കുകയാണ്. 27 സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത 300 പ്രവാസി മലയാളി പ്രതിനിധികളാണ് ഇവിടെ ഒത്തുചേരുന്നത്. ഈ സാഹചര്യത്തില്‍ കൂട്ടായ്മയുടെ സവിശേഷതകളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. പരസ്പരം ആശയങ്ങള്‍ കൈമാറി, സ്നേഹം പങ്കിട്ട് കൂട്ടായ്മകള്‍ വഴി സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ സമൂഹം ശക്തമായി തിരികെ പിടിക്കേണ്ടതുണ്ട്.

മുന്‍കാലങ്ങളില്‍ കൂട്ടായ്മകളുടെ എണ്ണം കൂടുതലായിരുന്നു. അത് ഇപ്പോള്‍ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. നാട്ടിന്‍പുറങ്ങളിലെ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബുകളുടെ ഗണ്യമായ കുറവ് അതാണു കാണിക്കുന്നത്. ഇവിടെ നമ്മള്‍ മാതൃകയായി കാണേണ്ടത് ഉറുമ്പിനെയും തേനീച്ചയെയും കടന്നലിനെയും മറ്റുമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അത് എന്തുകൊണ്ടാണെന്ന് ഈ ലേഖനത്തില്‍ തന്നെ സൂചിപ്പിക്കുന്നുമുണ്ട്.

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കൂട്ടായ്മയെന്നും പറയാം. കൂട്ടായ്മകള്‍ എപ്പോഴും കുടംബം പോലെ ഉണ്ടായാല്‍ മാത്രമേ അവിടെ വിജയം ഉണ്ടാകൂ. കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു വലിയ കുടുംബമാകുമ്പോള്‍ അത് കൂട്ടായ്മകളാകുന്നു. അത് സംഘടനകളാകുന്നു. കുടുംബ യോഗങ്ങള്‍ പോലും അനുഷ്ഠാനമാകുന്ന കാലത്തും കൂട്ടായ്മകള്‍ ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല. മലയാളി എവിടെയെല്ലാം ചെല്ലുന്നോ അവിടെയെല്ലാം കൂട്ടായ്മകളുണ്ടാകുന്നു. വ്യത്യസ്ത ആശയങ്ങളായിരിക്കും ഓരോ കൂട്ടായ്മയിലും എന്നത് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

മലയാളികളായ മനുഷ്യര്‍ ലോകത്ത് ഏതു കോണില്‍ ചെന്നാലും ഒരു കൂട്ടായ്മ ഉണ്ടാക്കും. മലയാളികളല്ലാത്തവരും കൂട്ടായ്മ ഉണ്ടാക്കാറുണ്ടെങ്കലും മലയാളികളാണ് ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ചെറിയ കൂട്ടായ്മ മുതല്‍ വലിയ കൂട്ടായ്മ വരെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ട്. നൂറുകണക്കിനു മലയാളി സംഘടനകളാണ് രാജ്യത്ത് ഓരോ സംസ്ഥാനത്തും ഇന്നുള്ളത് എന്നത് സംശയമില്ലാത്ത കാര്യമാണ്. കേരളത്തിന്‍റെ അതിര്‍ത്തി വിട്ടാല്‍ ഓരോ മലയാളിക്കും ഭാഷാ സ്നേഹം കൂടുന്നതായി കാണാവുന്നതാണ്. മറ്റൊരു ദേശത്തെത്തുന്ന മലയാളി ആദ്യം തിരക്കുന്നത് മലയാളി കടയും മലയാളി ഹോട്ടലുമാണ്. വിനോദ സഞ്ചാരത്തിനും തീർഥയാത്രയ്ക്കുമായി മറ്റൊരു സംസ്ഥാനത്ത് പോകുന്നവരില്‍ ഭൂരിപക്ഷവും ആവശ്യപ്പെടുന്നതാണിതൊക്കെ.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നൂറിലേറെ മലയാളി സംഘടനകളുണ്ട്. ഓരോ സംസ്ഥാനത്തും അതത് പ്രദേശത്തെ മലയാളികളുടെ കൂട്ടായ്മകള്‍ ഓരോ സംഘടനകളായി രൂപം കൊണ്ടിരിക്കുന്നു. വ്യത്യസ്ത രാഷ്‌ട്രീയ, മത, ജാതി, ചിന്തകളുടെ അടിസ്ഥാനത്തിലോ, വിവിധ ആശയത്തിലോ പ്രവര്‍ത്തിക്കുന്നതായിരിക്കും ഓരോ സംഘടനയും. ഇതില്‍ പ്രാദേശിക ദേശകൂട്ടായ്മയുണ്ട്. സ്കൂള്‍, കോളെജ് കൂട്ടായ്മയുണ്ട്. ഓരോ ദൈവത്തിന്‍റെ പേരിലും കൂട്ടായ്മയുണ്ട്. സാമൂഹ്യ മാധ്യങ്ങളുടെ വരവോടെ അതിന്‍റെ കൂട്ടായ്മ വേറെയുണ്ട്. ഓരോ സംഘടനയ്ക്കും പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. മനുഷ്യ നന്മയായിരിക്കും ഓരോ സംഘടകളുടേയും ലക്ഷ്യം. ചുരുങ്ങിയ പക്ഷം അതത് ഗ്രൂപ്പിലുള്ളവരുടെ ക്ഷേമം ലക്ഷ്യമായിരിക്കും. മറ്റുള്ളവരെ ഒപ്പം നിര്‍ത്തി സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷമായിരിക്കുമല്ലോ ഓരോ സംഘടനയ്ക്കും ഉണ്ടാകുക.

ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മകള്‍ അതത് പ്രദേശത്ത് വളരെ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നവരാകും. അവര്‍ പരസ്പരം പ്രാദേശിക സഹായം ചെയ്യും. പക്ഷേ ഇവര്‍ക്ക് മറ്റു പ്രദേശങ്ങളില്‍ വേണ്ടത്ര സ്വാധീനം ഉണ്ടാകണമെന്നില്ല. അവരുടെ പ്രവര്‍ത്തന മേഖലയ്ക്കു പുറത്ത് അവരുടെ അംഗത്തിന് ഒരാവശ്യം വന്നാല്‍ അവിടുത്തെ കൂട്ടായ്മയ്ക്കാണ് കൂടുതല്‍ സഹായം നല്‍കാന്‍ പറ്റുക. അപ്പോള്‍ അവിടുത്തെ കൂട്ടായ്മയുടെ സഹായം അഭ്യർഥിക്കേണ്ടതായുണ്ട്. അതിന് അവരുമായി ബന്ധം വേണം. ഇങ്ങനെ പരസ്പര സഹായമായി പ്രവര്‍ത്തിക്കേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണ്.

ഓരോ സംഘടനയുടെ പ്രവൃത്തി മേഖലയ്ക്കു പുറത്തും സ്വാധീനവും ശക്തിയും വേണമെന്ന ആലോചന ചെന്നെത്തിയത് സംഘടനകളുടെ സംഘടന എന്ന ആശയത്തിലാണ്. എല്ലാ സംസ്ഥാങ്ങളിലേയും സംഘടനകളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമം വര്‍ഷങ്ങള്‍ക്കു മുമ്പ് പലരും തുടക്കം കുറിച്ചു. ചെന്നയില്‍ 2007ല്‍ തമിഴ്നാട്ടിലെ മാത്രം സംഘടനകളെ കൂട്ടിയോജിപ്പിച്ച് തുടക്കം കറിച്ചതാണ് ഓള്‍ ഇന്ത്യ മലയാളി അസോസിയഷന്‍ (എയ്മ). പക്ഷെ 2010ല്‍ മാത്രമാണ് ഇത് തമിഴ്നാടിനു പുറത്തേക്കു പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തമായ സംഘടകളുടെ സംഘടനയായി ഓള്‍ ഇന്ത്യ മലയാളി അസോസിയഷന്‍ (എയ്മ) മാറിയിരിക്കുന്നു. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും എയ്മ വ്യാപിച്ചു കിടക്കുന്നു.

മലയാളിക്ക് ഇപ്പോള്‍ രാജ്യത്തെവിടേയും സഹായം നല്‍കാന്‍ എയ്മയ്ക്ക് കഴിയും. എയ്മയുമായി ഒരു ബന്ധമില്ലാത്തവര്‍ക്ക് പോലും സഹായം ലഭിക്കുന്നു എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. രാജ്യത്തിന്‍റെ ഏല്ലാ സംസ്ഥാനത്തും എയ്മയുടെ സഹായഹസ്തം എത്തുന്നു എന്നത് ചെറിയ കാര്യമല്ല. ഇന്ന് മലയാളിക്ക് രാജ്യത്തെ ഏത് പ്രദേശത്ത് പ്രശ്നമുണ്ടായാലും എയ്മയെ ആശ്രയിക്കാം. എയ്മയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന ക്യുക്ക് റെസ്പേണ്‍സ് ടീം എന്ന ക്യുആര്‍ടി വിഭാഗത്തിന്‍റെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. കാണാതാകുന്നവരെ കണ്ടെത്തിയും അപകടത്തില്‍ പെടുന്നവരെ സഹായിച്ചും സഹായം അഭ്യർഥിക്കുന്നവര്‍ക്ക് താങ്ങായും ആശ്രയ കേന്ദ്രമായും എയ്മയുടെ സംഘം മാറിയിട്ട് കാലം കുറെയായി. അതുകൊണ്ടു തന്നെയാണ് എയ്മയുടെ വാര്‍ഷികത്തിന് ജനപിന്തുണ ഏറുന്നത്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷികം ഹൈദരാബാദിലായിരുന്നെങ്കില്‍ ഇത്തവണ അത് കോഴിക്കോടാണ്.

കൂട്ടായ്മയുടെ ലക്ഷണമൊത്ത മാതൃകകള്‍ നമ്മുടെ മുന്നില്‍ തന്നെ ഉണ്ടല്ലോ. ഒരു മധുരത്തിന്‍റെ തരി താഴെ വീണാല്‍, ഉറുമ്പുകള്‍ എല്ലാവരും കൂടി അത് എടുത്തുകൊണ്ടു പോകുന്നത് കണ്ടിട്ടുണ്ടെങ്കില്‍ കൂട്ടായ്മയുടെ നേട്ടത്തെ കുറിച്ച് നമുക്ക് മനസിലാകും. മധുരമുള്ള നുറുക്കുകള്‍ ചുമക്കുന്നതോ അവിശ്വസനീയമായ അളവില്‍ ഭാരം ഉയര്‍ത്തുന്നതോ ആയ ഉറുമ്പുകളുടെ നിരകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. പക്ഷേ, അവയുടെ ജീവിതശൈലി നിരീക്ഷിക്കാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും സമയമെടുത്തിട്ടുണ്ടോ?

ഉറുമ്പുകളില്‍ നിന്ന് മനുഷ്യന്‍ പലതും പഠിക്കേണ്ടതുണ്ട്. വളരെ അച്ചടക്കമുള്ളവരും, കഠിനാധ്വാനികളുമായ ഈ ചെറിയ ജീവികള്‍ മഴയോ വെയിലോ വരുമ്പോള്‍ ഭക്ഷണം തേടിയും വിതരണം ചെയ്തും അവരുടെ കോളനികളെ സഹായിക്കുന്നു. ഇവ സ്വയം അച്ചടക്കമുള്ള ഒരു ജീവിതശൈലിയെ ഉദാഹരണമാക്കുന്നു. നമ്മള്‍ കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ സാധ്യമായത് എന്താണെന്ന് നമുക്ക് കാണിച്ചുതരുന്നു.

മറ്റൊരു ഉദാഹരണം നോക്കാം. എല്ലാവര്‍ക്കും ഇഷ്ടമുള്ള വിഭവമാണ് തേന്‍. തേനീച്ചകള്‍ ആയിരക്കണക്കിന് പുഷ്പങ്ങളില്‍ നിന്ന് കൊത്തിയെടുക്കുന്ന തേനുകള്‍ തേനീച്ചക്കൂട്ടില്‍ നിക്ഷേപിക്കുന്നതും നാം കാണേണ്ടതാണ്. ഒരിക്കല്‍ ശേഖരിക്കുന്നത് തേനിന്‍റെ ഒരു തുള്ളിയുടെ ചെറിയ അംശമാണ്. അത് ഒരു തുള്ളിയായി മാറുന്നത് പല തവണ അങ്ങിനെ ശേഖരിക്കപ്പെടുമ്പോഴാണ്. കടന്നലുകള്‍ മധുരം നല്‍കില്ല, പക്ഷെ സ്വഭാവം തേനീച്ചയുടേതാണ്. ഇവരൊക്കെ തൊഴില്‍ വിഭജനം, വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം, സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളുള്ളവരാണ്. മനുഷ്യ സമൂഹങ്ങളുമായുള്ള ഈ സമാന്തരങ്ങള്‍ വളരെക്കാലമായി ഒരു പ്രചോദനവും പഠന വിഷയവുമാണ്.

രസകരമായ വസ്തുത എന്തെന്നാല്‍ ഫോര്‍മിസിഡേ കുടുംബത്തിലെ യൂസോഷ്യല്‍ പ്രാണികളാണ് ഉറുമ്പുകള്‍, കടന്നലുകള്‍, തേനീച്ചകള്‍ എന്നിവ. ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ വെസ്പോയിഡ് കടന്നല്‍ പൂര്‍വികരില്‍ നിന്നാണ് ഉറുമ്പുകള്‍ പരിണമിച്ചത്. ഉറുമ്പുകള്‍, കടന്നലുകള്‍, തേനീച്ചകള്‍ എന്നിവ താമസിക്കുന്ന ഇടം ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ കൂട്ടമായാണ് താമസിക്കുക. ചെറിയ അറകളില്‍ വസിക്കുന്ന ഏതാനും ഡസന്‍ വ്യക്തികള്‍ മുതല്‍ ദശലക്ഷക്കണക്കിന് വ്യക്തികള്‍ അടങ്ങുന്ന ഒരു വലിയ കൂട് (അല്ലെങ്കില്‍ കൂടുകള്‍) കൈവശപ്പെടുത്തി വളരെ സംഘടിതമായാണ് അവരുടെ വാസം. ഭൂമിയിലെ മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളിലും ഇവര്‍ കോളനിവത്കരിച്ചിട്ടുണ്ട്. തദ്ദേശീയ ഉറുമ്പുകളും തേനീച്ചകളും കടന്നലുകളും ഇല്ലാത്ത ഒരേയൊരു സ്ഥലം അന്‍റാര്‍ട്ടിക്കയും, ആവാസയോഗ്യമല്ലാത്ത ചില ദ്വീപുകളുമാണ്. നമുക്ക് ഫോര്‍മിസിഡേ കുടുംബത്തിലെ ഉറുമ്പുകള്‍, കടന്നലുകള്‍, തേനീച്ചകള്‍ എന്നിവയെ മാതൃകയാക്കാം. അവരുടെ ജീവിതങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com