രാജ്യത്ത് ഗതാഗതം കുതിപ്പില്‍

റോഡ്, റെയ്‌ൽ, വ്യോമയാന, ജലഗതാഗത രംഗത്തെല്ലാം വലിയ മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. റോഡ് വികസനം അതിവേഗം നടത്തുന്നതിന്‍റെ പ്രതിഫലനം രാജ്യത്തെങ്ങും കാണാം.
രാജ്യത്ത് ഗതാഗതം കുതിപ്പില്‍

ഗതാഗത രംഗത്ത് ഭാരതം വളര്‍ച്ചയുടെ കുതിപ്പിലാണ്. ലോകത്തു തന്നെ അതിവേഗം വളരുന്ന ഗതാഗത കേന്ദ്രമായി രാജ്യം മാറിക്കഴിഞ്ഞിരിക്കുന്നു. റോഡ്, റെയ്‌ൽ, വ്യോമയാന, ജലഗതാഗത രംഗത്തെല്ലാം വലിയ മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. റോഡ് വികസനം അതിവേഗം നടത്തുന്നതിന്‍റെ പ്രതിഫലനം രാജ്യത്തെങ്ങും കാണാം.

നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയും, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും മിക്ക ദേശീയ പാതാ ശൃംഖലയും നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനും ഉത്തരവാദികളായ നോഡല്‍ ഏജന്‍സികളാണ്. ഉപരിതല ഗതാഗത- ഹൈവേ മന്ത്രാലയത്തിന് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും രാജ്യത്തു വിവിധയിടങ്ങളിൽ പുതിയ അത്യാധുനിക റോഡുകള്‍ കിലോമീറ്ററുകളോളം നിര്‍മിക്കപ്പെടുന്നു. കേരളത്തിലും വിവിധ ദേശീയ പാതകളുടെ നിര്‍മാണം അതിവേഗമാണ് പുരോഗമിക്കുന്നത്.

ദേശീയ പാതകളുടെ ശൃംഖല വികസിപ്പിക്കാനും നവീകരിക്കാനുമുള്ള ഒരു പ്രധാന ശ്രമമാണ് ദേശീയ പാതാ വികസന പദ്ധതി (എന്‍എച്ച്ഡിപി). ദേശീയപാതാ അറ്റകുറ്റപ്പണികള്‍ക്കും ടോള്‍ പിരിവിനും അഥോറിറ്റി പലപ്പോഴും പൊതു- സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗിക്കുന്നു. നിലവിലുള്ള ഹൈവേകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നാലുവരിപ്പാതകളാണ് (ഓരോ ദിശയിലും രണ്ട് പാതകള്‍), ഇതില്‍ ഭൂരിഭാഗവും ആറോ അതിലധികമോ പാതകളിലേക്കും ഒപ്പം സർവീസ് റോഡുകളിലേക്കും വികസിപ്പിക്കുകയാണ്. റോഡുകളുടെ വികസനം ചരക്കുകളുടെയടക്കം ഗതാഗത വേഗത കൂട്ടുന്നു. ഇത് രാജ്യവികസനത്തിന്‍റെ പാതയായി മാറുന്നു.

ലോകത്തിലെ നാല് പ്രധാന കാര്‍ വിപണന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കൊവിഡ് മഹാമാരിക്കു ശേഷം ഇപ്പോള്‍ രാജ്യത്ത്, വിശേഷിച്ച് ഡല്‍ഹിയില്‍ കാര്‍/ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ വളര്‍ച്ചയും അതിവേഗം പുരോഗമിക്കുന്നതായി കാണാം. നവരാത്രി കാലങ്ങളില്‍ കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറേ നാളായി വാഹനപ്പെരുക്കം കാരണം ക്രമാതീതമായി ഡല്‍ഹിയിലെ വായു മലിനീകരണം ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഎന്‍ജി വണ്ടികള്‍ നിരത്തിലിറക്കി അതിന് പരിഹാരം കാണാന്‍ നടത്തിയ ശ്രമം പൂര്‍ണമായും വിജയിച്ചിട്ടില്ല. ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് വര്‍ഷവും, പെട്രോള്‍ വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷവും കാലവധി നിശ്ചയിച്ച് മറ്റൊരു ശ്രമവും നടത്തി. അന്തരീക്ഷ മാലിന്യം വലിയ അളവില്‍ കുറയ്ക്കുന്ന ഇലക്‌ട്രിക് കാറുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. റോഡുകളുടെ വികസനവും വാഹനങ്ങളുടെ വര്‍ധനവും ഒരേ സമയമാണ് സംഭവിക്കുന്നത്.

ഇന്ത്യയുടെ ഞരമ്പുകളാണ് റെയ്‌ല്‍വേ എന്നാണ് പരക്കെ അറിയുന്നതും പറയപ്പെടുന്നതും. ഈ രാജ്യത്തെമ്പാടും വ്യാപിച്ചു കിടക്കുകയാണ് തീവണ്ടിപ്പാതകള്‍. ലോകത്ത് റെയ്‌ല്‍ ഭൂപടത്തില്‍ ഇന്ന് ഇന്ത്യ നാലാം സ്ഥാനത്താണ്. സൂപ്പർ ക്ലാസ് ട്രെയ്‌നുകളായ രാജധാനിയും ശതാബ്ദിയും കഴിഞ്ഞ് നമ്മളിപ്പോൾ സെമി ഹൈസ്പീഡ് വന്ദേഭാരത് എക്സ്പ്രസില്‍ എത്തി നില്‍ക്കുകയാണ്. ഇന്ന് രാജ്യത്തോടുന്ന ഏറ്റവും വേഗത കൂടിയ തീവണ്ടിയാണ് വന്ദേഭാരത്. രാജ്യം ഇതുവരെ കാണാത്തത്ര ആധുനികമായ സ്ലീപ്പറുകളുള്ള ഹ്രസ്വദൂര വന്ദേ മെട്രൊ ട്രെയ്നുകളും ഇക്കൊല്ലം അവസാനത്തോടെ ഓടിത്തുടങ്ങും. എന്നാൽ അതിനും താമസിയാതെ മാറ്റം വരും. ബുള്ളറ്റ് ട്രെയ്നുകള്‍ ഏതാനും വര്‍ഷം കൊണ്ട് രാജ്യത്ത് ഓടിത്തുടങ്ങും എന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുംബൈ- അഹമ്മദാബാദ് റൂട്ടിൽ അതിനുള്ള നിർമാണങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വിമാന വേഗത്തില്‍ അല്ലെങ്കില്‍പ്പോലും സാധാരണ ജനങ്ങള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ അതിവേഗം യാത്ര നടത്താനുള്ള സൗകര്യമാണ് ഈ ട്രെയ്നുകളിലൂടെ ലഭിക്കുക.

രാജ്യത്തെ ഏതാണ്ടെല്ലാ പ്രധാന സംസ്ഥാനങ്ങളിലും മെട്രൊ വണ്ടികള്‍ ഓടിത്തുടങ്ങി. ചരക്കുവണ്ടി ഓടാന്‍ മാത്രമുള്ള പാളങ്ങള്‍ തയാറായിട്ടുണ്ട്. ചരക്ക് ഗതാഗതം സുഗമാമാക്കുക വഴി രാജ്യ പുരോഗതി വേഗതയിലാകുന്നു എന്ന് നാം കാണേണ്ടതുണ്ട്. ഇന്ത്യന്‍ റെയ്‌ല്‍വേ നാള്‍ക്കുനാള്‍ വികസിക്കുകയാണ്. ആവി എന്‍ജിനുകളില്‍ നിന്ന് കല്‍ക്കരിയിലേക്കും പിന്നെ വൈദ്യുതി എന്‍ജിനിലേക്കും വികസിച്ച ഇന്ത്യന്‍ റെയ്‌ല്‍വേ ഇപ്പോള്‍ വേഗതയുടെ കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. സാധാരണക്കാരന്‍റെ ഏറ്റവും വേഗതയേറിയ ഗതാഗത മാര്‍ഗമാണ് ട്രെയ്‌നുകൾ. ആ ഗതാഗത വികസനമാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നതും.

കേരളം നദികളും പുഴകളും കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് എന്നത് വളരെ പ്രശസ്തമാണ്. നമ്മുടെ ജലഗതാഗതം വളരെ പ്രശസ്തമായിരുന്നു. നമ്മുടെ പ്രധാന ഗതാഗത മാര്‍ഗം പണ്ടുകാലത്ത് വള്ളങ്ങളിലും വഞ്ചികളിലും മറ്റുമായിരുന്നു. റോഡ് ഗതാഗതം വളരെ അപൂര്‍വവും വലിയ ചെലവേറിയതുമായിരുന്നു. ഇപ്പോള്‍ നമ്മള്‍ വീണ്ടും ജലഗതാഗതത്തെ കുറിച്ച് ചിന്തിക്കുന്നു. ജലഗതാഗതം വളരെ പതുക്കെയുള്ള യാത്രയായിരുന്നു. സാങ്കേതിക വിദ്യകള്‍ മാറിമാറി വന്നു. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വഞ്ചികളില്‍ തുടങ്ങി ചെറു ബോട്ടുകളും വലിയ ബോട്ടുകളും, സ്പീഡ് ബോട്ടുകളും നമ്മുടെ ജലപാതകളില്‍ ഓടിത്തുടങ്ങി. കൊച്ചിയില്‍ വാട്ടര്‍ മെട്രൊ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ലോകനിലവാരമുള്ള ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രൊയില്‍ ഉപയോഗിക്കുന്നത്. വാട്ടര്‍ മെട്രോ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേക്കും വളരുകയാണ്.

വ്യോമയാന രംഗത്തും ഇന്ത്യ വലിയ കുതിപ്പ് നടത്തിയിരിക്കുന്നു. വിമാനത്താവളങ്ങളുടെ എണ്ണത്തില്‍ തന്നെ വലിയ വര്‍ധനവ് ഉണ്ടായി. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയും അവികസിത പ്രദേശങ്ങളെ വികസിപ്പിക്കുന്നതിനായും തുടങ്ങിയ ഉഡാന്‍ വ്യാമയാന പദ്ധതി വന്‍ വിജയവും ജനകീയവുമായി മാറി. മിലിറ്ററി ഏവിയേഷന്‍, സിവില്‍ ഏവിയേഷന്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഇന്ത്യന്‍ ഏവിയേഷന്‍ ഉള്ളത്. ഇന്ത്യയില്‍ ബജറ്റ് എയര്‍വേസിന്‍റെ സേവനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ആകൃഷ്ടരാണ്. ടിക്കറ്റ് നിരക്കിലെ കുറവ് സാധാരണക്കാരേയും വ്യാമയാന യാത്രയ്ക്ക് പ്രേരിപ്പിക്കുന്നു. ട്രെയ്ൻ യാത്രയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പോലും വിമാന ടിക്കറ്റുകള്‍ ലഭ്യമാണെന്നത് എടുത്തു പറയേണ്ട ആകര്‍ഷണമാണ്.

വൈമാനിക രംഗത്ത് സങ്കല്‍പ്പങ്ങളും ഭാവനകളുമായി നമ്മുടെ പുരാണങ്ങളില്‍ പുഷ്പക വിമാനമുണ്ട്. 1904ല്‍ വൈമാനിക ശാസ്ത്രം എന്ന പുസ്തകം പറക്കുന്നതിന്‍റെ ശാസ്ത്രത്തെ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായി പല ന്യൂനതകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയുടെ വ്യോമയാന രംഗത്തിന്‍റെ ബാലപാഠമായി അതിനെ കാണാൻ കഴിയും. 1911 ഫെബ്രുവരി 18ന് അലഹബാദില്‍ നിന്ന് 9.7 കിലോമീറ്റര്‍ അകലെയുള്ള നയ്‌നി എന്ന വ്യവസായ മേഖലയിലേയ്ക്ക് ഫ്രഞ്ച് സ്വദേശിയായ ഹെന്‍ട്രി പിക്വിറ്റ് ആദ്യമായി വിമാനം പറത്തി. 6,500 കത്തുകള്‍ മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ലോകത്തു തന്നെ ആദ്യ വ്യോമയാന തപാല്‍ സേവനമായി അതിനെ കണക്കാക്കുന്നു. 1912ല്‍ അമെരിക്കയുടെ ഇംപീരിയല്‍ എയര്‍വേയ്സ് ആദ്യമായി ഇന്ത്യയില്‍ യാത്രാ വിമാനം പറത്തി. ലണ്ടന്‍- കറാച്ചി വിമാനം ഡല്‍ഹിയിലേക്കു നീട്ടിയാണ് വിമാന കമ്പനി യാത്രയ്ക്ക് തുടക്കം കുറിച്ചത്.

പ്രമുഖ വ്യവസായിയായ ജെ.ആര്‍.ഡി. ടാറ്റ വിമാനം പറത്താന്‍ വിദേശത്തു നിന്ന് പഠിക്കുകയും കറാച്ചിയില്‍ നിന്ന് ബോംബെ ജുഹുവിലേയ്ക്ക് പറത്തുകയും ഉണ്ടായി. 1932ല്‍ ടാറ്റാ എയര്‍ സര്‍വീസ് എന്ന പേരില്‍ അദ്ദേഹമാണ് ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചത്. പിന്നീട് അത് ടാറ്റാ എയര്‍ലൈന്‍സ് എന്ന് നാമകരണം ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 49 ശതമാനം ഷെയറുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കൈവശം വന്നു. 1960 ഫെബ്രുവരി 21ന് സര്‍ക്കാര്‍ കൂടുതല്‍ ഷെയറുകള്‍ വാങ്ങി ടാറ്റാ എയര്‍വേസ് ഏറ്റെടുത്ത് രൂപം കൊടുത്ത കമ്പനിയാണ് എയര്‍ ഇന്ത്യ. 1977 വരെ ജെ.ആര്‍.ഡി. ടാറ്റയായിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2023 മുതല്‍ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ സ്വന്തമായി.

സ്വകാര്യ വിമാനങ്ങളുടെ എണ്ണം കൂടുന്നതു പോലെ തന്നെ ഇന്ന് സ്വകാര്യ വിമാനത്താവളങ്ങളും ഇന്ത്യയില്‍ ഏറി വരികയാണ്. രാജ്യത്ത് ഹെലിപാഡുകളുടെ എണ്ണവും, ഹെലിപ്പോട്ടുകളുടെ എണ്ണവും വർധിക്കുന്നു. ചെറിയ ദൂരങ്ങള്‍ യാത്രാ ചെലവ് നോക്കാതെ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്ന ബിസിനസുകാരുടെ എണ്ണം രാജ്യത്ത് കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ച് ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഉഡാന്‍ പദ്ധതി ഏറെ ജനപ്രീയമാണിപ്പോള്‍. ജമ്മു കശ്മീര്‍, ലഡാഖ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ, ആൻഡമന്‍ നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ ചെറു പട്ടണങ്ങളിലേക്ക് ഉഡാന്‍ പദ്ധതി പ്രകാരം ചെറു വിമാനങ്ങളുടെ സേവനം കേന്ദ്ര സര്‍ക്കാര്‍ കൂട്ടാൻ പോവുകയാണ്. ട്രെയ്ൻ ഗതാഗതം എത്തിച്ചേരാത്ത പ്രദേശങ്ങളാണിവിടം. കേന്ദ്ര സര്‍ക്കാര്‍ വലിയ സബ്‌സിഡികളാണ് ഈ മേഖലയില്‍ സേവനം നടത്തുന്ന സ്വകാര്യ വിമാന കമ്പനികള്‍ക്ക് നല്‍കുന്നത്. കേന്ദ്ര വ്യോമയാന വകുപ്പ് ഉഡാന്‍ പദ്ധതി പ്രകാരം സേവനം നടത്താനൊരുങ്ങിയ വിമാന കമ്പനികള്‍ക്ക് മുന്നില്‍ നൂറ് പുതിയ റൂട്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ജെറ്റ് എയര്‍വേസിന്‍റെ തകര്‍ച്ചയോടെ ശൂന്യമായ ചെറു ദൂരങ്ങള്‍ ഉഡാന്‍ പദ്ധതി വഴി നികത്തിയെടുക്കുക എന്ന ലക്ഷ്യവും വകുപ്പിനുണ്ട്. ജെറ്റ് എയര്‍വേയ്സ് ആയിരുന്നു ചെറു വിമാനങ്ങളുടെ സര്‍വീസുകള്‍ ധാരാളമായി നടത്തിരുന്നത്.

കേരള എയര്‍വേയ്സ് അടക്കം അഞ്ചോളം ബജറ്റ് എയര്‍വേയ്സ് കമ്പനികള്‍ ആരംഭിക്കാന്‍ തയാറായി നിൽക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സ്വകാര്യ വിമാനക്കമ്പനികള്‍ രാജ്യത്ത് വ്യോമയാന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയാണ്. റോഡ്, റെയ്‌ൽ, വ്യോമ, ജലഗതാഗത രംഗ രംഗത്ത് നമ്മളുടെ വളര്‍ച്ച രാജ്യത്തിന്‍റെ പുരോഗതിയാണ്. അത് രാജ്യത്തിന്‍റെ വളര്‍ച്ചയാണ്. അത് രാജ്യത്തിന്‍റെ വികസനമാണ്.

Trending

No stories found.

Latest News

No stories found.