
മഹാബലി കുടവയറനല്ല
വിജയ് ചൗക്ക് | സുധീര്‍ നാഥ്
ജീവിതത്തില്‍ സ്വാഭാവികമായി ഉടലെടുക്കുന്ന നർമ മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്. അത് കൊണ്ട് മാത്രം മനുഷ്യന്‍ ത്യപ്തനാകുന്നില്ല. ക്യത്യമമായി ഹാസ്യം ഉണ്ടാക്കി ആനന്ദം കാണുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഹാസ്യം സ്യഷ്ടിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അവന്‍ തന്‍റെ ഭാവനയിലൂടെ സ്യഷ്ടിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുന്നു. അത് പല തലത്തിലാണ് മനുഷ്യന്‍ പ്രയോജനപ്പെടുത്തിയത്. സംഗീതത്തില്‍ പ്രാവീണ്യമുണ്ടായിരുന്നവര്‍ സംഗീതത്തിലൂടെ തന്നെയും, അഭിനയത്തിലൂടെ ഹാസ്യ കഥാപാത്രങ്ങളായി ചിലരും, സാഹിത്യ രചനയിലൂടെ നർമം എഴുതിയും, ചിത്രകലയിലൂടെ ചിരിപ്പിച്ചും ക്യത്യമമായി ഹാസ്യം സ്യഷ്ടിച്ചു. ഹാസ്യത്തിന് പ്രാധാന്യം കൊടുക്കുന്ന ചിത്രകലയിലെ രണ്ട് വിഭാഗങ്ങളാണ് കാരിക്കേച്ചറും കാര്‍ട്ടൂണും. കാരിക്കേച്ചര്‍ വ്യക്തികളെ പരിഹാസരൂപേണ ചിത്രീകരിക്കുന്ന കലാരൂപമാണ്.
'മാവേലി' എന്ന് ഇന്ന് പരക്കെ വിളിക്കുന്നത് മഹാബലി രാജാവിനെയാണ്. ക്രിസ്മസ് നാളുകളില്‍ കുടവയറുള്ള സാന്താക്ലോസിനെപ്പോലെ ഓണത്തിന്‍റെ പ്രതീകമായി കുടവയറുള്ള മാവേലിയെ ഒരുക്കുന്നു. ഓണം ആഘോഷിക്കുന്ന എല്ലായിടത്തും ഇപ്പോള്‍ കുടവയറുള്ള മഹാബലിയുടെ കാരിക്കേച്ചറുകള്‍ ചിത്രീകരിച്ചു വച്ചിരിക്കുന്നത് നമുക്ക് കാണാം. കപട മീശയും കുടവയറും ആയുള്ള മഹാബലി ഒരു ഹാസ്യകഥാപാത്രമായി മാത്രമേ കാണുവാന്‍ സാധിക്കൂ. നാട്ടില്‍ കുടവയറുള്ള ഒരാളെ മഹാബലിയുടെ വേഷം കെട്ടിക്കുന്നതും പതിവാണ്. ബിസിനസ് സ്ഥാപനങ്ങളുടെ കവാടങ്ങള്‍ മുതല്‍ പ്ലേ സ്ക്കൂളുകളിലും, കോളെജുകളിലും, ഓഫിസുകളിലും വരെ, ഓണാഘോഷ കാഴ്ചകളിലൊന്ന് മികച്ച മാവേലിയായി വസ്ത്രം ധരിക്കാനുള്ള മത്സരമാണ്. മീശയും വയറും ഉള്ള, സ്വർണാഭരണങ്ങളും പട്ടു വസ്ത്രവും പലപ്പോഴും ഒരു പൂണൂലും ധരിച്ച, വെളുത്ത തൊലിയുള്ള ഒരു മനുഷ്യന്‍റെ പ്രതിച്ഛായയാണ് മഹാബലിയുടെ രൂപമായി ജനങ്ങളിപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. യഥാർഥത്തില്‍ മഹാബലി കുടവയുള്ള ആളാണോ...? മഹാബലി കപ്പടാ മീശയുള്ള ആളാണോ...? ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
മഹാബലി ഒരു പോരാളിയായിരുന്നു. ഒരു പോരാളി തീര്‍ച്ചയായും ആരോഗ്യവാനായിരിക്കും. അയാള്‍ക്ക് കുടവയര്‍ ഉണ്ടാവാന്‍ ഒരു സാധ്യതയുമില്ല. പക്ഷേ നിര്‍ഭാഗ്യം എന്നു പറയട്ടെ നമ്മുടെ നാട്ടില്‍ പരക്കെ കുടവയര്‍ ഉള്ള മഹാബലിയെയാണ് ചിത്രീകരിക്കുന്നതും അവതരിപ്പിക്കുന്നതും. വെളുത്ത തെലിയുള്ള മഹാബലിയെയാണ് നാം ചുറ്റിനും കാണുന്നതും. മഹാബലി ഒരു അസുര രാജാവായിരുന്നു എന്നുള്ള കാര്യത്തില്‍ ചരിത്രകാരന്മാര്‍ കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്. അസുര രാജാക്കന്മാര്‍ക്ക് നിറം കറുപ്പായിരുന്നു എന്നുള്ളത് വസ്തുതയാണ്. മഹാബലി എന്ന അസുര രാജാവ്, എല്ലാവരെയും സ്നേഹിക്കുകയും, ജാതിമത വ്യത്യാസമില്ലാതെ സംരക്ഷിക്കുകയും ചെയ്തിരുന്നു എന്നുള്ളത് എടുത്തു പറയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചതിനാല്‍ മഹാബലിയെ ഒരു പുണ്യാത്മാവായി അവര്‍ ചിത്രീകരിച്ചു. അവര്‍ അദ്ദേഹത്തിന് ആഡംബര വസ്ത്രങ്ങളും വെളുത്ത ചർമവും മറ്റും നല്‍കി. മനോഹരമായ രൂപം മഹാബലിക്ക് സമ്മാനിച്ചു. എന്തായാലും ചരിത്രം ഒന്ന് ചികഞ്ഞു നോക്കുന്നത് ഈ ഓണക്കാലത്ത് നല്ലതാണെന്ന് തോന്നുന്നു.
മഹാബലിയുടെ രാഷ്ട്രം ക്ഷേമരാഷ്ട്രമായിരുന്നു. ജനങ്ങളെല്ലാം സന്തോഷത്തോടും സാഹോദര്യത്തോടും കഴിഞ്ഞ മഹാബലി ചക്രവര്‍ത്തിയുടെ ആ നല്ല നാടിനെക്കുറിച്ച് നമുക്കെന്നും അഭിമാനമാണല്ലോ. സ്വർഗലോകത്തുപോലും കാണാന്‍ കഴിയാത്ത സമൃദ്ധിയും ഐശ്വര്യവും ആമോദത്തോടെയുള്ള ജനങ്ങളുടെ ജീവിതവും ദേവന്മാര്‍ക്കുപോലും അസൂയ ഉളവാക്കുന്നതായിരുന്നു. മഹാബലിയുടെ സദ്ഭരണത്തെക്കുറിച്ച് ദേവന്മാര്‍ അറിഞ്ഞു. അദ്ദേഹത്തെ അനുഗ്രഹിച്ച് ഉചിതമായ സ്ഥാനം കൊടുക്കണമെന്ന് ദേവന്മാര്‍ ആഗ്രഹിച്ചു. അതനുസരിച്ച് മഹാവിഷ്ണു വാമനനായി അവതരിച്ച് ചക്രവര്‍ത്തിക്ക് മോക്ഷം കൊടുത്ത് യാത്രയാക്കുകയാണ് ഉണ്ടായത്. എന്നാല്‍ മറ്റൊരു കഥ, മഹാബലിയുടെ ഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെക്കൊണ്ട് വാമനാവതാരം എടുപ്പിച്ച് മഹാബലിയെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തി എന്നാണ്.
പരശുരാമന്‍ മഴു എറിഞ്ഞ് കേരളമുണ്ടാക്കി അവിടെ ബ്രാഹ്മണരെ കുടിയിരുത്തി. അവര്‍ക്ക് വൈഷ്ണവ പ്രതിഷ്ഠകള്‍ നടത്തുവാനായി തൃക്കാക്കരയില്‍ എത്തിയപ്പോള്‍ അവിടെ പ്രജാക്ഷേമതത്പരനും ശിവഭക്തനുമായ ദ്രാവിഡ രാജാവായ മഹാബലിയെയാണ്. അദ്ദേഹത്തെ സ്ഥാനഭൃഷ്ടനാക്കി ബ്രാഹ്മണര്‍ തൃക്കാക്കര പിടിച്ചെടുത്തു. ജനരോക്ഷം ഭയന്ന് മഹാബലിക്ക് ഓണത്തിന് പ്രജകളെ കാണുവാന്‍ വരുന്നതിന് അനുമതി നല്‍കുകയായിരുന്നു എന്ന ചരിത്രവുമുണ്ട്.
കേരളത്തിലേക്ക് ജൈനന്‍മാര്‍ വന്ന കാലത്ത് ത്യക്കാക്കരയായിരുന്നു പ്രധാന കേന്ദ്രം. അവിടെ ഭരിച്ചിരുന്നത് നീതിമാനും, പ്രജകളുടെ പ്രിയപ്പെട്ടവനുമായ ഒരു തീർഥങ്കരനായിരുന്നു. വൈഷ്ണവ ആധിപത്യം ലഭിക്കുന്നതിനായി അവര്‍ ഭരണ തലവനായ തീർഥങ്കരനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് തൃക്കാക്കരയുടെ അധികാരം കൈക്കലാക്കുകയായിരുന്നു. നീതിമാനായ ഭരണാധികാരിയെ നീക്കം ചെയ്തു എന്ന പഴി ജനങ്ങളില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ വൈഷ്ണവര്‍ തീർഥങ്കരനെ മഹാബലിയായി ചിത്രീകരിക്കയും യുദ്ധത്തെ വാമനാവതാരമായി ആരോപിക്കുകയുമാണുണ്ടായതെന്ന ഒരു ചരിത്ര പക്ഷവുമുണ്ട്. പുരാണത്തിലെ മഹാബലി കടവയറനല്ല. എന്നാല്‍ പ്രശസ്തരായ തീർഥങ്കരന്‍മാരെല്ലാം കുടവയറന്‍മാരാണ്. തീർഥങ്കരനായിരുന്നു മഹാബലിയെന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നത് മഹാബലിയുടെ കുടവയര്‍ ചൂണ്ടിക്കാട്ടിയാണെത്ര...!!!
ചരിത്ര വായനയില്‍ തീർഥങ്കരനായ മഹാബലിയെ കുടവയറനായി ചിത്രീകരിക്കുന്ന ഒരു ഭാഗം ഉണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. അത് അംഗീകരിക്കുമ്പോള്‍ തന്നെ ഒരു വിയോജിപ്പും ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. ജനങ്ങളുടെ സംരക്ഷകനായ ഒരു ചക്രവര്‍ത്തി ഒരിക്കലും ഒരു കുടവയറാനാകാന്‍ സാധ്യതയില്ല. ശത്രുക്കളില്‍ നിന്ന് തന്‍റെ രാജ്യത്തെ ജനങ്ങളെ സംരക്ഷിച്ച മഹാബലി രാജാവ് തീര്‍ച്ചയായും ഒരു യോദ്ധാവ് തന്നെയാണ്. ഒരു യോദ്ധാവിന്‍റെ ശരീരപ്രകൃതി നിലവില്‍ പ്രചരിക്കുന്ന മഹാബലിയുടെ രൂപത്തോട് ഒരിക്കലും താരതമ്യപ്പെടുത്താന്‍ സാധിക്കുകയില്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ മഹാബലി തീര്‍ച്ചയായും ഒരു കുടവയറാന്‍ അല്ല. എന്തായാലും, മഹാബലിയുടെ നല്ലകാലത്തിന്‍റെ ഓർമയ്ക്കായിട്ടാണ് നാം ഓണം ആഘോഷിക്കുന്നത്. ഇത്തരം നിരവധി കഥകള്‍ മഹാബലിയെയും, തൃക്കാക്കരയെയും ചുറ്റിപ്പറ്റിയുണ്ട്.