ബന്ധങ്ങള്‍... ബന്ധനങ്ങള്‍

ഇപ്പോള്‍ കുടുംബ ബന്ധങ്ങള്‍ക്കോ, രക്തബന്ധങ്ങള്‍ക്കോ വലിയ പ്രാധാന്യമൊന്നും പുതുതലമുറ കൊടുക്കുന്നില്ല എന്നത് യാഥാർഥ്യമാണ്
vijay chowk special column by sudhirnath

ബന്ധങ്ങള്‍... ബന്ധനങ്ങള്‍

Updated on

വിജയ് ചൗക്ക്|സുധീര്‍ നാഥ്

ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് നമ്മുടെ പഴമയുടെ നല്ല കാലത്തെക്കുറിച്ച് ഓര്‍ക്കുന്നതു നന്നായിരിക്കും. ഇപ്പോള്‍ കുടുംബ ബന്ധങ്ങള്‍ക്കോ, രക്തബന്ധങ്ങള്‍ക്കോ വലിയ പ്രാധാന്യമൊന്നും പുതുതലമുറ കൊടുക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.

വിദേശരാജ്യങ്ങളിലെ മാതാപിതാക്കള്‍ ഒരു പ്രായം കഴിഞ്ഞാല്‍ മക്കളെക്കുറിച്ച് ആലോചിക്കാറുണ്ടോ എന്നതു സംശയമാണ്. അവിടങ്ങളില്‍ മക്കള്‍ മാതാപിതാക്കളെക്കുറിച്ചും തിരക്കാറില്ല എന്നതും യാഥാർഥ്യമാണ്. വിദേശത്തൊക്കെ എല്ലാവരും അങ്ങിനെയാണെന്നല്ല പറയുന്നത്. അവിടങ്ങളിലെ ഭൂരിപക്ഷ നിലപാടുകളാണ് ഇവിടെ പറയുന്നത്. അവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടക്കം കുറിച്ച വൃദ്ധസദനങ്ങള്‍ ഇന്നു നമ്മുടെ നാട്ടിലും അധികരിച്ചു വരുന്നു എന്നതു ഞെട്ടിക്കുന്ന യാഥാർഥ്യമല്ലേ? സ്വകാര്യ മേഖലകളിലും സര്‍ക്കാര്‍ മേഖലകളിലും വൃദ്ധസദനങ്ങളുണ്ട്. ഈ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു പോകാന്‍ നാം മാനസികമായി തയാറെടുക്കേണ്ടിയിരിക്കുന്നു. കാരണം, രക്തബന്ധങ്ങളുടെ മൂല്യങ്ങള്‍ കുറഞ്ഞുവരുന്ന വര്‍ത്തമാനകാലത്താണല്ലോ നമ്മള്‍ ജീവിക്കുന്നത്.

വയസായാല്‍ വൃദ്ധസദനങ്ങളെ ആശ്രയിക്കണമെന്നാണു സ്ഥിതി. നമ്മുടെ നാട്ടിലും വ്യാപകമായി ഇത്തരം ജീവിതരീതികള്‍ വന്നു തുടങ്ങിയിരിക്കുന്നു എന്നു നാം മനസിലാക്കണം. ഓരോ വീടുകളിലും സ്വകാര്യമായി സംസാരിച്ചാല്‍ ഇതു വെളിവാകും. പലരും ഈ യാഥാർഥ്യങ്ങള്‍ മറച്ചുവയ്ക്കുന്നു എന്നേയുള്ളൂ. മറച്ചുവയ്ക്കപ്പെടുന്ന ഈ സത്യം വളരെ താമസിയാതെ ലോകം അറിയുമെന്നും തിരിച്ചറിയണം. നമ്മുടെ നാട്ടില്‍ രക്തബന്ധങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കുമൊക്കെ വലിയ സ്ഥാനം നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നതു ചരിത്രമാണ്. അതു തിരിച്ചറിയണമെങ്കില്‍ സാമൂഹ്യ രംഗത്തു വന്നിട്ടുള്ള മാറ്റങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രം മതി. അതിനു സ്വയം പഴി ചാരുകയേ നിവൃത്തിയുള്ളൂ.

കുടുംബ ബന്ധങ്ങള്‍ എന്നാല്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതും പങ്കിടുന്നതുമായ സമയമാണ്. അത് പല രീതിയിലുണ്ടാകാം. കുടുംബാംഗങ്ങൾക്കൊത്ത് വീടിനു പുറത്തോ നാടിനു പുറത്തോ പോകുക, ഒരുമിച്ചു വിനോദ പരിപാടികളില്‍ പങ്കെടുക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക, എന്നിവയൊക്കെ ഇതിലുള്‍പ്പെടും. കുടുംബാംഗങ്ങള്‍ പരസ്പരം നല്‍കുന്ന പിന്തുണയും വാത്സല്യവുമാണു വിജയകരമായ ഒരു കുടുംബം കെട്ടിപ്പടുക്കാൻ അനിവാര്യമായി വേണ്ടത്. എന്നിരുന്നാലും ദൃഢമായ ഒരു ബന്ധത്തിന് പരസ്പര ധാരണയും മനസിലാക്കലും പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കലും ഒരുമിച്ച് നല്ല സമയം ചെലവഴിക്കലുമൊക്കെ അനിവാര്യമാണ്. ഇന്നിതു നടക്കുന്നുണ്ടോ എന്നതാണു ചര്‍ച്ചാ വിഷയം. യുവതലമുറ ആകെ മാറിയെന്നു പഴി പറയുന്ന പഴയ തലമുറയാണ് ചുറ്റും. കാലം മാറിയപ്പോള്‍ സംഭവിച്ച സാംസ്കാരിക മാറ്റമായി അതിനെ കാണേണ്ടതുണ്ട്.

സ്വന്തം മാതാപിതാക്കളുടെ വേര്‍പാടില്‍ വിദേശത്തിരുന്നു ദുഃഖിക്കുന്നവരുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടു പഴകിക്കഴിഞ്ഞു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളിലായിരുന്നു ഈ പ്രവണത ആദ്യം ഉണ്ടായിരുന്നതെങ്കില്‍ ഇന്നതു മാറിയിരിക്കുന്നു. ഹിന്ദുക്കളുടേയും മുസ്‌ലിങ്ങളുടേയും കുടുംബങ്ങളില്‍ നടക്കുന്ന അന്ത്യശുശ്രൂഷകളും സംസ്കാര ചടങ്ങുകളും ഇപ്പോള്‍ പ്രൊഫഷണൽ ടീമുകളെത്തി ലൈവ് സ്ട്രീമിങ് നടത്തുന്നതു പതിവ് കാഴ്ചയായിരിക്കുന്നു. എല്ലായിടത്തും ഇങ്ങനെയായി എന്നു തെറ്റിദ്ധരിക്കരുത്. പരമ്പരാഗത മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവർ ഇന്നുമുണ്ട്. മരണ വിഷയത്തില്‍ നാട്ടിലെത്താന്‍ സമയം കാണാത്ത രക്തബന്ധത്തിലുള്ളവരെ വ്യാപകമായി കേരളത്തില്‍ കാണാം. അവര്‍ തത്സമയം ചടങ്ങുകള്‍ അന്യദേശത്തിരുന്ന് വീക്ഷിക്കും, അവരും വെർച്വലായി ചടങ്ങുകളുടെ ഭാഗമാകും.

രക്ഷിതാക്കളുടെ അത്യാസന്ന അവസ്ഥ മനസിലാക്കി നാട്ടിലേക്കു വിമാനം കയറുന്നവര്‍ മടക്ക ടിക്കറ്റും എടുത്താണ് എത്തുന്നത്. ലീവില്ലെന്നും തിരികെ പോകും മുമ്പ് സ്വന്തം മാതാപിതാക്കളുടെ കാര്യത്തില്‍ എന്തെങ്കിലും ഒരു തീരുമാനമാകണമെന്നും ഡോക്റ്റര്‍മാരോട് പറഞ്ഞ മക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ചില ഡോക്റ്റര്‍മാര്‍ രഹസ്യമായിട്ടാണെങ്കിലും പങ്കുവച്ചിട്ടുണ്ട്. ഇത് അതിശയോക്തിയായി പറയുന്നതാണെന്ന് കണക്കാക്കരുത്. ഇങ്ങനെയുള്ള അനുഭവം ഒന്നിലേറെ ഡോക്റ്റര്‍മാര്‍ പങ്കുവച്ചത് ഞെട്ടിക്കുക തന്നെ ചെയ്തു. മടക്കയാത്രയ്ക്കു മുന്‍പായി അന്ത്യ ചടങ്ങുകള്‍ തീര്‍ക്കണമെന്ന് ഒരു മകന്‍ പറഞ്ഞത് വലിയ രോഗമൊന്നുമില്ലാത്ത ഒരു പിതാവിനെക്കുറിച്ചായിരുന്നു എന്നു കോട്ടയത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്റ്റര്‍ പങ്കുവച്ചത് ഓർക്കുന്നു. അത് അടുത്തകാലത്തു വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെയെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയവുമാണ്. അതേസമയം, മക്കളുടെ വരവിനായി ആഴ്ച്ചകളോളം മോര്‍ച്ചറിയില്‍ മരവിച്ചു കിടക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുള്ള നാടുമാണ് നമ്മുടേത്.

കേരളത്തില്‍ പ്രായമായവര്‍ മാത്രം താമസിക്കുന്ന ബഹുനില മാളികകളും ബംഗ്ലാവുകളും ഫ്ലാറ്റുകളും എത്രയെത്രയോ ഉണ്ട്. ചിലയിടത്ത് സഹായികള്‍ കാണും. മുന്തിയ നായകൾ കാവലിനുണ്ടാകും. സിസിടിവി ക്യാമറകള്‍ എല്ലായിടത്തുമുണ്ടാകും. അതിലൂടെ എല്ലാം ദൂരെയിരുന്ന് മക്കള്‍ നിരീക്ഷിക്കുന്നു. കേരളത്തിലെ വലിയ പല വീടുകളും വൃദ്ധസദനങ്ങളായി മാറിയെന്ന് നമ്മള്‍ അടക്കം പറയാറുണ്ട്. അതു ശരിയുമാണ്. മിക്ക വീടുകളിലും വൃദ്ധ മാതാപിതാക്കള്‍ മാത്രമാണുണ്ടാകുക. നാട്ടില്‍ ഉയര്‍ന്നുവരുന്ന പല ഫ്ലാറ്റുകളിലും ആൾത്താമസമില്ല എന്നതും അറിയേണ്ടതുണ്ട്. അടഞ്ഞു കിടക്കുന്ന ലക്ഷക്കണക്കിനു ഫ്ലാറ്റുകള്‍ നമ്മുടെ മെട്രൊ നഗരങ്ങളില്‍ മാത്രമുണ്ട്. അടഞ്ഞുകിടക്കുന്ന വീടുകള്‍ ഒരു നിക്ഷേപമായി മാത്രം വിദേശത്തുള്ളവര്‍ കണക്കാക്കുന്നു. നാട്ടിലൊരു വിലാസത്തിനായി പലരും ഫ്ലാറ്റുകള്‍ വാങ്ങുന്നു. ചിലര്‍ അവധി ചെലവിടാന്‍ വരുന്ന അവസരത്തില്‍ മാത്രം സ്വകാര്യതയ്ക്കായി ഉപയോഗിക്കുന്നു. ചിലർ സുഹൃത്തുക്കൾക്കു ഗസ്റ്റ് ഹൗസുകളായി പങ്കിടുന്നു.

പല വീടുകളിലും വൃദ്ധര്‍ മാത്രമാകുന്നത് അവരുടെ മക്കളും ചെറുമക്കളും വിദേശരാജ്യങ്ങളില്‍ ജോലി തേടിപ്പോകുന്നതു കൊണ്ടാണ് എന്ന ഒരു വിശദീകരണം കേട്ടു. കേരളത്തില്‍ തൊഴിലവസരങ്ങള്‍, മികച്ച പഠന സ്ഥാപനങ്ങൾ കുറവാണെന്നും, വിദേശങ്ങളില്‍ ജോലിക്കും പഠനത്തിനും ഒരുപാടു സാധ്യതകള്‍ ഉണ്ടെന്നുമുള്ള കണ്ടെത്തലുകള്‍ യുവതലമുറയ്ക്കുണ്ട്. വിദേശ രാജ്യങ്ങളേക്കാള്‍ സാധ്യതകളാണ് ഇന്നു നമ്മുടെ രാജ്യത്തുള്ളത് എന്ന യാഥാർഥ്യം അംഗീകരിക്കപ്പെടേണ്ടതുണ്ട്. വിദേശത്തു ജോലി സാധ്യതകള്‍ കൂടുതലും, വരുമാനം കൂടുതലും ആണെന്ന ന്യായീകരണമുണ്ട്. പക്ഷേ, മറ്റൊരു രാജ്യത്തു ജീവിത സുരക്ഷിതത്വം കുറവായിരിക്കും എന്ന പ്രശ്നവുമുണ്ട്.

എനിക്കു പരിചയമുള്ള വൃദ്ധ ദമ്പതികളെ വിദേശത്തേക്കു മക്കള്‍ വിളിച്ചുകൊണ്ടു പോയത് അവരുടെ കുഞ്ഞിനെ നോക്കാനാണ്. ഒരു മാസം മകനോടൊപ്പം കഴിഞ്ഞ് തിരിച്ചുവരാമെന്നു പറഞ്ഞു പോയ അവര്‍ ഒരു വര്‍ഷത്തിലേറെയായി അവിടെ തങ്ങുന്നു. വിളിച്ചു ചോദിക്കുമ്പോള്‍ പറയുന്നത് കുഞ്ഞിനെ നോക്കാന്‍ മറ്റാരുമില്ലാത്തതു കൊണ്ട് ഞങ്ങള്‍ ഇവിടെത്തന്നെ തങ്ങുകയാണ് എന്നാണ്. സത്യത്തിൽ, മക്കൾ പറയുമ്പോഴല്ലേ നാട്ടിലേക്കു മടങ്ങാന്‍ സാധിക്കൂ. അവര്‍ ടിക്കറ്റെടുത്തു കൊടുത്താലല്ലേ പോകാന്‍ പറ്റൂ. നാട്ടില്‍ പോയിട്ട് എന്തു ചെയ്യാൻ എന്നാണു മക്കള്‍ ചോദിക്കുന്നത്. കൊച്ചുമക്കളുടെ സംരക്ഷണത്തിനു വേണ്ടി മാത്രം മാതാപിതാക്കളെ കൂടെ നിര്‍ത്തുന്ന ഒരു പ്രവണത വിദേശത്തു താമസിക്കുന്ന മക്കൾക്കുണ്ട്. സ്വന്തം നാട്ടിലെ വീട്ടിലേക്കു മടങ്ങിയെത്താന്‍ വ്യഗ്രത കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മാതാപിതാക്കളാണ് കൊച്ചുമക്കളെയും നോക്കി വിദേശത്തു മക്കളുടെ ""തടങ്കലിൽ'' കഴിയുന്നത് എന്നത് കയ്പ്പേറിയ ഒരു പരമസത്യം മാത്രം. അത് അംഗീകരിക്കാനോ, തുറന്നുപറയാനോ പലപ്പോഴും പ്രവാസി സമൂഹം തയാറാകാറില്ല എന്നതു മറ്റൊരു സത്യം.

പ്രവാസ ലോകത്താണു രക്തബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും തകര്‍ച്ച കൂടുതലായി കാണുന്നത്. എന്തുകൊണ്ട് അതു സംഭവിക്കുന്നുവെന്നു വിദേശത്തു താമസിക്കുന്നവര്‍ തന്നെ അന്വേഷിക്കണം. പ്രവാസലോകത്തെ പുതുതലമുറയില്‍ വിവാഹ ബന്ധങ്ങളിലെ തകര്‍ച്ച കൂടുതലായി സംഭവിക്കുന്നതായി കാണുന്നു. വസ്ത്രം മാറുന്ന ലാഘവത്തിലാണ് പലരും ബന്ധങ്ങള്‍ വേര്‍പ്പെടുത്തുന്നത്. ഒരു കുറ്റബോധവും അവരില്‍ കാണുന്നില്ല എന്നതും അത്ഭുതപ്പെടുത്തുന്നു. ഒരു മടിയും കൂടാതെ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും അവര്‍ മടിക്കുന്നില്ല. സാംസ്കാരികമായ പിന്തുടര്‍ച്ച അവര്‍ ആഗ്രഹിക്കുന്നില്ല. ഇതു തലമുറകളില്‍ വന്ന വലിയ മാറ്റമാണ്.

കേരളത്തിലെ യുവജനങ്ങളില്‍ മാനസികമായി സാംസ്കാരിക മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. പുതുതലമുറയെ അതു സ്വാധീനിക്കാന്‍ മുഖ്യ കാരണം ഇന്‍റര്‍നെറ്റും മൊബൈൽ ഫോണും ടെലിവിഷൻ ചാനലുകളുമൊക്കെ തന്നെയാണ് എന്നതിലും സംശയമില്ല. നമ്മുടെ സാംസ്കാരിക രീതികളിൽ തന്നെ സമീപകാലത്ത് വലിയ രീതിയിലുള്ള മാറ്റം സംഭവിച്ചിരിക്കുന്നു. ബന്ധങ്ങള്‍ക്കൊന്നും വലിയ വില കല്‍പ്പിക്കാത്തതാണ് ആ മാറ്റം. സ്വന്തക്കാരെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ തിരിച്ചറിയാനോ അവരുമായി ബന്ധം നിലനിർത്താനും പുതുതലമുറ ശ്രമിക്കാറില്ല. എന്നാൽ, ഈ പ്രശ്നത്തിനൊന്നും പരിഹാരമാര്‍ഗം ഇന്നുവരെ ആരും നിര്‍ദേശിച്ചിട്ടുമില്ല.

ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളിലും കാണുന്നത്. കേരളത്തില്‍ ഇതിന്‍റെ തോത് അല്പം കൂടുതലാണ് എന്നു പറയാതിരിക്കാനും സാധിക്കില്ല. വിദ്യാഭ്യാസ രംഗത്തൊക്കെ നമ്മള്‍ വളരെ മുന്നിലാണെങ്കിലും സാംസ്കാരിക പൈതൃകം ഏറ്റുപിടിക്കാന്‍ യുവതലമുറയ്ക്ക് വൈമുഖ്യം ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com