നമ്മുടെ രാജ്യത്ത് വലിയ വികസനങ്ങള്‍ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വികസനം എല്ലാ മേഖലയിലും സംഭവിക്കുമ്പോാണ് രാജ്യം വളരുക. അത് ഇന്ത്യയില്‍ സംഭവിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. രാജ്യത്ത് ഗതാഗത സൗകര്യങ്ങള്‍ വർധിക്കുന്നു. മികച്ച റോഡുകള്‍ ഗതാഗത വേഗം കൂട്ടുന്നു. ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങള്‍ രാജ്യത്തു വരുന്നത് വികസനത്തിന്‍റെ ഭാഗമാണ്. രാജ്യ തലസ്ഥാനത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുതിയ കെട്ടിടങ്ങളും, അവിടത്തെ അത്യാധുനിക സൗകര്യങ്ങളും എടുത്ത് പറയേണ്ടതാണ്. അതില്‍ പലതും ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമതയിലുമാണ്.
ഇന്ത്യയിലെ റോഡുകള്‍ മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ആധുനികീകരിച്ചു നിർമിക്കുന്നത് യാത്രാസുഖം വർധിപ്പിച്ചിരിക്കുന്നു. രാജ്യത്ത് ദിവസവും കിലോമീറ്റര്‍ കണക്കിന് റോഡുകളാണ് പുതുതായി നിർമിക്കപ്പെടുന്നത് എന്നുള്ളത് എടുത്തു പറയേണ്ട കാര്യവുമാണ്. ദേശീയപാതകളുടെ നീളം കൂടുകയും, നിലവിലുള്ള പാതകളുടെ സൗകര്യങ്ങള്‍ വർധിപ്പിക്കുകയും ചെയ്യുന്നത് നേര്‍സാക്ഷ്യമാണ്. കേരളത്തില്‍ തന്നെ തെക്ക് മുതല്‍ വടക്ക് വരെ നീളുന്ന ദേശിയപാതയുടെ നിർമാണവും അതിന്‍റെ വേഗവും അത്ഭുതപ്പെടുത്തുന്നതാണ്. അതിവേഗത്തിൽ ഒരു സംസ്ഥാനത്തുനിന്ന് മറ്റ് സംസ്ഥാനത്ത് എത്തിച്ചേരുന്ന സാഹചര്യം ഇന്ന് ഏറെ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു. രാജ്യത്തിന്‍റെ വികസനത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഇതൊക്കെ.
തീവണ്ടി ഗതാഗതത്തിലും നമ്മള്‍ ഗണ്യമായ പുരോഗതി നേടി കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ പ്രധാന പട്ടണങ്ങളിലെല്ലാം മെട്രൊ സര്‍വീസുകള്‍ സേവനം നല്‍കിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ റെയ്‌ൽവേ ലോക ഗതാഗത രംഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് പോലെ ഇന്ത്യയിലെ മെട്രൊ തീവണ്ടി സേവനങ്ങള്‍ ലോക ശ്രദ്ധയില്‍ വന്നിരിക്കുന്നു. ജലഗതാഗത രംഗത്തും നമ്മുടെ രാജ്യം നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വന്ദേ ഭാരത് പോലെയുള്ള അതിവേഗ ട്രെയ്‌നുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ പാളങ്ങളില്‍ വിപ്ലവം സ്യഷ്ടിച്ചു കഴിഞ്ഞു. ലോക ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ ബുള്ളറ്റ് ട്രെയ്‌നുകളും നമ്മളുടെ രാജ്യത്തിന്‍റെ ഭാഗമായി മാറുവാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
വ്യോമയാനരംഗത്തും ഇന്ത്യ വലിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണങ്ങള്‍ വര്‍ധിക്കുന്നതിനോടൊപ്പം വിമാന സര്‍വീസുകളും വർധിച്ചിരിക്കുന്നു. ഉഡാന്‍ പദ്ധതി പ്രകാരം ചെറു പട്ടണങ്ങള്‍ തമ്മില്‍ ചെറിയ വിമാന സർവീസുകള്‍ തുടങ്ങി. ഇത് സാധാരണ ജനങ്ങള്‍ക്കും വിമാനയാത്ര സാധ്യമാക്കി മാറ്റിയിരിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. ചെറുപട്ടണങ്ങളില്‍ വിമാനത്താവളങ്ങള്‍ കൊണ്ടുവന്ന മാറ്റം എടുത്തു പറയേണ്ടതുമാണ്. രാജ്യത്ത് ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും കൂടുതലായി സേവനം നടത്തുന്നു എന്നുള്ളതും ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്.
നമ്മുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യന്‍ തലസ്ഥാന നഗരമായ ഡല്‍ഹിയുടെ പ്രധാന പാതയായ സന്‍സദ് മാര്‍ഗിലാണ് പാര്‍ലമെന്‍റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തില്‍ പ്രശസ്ത വാസ്തുശില്‍പ്പികളായ സര്‍ എഡ്വിന്‍ ല്യുട്ടെന്‍സ്, സര്‍ ഹെബേര്‍ട്ട് ബേക്കര്‍ എന്നിവര്‍ രൂപകൽപ്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ക്കായി നമ്മള്‍ ഉപയോഗിച്ചിരുന്നത്. പഴയ പാര്‍ലമെന്‍റ് മന്ദിരം 100 വര്‍ഷത്തിന്‍റെ അടുത്ത് പഴക്കമുള്ളതിനാല്‍ പുതിയത് പണിയാന്‍ 2010ല്‍ തീരുമാനിക്കുകയായിരുന്നു. ആര്‍ക്കിടെക്റ്റ് ബിമല്‍ പട്ടേല്‍ രൂപകൽപ്പന ചെയ്ത പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ നിർമാണം 2019 ലാണ് ആരംഭിച്ചത്. ലോക്സഭാ ചേംബറില്‍ പയ കെട്ടിടത്തില്‍ 543 സീറ്റായിരുന്നെങ്കില്‍ പുതിയ മന്ദിരത്തില്‍ 888 സീറ്റുകളുണ്ട്. 1,272 സീറ്റുകള്‍ വരെ വർധിപ്പിക്കാനുള്ള ഇടവും മുന്‍കൂട്ടി കരുതിയിട്ടുണ്ട്. രാജ്യസഭാ ചേംബറില്‍ 250 അംഗങ്ങള്‍ക്ക് മാത്രമാണ് പയ മന്ദിരത്തില്‍ ഇരിക്കുവാന്‍ സാധിക്കൂ. പുതുക്കിയ മന്ദിരത്തില്‍ 384 രാജ്യസഭാ അംഗങ്ങള്‍ക്ക് ഇരിക്കുവാനുള്ള സൗകര്യമുണ്ട്.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തോടൊപ്പം സര്‍ക്കാര്‍ ഓഫിസുകളും നവീകരിക്കുകയാണ്. ഇന്ത്യയുടെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് മേഖലയുടെ നവീകരണത്തിനായി നടന്നുകൊണ്ടിരിക്കുന്ന പുനര്‍വികസനത്തെയാണ് സെന്‍ട്രല്‍ വിസ്താ പ്രൊജക്റ്റ് എന്ന് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഗവണ്‍മെന്‍റും പാര്‍ലമെന്‍ററി ഓഫിസുകളും ഉള്ള സെന്‍ട്രല്‍ വിസ്താ പ്രൊജക്റ്റ് രാജ്യത്തിന്‍റെ പവര്‍ കോറിഡോര്‍ എന്ന വിശേഷണത്തിന് അര്‍ഹമാണ്. 2020 ഡിസംബറില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പുതിയ പദ്ധതിയില്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഉള്‍ക്കൊള്ളുന്ന 10 മന്ദിരങ്ങളും പുതിയ പാര്‍ലമെന്‍റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതിമാരുടെ വസതികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള സെന്‍ട്രല്‍ വിസ്ത മേഖലയുടെ നവീകരണ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.
20ജി ഉച്ചകോടി നമ്മുടെ രാജ്യത്ത് നടക്കുമെന്ന് പലരും വിചാരിച്ചിരുന്നില്ല. 20ജി രാജ്യങ്ങളുടെ നേതാക്കള്‍ ഇന്ത്യയിലെത്തി ഉച്ചകോടിയില്‍ പങ്കെടുത്തു. വിജയമായി നമുക്ക് 20ജി ഉച്ചകോടിക്ക് ആദിത്യമരുളാനും സംഘടിപ്പിക്കുവാനും സാധിച്ചു എന്നുള്ളത് ചെറിയ കാര്യമല്ല. ലോക രാജ്യങ്ങളിലെ നേതാക്കളെല്ലാം നമ്മുടെ ഇന്ത്യയില്‍ വന്ന് നമ്മുടെ വികസനം കണ്ട് അത്ഭുതപ്പെടുകയുണ്ടായി. മുഖ്യ വേദിയായ ഭാരത മണ്ഡപം അതിവിശാലമായ ലോകോത്തര നിലവാരമുള്ള ഒന്നാണ് എന്നുള്ള കാര്യത്തില്‍ എല്ലാവരും അഭിപ്രായം പറഞ്ഞത് നമുക്ക് അഭിമാനമാണ്. ഇന്ത്യയിന്ന് ലോകോത്തര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്‍ററുകളുടെയും പ്രദര്‍ശനങ്ങളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പ്രകൃതി മൈതാനത്തെയാണ് നവീകരിച്ച ഭാരതമണ്ഡപവും പ്രദര്‍ശന കേന്ദ്രവുമായി മാറ്റിയിരിക്കുന്നത്. പ്രകൃതി മൈതാനിയില്‍ ഉയര്‍ന്ന ഭാരതം മണ്ഡപം ഇന്ന് ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.
ഭാരത് മണ്ഡപം പുറം കാഴ്ച്ചയില്‍ മാത്രമല്ല വിസ്മയം തീര്‍ക്കുന്നത്. അതിന്‍റെ അകത്തളങ്ങള്‍ അദ്ഭുത കാഴ്ച്ചകളുടെ വിസ്മയമാണ്. കണ്‍വെന്‍ഷന്‍ സെന്‍റര്‍, കോണ്‍ക്ലേവുകള്‍, ഉച്ചകോടികള്‍, മീറ്റിങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍, സഭകള്‍ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ അനുയോജ്യമായ ആധുനിക അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന ഒരു ലോകോത്തര സൗകര്യമാണ് ഭാരത് മണ്ഡപത്തിനുള്ളിലുള്ളത്. കണ്‍വെന്‍ഷന്‍ സെന്‍റര്‍, വിഐപി, ഗസ്റ്റ് ലോഞ്ചുകള്‍, പഞ്ചനക്ഷത്ര കാറ്ററിങ് സേവനങ്ങള്‍ എന്നിവയുമായി 7000 ആളുകളുടെ വരെ ഉള്‍കൊള്ളാവുന്ന വലിയ ഓഡിറ്റോറിയം അവിടെ ഉണ്ട്. പ്ലീനറി ഹാളാണ് ഭാരത് മണ്ഡപതിലെ ഏറ്റവും വലിയ ആകര്‍ഷണം. മള്‍ട്ടി പ്ലസ് ഹാളില്‍ നാലായിരത്തിലേറെ പേരെ സുഖമമായി ഉള്‍ക്കൊള്ളും. ഇത് കൂടാതെ രണ്ട് വലിയ ഓഡിറ്റോറിയവും, പത്തോളം മീറ്റിങ്ങ് ഹാളുകളും ഭാരത് മണ്ഡപത്തില്‍ ഉണ്ട്. അയ്യായിരത്തിലതികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഭാരത് മണ്ഡപതിന്‍റെ കീഴില്‍ തന്നെ നിർമിച്ചിട്ടുണ്ട്. പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് ഗതാഗത തടസമില്ലാതെ ഡല്‍ഹിയിലെ പ്രധാന റോഡുകളിലേയ്ക്ക് കയറുന്നതിന് ഭൂഗര്‍ഭ പാതകളുണ്ട്.
ഡല്‍ഹിയിലെ ദ്വാരകയില്‍ പണി പൂര്‍ത്തീകരിച്ച ലോകോത്തര കണ്‍വെന്‍ഷന്‍ സെന്‍ററായ യശോഭൂമി മറ്റൊരു പുതിയ നിർമിതിയാണ്. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്‍റര്‍ എന്നും ഇതിനെ വിശേഷിപ്പിക്കാം. പ്രധാന ഓഡിറ്റോറിയം, ഗ്രാന്‍ഡ് ബോള്‍റൂം, 11,000 പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്ന 13 മീറ്റിങ് റൂമുകള്‍ എന്നിവയുള്‍പ്പെടെ 15 കണ്‍വെന്‍ഷന്‍ റൂമുകള്‍ തുടങ്ങിയവ ഇവിടുണ്ട്. ഇത് കൂടാതെ 1.07 ലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ എക്‌സിബിഷന്‍ ഹാളുകളിലൊന്ന് യശോദാഭൂമിയിലുണ്ട്. ആഗോളതലത്തിലെ മികച്ച കണ്‍വെന്‍ഷന്‍, എക്‌സിബിഷന്‍ കേന്ദ്രങ്ങളില്‍ ഒന്നായി ഇത് വേറിട്ടുനില്‍ക്കുമെന്ന് ഉറപ്പിച്ച് പറയാം.