അയോധ്യ മറക്കില്ല, ആലപ്പുഴക്കാരന്‍ നായരെ| വിജയ് ചൗക്ക്
സുധീര്‍ നാഥ്
അയോധ്യയും അവിടത്തെ ക്ഷേത്ര നിർമാണവും ഇന്ന് രാഷ്‌ട്രീയമാണ്. രാജ്യത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും രാമക്ഷേത്ര നിർമാണം ചര്‍ച്ചയാക്കുന്നു. ഹിന്ദുവിശ്വാസികളുടെ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് ബിജെപി അയോധ്യ ക്ഷേത്രം ചര്‍ച്ചയിലേക്കു കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതിനർഥം, ഹിന്ദു സമുദായത്തെ ആകര്‍ഷിക്കുന്ന ഒന്ന് രാമക്ഷേത്ര നിർമിതിയിലുണ്ട് എന്നതാണ്. അയാധ്യ ക്ഷേത്ര വിഷയത്തിന് തുടക്കം കുറിച്ചത് ഒരു മലയാളിയാണ്. ആലപ്പുഴക്കരന്‍ കെ.കെ.കെ. നായര്‍. ഇന്ന് അയോധ്യയിലെത്തുന്ന ഭക്തര്‍ക്ക് അവിടുത്തെ ഗൈഡുകള്‍ ആദ്യം പരിചയപ്പെടുത്തുന്നതും നായരെ തന്നെ. പക്ഷേ ഇന്ന് ക്ഷേത്രനിർമാണം പൂർത്തിയാകുമ്പോൾ കെ.കെ.കെ. നായര്‍ എല്ലാവരുടെയും ഓർമയിലും മനസിലും ചർച്ചകളിലുമുണ്ടോ എന്നു സംശയം.
ഹിന്ദു വിശ്വാസപ്രകാരം വിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്‍. രാമായണത്തില്‍ പറയുന്നത് അയോധ്യയിലെ സരയൂ നദിയുടെ തീരത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നാണ്. മുഗള്‍ ഭരണാധികാരി ബാബര്‍ ആണ് 1528ല്‍ അയോധ്യയില്‍ മസ്ജിദ് സ്ഥാപിക്കുന്നത്. അയോധ്യ രാമജന്മഭൂമിയാണെന്നും അവിടെയുണ്ടായിരുന്ന രാമക്ഷേത്രം തകർത്ത് ബാബര്‍ പള്ളി പണിയുകയായിരുന്നു എന്നുമാണ് ഹിന്ദുക്കള്‍ കാലാകാലങ്ങളായി ആരോപിക്കുന്നത്. ബ്രീട്ടീഷ് ഭരണകൂടത്തിനു മുന്നിലാണ് ഈ തര്‍ക്കം ആദ്യം എത്തുന്നത്. തര്‍ക്കപരിഹാരമെന്ന നിലയില്‍ 1859ല്‍ ബ്രിട്ടീഷ് ഭരണകൂടം അവിടെ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ വേലി കെട്ടി തിരിച്ചു. മസ്ജീദിന്‍റെ അകം മുസ്‌ലിംങ്ങള്‍ക്കും പുറംഭാഗം ഹിന്ദുക്കള്‍ക്കും അനുവദിച്ചു.
പിന്നീട് മുസ്‌ലിം സമുദായം മസ്ജിദിലും, ഹിന്ദുക്കള്‍ പ്രത്യേകമായി അനുവദിച്ച പ്രദേശത്തും ആരാധന നടത്തിവരികയായിരുന്നു. ആ അവസരത്തിലാണ് 1949ല്‍ അവിടത്തെ ജില്ലാ മജിസ്ട്രേറ്റായിരുന്ന കെ.കെ.കെ. നായരുടെ സാനിധ്യത്തില്‍ പണ്ഡിറ്റും ഗുസ്തിക്കാരനുമായ അറടി ഉയരമുള്ള അഭിറാം ദാസിന്‍റെ നേതൃത്വത്തില്‍ ഏഴിഞ്ച് നീളമുള്ള ശ്രീരാമ വിഗ്രഹം മസ്ജിദിനുള്ളില്‍ സ്ഥാപിച്ചത്. ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത പരത്തി അവിടെ പൂജയും ഭജനയും നടത്തി. മസ്ജിദ് പണിത സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് എന്ന വിശ്വാസം കൊണ്ടാണ് 1949ല്‍ വിഗ്രഹം വച്ചതും, 1992ല്‍ കര്‍സേവകര്‍ ആ മസ്ജിദ് പൊളിച്ചതും. അവിടെ ഉയര്‍ന്ന താത്കാലിക ക്ഷേത്രമാണ് ഇന്ന് ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി മാറുന്നത്.
1992 ഡിസംബര്‍ 6ന് ബാബറി മസ്ജീദ് കര്‍സേവകര്‍ തകര്‍ത്തതോടെ രാജ്യത്ത് വ്യാപകമായി കലാപം ഉണ്ടായി. അയോധ്യയിലെ രാമക്ഷേത്രം ഒരു രാഷ്‌ട്രീയ വിഷയമായി ഉയര്‍ത്തുന്നതില്‍ എല്‍.കെ അഡ്വാനിയും, മുരളീമനോഹര്‍ ജോഷിയും അശോക് സിംഗാളും ഉമാ ഭാരതിയുമൊക്കെ വഹിച്ച പങ്ക് ചെറുതല്ല. അവരുണ്ടാക്കിയ അലകളാണ് ഇന്ന് ഒറ്റയ്ക്ക് രാജ്യം ഭരിക്കാന്‍ ബിജെപിക്ക് അവസരം ഉണ്ടാക്കിയത്.
അയോധ്യ വിഷയം സുപ്രീം കോടതിയില്‍ എത്തിയതും അവിടെ നടന്ന വാദപ്രതിവാദങ്ങളും വിധിയും നിയമ ചരിത്രത്തിന്‍റെ ഭാഗമാണ്. 133 വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് സമാപ്തി കുറിച്ച് 1,045 പേജുള്ള സുപ്രീം കോടതിയുടെ വിധി വന്നു. 9 ഭാഷകളിലായി 12,000ത്തോളം പേജുള്ള തെളിവുകള്‍ പരിശോധിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാം എന്നായിരുന്നു സുപ്രീം കോടതി വിധി. അൽപമകലെ മുസ്‌ലിങ്ങൾക്കു പള്ളി പണിയാൻ സ്ഥലം നൽകാനും ഉത്തരവിട്ടു.
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍ സരയൂ നദീതീരത്തുള്ള ചെറിയ പട്ടണമാണ് അയോധ്യ. ക്ഷേത്രങ്ങളുടെ നാടായ അയോധ്യയില്‍ 7,000 ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. 1949 മുതല്‍ ബാബറി മസ്ജിദ് പോലീസ് സംരക്ഷണയിലായിരുന്നു. 1957ല്‍ അവിടം സന്ദര്‍ശിച്ച ഓംചേരി എന്‍.എന്‍. പിള്ള പറഞ്ഞത് മലയാളിയായതു കൊണ്ട് തനിക്ക് താഴ് തുറന്ന് മസ്ജിദില്‍ കയറി കെ.കെ.കെ. നായരും സംഘവും വച്ച രാമവിഗ്രഹം കാണാന്‍ സാധിച്ചു എന്നാണ്. ജില്ലാ മജിസ്‌ട്രേറ്റായ കെ.കെ.കെ. നായര്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മസ്ജിദ് പൂട്ടിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ കൈനകരിക്കാരൻ കൃഷ്ണകുമാര്‍ കരുണാകരന്‍ നായരെന്ന കെ.കെ.കെ. നായർ 1907ല്‍ സെപ്തംബര്‍ 11നാണു ജനിച്ചത്. അദ്ദേഹം ഐസിഎസ് ഉദ്യോഗസ്ഥനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഇംപീരിയല്‍ സിവില്‍ സര്‍വീസാണ് ഐസിഎസ്; ഇന്നത്തെ ഐഎഎസ്. 1930 ബാച്ച് ഐസിഎസ് ഉദ്യോഗസ്ഥനായ നായര്‍ 1946ല്‍ ഡെറാഡൂണ്‍ സ്വദേശി ശകുന്തളയെ വിവാഹം കഴിച്ചു. അങ്ങിനെ അവർ ശകുന്തള നായരായി. നായരും ശകുന്തള നായരും മരണപ്പെട്ടു. അവരുടെ ഏക മകന്‍ മാര്‍ത്താണ്ഡ് വിക്രമന്‍ നായര്‍ (വിക്കി) ഡല്‍ഹിയിലുണ്ട്. വീട്ടിലിരുന്ന് അയോധ്യാ ക്ഷേത്ര വാര്‍ത്തകള്‍ ടിവിയില്‍ കാണുന്നു.
കടുത്ത ഹൈന്ദവ വിശ്വാസിയായിരുന്ന നായര്‍ക്ക് പതേശ്വരി പ്രസാദ് സിങ്, മഹദ് ദിഗ്‌വിജയ് നാഥ്, അഭിറാം ദാസ് തുടങ്ങിയ ഹിന്ദു നേതാക്കളുമായി വ്യക്തിബന്ധമുണ്ടായിരുന്നു. വിദേശികളും മുഗള്‍ രാജാക്കന്മാരും നശിപ്പിക്കുകയോ, സ്വന്തമാക്കുകയോ ചെയ്ത ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കണമെന്ന ആശയം വി.ഡി. സവര്‍ക്കറുടെ നിര്‍ദേശപ്രകാരം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു. തനിക്ക് കഴിയാവുന്ന എല്ലാ സഹായവും പിന്തുണയും നായര്‍ ഉറപ്പു നല്‍കി. 1945ല്‍ നായരും ഗുരുദത്ത് സിങ്ങും കണ്ടുമുട്ടി. ഇരുവരും വലിയ രാമഭക്തരായിരുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് രാമക്ഷേത്രമായി തിരിച്ചുപിടിച്ചടക്കണമെന്ന തീരുമാനത്തിലെത്തി.
പതേശ്വരി പ്രതാപ് സിങ് 1948ല്‍ രാമരാജ്യ പരിഷത്ത് സ്ഥാപിച്ചപ്പോള്‍ കെ.കെ.കെ. നായരെ പ്രത്യേക ക്ഷണിതാവാക്കി. 1948ല്‍ ഫൈസബാദ് സിറ്റി മജിസ്‌ട്രേയ്റ്റായി നായരുടെ ഉറ്റ സുഹൃത്ത് ഗുരുദത്ത് സിങ് നിയമിതനായി. വ്യക്തിസ്വാധീനം ഉപയോഗിച്ച് 1949 ജൂണ്‍ ഒന്നിന് നായര്‍ അയോധ്യ ഉള്‍പ്പെട്ട ഫൈസബാദിന്‍റെ ഡെപ്യൂട്ടി കമ്മിഷണറായും ജില്ലാ മജിസ്‌ട്രേറ്റായും നിയമനം നേടി. ഇരുവരും മസ്ജിദില്‍ ശ്രീരാമ വിഗ്രഹം എത്തിക്കാന്‍ ധാരണയായി. ഒരു ഹിന്ദുവും ഒരു മുസല്‍മാനുമായിരുന്നു രാത്രി ബാബറി മസ്ജിദിന് കാവല്‍ നിന്നിരുന്നത്. ഹിന്ദു കാവല്‍ക്കാരനെ സിങ് വശത്താക്കി. മുസ്‌ലിമായ ഹവല്‍ദാർ അബ്ദുള്‍ ബര്‍ക്കത്തിനെ സഹകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
1949 ഡിസംബര്‍ 22ന് വ്യാഴാഴ്ച്ച രാത്രി 11 മണിക്ക് ശേഷം പണ്ഡിറ്റും ഗുസ്തിക്കാരനുമായ അഭിറാം ദാസ് കുറച്ച് സന്യാസിമാരെയും കൂട്ടി മസ്ജിദില്‍ കയറി ഏഴിഞ്ച് മാത്രം ഉയരമുള്ള ചെറിയ രാം ലല്ല (ശ്രീരാമ വിഗ്രഹം) സ്ഥാപിച്ചു. കാവല്‍ക്കാരായ രണ്ടു പേരും സഹകരിച്ചു. ശ്രീരാമ വിഗ്രഹം സ്വയം പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്ത വ്യാപകമായി പരന്നു. പിറ്റേന്ന് അവിടെ ഹിന്ദു ഭക്തരുടെ വലിയ തിരക്കായി. വിഗ്രഹം കാണാന്‍ ജനങ്ങള്‍ കൂട്ടമായി എത്തി. ഭജനയ്ക്കു നേതൃത്വം കൊടുത്തത് നായരുടെ ഭാര്യ ശകുന്തള നായരായിരുന്നു.
അയോധ്യയിലെ സംഭവങ്ങള്‍ ഫൈസബാദ് ജില്ലാ മജിസ്‌ട്രേറ്റും സിറ്റി മജിസ്‌ട്രേറ്റും അധികാര കേന്ദ്രങ്ങളില്‍ അറിയിക്കാന്‍ താമസിപ്പിച്ചു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് വഴി കെ.കെ.കെ. നായരോട് സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രീരാമ വിഗ്രഹം നീക്കം ചെയ്ത് മുസ്‌ലിങ്ങള്‍ക്ക് പള്ളി വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും ഉത്തരവ് അനുസരിക്കാതെ, ജില്ലാ മജിസ്‌ട്രേറ്റിന്‍റെ അധികാരം ഉപയോഗിച്ച് മസ്ജിദ് അടച്ചുപൂട്ടി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിക്കാത്ത നായരെ സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു.
തുടര്‍ന്ന് നടന്ന 1952ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ നാല് സീറ്റില്‍ ജയിച്ചു. അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും ലോക്‌സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് എന്‍.സി. ചാറ്റര്‍ജി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നിന്നും, കെ.കെ.കെ. നായരുടെ ഭാര്യ ശകുന്തള നായര്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1962ല്‍ ശകുന്തള ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിഗ്രഹം വച്ച് ഒരു തർക്കപ്രശ്മാക്കി മസ്ജിദ് പൂട്ടിച്ച ശേഷം ഫൈസാബാദ് സിറ്റി മജിസ്‌ട്രേറ്റ് ഗുരുദത്ത് സിങ് തൽസ്ഥാനം രാജിവച്ചു. കെ.കെ.കെ. നായരെ സസ്പെൻഡ് ചെയതതിനു പിന്നാലെ തനിക്കു നേരേയും നടപടി വരും എന്ന് കണ്ടതിനാലാണ് രാജി നല്‍കിയത്. ഒട്ടേറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഐസിഎസ് സര്‍വീസില്‍ തിരിച്ചെത്തിയ കെ.കെ.കെ. നായര്‍ക്ക് നിരവധി വെല്ലുവിളി നേരിടേണ്ടി വന്നു. ഒടുവില്‍ 1952ല്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു. പിന്നീട് നായര്‍ അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. ഗുരുദത്ത് സിങ് ഹിന്ദു നാഷണലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് നേതാവായി. പിന്നീട് ബിജെപിയുടെ പൂർവരൂപമായ ജനസംഘത്തിന്‍റെ ഫൈസാബാദ് ജില്ലാ പ്രധാനായി.
നായരുടെ ഭാര്യ ശകുന്തള നായര്‍ രണ്ടാമത് 1967ലും, മൂന്നാമത് 1971ലും ലോക്‌സഭയിലേയ്ക്ക് കിഷൻഗഞ്ചില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലാം ലോക്‌സഭയില്‍ 1967ല്‍ ബഹറായ്ച്ച് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കെ.കെ.കെ. നായര്‍ ഭാരതീയ ജനസംഘത്തിന്‍റെ പ്രതിനിധിയായി പാര്‍ലമെന്‍റിലെത്തി. അങ്ങനെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് നാലാം പാര്‍ലമെന്‍റ് അംഗങ്ങളായി എന്ന ചരിത്രവുമുണ്ട്. 1977 സെപ്തംബര്‍ 7ന് കെ.കെ.കെ. നായര്‍ അന്തരിച്ചു. അയോധ്യ ക്ഷേത്രം ഇന്ന് വലിയ ചര്‍ച്ചയാകുമ്പോള്‍ പലരും ഒർക്കാതെ പോകുന്നതോ അറിയാതെ പോകുന്നതോ ആയ പേരാണ് സ്വതന്ത്ര ഇന്ത്യയിൽ അയോധ്യ രാമക്ഷേത്രത്തിനായി ആദ്യ ചുവടു വയ്പ്പിച്ച കെ.കെ.കെ. നായരുടേത്.