

വികസിത് ഭാരത് 'ജി റാം ജി': ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കുന്ന തൊഴിലുറപ്പ്
ക്ഷേമ പരിഷ്കരണത്തെക്കുറിച്ചുള്ള പൊതു ചർച്ച അനിവാര്യവും ആരോഗ്യകരവുമാണ്. ""വികസിത് ഭാരത് – ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)'' അഥവാ, ""വിബി-ജി റാം ജി'' സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്ന ആശങ്കകൾക്കു ന്യായമായ അടിത്തറയുണ്ട്: ചരിത്രപരമായ തൊഴിലുറപ്പിൽ വരുത്തുന്ന മാറ്റങ്ങൾ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെദുർബലപ്പെടുത്തുമോ എന്ന ആശങ്ക. ആ ആശങ്ക ബഹുമാനിക്കപ്പെടേണ്ടതാണ്. എന്നാൽ, വെറും അനുമാനങ്ങൾക്കു പകരം വിബി-ജി റാം ജി ബില്ലിൽ യഥാർഥത്തിൽ എന്താണു വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്നതിനെക്കുറിച്ചു ജാഗ്രതയോടെയുള്ള വായന ഇത് ആവശ്യപ്പെടുന്നു.
ബില്ലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, ഓരോ ഗ്രാമീണ കുടുംബത്തിനും വർഷത്തിൽ 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ നിയമപരമായി ഉറപ്പുനൽകുന്നു എന്നതാണ്. മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി (എംജിഎൻആർഇജിഎ) കാലഘട്ടത്തിലെ അവകാശനിഷേധ വ്യവസ്ഥകൾ നീക്കം ചെയ്ത്, അപേക്ഷിച്ചതിന് 15 ദിവസത്തിനുള്ളിൽ തൊഴിൽ നൽകുന്നില്ലെങ്കിൽ തൊഴിലില്ലായ്മ വേതനത്തിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യയുടെ ഗ്രാമീണ തൊഴിൽ ചട്ടക്കൂടിന്‍റെ പോരായ്മ അതിന്‍റെ ഉദ്ദേശ്യത്തിലായിരുന്നില്ല; മറിച്ച്, പരിഷ്കാരങ്ങൾ ആവശ്യമായിരുന്ന ഘടനാപരമായ വീഴ്ചകളിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിബി-ജി റാം ജി പദ്ധതിയെ വിലയിരുത്തേണ്ടത്. അവകാശങ്ങളെ ദുർബലപ്പെടുത്തുന്നതിനു പകരം, നിർദിഷ്ട ചട്ടക്കൂട് എംജിഎൻആർഇജിഎയുടെ പോരായ്മകളെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. തൊഴിലാളികൾക്ക് അർഹമായതു നിഷേധിക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ നീക്കം ചെയ്യുന്നതിലൂടെയും സുതാര്യത, സോഷ്യൽ ഓഡിറ്റ്, പരാതി പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകൾ ശക്തിപ്പെടുത്തുന്നതിലൂടെയും തൊഴിലുറപ്പു പദ്ധതിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാനാണു ബിൽ ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട ഉത്തരവാദിത്വ സംവിധാനങ്ങളും സമയബന്ധിതമായ പരാതി പരിഹാരവും വെറും ഉപരിപ്ലവമായ കാര്യങ്ങളല്ല, മറിച്ച്, അവകാശങ്ങൾ താഴേത്തട്ടിൽ അർഥവത്തായി നടപ്പാക്കുന്നതിനുള്ള കേന്ദ്ര ഘടകങ്ങളാണ്.
ഈ അർഥത്തിൽ, വിബി-ജി റാം ജി സാമൂഹ്യ സംരക്ഷണത്തിൽ നിന്നു പിന്മാറുന്നില്ല. പലപ്പോഴും തടസപ്പെട്ടു പോയിരുന്ന അവകാശത്തെ യഥാർഥവും നടപ്പാക്കാൻ കഴിയുന്നതുമായ ഉറപ്പായി മാറ്റാനാണ് ഇതു ശ്രമിക്കുന്നത്.
കടലാസിൽ നിന്ന് യഥാർഥ ശാക്തീകരണം
വിബി-ജി റാം ജി ഗ്രാമീണ തൊഴിൽ ആവശ്യകതയെ ആധാരമാക്കിയുള്ള സ്വഭാവം ദുർബലപ്പെടുത്തുന്നു എന്നതാണ് ഏറ്റവും സാധാരണമായ വിമർശനം. എന്നാൽ ബില്ലിന്‍റെ വ്യക്തമായ വായന ഈ വാദത്തെ ഖണ്ഡിക്കുന്നു. അവിദഗ്ധ ശാരീരികാധ്വാനത്തിനു തയാറായി മുന്നോട്ടുവരുന്ന ഏതു ഗ്രാമീണ കുടുംബത്തിനും, ഓരോ സാമ്പത്തിക വർഷവും 125 ദിവസത്തിൽ കുറയാത്ത തൊഴിൽ നൽകാൻ ഗവണ്മെന്‍റിനു നിയമപരമായ ബാധ്യതയുണ്ടെന്നു ക്ലോസ് 5(1) വ്യക്തമാക്കുന്നു.
ജോലി ആവശ്യപ്പെടാനുള്ള ഈ അവകാശത്തെ ദുർബലപ്പെടുത്തുകയല്ല, ഉറപ്പായ തൊഴിൽ 125 ദിവസമായി വികസിപ്പിച്ചും എംജിഎൻആർഇജിഎ കാലഘട്ടത്തിലെ അവകാശ നിഷേധ വ്യവസ്ഥകൾ നീക്കം ചെയ്തും ഈ അവകാശത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണു ബിൽ ചെയ്യുന്നത്. അതുവഴി തൊഴിലില്ലായ്മാ വേതനത്തെ നിയമപരമായ യഥാർഥ സംരക്ഷണ കവചമായി പുനഃസ്ഥാപിക്കുന്നു. നിയമപരമായ ഉറപ്പിലും നടപ്പാക്കാവുന്ന ഉത്തരവാദിത്വ സംവിധാനങ്ങളിലും അധിഷ്ഠിതമായ അവകാശം കരുത്തുറ്റതാണ്. വിബി-ജി റാം ജി ചെയ്യുന്നതും അതുതന്നെയാണ്.
ജീവിതോപാധി ഉറപ്പാക്കൽ
തൊഴിലിനേക്കാൾ ഉപരിയായി ആസ്തികൾ സൃഷ്ടിക്കുന്നതിനാണ് ഈ പരിഷ്കരണം മുൻഗണന നൽകുന്നത് എന്നതാണു മറ്റൊരു വിമർശനം. ബിൽ നിയമപരമായ ജീവിതോപാധിയുടെ ഉറപ്പ് ഉൾക്കൊള്ളുന്നു. അതേസമയം, തൊഴിലിനെ ഉത്പാദനക്ഷമവും ഈടുനിൽക്കുന്നതുമായ പൊതു ആസ്തികളുടെ നിർമാണവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ജല സുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കൂടാതെ അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ എന്നീ നാലു പ്രധാന മേഖലകളെ ഷെഡ്യൂൾ I-നൊപ്പം വായിക്കാവുന്ന ക്ലോസ് 4(2) തിരിച്ചറിയുന്നു. വേതനാടിസ്ഥാനത്തിലുള്ള തൊഴിൽ ഉടനടിയുള്ള വരുമാന പിന്തുണയ്ക്കു മാത്രമല്ല, ഗ്രാമീണ മേഖലയുടെ ദീർഘകാല പ്രതിരോധ ശേഷിക്കും ഉത്പാദനക്ഷമതയ്ക്കും കാരണമാകുന്നുവെന്നും ഇതുറപ്പാക്കുന്നു. അതിനാൽ തൊഴിലും ആസ്തികളും പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളല്ല; അവ പരസ്പരം ശക്തിപ്പെടുത്തുകയും സമ്പന്നവും സ്ഥിരതയുള്ളതുമായ ഗ്രാമീണ ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു.
ഏകോപനത്തിലൂടെ വികേന്ദ്രീകരണം
അധികാര കേന്ദ്രീകരണത്തിനു പകരം, പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചു ഗ്രാമതലത്തിൽ തയാറാക്കുന്നതും ഗ്രാമസഭ അംഗീകരിച്ചതുമായ വികസിത ഗ്രാമ പഞ്ചായത്ത് പദ്ധതികളിൽ (വിജിപിപി) എല്ലാ പ്രവൃത്തികളെയും ബന്ധിപ്പിക്കണമെന്നു ക്ലോസ് 4(1) മുതൽ 4(3) വരെ വ്യക്തമാക്കുന്നു. പഴയ ചട്ടക്കൂടിലുണ്ടായിരുന്ന ഘടനാപരമായ വലിയ പിഴവ്, അതായത് വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ തമ്മിലുള്ള ഏകോപനമില്ലായ്മ, പരിഹരിക്കാൻ എല്ലാ പ്രവൃത്തികളെയും ""വിക്‌സിത് ഭാരത് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്കിന്'' കീഴിൽ കൊണ്ടുവരുന്നു. ഇത് ആസൂത്രണത്തിലും സുതാര്യതയിലും ഏകീകൃത സ്വഭാവം നൽകുന്നു.
ഇത് അധികാര ഉത്തരവിലൂടെ നടപ്പാക്കുന്ന കേന്ദ്രീകരണമല്ല. ആസൂത്രണം, നടപ്പാക്കൽ, മേൽനോട്ടം എന്നിവയുടെ അധികാരം അതതു തലങ്ങളിലെ പഞ്ചായത്തുകൾക്കും പദ്ധതി ഓഫിസർമാർക്കും ജില്ലാ അധികാരികൾക്കും ക്ലോസ് 16, 17, 18, 19 എന്നിവ വഴി നൽകിയിട്ടുണ്ട്. ഈ ബിൽ ചെയ്യുന്നത് പ്രവർത്തനങ്ങളുടെ ഏകോപനവും വ്യക്തതയും ഉറപ്പാക്കലാണ്. അല്ലാതെ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം കേന്ദ്രീകരിക്കലല്ല. പ്രാദേശിക മുൻഗണനകൾക്കനുസരിച്ച് ആസൂത്രണം നയിക്കുന്നതു ഗ്രാമസഭകൾ തന്നെയായിരിക്കും.
തൊഴിലാളി സുരക്ഷ, കാർഷിക ഉത്പാദനക്ഷമത
കൃഷിപ്പണികൾ സജീവമാകുന്ന സമയങ്ങളിൽ തൊഴിലാളികളുടെ കുറവുണ്ടാകും എന്ന ആശങ്കകൾ ഈ ബില്ലിൽ കൃത്യമായി പരിഹരിക്കുന്നു. വിതയ്ക്കൽ, കൊയ്ത്ത് സമയങ്ങളിൽ സാമ്പത്തിക വർഷം ആകെ 60 ദിവസം വരെ ഈ പദ്ധതി പ്രകാരമുള്ള ജോലികൾ നിർത്തിവയ്ക്കാൻ ക്ലോസ് 6 സംസ്ഥാന ഗവണ്മെന്‍റുകൾക്ക് അധികാരമേകുന്നു.
അതിലും പ്രധാനമായി, സംസ്ഥാനങ്ങളെ കാർഷിക- കാലാവസ്ഥാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ജില്ലകൾ, ബ്ലോക്കുകൾ അല്ലെങ്കിൽ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ തലത്തിൽ വ്യത്യസ്ത വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാൻ ക്ലോസ് 6(3) അനുവദിക്കുന്നു. ഈ സൗകര്യം മെച്ചപ്പെടുത്തിയ തൊഴിലുറപ്പ് കാർഷിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനു പകരം അവയ്ക്കു പൂരകമാകുന്നു എന്നുറപ്പാക്കുന്നു. ഇത്തരമൊരു സൂക്ഷ്മമായ സന്തുലനം വളരെ കുറച്ചു ക്ഷേമ നിയമങ്ങൾക്കു മാത്രമേ സാധിച്ചിട്ടുള്ളൂ.
നീതി നിയമാധിഷ്ഠിത വിനിയോഗത്തിലൂടെ
സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകളും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനം തിരിച്ചുള്ള മാനദണ്ഡ വിഹിതം നിയമങ്ങളിൽ നിർദേശിച്ചിരിക്കുന്ന വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർണയിക്കണമെന്നു ക്ലോസ് 4(5), ക്ലോസ് 22(4) വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, ഈ ചട്ടക്കൂട് സംസ്ഥാനങ്ങളെ കേവലം നടപ്പാക്കൽ ഏജൻസികളായല്ല; മറിച്ച് വികസന പങ്കാളികളായാണു കണക്കാക്കുന്നത്. ബില്ലിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാന നിയമങ്ങൾ പാലിച്ച്, സ്വന്തം പദ്ധതികൾ വിജ്ഞാപനം ചെയ്യാനും നടപ്പാക്കാനും സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. വിഹിതം നൽകുന്നതു കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചാണെന്ന് ഉറപ്പാക്കുമ്പോൾ തന്നെ, നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യം നൽകുന്നു; ഇതു സഹകരണ ഫെഡറലിസത്തിന്‍റെ പ്രായോഗിക രൂപമാണ്.
ഒഴിവാക്കലിനല്ല സാങ്കേതികവിദ്യ
സാങ്കേതികവിദ്യയുടെ ഉപയോഗം കാരണം അർഹരായവർ ഒഴിവാക്കപ്പെടുമെന്ന ആശങ്കകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളെ അവഗണിക്കുന്നു. വ്യാജ ഹാജർ, നിലവിലില്ലാത്ത തൊഴിലാളികൾ, പരിശോധിക്കാൻ കഴിയാത്ത റെക്കോഡുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബയോമെട്രിക് സ്ഥിരീകരണം, ജിയോ-ടാഗ് ചെയ്ത പ്രവർത്തനങ്ങൾ, തത്സമയ ഡാഷ്‌ബോർഡുകൾ, കൃത്യമായ പരസ്യപ്പെടുത്തലുകൾ എന്നിവ ക്ലോസ് 23ഉം 24ഉം നിർബന്ധമാക്കുന്നു.
സാങ്കേതികവിദ്യ ഇവിടെ കർക്കശക്കാരനായ കാവൽക്കാരനല്ല; തടസങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന സഹായ ഉപകരണമാണ്. ക്ലോസ് 20 പ്രകാരം ഗ്രാമസഭകൾ നടത്തുന്ന സോഷ്യൽ ഓഡിറ്റുകൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതു സാമൂഹ്യ മേൽനോട്ടം ശക്തിപ്പെടുത്തുന്നു. ഇവിടെ സാങ്കേതികവിദ്യ ഉത്തരവാദിത്വത്തെ മറികടക്കുന്നില്ല, അതിന് അടിത്തറ ഒരുക്കുകയാണ്.
പരിഷ്കരണം പുതുക്കൽ എന്ന നിലയിൽ
തൊഴിലുറപ്പു വർധിപ്പിക്കുക, പ്രാദേശിക ആസൂത്രണം നടപ്പാക്കുക, തൊഴിലാളി സുരക്ഷയും കാർഷിക ഉത്പാദനക്ഷമതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക, പദ്ധതികളെ ഏകോപിപ്പിക്കുക, മെച്ചപ്പെട്ട ഭരണപരമായ പിന്തുണയിലൂടെ പ്രവർത്തനക്ഷമത കൂട്ടുക, ഭരണ നിർവഹണം ആധുനികവത്കരിക്കുക എന്നിവയിലൂടെ വിശ്വാസ്യത വീണ്ടെടുക്കാനാണ് ഈ ബിൽ ശ്രമിക്കുന്നത്.
പരിഷ്കരണത്തിനും അനുകമ്പയ്ക്കും ഇടയിലല്ല ഈ തെരഞ്ഞെടുപ്പ്; മറിച്ച്, കൃത്യമായി ഗുണഫലം നൽകാത്ത പഴയ രീതിയും, അന്തസും കൃത്യതയും ലക്ഷ്യബോധവുമുള്ള ആധുനിക ചട്ടക്കൂടും തമ്മിലാണ്. ആ അർഥത്തിൽ, വിബി-ജി റാം ജി എന്നതു സാമൂഹ്യ സംരക്ഷണത്തിൽ നിന്നുള്ള പിന്മാറ്റമല്ല; അതിന്‍റെ പുതുക്കലാണ്.