ക്വാറന്‍റൈൻ | കെ.ആർ. പ്രമോദ്
ഈ ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതു നമ്മുടെ നാടാണ്. ഈ പറുദീസയിലെ കാഴ്ചകൾ മതിവരുവോളം കാണുമ്പോൾ ആർക്കും ഇക്കാര്യം ബോധ്യമാകും. സംശയമില്ല!
മകൻ ഒരിടത്ത് അമ്മയെ കഴുത്തറത്തു കൊല്ലുമ്പോൾ മറ്റൊരിടത്ത് അച്ഛനെ ഗളഛേദം ചെയ്ത് കഷണങ്ങളാക്കുന്നു. വേറൊരിടത്ത് അച്ഛൻ മകനെ നിഗ്രഹിക്കുന്നു. ഭർത്താവിന് ഭാര്യ വിഷംകൊടുക്കുന്നു. മറ്റുള്ളവരുടെ ക്രൂരവചനങ്ങൾ മൂലം മുറിവേറ്റ മനുഷ്യർ ജീവിതം അവസാനിപ്പിച്ച് മറഞ്ഞുപോകുന്നു.
ഇതൊന്നും പോരാഞ്ഞ്, ഓടുന്ന ബസിൽ ഒരാൾ ഡ്രൈവറുടെ തലയടിച്ചു പൊട്ടിക്കുന്നു. സ്കൂളിലെ പ്രധാന അധ്യാപകനുനേരേ വിദ്യാർഥി കത്തിയോങ്ങുന്നു. കോളെജ് ഹോസ്റ്റലിലെ കട്ടിലിൽ വരിഞ്ഞുകെട്ടപ്പെട്ട വിദ്യാർഥിയുടെ ശരീരം കുത്തിക്കീറി സഹപാഠികൾ ആനന്ദനടനം ചെയ്യുന്നു.
ഇതൊക്കെ ചെറിയ സാംപിളുകൾ മാത്രം! ഓരോ ദിവസവും ഇതിലും ഭീകരമായ കഥകൾ ചാനലുകളും പത്രങ്ങളും ആഘോഷിക്കുകയാണ്. 'ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട് ഭുവനംമയക്കുന്ന ചന്തവും സുഗന്ധവും, ഇവിടെക്കിടക്കുന്ന കാട്ടുകല്ലിനുമുണ്ട് വിവിധ സനാതനചൈതന്യ പ്രതീകങ്ങൾ' എന്ന് കവി കേരളത്തെക്കുറിച്ച് പാടിയത് വെറുതെയല്ല.
എല്ലാ ചാനലുകൾക്കും കൂടുതൽ റേറ്റിങ് കിട്ടുന്നത് അക്രമവാർത്തകൾ വർണിക്കുന്ന സ്പെഷ്യൽ പരിപാടികൾക്കാണ്. സമൂഹ മാധ്യമങ്ങളിലാണെങ്കിൽ പല ഇൻഫ്ലുവൻസർമാരും അശ്ലീലഭാഷാ ആചാര്യന്മാരെന്ന നിലയിൽ ഖ്യാതി നേടിയവരാണ്.
സിനിമയിലും അടിമുടി ചോരക്കളിയും കാമഭ്രാന്തും അസഭ്യവർഷവും മാത്രം. രാഷ്‌ട്രീയത്തിലും അതിനു മാറ്റമില്ല. കലിയിടങ്ങളായ കലാലയങ്ങളിൽ മദ്യവും മയക്കുമരുന്നുകളും സുലഭം. സർക്കാരാണ് മദ്യത്തിന്‍റെ മൊത്തവ്യാപാരികൾ.
രാഷ്‌ട്രീയ-സാഹിത്യ- സാംസ്കാരിക ബുദ്ധിജീവികളിൽ ഭൂരിപക്ഷവും വിരുദ്ധോക്തികളും അസംബന്ധങ്ങളും പറഞ്ഞ് ഇരുട്ടിന്‍റെ സന്തതികളായി പരിണമിച്ചവരാണ്. ആരെങ്കിലും അമ്മയെത്തല്ലിയാൽ, അയാളുടെ കൂടെയാണ് ഇവറ്റകൾ ചേരുന്നത്. അക്രമങ്ങളോടുള്ള താത്പര്യം രതിയോടും ഭക്ഷണത്തോടുമുള്ള വിശപ്പിനും ആർത്തിക്കും ചൂട്ടുപിടിക്കുന്നു. കുടിൽതൊട്ടു കൊട്ടാരംവരെ ചോരപുരണ്ട പലവിധ ഭക്ഷണവിഭവങ്ങൾക്ക് ഡിമാൻഡുണ്ട്. ചോരകിനിയുന്ന മാംസത്തിന് നല്ല വിലനൽകണമത്രെ. ബീഫ്ഫെസ്റ്റ് രസമുള്ള സമരരീതിയായി വ്യാപകമായി കരുതപ്പെടുന്നു. നമ്മൾ എന്തു കഴിക്കുന്നുവോ, അതായി നമ്മൾ മാറുന്നു എന്നുണ്ടല്ലോ.
കാടിറങ്ങുന്ന മൃഗങ്ങളെ കൊന്ന് കറിവച്ചു കഴിക്കാനുള്ള അവകാശത്തിനുവേണ്ടി പടപൊരുതുന്നവരുടെ നാടാണിത്.
കാലിനും മസ്തകത്തിനും വെട്ടേറ്റ ആനകൾ പുഴുവരിച്ചലയുന്ന കാട്ടിൽ ഇനിയും എന്തെല്ലാം ക്രൂരതകൾ വിരിയുന്നുണ്ടെന്ന് ആർക്കുമറിയില്ല.
ശാസ്ത്ര - സാങ്കേതിക വിദ്യകളുടെ വികാസഫലമായി കൈവന്ന മൊബൈൽ ഫോണും ഇൻറർനെറ്റും അടക്കമുള്ള സൗകര്യങ്ങൾ നമ്മുടെ ലോകങ്ങളെ വലുതാക്കുകയല്ല, ചെറുതാക്കുകയാണ് ചെയ്തത്. ഇതോടെയാണ് നവസമൂഹത്തിലെ ഓരോരുത്തരും അന്ധകാരണ്യയഴിയിലെ ഏകാന്തമായ തുരുത്തുകളായി മാറിയത്.
ഇത് പ്രത്യേകതരം ഒറ്റപ്പെടലാണ്. ഉപഭോക്തൃ സംസ്കാര വ്യാപനം, അണുകുടുംബങ്ങളുടെ വളർച്ച, വൈദേശിക ചിന്താരീതികളുടെ സ്വാധീനം, നഗരവത്കരണം, മൂല്യങ്ങളുടെ നിരാസം എന്നിവയൊക്കെ ഇതിനു കാരണങ്ങളാകാം.
ഈ കുരുക്കിൽ നിന്ന് പുറത്തുകടക്കാൻ നമുക്ക് വഴികാട്ടികളില്ലാതായി എന്നതാണ് പ്രശ്നം. ധർമസങ്കടങ്ങളുടെ പാറകളിൽ തട്ടിത്തിരിഞ്ഞ്, ആഴമുള്ള ചുഴികൾ നിർമിച്ചും വീണ്ടും മലർന്നു നുരഞ്ഞും പതഞ്ഞും പ്രവഹിക്കുന്ന ഗംഗാനദി തന്നെയാണ് ജീവിതമെന്നു മനസിലാക്കാനുള്ള ആത്മബോധമോ, ആത്മശക്തിയോ ഇന്ന് മഹാഭൂരിപക്ഷം മനുഷ്യർക്കുമില്ലാത്തതും അതുകൊണ്ടുതന്നെ.
ഉറൂബിന്‍റെ വിഖ്യാത നോവലായ 'സുന്ദരികളും സുന്ദരന്മാരു'ടെ ആമുഖത്തിൽ 'മർത്യൻ സുന്ദരനാണ്' എന്ന ഇടശേരിയുടെ വരികൾ ഉദ്ധരിച്ചിട്ടുണ്ട്. അത് വ്യാഖ്യാനം ചെയ്താൽ മാനവ സ്നേഹത്തിന്‍റെ ഒരു പുതിയ ഉപനിഷത്തായി പരിണമിക്കും.
അമീബയിൽ നിന്ന് അവസാന മനുഷ്യനിലേക്ക് വലിച്ചു മുറുക്കിക്കെട്ടിയ ഒരു തന്ത്രിയുടെ ശക്തിമത്തായ നാദം - വിത്തുകളിലും മരങ്ങളിലും ഫലങ്ങളിലും അനവരതം നിശബ്ദമായി മന്ത്രിക്കപ്പെടുന്ന പ്രണവം - സ്നേഹമന്ത്രമായി മനുഷ്യഹൃദയങ്ങളിൽ മുഴങ്ങുന്നുണ്ട് എന്നാണ് ഇടശേരി പറഞ്ഞതിന്‍റെ പൊരുൾ. സുഖ- ദുഃഖങ്ങളിൽ മുഴുകേണ്ടിവരുമ്പോഴും മാനവികതയുടെ പുഷ്പപരാഗങ്ങൾ ഉള്ളിൽ സൂക്ഷിക്കണമെന്നർഥം.
ഇതാണ് പുതു തലമുറയ്ക്ക് മനസിലാകാതെ പോയ ആനന്ദവേദം.
പക്ഷേ, അതിനെക്കുറിച്ചു പറഞ്ഞുകൊടുക്കാൻ കോപ്പുള്ളവർ ഇപ്പോഴാരുണ്ട്?
(ലേഖകന്‍റെ ഫോൺ- 94009631)