രാജ്ഗൃഹ് : ഇവിടെ സ്മരണകൾ ഉണർന്നിരിക്കുന്നു

ആ സ്മരണ തുടിക്കുന്ന നിരവധി സാന്നിധ്യങ്ങൾ രാജ്ഗൃഹിലുണ്ട്. ഒരു കാലഘട്ടത്തെ തന്നെയാണ് രാജ്ഗൃഹ് രേഖപ്പെടുത്തുന്നത്, ഓർമപ്പെടുത്തുന്നത്
രാജ്ഗൃഹ് : ഇവിടെ സ്മരണകൾ ഉണർന്നിരിക്കുന്നു
Updated on

ഹണി വി ജി

"രാജ്ഗൃഹ് ' , അംബേദ്കർ എന്ന മഹാപുരുഷൻ മുംബൈ ദാദറിൽ നീണ്ട 22 വർഷങ്ങൾ അദ്ദേഹത്തിന്‍റെ മരണംവരെ താമസിച്ച ഇടം. അംബേദ്ക്കറിന്‍റെ സ്വപ്നഭവനം. അതിനൊക്കെയപ്പുറം നാടിന്‍റെ ചരിത്രം രേഖപ്പെടുത്തിയ പല തീരുമാനങ്ങളും പിറന്നയിടം. പൂർണമായും ഒരു മുംബൈക്കാരനായി മാറിയിട്ടും രാജ് ഗൃഹ് കഴിഞ്ഞ മാസം മാത്രമാണ് സന്ദർശിക്കാൻ അവസരമൊരുങ്ങിയത്. സഹപ്രവർത്തകനും അംബേദ്ക്കർജിയുടെ സ്വന്തം നാട്ടുകാരനായ രാജേഷ് കസാറേയാണ് അതിനുള്ള വഴിയൊരുക്കിയത്. അതൊരു ചരിത്രത്തിലേക്കു തന്നെയുള്ള യാത്രയായിരുന്നു

1934-ലാണ് രാജ്ഗൃഹ് നിർമിക്കപ്പെട്ടത്. ഇടയ്ക്ക് കെട്ടിടത്തിന്‍റെ നവീകരണം നടന്നിരുന്നു. എങ്കിലും ചരിത്രത്തിന്‍റെ എല്ലാ പ്രൗഢിയോടെയും ആ കെട്ടിടം ഇന്നു തലയയുർത്തി നിൽക്കുന്നു. അംബേദ്കറുടെ ഇപ്പോഴത്തെ തലമുറകളാണ് ഇന്നീ ഗൃഹത്തിൽ താമസിക്കുന്നത്, സംരക്ഷിക്കുന്നത്. ഇതിന് വേണ്ട എല്ലാ ചെലവുകളും അദ്ദേഹത്തിന്‍റെ കുടുംബം തന്നെ വഹിക്കുന്നു. സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നൊരു പരിഭവവും അവിടെ പലരിൽ നിന്നും കേൾക്കാനിടയായി.

മുംബൈ ദാദർ സ്റ്റേഷനിൽ (ഈസ്റ്റ്) നിന്നും എട്ടു മിനിറ്റിൽ നടന്നെത്താവുന്ന ദൂരമേയുള്ള രാജ്ഗ‌ൃഹിലേക്ക്. രണ്ടു നില കെട്ടിടത്തിന്‍റെ താഴത്തെ നില മ്യൂസിയമാണ്. മുകളിലാണു കുടുംബാംഗങ്ങൾ താമസിക്കുന്നത്. അംബേദ്ക്കറുടെ ഓർമകൾ നിറയുന്ന ഒരു ദിനവും രാജ്ഗൃഹിൽ ആഘോഷിക്കാതെ പോകാറില്ല. സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ഇതിനായി എത്തുന്നു. ഇന്ത്യയ്ക്കു പുറത്തു നിന്നു പോലും ആ മഹാന്‍റെ ജീവിതയിടം കാണാനായി ധാരാളം പേർ എത്താറുണ്ട്. ജാപ്പനീസുകരാണത്രെ ഇവിടെ കൂടുതലെത്തുന്നത്.

രാജേഷ് കസ്ബേ
രാജേഷ് കസ്ബേ

കഴിഞ്ഞ 10 വർഷമായി ഈ ഗൃഹത്തിന് കാവലായുള്ളത് രാജേഷ് കസ്ബേ എന്ന മുപ്പത്തിനാലുകാരനാണ്. പ്രതിഫലമൊന്നും വാങ്ങാതെയാണു രാജേഷ് ഈ ഗ‌ൃഹം കാത്തുസൂക്ഷിക്കുന്നത്. ''ഇതു വലിയൊരു സൗഭാഗ്യമാണ്, ഈ ഗൃഹത്തിനെ പരിപാലിക്കാൻ കിട്ടിയ അവസരത്തിന് ആരോട് നന്ദി പറയണമെന്ന് അറിയില്ല'', രാജേഷ് പറയുന്നു. നിത്യവും നാന്നൂറോളം പേർ ഈ ഗൃഹം സന്ദർശിക്കുന്നുണ്ട്. അവധിദിവസങ്ങളിൽ 600 പേർ വരെ എത്താറുണ്ടെന്നു രാജേഷ് പറയുന്നു.

അംബേദ്ക്കറിന്‍റെ ചിരിക്കുന്ന ഫോട്ടെയാണു രാജ്ഗൃഹിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന പല വസ്തുക്കളും അതേപോലെ സൂക്ഷിച്ചിരിക്കുന്നു. കണ്ണട, ഫാൻ, പേനകൾ, അപൂർവ്വമായ ഫോട്ടോകളുടെ ശേഖരങ്ങൾ, അദ്ദേഹം എഴുതിയ പുസ്തകങ്ങൾ... ആ സ്മരണ തുടിക്കുന്ന നിരവധി സാന്നിധ്യങ്ങൾ രാജ്ഗൃഹിലുണ്ട്. അംബേദ്ക്കറുടെ ചിതാഭസ്മവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തെ തന്നെയാണ് രാജ്ഗൃഹ് രേഖപ്പെടുത്തുന്നത്, ഓർമപ്പെടുത്തുന്നത്.

അദ്ദേഹത്തിന്‍റെ സ്കൂൾ കോളേജ് കാലഘട്ടം,സ്വാതന്ത്ര്യ സമരകാലം, രാജ്യത്തിനു വേണ്ടി അനുഭവിച്ച യാതനകൾ, ജാതീയമായ വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ.... മഹത്തായൊരു ജീവിതത്തെയും കാലത്തെയും ഓർമപ്പെടുത്തുന്നുണ്ട് രാജ്ഗൃഹ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com