കാഴ്ചപരിമിതിയിൽ തളരാതെ, അറിവിന്‍റെ ഉൾവെളിച്ചം പകർന്ന് ശ്രീരേഖ ടീച്ചർ

ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്‌കൂൾ അധ്യാപിക ആർ. ശ്രീരേഖയ്ക്ക് കാഴ്ചപരിമിതി ഒരു കുറവായി തോന്നിയിട്ടേയില്ല, കാഴ്ചയില്ലാത്തത് ടീച്ചറെ ഒരിക്കലും തളര്‍ത്തിയിട്ടുമില്ല
Visually impaired teacher

ശ്രീരേഖ ടീച്ചർ വിദ്യാർഥിനികൾക്കൊപ്പം.

MV

Updated on

ദീപ്‌തി എം. ദാസ്

ചേര്‍ത്തല: ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്‌കൂൾ അധ്യാപിക ആർ. ശ്രീരേഖയ്ക്ക് കാഴ്ചപരിമിതി ഒരു കുറവായി തോന്നിയിട്ടേയില്ല, കാഴ്ചയില്ലാത്തത് ടീച്ചറെ ഒരിക്കലും തളര്‍ത്തിയിട്ടുമില്ല. അറിവിന്‍റെ ഉൾവെളിച്ചത്തിലാണ് കുട്ടികള്‍ക്ക് വിദ്യ പകര്‍ന്ന് ടീച്ചര്‍ മുന്നിലേക്ക് നടക്കുന്നത്.

ശ്രീരേഖയ്ക്ക് ജന്മനാ കാഴ്ചയില്ലായിരുന്നു. പക്ഷേ, അതൊരു കുറവായി കാണാതെ, ഇച്ഛാശക്തിയോടെ ആ വെല്ലുവിളി നേരിട്ടു. കാഞ്ഞിരപ്പിളളി അസീസി സ്‌പെഷ്യല്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ പഠനം. തുടര്‍ന്ന് ചേര്‍ത്തല സെന്‍റ് മൈക്കിള്‍സില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം എസ്എന്‍ കോളെജിലും ആര്യാട് ബിഎഡ് സെന്‍ററിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പഠനവും അധ്യാപനവുമെല്ലാം ബ്രെയിൽ ലിപിയിലാണ്. സ്‌കൂളിലെത്തുന്ന ടീച്ചറെ കുട്ടികളാണ് സ്റ്റാഫ് റൂമിലേക്കും ക്ലാസ് മുറികളിലേക്കും എത്തിക്കുന്നത്. തന്‍റെ ക്ലാസില്‍ കുട്ടികളെല്ലാവരും അച്ചടക്കമുളളവരാണെന്നും, നല്‍കുന്ന അസൈന്‍മെന്‍റ്സ് കൃത്യമായി വായിച്ച് കേള്‍പ്പിക്കാറുണ്ടെന്നും ശ്രീരേഖ ടീച്ചര്‍ പറയുന്നു.

കൊവിഡ് സമയത്ത് ഓണ്‍ലൈനായും ടീച്ചര്‍ ക്ലാസെടുത്തിട്ടുണ്ട്. 2007ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. തണ്ണീര്‍മുക്കം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീട് ചേര്‍ത്തല ഗേള്‍സിലേക്ക്. സ്‌കൂളിലെ മറ്റ് അധ്യാപകരും വലിയ പിന്തുണയാണ് നല്‍കുന്നത്.

തൃപ്പൂണിത്തുറ എളമന കുറ്റിക്കാട്ട് കെ.പി. രാധാകൃഷ്ണ നായിക്കാണ് ഭര്‍ത്താവ്. ആറാം ക്ലാസ് വിദ്യാര്‍ഥി ആശ്രിത് കൃഷ്ണ നായിക്ക് മകന്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com