

വിവേകാനന്ദ ജയന്തി: വികസിത് ഭാരത് യുവ നേതൃ സംവാദം
ഡോ. മൻസുഖ് മാണ്ഡവ്യ
(കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി)
ഇന്ത്യൻ വളർച്ചയുടെ മഹാഗാഥ രചിക്കുന്നതു കാലികമായ ആശയങ്ങൾക്ക് രൂപം നൽകുന്നവർ തന്നെയായിരിക്കും. രാജ്യമെമ്പാടുമുള്ള യുവ ഇന്ത്യക്കാർ ഇന്ത്യയ്ക്ക് എങ്ങനെ കൂടുതൽ വേഗത്തിൽ മുന്നേറാം, കാര്യക്ഷമവും സുതാര്യവുമായ ഭരണ സംവിധാനം എങ്ങനെ കൈവരിക്കാം, 2047ഓടെ എങ്ങനെ ഒരു വികസിത രാഷ്‌ട്രമാകാം എന്നതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ക്യാംപസുകളിലും ജനസമൂഹങ്ങളിലും സ്റ്റാർട്ട്-അപ്പുകളിലും കായിക മൈതാനങ്ങളിലും ക്ലാസ് മുറികളിലും ഗ്രാമസഭകളിലുമാണ് അവരുടെ ആശയങ്ങൾ രൂപം കൊള്ളുകയും ശക്തിപ്പെടുകയും ചെയ്യുന്നത്. യുവജനങ്ങൾക്ക് എന്തെങ്കിലും സംഭാവന ചെയ്യാനുണ്ടോ എന്ന ചോദ്യം ഇനി പ്രസക്തമല്ല; രാജ്യത്തിന്‍റെ ഭാവി പ്രയാണത്തെ സ്വാധീനിക്കാൻ തക്ക വിശ്വസനീയവും ശക്തവുമായ വേദി അവരുടെ ആശയങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് യഥാർഥ ചോദ്യം. അത്തരം അർഥവത്തായ വേദി ഒരുക്കുന്നതിനായാണ് "വികസിത് ഭാരത് യുവ നേതൃ സംവാദം'' (Viksit Bharat Young Leaders Dialogue- വിബിവൈഎൽഡി) രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ന് ലോകത്ത് ഏറ്റവുമധികം യുവ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ രാജ്യത്തിന്‍റെ ഭാവിയുടെ ദിശ നിർണയിക്കപ്പെടുന്നത് നയങ്ങളിലൂടെയോ സ്ഥാപനങ്ങളിലൂടെയോ മാത്രമല്ല, യുവ പൗരന്മാരുടെ സർഗാത്മകത, ദൃഢനിശ്ചയം, ധൈര്യം എന്നിവയിലൂടെയായിരിക്കും എന്നത് സ്വാഭാവികം. ഈ വിപുലമായ യുവശക്തി ഒരു ജനസംഖ്യാത്മക നേട്ടം മാത്രമല്ല; നൂതന ആശയങ്ങൾക്ക് ഊർജം പകരാനും, ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും, സമഗ്രവും സുസ്ഥിരവുമായ വികസനത്തിലേക്ക് രാജ്യത്തെ മുന്നോട്ടുനയിക്കാനും ശേഷിയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ സമ്പത്തു കൂടിയാണ്.
നമ്മുടെ യുവതലമുറയുടെ അഭിലാഷങ്ങളെ നയിക്കുന്നത് ശക്തമായ ലക്ഷ്യബോധവും അനന്തമായ സാധ്യതകളിലേക്ക് ചുവടുവയ്ക്കാനുള്ള ആത്മവിശ്വാസവുമാണ്. ഇന്നത്തെ യുവജനങ്ങൾ വ്യക്തിഗത പുരോഗതിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല; ഉത്തരവാദിത്തം ഏറ്റെടുക്കാനും അർഥവത്തായ പരിവർത്തനം സൃഷ്ടിക്കാനും ഉള്ള ആഗ്രഹവും അവരെ തുല്യനിലയിൽ പ്രചോദിപ്പിക്കുന്നു. തങ്ങളുടെ സർഗാത്മകതയെ പരിഹാരങ്ങളാക്കി, ഊർജത്തെ നേതൃപാടവമായി, അഭിലാഷങ്ങളെ സേവനമായി മാറ്റാൻ കഴിയുന്ന അർഥവത്തായ വേദികളാണ് അവർ തേടുന്നത്.
ക്യാംപസുകളിലും ഗ്രാമീണ മേഖലകളിലും കായിക വേദികളിലും യുവജനങ്ങൾ നയിക്കുന്ന സാമൂഹിക സംരംഭങ്ങളിലുമെല്ലാം വ്യത്യസ്ത സാഹചര്യങ്ങളിൽ യുവ ഇന്ത്യക്കാരുമായി ഇടപഴകാനുള്ള അവസരം യുവജനകാര്യ- കായിക മന്ത്രിയെന്ന നിലയിൽ എനിക്ക് ലഭിച്ചിരുന്നു. രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് യുവജനങ്ങൾ എത്രമാത്രം ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയും ചിന്തിക്കുന്നു എന്നതാണ് ആ ഇടപഴകലുകളിലെല്ലാം വ്യക്തമായത്. ഒരിക്കൽ ഗ്രാമങ്ങളിൽ അനൗപചാരിക പഠന കേന്ദ്രങ്ങൾ സംഘടിപ്പിച്ചിരുന്ന ഒരു കൂട്ടം ഗ്രാമീണ യുവ സന്നദ്ധ പ്രവർത്തകരെ കണ്ടുമുട്ടിയത് ഇപ്പോഴും ഓർക്കുന്നു. പരിമിതമായ വിഭവങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, ദൃഢവിശ്വാസത്തോടെയും പ്രതിബദ്ധതയോടെയും അവർ വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും ഉണ്ടായിരുന്ന പരിമിതികൾ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുഗുണമാം വിധം രൂപകൽപ്പന ചെയ്ത പരിഹാരങ്ങളിലൂടെ ഫലപ്രദമായി നികത്തുകയായിരുന്നു. അവരുടെ ആശയങ്ങൾ പ്രായോഗികവും യാഥാർഥ്യങ്ങളിൽ വേരൂന്നിയതുമായിരുന്നുവും വ്യക്തമായ ഉത്തരവാദിത്തബോധത്താൽ നയിക്കപ്പെടുന്നതുമായിരുന്നു. അത്തരം അനുഭവങ്ങൾ ഒരു ലളിതമായ സത്യം ഊട്ടിയുറപ്പിക്കുന്നു: യുവാക്കളെ വിശ്വസിച്ച് അവർക്കു അർഹമായ വേദിയും സ്വാതന്ത്ര്യവും നൽകുമ്പോൾ, അവർ കേവലം പങ്കാളികളാകുന്നതിൽ ഒതുങ്ങുന്നില്ല- അവർ നേതൃത്വം ഏറ്റെടുക്കുന്നു.
രാഷ്‌ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ പൊതുജീവിതത്തിലേക്കു കൊണ്ടുവരണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവപ്പു കോട്ടയിലെ ആഹ്വാനത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട്, 2025 ജനുവരിയിൽ വികസിത് ഭാരത് യുവ നേതൃ സംവാദം ആരംഭിച്ചു. ദേശീയ യുവജനോത്സവത്തെ പൂർണമായും പുതിയ രൂപത്തിലേക്കു പുനരാവിഷ്കരിക്കുന്ന ഒരു സംരംഭമായിരുന്നു അത്. പ്രതികരണം അഭൂതപൂർവമായിരുന്നു: വികസിത് ഭാരത് ചലഞ്ചിൽ 30 ലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്തു, രണ്ടു ലക്ഷത്തിലധികം ഉപന്യാസങ്ങൾ സമർപ്പിക്കപ്പെട്ടു, ആയിരക്കണക്കിനു യുവാക്കൾ സംസ്ഥാന തലത്തിൽ അവരുടെ ആശയങ്ങൾ അവതരിപ്പിച്ചു. ഡൽഹി ഭാരത് മണ്ഡപത്തിലാണ് യാത്ര അവസാനിച്ചത്. അവിടെ 3,000 യുവ നേതാക്കൾ പ്രധാനമന്ത്രിയുമായി സ്വതന്ത്ര സംഭാഷണത്തിൽ ഏർപ്പെട്ടു. പ്രധാനമന്ത്രി അവരുടെ ആശയങ്ങൾ കേൾക്കാനും, നേതൃത്വം ഏറ്റെടുക്കാൻ അവരെ പ്രചോദിപ്പിക്കാനും മണിക്കൂറുകളോളം ചെലവഴിച്ചു.
സംഖ്യകൾക്കപ്പുറം, സംവാദത്തെ ചരിത്രപരമാക്കിയത് അതിന്‍റെ പങ്കാളിത്തത്തിന്‍റെ സ്വഭാവം തന്നെയായിരുന്നു. 2047ലെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ യുവജനങ്ങളുടെ ശബ്ദങ്ങൾ പ്രധാനമാണെന്ന് അക്ഷരാർഥത്തിൽ അത് തിരിച്ചറിഞ്ഞു. ദേശീയ വെല്ലുവിളികളെ വിമർശനാത്മകമായി വിലയിരുത്താനും, പരിഹാരങ്ങൾ നിർദേശിക്കാനും, വ്യക്തിഗത അഭിലാഷങ്ങളെ സാമൂഹിക ലക്ഷ്യങ്ങളുമായി ഏകോപിപ്പിക്കാനും യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു, അഭിലാഷങ്ങളും പ്രവർത്തനങ്ങളും തമ്മിലുള്ള വിടവ് നികത്താൻ അവരെ സജ്ജമാക്കുകയും ചെയ്തു.
വികസിത് ഭാരത് യുവ നേതൃ സംവാദത്തിന്‍റെ ശക്തി അതിന്‍റെ വ്യാപ്തിയിൽ മാത്രമല്ല, അതിന്‍റെ രൂപകൽപ്പനയിലുമാണ്. ചിന്ത, ഭാഷ, സംസ്കാരം, ജീവിതാനുഭവം എന്നിവയുടെ വൈവിധ്യം ഈ സംരംഭത്തിന്‍റെ ഘടനയിൽ തന്നെ ഉൾച്ചേർന്നിരിക്കുന്നു. നഗര- ഗ്രാമ ഭേദമെന്യേ ഇന്ത്യയിലെ യുവാക്കൾ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ, നൂതന ആശയക്കാർ, ഗ്രാമീണ നേതാക്കൾ അടക്കമുള്ളവർ ഒരു പൊതുവേദിയിൽ ഒന്നിക്കുന്നു. സംവാദത്തിന്‍റെ വിവിധ ഘട്ടങ്ങൾ ആശയങ്ങളെ ചർച്ചയുടെയും അഭിപ്രായ വിനിമയത്തിന്‍റെയും വഴിയിലൂടെ മെച്ചപ്പെടുത്തുന്നു; ഭൂമിശാസ്ത്രം, ഭാഷ, പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിൽ അവയെ വേർതിരിക്കുന്നില്ല. പങ്കാളിയാകുന്ന ഓരോ യുവാവിനും സ്വന്തം ശബ്ദം ഉച്ചത്തിൽ ഉയർത്താനുള്ള വേദി സംവാദത്തിലൂടെ ലഭിക്കുന്നതായി അനുഭവപ്പെടുന്നു.
സ്വാതന്ത്ര്യ സമരം മുതൽ സ്വതന്ത്ര ഇന്ത്യയുടെ സ്ഥാപനങ്ങൾ രൂപപ്പെടുത്തുന്നതു വരെയുള്ള രാജ്യത്തിന്‍റെ നിർണായക നിമിഷങ്ങളിൽ ഇന്ത്യൻ യുവ തലമുറ എപ്പോഴും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഓരോ വഴിത്തിരിവിലും, ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും, നേതൃത്വം ഏറ്റെടുക്കാനുള്ള സന്നദ്ധതയോടെയും യുവ ഇന്ത്യക്കാർ മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ന്, ഇന്ത്യയുടെ വളർച്ചാ ഗാഥ സൃഷ്ടിക്കുന്നതിനുള്ള പങ്കാളിത്തത്തിനായി മാത്രമല്ല, നേതൃത്വത്തിനും ഊർജസ്വലതയ്ക്കും വേണ്ടിയാണ് രാജ്യം വീണ്ടും യുവാക്കളെ ഉറ്റുനോക്കുന്നത്. 2047ൽ വികസിത ഭാരതമെന്ന ദർശനം സാമ്പത്തിക പുരോഗതിയിൽ മാത്രം പരിമിതപ്പെടുന്നില്ല; സാമൂഹിക ഐക്യം, പാരിസ്ഥിതിക ഉത്തരവാദിത്തം, സാങ്കേതിക മേധാവിത്വം, സർവാശ്ലേഷിയായ വളർച്ച എന്നിവയും അതിന്‍റെ ആധാരശിലകളാണ്. ഈ സങ്കീർണമായ വെല്ലുവിളികളെ നേരിടാൻ പുതിയ ചിന്ത, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശേഷി, പുതിയതിനെ സ്വീകരിക്കാനുള്ള ആവേശം എന്നിവ ആവശ്യമാണ്- ഇന്ത്യയുടെ യുവശക്തിയിൽ ശക്തമായി കുടികൊള്ളുന്ന ഗുണങ്ങളാണവ.
ഈ മാസം 9 മുതൽ 12 വരെ നടക്കാനിരിക്കുന്ന വിബിവൈഎൽഡി 2026, ദേശീയ യുവജന സമ്മേളനത്തിന്‍റെ ആദ്യ പതിപ്പിന്‍റെ മഹത്തായ വിജയത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട്, ആഗോള പ്രാധാന്യമുള്ള ഒരു വേദിയിലേക്കുള്ള പ്രതീക്ഷാഭരിതമായ വളർച്ചയും ഉയർച്ചയും അടയാളപ്പെടുത്തുന്നു. Design for Bharat, Tech for Viksit Bharat പോലുള്ള പുതിയ സംരംഭങ്ങളോടൊപ്പം ഇന്ത്യൻ യുവ പ്രവാസികളുടെ സാന്നിധ്യവും സംവാദത്തെ അതിരുകൾക്കപ്പുറം വിപുലീകരിക്കുന്നു. എന്നിരുന്നാലും, അതിന്‍റെ ഹൃദയ ദൗത്യം മാറ്റമില്ലാതെ തുടരുകയാണ്: യുവ ഇന്ത്യക്കാരെ ധൈര്യത്തോടെ ചിന്തിക്കാൻ, നിർഭയമായി സൃഷ്ടിക്കാൻ, ദൃഢബോധത്തോടെ നേതൃത്വം നൽകാൻ പ്രാപ്തരാക്കുക എന്നതാണ് അത്.
ഈ പതിപ്പിന്‍റെ വ്യാപ്തി ആ അഭിലാഷത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. വിബിവൈഎൽഡി- 2026ലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടമായ വികസിത് ഭാരത് ക്വിസ് മത്സരത്തിൽ 50 ലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്തതിലൂടെ, ഇത്തരത്തിലുള്ള ഏറ്റവും വലിയ യുവജന പ്രവർത്തനങ്ങളിൽ ഒന്നായി ഇത് മാറി. നാലു ദിവസത്തെ തീവ്രമായ പരിപാടികളിൽ രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നുള്ള പങ്കാളികൾ ദേശീയ തലത്തിലെയും ആഗോള തലത്തിലെയും പ്രമുഖരുമായി ഇടപഴകുകയും പ്രായോഗിക വീക്ഷണങ്ങൾ, ആശയങ്ങൾ, ദർശനങ്ങൾ എന്നിവയെ ആധാരമാക്കി വിഷയങ്ങളെയും ഭൂമിശാസ്ത്ര പരിധികളെയും മറികടക്കുകയും ചെയ്യും.
എന്നിരുന്നാലും, വിബിവൈഎൽഡി- 2026നെ സത്യത്തിൽ വ്യത്യസ്തമാക്കുന്നത്, അത് നമ്മുടെ യുവശക്തിക്ക് സംസാരിക്കാനും, കേൾക്കാനും ഒരു സജീവ അവസരം നൽകുന്നു എന്നതാണ്. യുവ ഇന്ത്യക്കാർക്ക് അവരുടെ ആശയങ്ങൾ, അഭിലാഷങ്ങൾ, പരിഹാരങ്ങൾ എന്നിവ നേരിട്ട് പ്രധാനമന്ത്രിയോടു പങ്കുവയ്ക്കാനുള്ള അവസരം ഈ വേദി ഒരുക്കുന്നു.
സ്വാമി വിവേകാനന്ദനെ അനുസ്മരിച്ച് ദേശീയ യുവജനദിനമായി ആചരിക്കുന്ന ജനുവരി 12ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഭാരത് മണ്ഡപത്തിൽ യുവജനങ്ങളുമായി നേരിട്ട് സംവദിച്ച്, അവർ ഭാവി ഇന്ത്യയെ എങ്ങനെ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്ന് കേൾക്കുകയും അവരുടെ ദർശനങ്ങളെയും ആശയങ്ങളെയും വിലയിരുത്തുകയും ചെയ്യും.
സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ധൈര്യപൂർവം ചിന്തിക്കാനും ആശയങ്ങളെ യഥാർഥ പ്രവർത്തന ഉപാധികളാക്കി മാറ്റാനുള്ള ദൃഢനിശ്ചയം പുലർത്താനും കഴിയുന്ന യുവാക്കളെ രാജ്യത്തിന്‍റെ മുന്നേറ്റത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. സംഭാഷണത്തിനുള്ള ഒരു വേദി എന്നതിലുപരി, യുവ ഇന്ത്യക്കാരെ മുന്നിൽ നിന്ന് നയിക്കാനും, ദേശീയ വെല്ലുവിളികളെ നേരിടാനും, വികസിത ഭാരതം നിർമിക്കുന്നതിനായി അവരുടെ അഭിലാഷങ്ങളെ പ്രവൃത്തിപഥത്തിലേക്കു കൊണ്ടുവരാനും ആഹ്വാനം ചെയ്യുന്ന പ്രചാരണമാണ് വികസിത് ഭാരത് യുവ നേതൃ സംവാദം.
നയിക്കാൻ ആത്മവിശ്വാസവും സേവിക്കാൻ പ്രതിബദ്ധതയും ഉള്ളവരിലൂടെ മാത്രമേ വികസിത ഭാരതം കെട്ടിപ്പടുക്കാനാകൂ. ഇന്ത്യയുടെ യുവതലമുറ ഇതിനായി സജ്ജമാണ്. അവർക്കൊപ്പം ചരിക്കാൻ രാജ്യവും തയാറാകണം.