

അന്തർദേശീയ ചരക്കുഗതാഗത രംഗത്ത് ഇന്ത്യയെ പുതിയൊരു വളർച്ചയിലേക്കു നയിക്കുകയാണ് കേരളത്തിന്റെ തെക്കുപടിഞ്ഞാറുള്ള വിഴിഞ്ഞം തുറമുഖം. ആരു ഭരിച്ചാലും ഏതു പദ്ധതിയെയും എതിർത്തു തോൽപ്പിക്കാൻ ശ്രമിക്കുന്ന ചരിത്രമാണ് കേരളത്തിനുള്ളത്. അത്തരം പ്രതിസന്ധികൾ അതിജീവിച്ച് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയതിനു പിന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും എടുത്ത ഉചിതവും ധീരവുമായ തീരുമാനങ്ങൾ വിസ്മരിക്കാവുന്നതല്ല. കേരളത്തിലേക്ക് ഞങ്ങളില്ല എന്നു പറഞ്ഞ അദാനി ഗ്രൂപ്പിനെ വിഴിഞ്ഞത്തേക്ക് ആകർഷിക്കുന്നതിൽ അന്ന് പാർലന്റമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരുന്ന പ്രൊഫ. കെ.വി. തോമസിന് പ്രത്യേക പങ്കുമുണ്ട്.
ഭാവനയും ചങ്കൂറ്റവുമുള്ള ഭരണാധികാരികൾക്കു മാത്രമേ ധീരമായ നടപടികൾ എടുക്കാനാവൂ എന്ന് പിണറായി വിജയൻ തെളിയിച്ചിരിക്കുന്നു. കൊച്ചുകൊച്ച് ആരോപണങ്ങൾ ഉന്നയിച്ച് പിണറായി വിജയനെ തളർത്താൻ ശ്രമിച്ചപ്പോഴും അതെല്ലാം അവഗണിച്ച് അദ്ദേഹം ശക്തമായ നടപടികൾ എടുത്തത് വിഴിഞ്ഞം പോർട്ടിന്റെ വിജയത്തിന് കാരണമായി.
ഒരു കാലഘട്ടത്തിൽ ചരക്കു ഗതാഗതത്തിൽ ലോക രാജ്യങ്ങൾ കേരളത്തിലേക്ക് ഉറ്റുനോക്കിയിരുന്നു. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് തുടങ്ങിയ രാജ്യക്കാരെയെല്ലാം കേരളത്തിലേക്ക് ആകർഷിച്ചിരുന്നത് ഇവിടത്തെ സുഗന്ധവ്യഞ്ജനങ്ങൾ, കൊപ്ര, കയർ എന്നിവയായിരുന്നു.
കാലം മാറിയപ്പോൾ സിംഗപ്പുർ, ഹോങ്കോങ്, മലേഷ്യ, ചൈന, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ തിരക്കുള്ള കണ്ടെയ്നർ തുറമുഖങ്ങളുമായി മുൻനിരയിലേക്കു വന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളുടെയും ട്രാൻസ്ഷിപ്മെന്റ് ഹബ്ബുകളായി ഈ തുറമുഖങ്ങൾ മാറി. കൊളംബോ തുറമുഖത്ത് കൈകാര്യം ചെയ്യുന്ന 40 ശതമാനം ചരക്കുകളും ഇന്ത്യയിലേക്കാണ് വരുന്നത്. 1.9 കോടി ഇന്ത്യൻ കണ്ടെയ്നറുകളാണ് വിദേശ തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്നത്.
ആഗോള ജലഗതാഗത രംഗത്ത് കണ്ടെയ്നർവത്കരണം സൃഷ്ടിച്ച വിപ്ലവം, കപ്പലുകളുടെ വലിപ്പത്തിൽ വന്ന വളർച്ച, സുഗമമായ ഗതാഗത സംവിധാനത്തിന്റെ പോരായ്മ ഇവയെല്ലാം ഇന്ത്യൻ തുറമുഖങ്ങളെ പിന്നോട്ട് നയിച്ചു.
15 വർഷങ്ങൾക്കു മുമ്പ് ടെർമിനൽ ട്രാൻസ്ഷിപ്പമെന്റ് ആയി കൊച്ചിയിലെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് രൂപം നൽകിയപ്പോൾ 8,000-15,000 വരെയായിരുന്നു കപ്പലുകളുടെ ശരാശരി കണ്ടെയ്നർ ശേഷി. അത്തരം കപ്പലുകൾക്ക് അടുക്കാൻ വേണ്ട ആഴം 12-14.5 മീറ്ററും ആയിരുന്നു. അതുകൊണ്ടാണ് 14.5 മീ. ആഴമുള്ള വല്ലാർപാടം ദ്വീപിനെ കണ്ടെയ്നർ ടെർമിനലിനായി വിഭാവനം ചെയ്തത്. എന്നാൽ പത്തുവർഷത്തിനിടെ ചരക്കു നീക്കത്തിലും കപ്പലുകളുടെ വലുപ്പത്തിലും ഉണ്ടായ മാറ്റങ്ങൾ ഈ കണക്കു കൂട്ടലുകൾ തെറ്റിച്ചു. ഇന്ന് കപ്പലുകളുടെ കണ്ടെയ്നർ ശേഷി 10,000-20,000 ടിഇയുവിന് മുകളിലാണ്. ഇത്തരം കപ്പലുകൾക്കു കടന്നുവരാനുള്ള ആഴം 16.5-18.5 മീറ്റർ വരെ ആയി. ഈ സാഹചര്യത്തിലാണ് സ്വാഭാവികമായിത്തന്നെ 20 മീ. വരെ ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ പ്രസക്തി. തൊട്ടടുത്തു തന്നെ അന്താരാഷ്ട്ര എയർപോർട്ടും ഉണ്ട്. ഈ വളർച്ചയ്ക്കനുസൃതമായി റെയ്ൽവെ, റോഡ് സൗകര്യങ്ങളും കൂടി വരുമ്പോൾ ഈ പദ്ധതി പൂർണ വിജയമാകും.
ഇന്ത്യയിൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങൾ പ്രവർത്തനം നടത്തണം എന്ന കാഴ്ചപ്പാടോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുന്നോട്ടു കൊണ്ടുവന്നിട്ടുള്ള രണ്ട് പദ്ധതികളാണ് കേരളത്തിലെ വിഴഞ്ഞവും മഹാരാഷ്ട്രയിലെ വാധവനിൽ വരുന്ന മെഗാ തുറമുഖവും. ഇപ്പോൾ വിഴിഞ്ഞത്തിന് ലോക കപ്പൽച്ചാലുകളിൽ പ്രമുഖ സ്ഥാനമുണ്ട്. 12 മേജർ തുറമുഖങ്ങളും 150ലേറെ മൈനർ തുറമുഖങ്ങളുമുള്ള ഇന്ത്യയ്ക്ക് ലോക ബാങ്ക് പ്രസിദ്ധീകരിച്ച എൽപിഐ റിപ്പോർട്ടിൽ 38ാം റാങ്കായിരുന്നു. പുതിയ കേന്ദ്ര സർക്കാർ നയം മൂലം എൽപിഐ റിപ്പോർട്ടിലെ കയറ്റുമതി വിഭാഗത്തിൽ 2014ൽ 44ാം സ്ഥാനത്ത് നിന്ന് 22ാം സ്ഥാനത്തേക്ക് കയറാൻ ഇന്ത്യയ്ക്കു സാധിച്ചു.
വൻകിട പദ്ധതികൾക്ക് പലപ്പോഴും കൂടുതൽ ഭൂമി വേണ്ടി വരും. ആ ഭൂമി ഏറ്റെടുക്കലാണ് കേരളത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. സമയബന്ധിതമായി ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും നൽകാനുള്ള സംവിധാനമൊരുക്കിയാലേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. വിഴഞ്ഞം യാഥാർഥ്യമാകുമ്പോൾ ഇത്തരം കാര്യങ്ങൾക്കു കൂടി മുൻതൂക്കം നൽകി രാജ്യത്തിന്റെയും കേരളത്തിന്റെയും വികസനത്തിന് എല്ലാവരും കൈകോർത്തു പിടിച്ച് മുന്നോട്ടുപോകണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.