ആഗോള അയ്യപ്പ സംഗമം വിശ്വ തീർഥാടനത്തിന് വേദിയൊരുക്കല്‍

ഒരു തീർഥാടനകാലം മാത്രം ലക്ഷ്യമിട്ടല്ല സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം
vn vasavan about global ayyappa sangamam

വി.എന്‍. വാസവന്‍

Updated on

വി.എന്‍. വാസവന്‍, ദേവസ്വം, തുറമുഖ, സഹകരണ വകുപ്പു മന്ത്രി

മണ്ണിലും മനസിലും നൈര്‍മല്യം പകരുന്ന സമഭാവനയുടെ സങ്കല്‍പ്പം ആഴത്തില്‍ കോര്‍ത്തിണക്കിയിട്ടുള്ള ശബരിമലയെപ്പോലെ മറ്റൊരു ആരാധനാലയം ലോകത്തില്ല. ഒരു സാധാരണ ക്ഷേത്ര സങ്കേതത്തിലേക്ക് എന്ന പോലെ ജനസഹസ്രങ്ങള്‍ ഒത്തുചേരുന്ന ഒന്നല്ല ശബരിമല തീർഥാടനം. ലോകത്തിന് മതമൈത്രിയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന കേന്ദ്രം കൂടിയാണത്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന നാനാ ജാതിമതസ്ഥരായ ഭക്തര്‍ പങ്കുവയ്ക്കുന്ന മൈത്രിയുടെ സാഹോദര്യഭാവമാണ് ആ സങ്കേതം പകര്‍ന്നു നല്‍കുന്ന സന്ദേശം.

സന്നിധാനത്ത് ഒരുവട്ടമെങ്കിലും പോയിട്ടുള്ളവരുടെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണ് ക്ഷേത്രത്തിനു മുന്‍പില്‍ എഴുതിയിരിക്കുന്ന "തത്വമസി' എന്ന വാക്യം. അതിനര്‍ഥം "അതു നീയാകുന്നു' എന്നാണ്. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്‍റെ പുണ്യം ലോകമൊട്ടാകെ എത്തിക്കുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

1950ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരളത്തിലുടനീളമുള്ള 1,200ലധികം ക്ഷേത്രങ്ങളുടെ ആത്മീയവും സാംസ്‌കാരികവും ചരിത്രപരവുമായ മൂല്യങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും സംരക്ഷിച്ചു പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ്. ബോര്‍ഡിന്‍റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എടുത്ത തീരുമാനമാണ് ആഗോള അയ്യപ്പസംഗമം നടത്തുക എന്നത്. അത് സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുകയാണ്.

അയ്യപ്പ സംഗമത്തിന് വേദിയായി പമ്പയെ തെരഞ്ഞെടുത്തത് ശബരിമലയുടെ പവിത്രമായ കവാടമെന്ന നിലയിലാണ്. സന്നിധാനത്തേക്കുള്ള യാത്രയ്ക്കു തയാറെടുക്കുന്ന ഈ ശാന്തമായ തീരം തീർഥാടനത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളായ അച്ചടക്കം, സമത്വം, വിനയം, ഐക്യം, ശുചിത്വം എന്നിവ പ്രതിഫലിപ്പിക്കുന്ന സങ്കേതമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്രതനിഷ്ഠയോടെ ദര്‍ശനം നടത്താന്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും കൂടാതെ അതു സാധ്യമാക്കാനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപ്പാക്കിവരുന്നത്.

2016-17 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ശബരിമയ്ക്കു വേണ്ടി നല്‍കിയത് 220.78 കോടി രൂപയാണ്- ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികള്‍ക്കായി 116.41 കോടി. ഇതിനു പുറമെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍. നിലയ്ക്കലില്‍ കിഫ്ബി പദ്ധതിയില്‍ പണിത ഇടത്താവളം ഉദ്ഘാടനം ചെയ്തു. തീർഥാടകര്‍ക്കും തീർഥാടന കാലത്തിനു ശേഷം പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 5 ഇടത്താവളങ്ങള്‍ വേറെയുണ്ട്. കിഫ്ബിയില്‍ നിന്ന് 145 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂര്‍, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, മണിയംകോട് എന്നിവിടങ്ങളിലടക്കം ഇടത്താവളം നിര്‍മിക്കുന്നത്.

ഒരു തീർഥാടനകാലം മാത്രം ലക്ഷ്യമിട്ടല്ല സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം. കാല്‍ നൂറ്റാണ്ടു മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സന്നിധാനത്തിന്‍റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ച് അതിനുള്ള ലേഔട്ട് പ്ലാന്‍ തയാറാക്കിയിട്ടുണ്ട്.

സന്നിധാനത്തിന്‍റെ വികസനത്തിന് ആദ്യഘട്ടം 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടം 100.02 കോടിയും 2034-39 വരയുള്ള മൂന്നാം ഘട്ടം 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടിയാണ് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. പമ്പയുടെ വികസനത്തിന് ആദ്യഘട്ടം 184.75 കോടിയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടിയും ഉള്‍പ്പെടെ ആകെ 207.48 കോടി യാണ് ചെലവ്. ട്രക്ക് റൂട്ട് വികസനത്തിന് ആദ്യ ഘട്ടം 32.88 കോടിയും രണ്ടാം ഘട്ടത്തിന് 15.50 കോടിയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചെലവ്. പമ്പയുടെയും ട്രക്ക് റൂട്ടിന്‍റെയും വികസനത്തിന് ലേഔട്ട് പ്രകാരം ആകെ ചെലവ് 255.45 കോടി. ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയില്‍ റോപ്‍വേ പദ്ധതി എത്തുകയാണ്. വനം വകുപ്പിന്‍റെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം ഭൂമി നല്‍കിയുമാണ് സര്‍ക്കാര്‍ റോപ്‍വേ യാഥാർഥ്യമാക്കുന്നത്.

ശബരിമലയ്ക്കു വേണ്ടി തയാറാക്കിയിരിക്കുന്ന പദ്ധതികള്‍ ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും അയ്യപ്പ സംഗമം. അയ്യപ്പഭക്തര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും ഒരു പൊതുനയം രൂപീകരിക്കുന്നതിനുമുള്ള ഇടമായി സംഗമം മാറും.

ഭക്തര്‍ക്ക് കൂടുതല്‍ സുരക്ഷിതമായി ദര്‍ശനം നടത്താൻ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ നേരിട്ടു ബോധ്യപ്പെടാന്‍ ദേവസ്വം ബോര്‍ഡ് ഇതിലൂടെ ഭക്തര്‍ക്ക് അവസരം ഒരുക്കുകയാണ്. രാജ്യത്തു തന്നെ ഒരു തീർഥാടന കേന്ദ്രത്തിന്‍റെ വികസന ചര്‍ച്ചകളില്‍ ഭക്തര്‍ക്ക് നേരിട്ട് പങ്കാളികളാവാന്‍ അവസരം നല്‍കുന്നത് ഇതാദ്യമാണ്.

ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിച്ച് സമ്പൂര്‍ണ ഹരിത തീർഥാടന കേന്ദ്രമാക്കി ശബരിമലയെ മാറ്റാൻ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്തരുടെ പിന്തുണ ഉറപ്പാക്കുക, ശബരിമലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താൻ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ നിക്ഷേപ സാധ്യത കണ്ടത്തുക എന്നതും ബോര്‍ഡ് ലക്ഷ്യമിടുന്നു.

ഒപ്പം, വിവിധ രാജ്യങ്ങളിലെ ഭക്തരെ ഉള്‍പ്പെടുത്തി ഒരു ഡാറ്റാബേസ് തയാറാക്കുക, ലോകത്തെവിടെ നിന്നുള്ള ഭക്തര്‍ക്കും ശബരിമലയിലെത്താനും സുഗമ ദര്‍ശനം നടത്തി മടങ്ങാനും നൂതന സംവിധാനങ്ങള്‍ സംയോജിപ്പിച്ചുള്ള ഒരൊറ്റ പ്ലാറ്റ്ഫോം, ലോകത്തു വിവിധ ഭാഗങ്ങളിലുള്ള ഭക്തരെ കോര്‍ത്തിണക്കി വിവിധ രാജ്യങ്ങളില്‍ ഹെല്‍പ്ഡെസ്‌കുകള്‍, പരിപാവനതയും ആചാരാനുനുഷ്ഠാനങ്ങളും സംരക്ഷിച്ച് പില്‍ഗ്രിം ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുക തുടങ്ങി വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

മൂന്നു വേദികളിലായാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. അതത് മേഖലയിലെ വിദഗ്ധരാണ് ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്ലാറ്റിനം ജൂബിലിയിലെ ഏറ്റവും സുപ്രധാനമായ ചുവടുവയ്പ്പാണിത്. വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പിലാവുമ്പോള്‍ ഇപ്പോഴത്തേതിന്‍റെ ഇരട്ടിയോ അതിലും അധികമോ തീർഥാടകര്‍ക്ക് ദര്‍ശനം സാധ്യമാകും. അതിനായി ഒന്നിച്ചു നീങ്ങാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com