

ഒരേയൊരു അടിയന്തരാവസ്ഥ: എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്...
"അടിയന്തരാവസ്ഥ' എന്ന പദം തീവ്രമായ അസ്വസ്ഥത ഉളവാക്കുന്നു. ഗുരുതരമായ ഒരു പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിതമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും താത്കാലികമായി നിർത്തിവയ്ക്കുന്ന അസാധാരണ സാഹചര്യമാണത്. അടിയന്തരാവസ്ഥകൾക്ക് പല രൂപങ്ങളുണ്ടാകാം. ആശുപത്രി അടിയന്തര സേവനങ്ങൾ പോലുള്ളവ പ്രയോജനകരമാണ്, കാരണം അവ അടിയന്തിര വൈദ്യസഹായത്തിലൂടെ എണ്ണമറ്റ ജീവനുകൾ രക്ഷിക്കുന്നു.
ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവങ്ങളുടെ ശോഷണം എന്നിവ ആഗോള തലത്തിലെ വ്യത്യസ്‌തമായ അടിയന്തരാവസ്ഥകളെ സൂചിപ്പിക്കുന്നു. ഏകോപിതമായ ആഗോള പ്രവർത്തനങ്ങൾ ആവശ്യപ്പെടുന്ന ഇവയോരോന്നും, പരിഹാരത്തിനായി രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത വെളിവാക്കുന്നു.
ചരിത്രത്തിലുടനീളം, അടിയന്തരാവസ്ഥകൾ ഒരു സ്വാഭാവിക മാനുഷികാനുഭവമാണെങ്കിലും, ഒരു പരിഷ്കൃത ജനാധിപത്യ രാഷ്‌ട്രമെന്ന നിലയിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 1975ലെ രാഷ്‌ട്രീയ പ്രേരിതമായ "ദേശീയ അടിയന്തരാവസ്ഥ'യേക്കാൾ ഉപരിയായ മറ്റൊന്നും ദേശീയ ബോധത്തിൽ ആഴത്തിലുള്ള കരിനിഴൽ വീഴ്ത്തിയിട്ടില്ല- ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു മുൻകരുതലായി ഇപ്പോഴും വർത്തിക്കുന്ന ഒരു പാഠമാണത്.
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് രാജ്യത്തിന്‍റെ ജനാധിപത്യ ചരിത്രത്തിലെ ഒരു മായ്ക്കാനാകാത്ത കളങ്കമായി തുടരുന്നു. ദുഃഖകരമായ ഇരുണ്ട അധ്യായം കടന്നു പോയി അരനൂറ്റാണ്ടിനു ശേഷവും ആ ആഘാതം "ജനാധിപത്യത്തിന്‍റെ മാതാവിനെ' വേട്ടയാടുന്നു. ജനാധിപത്യത്തിന്‍റെ ജാഗ്രതയുള്ള കാവൽക്കാരായി തുടരാൻ പൗരന്മാർക്കുള്ള ഓർമപ്പെടുത്തലായി അത് അവശേഷിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നിൽ നിന്ന് പാഠം ഉൾക്കൊണ്ട്, നാം കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യങ്ങളുടെ മൂല്യത്തെ വിലമതിക്കുന്നതിനൊപ്പം അത് നേടിയെടുക്കാൻ നാം നൽകിയ വിലയേയും സദാ ഓർമിപ്പിക്കുന്നു.
ജനാധിപത്യ സംസ്കാരത്തിന്‍റെ അഭിമാനകരമായ നാഗരിക പാരമ്പര്യമുള്ള രാഷ്‌ട്രം കൂടിയാലോചന, സംവാദം, ചർച്ചകൾ എന്നിവയിലൂടെ പരിപോഷിപ്പിക്കപ്പെട്ട, പ്രാതിനിധ്യ ഭരണസംവിധാനത്തെ ഒരു ജീവിതരീതിയായി ദീർഘകാലമായി ഉയർത്തിപ്പിടിച്ചിട്ടുണ്ട്. സഭ, സമിതി തുടങ്ങിയ പൗരാണിക സ്ഥാപനങ്ങളും 12ാം നൂറ്റാണ്ടിലെ അനുഭവ മണ്ഡപവും ജനാധിപത്യ സ്ഥാപനത്തിന്‍റെ ഘടനാപരമായ പരിണാമത്തിന് ഉദാഹരണങ്ങളാണ്.
ആ കാലാതിവർത്തിയായ തത്വങ്ങളെ ഉൾക്കൊള്ളുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു ജീവസുറ്റ രേഖയായി നമ്മുടെ ഭരണഘടന നിലകൊള്ളുന്നു. വ്യത്യസ്ത തലമുറകളുടെ ജ്ഞാനം, മൂല്യങ്ങൾ, അഭിലാഷങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു ജീവസുറ്റ രേഖയാണ് ഭരണഘടനയെന്ന് ഡോ. ബി.ആർ. അംബേദ്കർ വിശ്വസിച്ചു. ആ ജനാധിപത്യ തത്വങ്ങളെ അവഗണിച്ച് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത് ഭരണഘടനയുടെ ആത്മാവിനും ലക്ഷ്യത്തിനും ഏൽപ്പിക്കപ്പെട്ട മുറിവായിരുന്നു.
1975ലെ ദേശീയ അടിയന്തരാവസ്ഥ കേവലമൊരു രാഷ്‌ട്രീയ സംഭവ വികസമായിരുന്നില്ല; അത് രാജ്യത്തെ ജനാധിപത്യ സംവാദങ്ങളെയും പൊതുജീവിതത്തിന്‍റെ താളത്തെയും അടിസ്ഥാനപരമായി മാറ്റിമറിച്ചു. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണഘടനാ മൂല്യങ്ങൾക്കു മേൽ വ്യക്തിപരമായ രാഷ്‌ട്രീയ താത്പര്യങ്ങളെ പ്രതിഷ്ഠിക്കുകയും ഭരണത്തിന്‍റെ ധാർമിക തത്വങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തു.
1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ, അലഹബാദ് ഹൈക്കോടതിയുടെ പ്രതികൂല വിധി, രാജിക്കായി വർധിച്ചുവന്ന പൊതുജന സമ്മർദം എന്നിവ രാജ്യത്തിനു നേരേ ഉയർന്ന ഭീഷണിയായിരുന്നില്ല, ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിനെതിരായ രാഷ്‌ട്രീയ വെല്ലുവിളികളായിരുന്നു.
"കുടുംബാധിപത്യം' വേരൂന്നിയ രാഷ്‌ട്രീയ പാരമ്പര്യം അവകാശമെന്ന നിലയിൽ ആസ്വദിച്ചിരുന്ന ഇന്ദിരയെ സംബന്ധിച്ചിടത്തോളം അവർക്കെതിരായ നീക്കങ്ങൾ ഒരു "ആന്തരിക അസ്വസ്ഥത' ആയിരുന്നു. സ്വന്തം "ആന്തരിക അസ്വസ്ഥത' കൈകാര്യം ചെയ്യുന്നതിന്, രാജ്യത്തിന്‍റെ "ആന്തരിക അസ്വസ്ഥത' കൈകാര്യം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുക എന്നത് ഗുരുതരമായ ഒരു പിഴവായിരുന്നു.
ഇന്ദിര ഗാന്ധിയുടെ ജനാധിപത്യ വിരുദ്ധ മനോഭാവത്തിന്‍റെ നേർചിത്രം അന്നു നടന്ന സംഭവങ്ങളുടെ പരമ്പരയിലൂടെ വ്യക്തമാകും. അലഹബാദ് ഹൈക്കോടതി ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കവേ, 1975 മാർച്ച് 19ന് കോടതിയിൽ ഹാജരായി തെളിവ് നൽകുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി ഇന്ദിര മാറി. 1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതിയുടെ 24ാം നമ്പർ കോടതിയിൽ നിന്നുള്ള അന്തിമ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കി.
ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് ഹൈക്കോടതി വിധിക്കുകയും 6 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് അയോഗ്യയാക്കുകയും ചെയ്തു. ഈ തീരുമാനത്തിനെതിരേ അവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ജൂൺ 24ന് അവരുടെ അപ്പീൽ കേട്ട സുപ്രീം കോടതി ഹൈക്കോടതി വിധിക്ക് സോപാധിക സ്റ്റേ അനുവദിച്ചു, പാർലമെന്‍റിൽ തുടരാൻ അവരെ അനുവദിച്ചു, എന്നാൽ ഒരു വിശാല ബെഞ്ച് വിഷയത്തിന്മേൽ തീരുമാനം കൈക്കൊള്ളും വരെ വോട്ടു ചെയ്യാനോ ശമ്പളം വാങ്ങാനോ ഉള്ള അവകാശം നിഷേധിച്ചു.
അതേസമയം, 1975 ജൂൺ 25ന് ഡൽഹി രാംലീല മൈതാനത്തിൽ ലോക്നായക് ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വമ്പിച്ച പൊതുജന റാലി ജനകീയ സമ്മർദം ശക്തമാക്കുകയും അവരുടെ രാജിയ്ക്കായുള്ള ആവശ്യം രാഷ്‌ട്രീയ മണ്ഡലത്തിൽ ഉയർത്തുകയും ചെയ്തു. അലഹബാദ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളിൽ അസ്വസ്ഥയായ ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചു.
ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും പ്രതികൂല വിധികളെത്തുടർന്ന്, കേന്ദ്ര മന്ത്രിസഭയുടെ ഔപചാരിക അംഗീകാരം നേടുന്നതിന് മുമ്പ്, ഔദ്യോഗിക ലെറ്റർ ഹെഡിന് പകരം ഒരു സാധാരണ കടലാസിൽ കുറിച്ച ആശയ വിനിമയത്തിലൂടെ, 1975 ജൂൺ 25ന് രാത്രി അനുച്ഛേദം 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിര ഗാന്ധി രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനെ ഉപദേശിച്ചു.
കേവലം ഔപചാരികത എന്ന നിലയിൽ ജൂൺ 26ന് രാവിലെ 6 മണിക്ക് മാത്രമാണ് മന്ത്രിസഭാ യോഗം വിളിച്ചത്. ജുഡീഷ്യറിയെ അവഗണിച്ചും മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്തത്തെ ദുർബലപ്പെടുത്തിയും ഭരണഘടനാ ചട്ടക്കൂടിന് കനത്ത പ്രഹരമാണ് അവർ ഏൽപ്പിച്ചത്. ഭരണകൂടത്തിന്‍റെ ഉന്നതങ്ങളിലെ സ്ഥാപനപരമായ സത്യസന്ധതയുടെ തകർച്ചയും രാഷ്‌ട്രീയ അധികാരം സംരക്ഷിക്കാൻ സ്വേച്ഛാധിപത്യ രീതികൾ ഉപയോഗിക്കുന്നതും ഈ സംഭവം വെളിവാക്കി.
പത്ര സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണം പൊതുജനാഭിപ്രായം രൂപീകരിക്കുന്നവരെയും മാധ്യമ പ്രവർത്തകരെയും നിശബ്ദരാക്കി. മാത്രമല്ല, കോടിക്കണക്കിന് പൗരന്മാർക്ക് സത്യസന്ധമായ വിവരങ്ങളിലേക്കുള്ള പ്രവേശനവും സർക്കാരിന്‍റെ ഉത്തരവാദിത്തവും പരിമിതപ്പെടുത്തി. രാജ്യത്തിന്‍റെ മനഃസാക്ഷി ഉലഞ്ഞുപോയ നിമിഷമായിരുന്നു അത്.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ, ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകൾ, റിപ്പബ്ലിക്കിനെ രൂപപ്പെടുത്തിയ ജനാധിപത്യ ആദർശങ്ങൾ എന്നിവ ജനാധിപത്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉയർന്നു വരുന്ന സ്വേച്ഛാധിപത്യ പ്രേരണകളാൽ മാറ്റിവയ്ക്കപ്പെട്ടു. ഭരണത്തിന്‍റെ സമസ്ത മേഖലകളിലും "കസേര മുഖ്യം' എന്ന തത്വം "രാഷ്‌ട്രം ആദ്യം' എന്ന തത്വത്തെ മറികടക്കുന്നതായി അനുഭവപ്പെട്ടു.
പൗരന്മാരുടെ മൗലികാവകാശങ്ങൾ തടയപ്പെട്ടു, യുഗങ്ങളായി ആർജിച്ച സ്വത്വം തകർക്കപ്പെട്ടു. അനുച്ഛേദം 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യവും ഒത്തുചേരാനുള്ള സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഒരു തൂലികത്തുമ്പിനാൽ നിഷേധിക്കപ്പെട്ടു. അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള സംരക്ഷണവും അസാധുവായി.
ഭരണഘടനയുടെ "ഹൃദയവും ആത്മാവും' എന്ന് പരാമർശിക്കപ്പെടുന്ന അനുച്ഛേദം 32 പ്രകാരമുള്ള ഭരണഘടനാ പരിഹാരങ്ങൾ തേടാനുള്ള അവകാശം പൗരന്മാർക്ക് നഷ്ടപ്പെട്ടതായിരുന്നു ഏറ്റവും മോശം അനുഭവം. മെയിന്‍റനൻസ് ഓഫ് ഇന്‍റേണൽ സെക്യൂരിറ്റി ആക്റ്റും (മിസ) ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസും (ഡിഐആർ) ക്രൂരമായി നടപ്പിലാക്കി. അത് ആയിരക്കണക്കിന് ആളുകളെ ജയിലിലടയ്ക്കാൻ കാരണമായി.
ആത്യന്തികമായി, ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ടതും അടിച്ചമർത്തപ്പെട്ടതുമായ അധ്യായത്തിന്‍റെ മുറിവുകൾ ഓരോ പൗരനും അനുഭവേദ്യമായി. വിരോധാഭാസമെന്നു പറയട്ടെ, ഇന്ന്, അതേ ഗാന്ധി കുടുംബത്തിലെ പിൻഗാമികൾ കേവല രാഷ്‌ട്രീയ നേട്ടങ്ങൾക്കായി "ചുവന്ന നിറമുള്ള ഭരണഘടന'യുടെ ചെറു പതിപ്പ് ഉപയോഗിച്ച് പൊള്ളയായതും പരസ്പര വിരുദ്ധവുമായ വാദങ്ങൾ ഉയർത്തുന്നു.
കഴിഞ്ഞ കാലത്തിന്‍റെ മുറിവുകളെ അംഗീകരിച്ചുകൊണ്ട്, മോദി സർക്കാർ 2024 ജൂലൈ 11ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ ജൂൺ 25 "സംവിധാൻ ഹത്യ ദിവസ് ' ആയി പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെ ചെറുക്കുകയും ജനാധിപത്യ സംരക്ഷണത്തിൽ ഉറച്ചുനിൽക്കുകയും ചെയ്ത എല്ലാവരുടെയും സംഭാവനകളെ സ്മരിക്കാനും ആദരിക്കാനുമുള്ള നിമിഷമാണിത്. വിയോജിപ്പുകളെ നിശബ്ദമാക്കുകയും ഭരണകൂട ഉപകരണങ്ങളുടെ ദുരുപയോഗത്തിലൂടെ യുക്തിസഹമായ ശബ്ദങ്ങളെ അടിച്ചമർത്തുകയും ചെയ്ത കാലം കഴിഞ്ഞു.
ജനാധിപത്യ മാർഗങ്ങൾ അവലംബിച്ചുള്ള ചർച്ച, സംവാദം, സംഭാഷണം എന്നിവയാണ് അടിയന്തരാവസ്ഥയ്ക്ക് കാരണമാകുന്ന ഒരു സാഹചര്യവും ആവർത്തിക്കാതിരിക്കാനും മുന്നോട്ടേയ്ക്കുള്ള പ്രയാണത്തിന് ഏറ്റവും നല്ല മാർഗവുമെന്ന് 21ാം നൂറ്റാണ്ടിന്‍റെ ദർശനം തെളിയിക്കുന്നു. അതിലൂടെയാണ് ജനാധിപത്യ സ്ഥാപനങ്ങളെ വളർത്തിയെടുക്കേണ്ടതും ജനാധിപത്യ മനോഭാവം തഴച്ചുവളരേണ്ടതും.
ഓരോ "അടിയന്തര' സാഹചര്യത്തിൽ നിന്നും പുറത്തുവരിക എന്നത് ആശ്വാസം പകരുന്നതാണ്, കൂടാതെ അത്തരം മുൻകാല ദുരനുഭവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നമ്മുടെ ഭാവി പ്രവർത്തനങ്ങളിൽ തിരുത്തൽ വരുത്താൻ വിലപ്പെട്ട പാഠങ്ങൾ നൽകുന്നു. ഭൂതകാല തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ തിരിഞ്ഞു നോക്കുകയും, ചിന്തിക്കുകയും, ആത്മപരിശോധന നടത്തുകയും, ഈ പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാർ.
"സംവിധാൻ ഹത്യ ദിവസ് ' എന്ന പേരിൽ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായത്തെ അനുസ്മരിക്കുമ്പോൾ, സാധ്യമായ എല്ലാ വിധത്തിലും ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. ഭാവി തലമുറകൾക്ക് രാഷ്‌ട്രത്തോടുള്ള കൂട്ടായ ഉത്തരവാദിത്തം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശരിയായ മൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള പ്രധാന ഓർമപ്പെടുത്തലായി ഇത് വർത്തിക്കുന്നു- നൂറ്റാണ്ടുകൾക്കു മുമ്പ് സ്വാമി വിവേകാനന്ദൻ വിഭാവനം ചെയ്ത ഒരു അഭിലാഷം: ""ഓരോ രാഷ്‌ട്രത്തിനും കൈവരിക്കാൻ ഒരു ലക്ഷ്യമുണ്ട്, ഓരോ രാഷ്‌ട്രത്തിനും നൽകാൻ ഒരു സന്ദേശമുണ്ട്, ഓരോ രാഷ്‌ട്രത്തിനും നിറവേറ്റാൻ ഒരു ദൗത്യമുണ്ട് ''.
മനുഷ്യന്‍റെ അന്തസിനോടുള്ള ആദരവ്, ബഹുസ്വരത, ഭരണഘടനയോടുള്ള പ്രതിബദ്ധത, നിസ്വാർഥ സേവനം എന്നിവ സംബന്ധിക്കുന്ന ഭാരതത്തിന്‍റെ സന്ദേശം 21ാം നൂറ്റാണ്ടിൽ ആഗോളതലത്തിൽ തന്നെ കൂടുതൽ ഉച്ചത്തിലും വ്യക്തമായും പ്രതിധ്വനിക്കട്ടെ. ഈ തത്വങ്ങളിൽ അടിയുറച്ചു നിൽക്കുന്നതിലൂടെ, ജനാധിപത്യത്തെ ഭാവി തലമുറകളിലേക്ക് പകരാനും സംരക്ഷിക്കാനും ശക്തിപ്പെടുത്താനും നമുക്കു കഴിയും.
(സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര നിയമ- നീതി സഹ മന്ത്രിയും പാർലമെന്‍ററി കാര്യ സഹ മന്ത്രിയുമാണ് ലേഖകൻ)