

വിദേശ രാജ്യങ്ങളിൽ കാണുന്ന തരത്തിലുള്ള ഒരു ബീച്ച് പോലും കേരളത്തിൽ നമ്മൾ ഒരുക്കിയിട്ടില്ല
ഏഷ്യയിൽ ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് കേരളത്തിന് ആഗോള സാമ്പത്തിക രംഗത്തു വൻ സാധ്യതകളാണുള്ളത്. അത് സാക്ഷാത്കരിക്കാൻ ഒരു തുടക്കം കുറിക്കാൻ എങ്കിലും പുതിയ സർക്കാരിന് കഴിഞ്ഞാൽ അത് വലിയ നേട്ടമാകും.
കേരളം അനന്ത സാധ്യതകളുടെ ഒരു സ്വർണഖനിയാണ്. അതു പറഞ്ഞാൽ ഇന്നത്തെ സാഹചര്യത്തിൽ വിശ്വസിക്കാൻ പ്രയാസമാകും. തൊഴിലില്ലായ്മ, പരിസ്ഥിതി പ്രശ്നങ്ങൾ, അതുകൊണ്ടുണ്ടാകുന്ന പലതരം പനികൾ ഉൾപ്പെടെയുള്ള അസുഖങ്ങൾ, വ്യവസായ സൗഹൃദമല്ലാത്ത അന്തരീക്ഷം, തകർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗം, ലഹരിയുടെ അതിപ്രസരം, അഴിമതി അങ്ങനെ പലതും അതിനു കാരണമാണ്.
ഏകദേശം അര നൂറ്റാണ്ടു മുമ്പു തന്നെ വികസന സൂചികയിൽ വികസിത രാജ്യങ്ങളോടൊപ്പം എത്തിയതാണു കേരളം. അതിന് ഇടതുപക്ഷ ചിന്താഗതിക്കുള്ള സംഭാവന അംഗീകരിച്ചേ പറ്റൂ. പക്ഷേ അധികാരം നിലനിർത്താൻ വേണ്ടി തൊഴിലാളിയെ മുതലാളിയാക്കാൻ ഇടതുപക്ഷ സർക്കാരുകൾ ശ്രമിച്ചില്ല. കേരളത്തിന്‍റെ സാധ്യതകൾ മുതലെടുക്കാൻ ഒരു സർക്കാരിനും സാധിച്ചതുമില്ല.
ഇപ്പോൾ അതിനൊരു മാറ്റം വരുമെന്നു തോന്നുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും വികസനോന്മുഖമായ ഭരണം നൽകാൻ പറ്റുന്ന നേതാക്കളെയാണ് ജനം തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചു വിടുന്നത്. ജാതിയും മതവും തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നുണ്ടെങ്കിലും ദുർഭരണം നടത്തുന്നവർ പുറത്താക്കപ്പെടുന്നതാണ് കാണുന്നത്. പശ്ചിമ ബംഗാളിലും കേരളത്തിലും അതാണ് സംഭവിച്ചത്.
ഈ ലേഖനം എഴുതാനുള്ള ഒരു കാരണം പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞ ചില കാഴ്ചപ്പാടുകളാണ്. കേരളത്തെ ഒരു തുറമുഖ നഗരമാക്കാനും ദക്ഷിണേഷ്യയിലെ തന്നെ ഒരു വ്യോമയാന ഹബ്ബ് ആക്കാനും താൻ ശ്രമിക്കും എന്ന ഒരു ഗ്ലോബൽ വിഷൻ അദ്ദേഹം പറയുകയുണ്ടായി. ആദ്യമായാണ് കൊച്ചു കേരളത്തിന്‍റെ വലിയ സാധ്യതകളെക്കുറിച്ച് ഒരാൾ പറയുന്നത്.
അതു ശരിയാണ്. കേരളം എന്നേ മറ്റൊരു ദുബായ്, അല്ലെങ്കിൽ സിംഗപ്പുരോ ഹോങ്കോങ്ങോ ആയി മാറേണ്ടതാണ്. അതിനു കാരണം കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ്. അതിസമ്പന്നമായ പശ്ചിമേഷ്യയിൽ നിന്നും, ആഫ്രിക്കയിൽ നിന്നും, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, ഓസ്ട്രേലിയയിൽ നിന്നും, മധ്യേഷ്യയിൽ നിന്നും ഏകദേശം തുല്യ ദൂരത്തിലാണ് കേരളത്തിന്‍റെ സ്ഥാനം.
വികസിത രാജ്യങ്ങളിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ വന്നാൽ സാമ്പത്തിക മുന്നേറ്റത്തിന്‍റെ വലിയ സാധ്യതകൾ ഇവിടെയും തുറന്നു കിട്ടും. ജനസാന്ദ്രത കൂടുതലായതിനാൽ മലിനീകരണം വരുത്തുന്ന വൻകിട ഫാക്റ്ററികളെക്കുറിച്ച് അല്ല പറയുന്നത്. അഭ്യസ്ത വിദ്യരായ ലക്ഷക്കണക്കിന് മലയാളികൾക്ക് അവരുടെ കഴിവുകൾ ഉപയോഗിക്കാൻ പറ്റുന്ന ചില സാധ്യതകളെക്കുറിച്ചാണ് നമ്മൾ അറിയേണ്ടത്.
1) എക്സ്പോർട്ട് റീ- എക്സ്പോർട്ട്: ദുബായ് സമ്പന്നമായത് ഈ ബിസിനസ് കൊണ്ടാണ്. വലിയ വെയർഹൗസുകൾ ഉള്ള ഫ്രീ സോണുകൾ ഉണ്ടാക്കി ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നും എല്ലാ സാധനങ്ങളും ഇറക്കുമതി ചെയ്തു വിവിധ ദേശങ്ങളിലേക്കു ചെറിയൊരു നികുതി മാത്രം വസൂലാക്കി തിരിച്ച് കയറ്റുമതി ചെയ്യുന്ന രീതിയാണിത്. വിഴിഞ്ഞം, കൊച്ചി തുടങ്ങിയവയുടെ സാന്നിധ്യമുള്ളതിനാൽ കേരളം തുറമുഖ നഗരമായി മാറുകയാണെങ്കിൽ ഈ രംഗത്ത് നമുക്കു ശോഭിക്കാനാവും.
2) ചാർട്ടർ ടൂറിസം: കേരളം വലിയ ടൂറിസം സെന്‍റർ ആണെന്നു നാം വിശേഷിപ്പിക്കുമെങ്കിലും സിംഗപ്പുർ, ദുബായ് എന്നീ സ്ഥലങ്ങൾ ആകർഷിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഒരു ആഗോള ടൂറിസ്റ്റ് സെന്‍റർ അല്ലെന്ന് പറയേണ്ടിവരും. ചുരുക്ക ബജറ്റിൽ വരുന്ന ടൂറിസ്റ്റുകൾക്കു പകരം സമ്പന്നരായ ഫാമിലി ടൂറിസ്റ്റുകളെയാണ് ചാർട്ടർ ടൂറിസം വഴി ലക്ഷ്യമിടേണ്ടത്. അതിന് സമഗ്രമായ ബീച്ച് വികസനവും, മദ്യനയത്തിൽ അഴിച്ചു പണിയും വേണ്ടിവരും. ഏകദേശം 600 കിലോമീറ്റർ നീണ്ടുകിടക്കുന്ന തീരദേശത്തുള്ള 40ൽപ്പരം ബീച്ചുകൾ ഒരുക്കേണ്ടിയിരിക്കുന്നു. അതിന് വൻകിട വ്യവസായികളെ സമീപിക്കണം.
ഇതിന്‍റെ പ്രധാന ഗുണഭോക്താക്കൾ സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളായിരിക്കും. അവരുടെ കുട്ടികൾക്കു ജീവൻ പണയം വച്ച് ചെറുവഞ്ചികളിൽ കടലിൽ പോകണ്ട ആവശ്യം അതോടെ ഇല്ലാതാകും. മറ്റു വിദേശ രാജ്യങ്ങളിൽ കാണുന്ന തരത്തിലുള്ള ഒരു ബീച്ച് പോലും കേരളത്തിൽ നമ്മൾ ഒരുക്കിയിട്ടില്ല എന്നതാണ് വസ്തുത.
3) ആരോഗ്യ, വിദ്യാഭ്യാസ ടൂറിസം: മേൽപ്പറഞ്ഞതിനോട്
ബന്ധപ്പെട്ടതാണ് ആരോഗ്യ ടൂറിസവും വിദ്യാഭ്യാസ ടൂറിസവും. കേരളത്തിലെ അറിയപ്പെടുന്ന ആശുപത്രി ശൃംഖലകൾ വൻ വിദേശ നിക്ഷേപകർ സ്വന്തമാക്കുമ്പോൾ ഈ രംഗത്തു നമുക്കു തിളങ്ങാനാകും. അമെരിക്കയിലും യുകെയിലും മറ്റു രാജ്യങ്ങളിലും സർക്കാർ ആശുപത്രികളിൽ ഒരു കാറ്ററാക്റ്റ് ശസ്ത്രക്രിയയ്ക്കു പോലും മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇന്ത്യയാണ് ലോകത്തിന്‍റെ ഫാർമസി എന്ന് പറയപ്പെടുന്നു. അതുകൊണ്ട് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ സേവനം നമുക്കു നൽകാനാകും. അതുപോലെ വിദ്യാഭ്യാസ രംഗത്തു ലോകത്തെ പ്രശസ്ത യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ക്യാംപസുകൾ തുടങ്ങിയാൽ ലോകമെമ്പാടും നിന്നു കുട്ടികളെ ആകർഷിക്കാനും വിദ്യാഭ്യാസ രംഗത്ത് ഒരു ആഗോള കേന്ദ്രമാവാനും നമുക്കു കഴിയും. അങ്ങനെ പഠിച്ചു പോകുന്നവർ ഉന്നതസ്ഥാനങ്ങളിൽ എത്തുമ്പോൾ പ്രവർത്തനരംഗത്തു കേരളവുമായി എന്നും ഒരു ബന്ധവും ഉണ്ടായിരിക്കും.
4) ഫൈനാൻസ് സെക്റ്റർ: ഒരു കാലത്ത് ബഹ്റൈൻ ഏഷ്യയിലെ ഫൈനാൻസ് സെന്‍റർ ആയതുപോലെ കേരളത്തിനും ആ രംഗത്തു വലിയ കുതിപ്പു നേടാൻ സാധിക്കും. ഇപ്പോൾ അമെരിക്കൻ ഡോളറുമായി വികേന്ദ്രീകരണം മറ്റു രാജ്യങ്ങൾ നടത്തുമ്പോൾ ഫൈനാൻസ് സെക്റ്റർ കൂടുതൽ പ്രാധാന്യം നേടും.
5) ഇൻഫർമേഷൻ ടെക്നോളജി: ടെക്നോപാർക്ക്, ഇൻഫൊ പാർക്ക് എന്നിവ തിരുവനന്തപുരത്തും എറണാകുളത്തും സൃഷ്ടിച്ച വലിയ മാറ്റങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഐടി രംഗത്ത് ജോലി തേടി വെളിയിൽ പോയ ധാരാളം മലയാളികൾക്കും മറ്റു സംസ്ഥാനക്കാർക്കും തിരിച്ചുവരാൻ ഒരവസരം ഇതിൽ കിട്ടും. വിസ പ്രശ്നം കൂടി വരുന്ന സമയത്ത് ഇത് വലിയൊരു അനുഗ്രഹമാകും. ജോലിക്കാർക്ക് വലിയ വരുമാനമുള്ള ഒരു രംഗമാണ് ഇത് എന്നതും മറക്കരുത്.
ഇതൊക്കെ നടക്കണമെങ്കിൽ കേരളത്തിന്‍റെ ഭൗതിക മേഖലയിൽ മാത്രമല്ല ആൾക്കാരുടെ മൈൻഡ് സെറ്റിലും വലിയൊരു അഴിച്ചുപണി ആവശ്യമാകും. കെടുകാര്യസ്ഥതയുടെ കേന്ദ്രങ്ങളായ കെഎസ്ഇബി, കെഎസ്ആർടിസി, ബെവ്കോ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ നിർത്തുകയോ സ്വകാര്യവത്കരിക്കുകയോ വേണ്ടിവരും. വ്യവസായ വിരുദ്ധമായ, നിക്ഷേപക വിരുദ്ധമായ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാൺ ഇടേണ്ടിവരും.
സംസ്ഥാന ട്രഷറി കാലിയാണെങ്കിലും വികസന പ്രവർത്തനങ്ങൾക്കു കേന്ദ്രത്തിന്‍റെ പൂർണ സഹായം തീർച്ചയായും കിട്ടുമെന്നുറപ്പാണ്. ഈ വെല്ലുവിളി മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുക്കുകയാണെങ്കിൽ, ഭാരതത്തിന്‍റെ സമഗ്ര വികസനത്തിനുള്ള ഒരു എൻജിനായി മാറാൻ കൊച്ചു കേരളത്തിനും സാധിക്കും.
(എഴുത്തുകാരനും പിടിഐയുടെ മുൻ പശ്ചിമേഷ്യ കറസ്പോണ്ടന്‍റുമാണ് ലേഖകൻ- 9400911911)